

ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായി കോറപ്പെട്ടത് പ്രതീകാത്മക രൂപങ്ങളാണ്. കാറ്റകോംപുകൾ എന്നറിയപ്പെടുന്ന റോമിലെ ഭൗമാന്തര ഗുഹകളിൽ വിശ്വാസികളെ സംസ്കരിച്ച ഇടങ്ങളിൽ മറ്റാരും തിരിച്ചറിയാതിരിക്കാനും തങ്ങൾക്ക് തിരിച്ചറിയാനും വേണ്ടി രഹസ്യമായി ആദിമ ക്രൈസ്തവർ ഒരു മീനിൻ്റെ രേഖാചിത്രം വരച്ചുവച്ചു. ഗ്രീക്ക് ഭാഷയിൽ "ഇഖ്തിസ്" എന്നാണ് മീനിന് വാക്ക്. ICHTIS എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം "യേശു-ക്രിസ്തു ദൈവപുത്രനും മാനവ വിമോചകനും" എന്നതിൻ്റെ ചുരുക്കരൂപമായിരുന്നു. അപ്പോൾ ഒരു മീനിനെ വരച്ചാൽ അവരെ സംബന്ധിച്ചിടത്തോളം അത് ഒരു രഹസ്യ കോഡ് ആയിരുന്നു. വിശ്വാസികൾ ക്രിസ്തുവിനെ ആദ്യമായി ചിത്രീകരിക്കുന്നതും അതേ കാറ്റകോംപുകളിൽത്തന്നെ. ക്രൈസ്തവരുടേതെന്ന് കരുതപ്പെടുന്ന ക്രിസ്തുവിൻ്റെ ആദ്യ രേഖാചിത്രങ്ങൾ നല്ലയിടയൻ്റേതാണ്. ഒരാൾ ഒരു ആടിനെ ചുമലുകളിൽ സംവഹിച്ചുകൊണ്ട് നില്ക്കുന്ന രേഖാചിത്രമായിരുന്നു അത്. ഗുഹകളുടെ വശങ്ങളിലാണ് അക്കാലത്ത് അവർ മരിച്ചവരെ അടക്കിയിരുന്നത്. മരിച്ച് അടക്കപ്പെട്ട ഒരു ക്രിസ്തുവിശ്വാസിയുടെ കബറിടത്തിൽ ഇങ്ങനെ ഒരാടിനെ സംവഹിക്കുന്ന ഒരു മനുഷ്യരൂപം ! അതും മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാകാത്ത ഒരു പ്രതീകമായിരുന്നു. എന്നാൽ, ഏതാണ്ട് അതേ കാലത്തുതന്നെ ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്ന ഒരു ചിത്രവും നാം ചരിത്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. റോമിലെ പാലറ്റൈൻ കുന്നിൽ ഒരു ചുമരിന്മേൽ കോറിയിട്ട ഒരു തെരുവുചിത്രം! "അലക്സാമെനോസ് അവൻ്റെ ദൈവത്തെ ആരാധിക്കുന്നു" എന്ന അടിക്കുറിപ്പോടെ വരഞ്ഞതായിരുന്നു ആ തെരുവുചിത്രം. വരച്ചയാൾ എന്തായിരുന്നു ചിത്രീകരിച്ചിരുന്നത്? കുരിശിൽ തറയ്ക്കപ്പെട്ട, കഴുതയുടെ തലയുള്ള ഒരു മനുഷ്യരൂപം! കഴുതയെ ആരാധിക്കുന്നവനാണ് അലക്സാമെനോസ് : അല്ലെങ്കിൽ കുരിശിൽ തറയ്ക്കപ്പെട്ടവനെ ആരാധിക്കുന്ന അലക്സാമെനോസ് ഒരു കഴുതയാണ് എന്നാണ് ചിത്രകാരൻ വിശ്വാസിയെ അവഹേളിക്കാൻ ശ്രമിക്കുന്നത്.
ചുരുക്കത്തിൽ, വിശ്വാസികൾ ക്രിസ്തുവിൻ്റെ ചിത്രം വരക്കാൻ തുടങ്ങിയ അതേ കാലത്തുതന്നെ അവിശ്വാസികൾ ക്രിസ്തുവിനെ അവഹേളിക്കുന്ന ചിത്രങ്ങളും വരക്കാൻ തുടങ്ങിയിരുന്നു.





















