

എല്ലായിടത്തും ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്. എല്ലാവരും പുതിയ പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുന്ന തിരക്കിലുമാണ്. ബൈബിളിനെയും വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തിയും ഒത്തിരി കൺസ്പിറസി തിയറികൾ ഉണ്ടാകുന്നുണ്ട്.
ഇനി ഞാനായിട്ട് എന്തിനാ കുറക്കുന്നത്? എനിക്കും എൻ്റേതായ ഒരു കൺസ്പിറസി തിയറി ആകാമല്ലോ.!
എൻ്റെ തിയറി ഇതാണ്.
നിങ്ങൾക്കിത് വിശ്വസിക്കാം, അവിശ്വസിക്കാം. അത് നിങ്ങളുടെ ഇഷ്ടം.
ബൈബിളിൽ പലയിടത്തും സൂചനകൾ ഉണ്ടെങ്കിലും വെളിപാടിൻ്റെ പുസ്തകത്തിൽ വളരെ വ്യക്തമായിത്തന്നെ മിഖ ായേലും കരാള സർപ്പവും തമ്മിൽ നടക്കാനിരിക്കുന്ന ദ്വന്ദ്വയുദ്ധത്തെക്കുറിച്ച് പറയുന്നുണ്ട്. നുണയുടെ, ഭയത്തിൻ്റെ, അന്ധകാരത്തിൻ്റെ, വെറുപ്പിൻ്റെ പിതാവുമായിട്ടാണ് മിഖായേലും അവൻ്റെ സൈന്യവും എതിരിടേണ്ടത്. അവിടെ മിഖായേലും അവൻ്റെ സൈന്യവും പുരാതന സർപ്പത്തെ തോല്പിക്കുകയും ആയിരം സംവത്സരങ്ങളിലേക്ക് അവനെ ബന്ധനസ്ഥനാക്കുകയും ചെയ്യുകയാണ്. ഓരോ ആയിരം സംവത്സരവും അവൻ പുറത്തുവരികയും പോരാടുകയും ചെയ്യുകയാണത്രേ!
ഗയ്സ്, ഇപ്പോഴാണ് മിഖായേൽ ആ പുരാതതന സർപ്പവുമായി ഏറ്റുമുട്ടുന്നതിൻ്റെ സമയം എന്നൊന്ന് സങ്കല്പിച്ചു നോക്കൂ.
ഭയത്തിൻ്റെയും നുണയുടെയും വെറുപ്പിൻ്റെയും താണ്ഡവം കാണുന്നുണ്ട് ഞാൻ. നിങ്ങളത് കാണുന്നുണ്ടോ എന്നെനിക്കറിയില്ല.
ഇൻഡ്യയിൽ ഞാനത് കാണുന്നുണ്ട്. നൈജീരിയയിൽ ഞാനത് കാണുന്നുണ്ട്. അമേരിക്കയിൽ ഞാനത് കാണുന്നുണ്ട്. കാനഡയിൽ, ആസ്ട്രേലിയയിൽ, ഫ്രാൻസിൽ, മ്യാൻമറിൽ ഒക്കെ ഞാനത് കാണുന്നുണ്ട്.
ഇസ്രായേലിൽ ഒരാളോട് സംസാരിക്കുമ്പോൾ അയാൾ ചോദിക്കുന്ന രണ്ടാമത്തെ ചോദ്യം നീ ക്രിസ്ത്യാനിയാണോ എന്നാണ്; നീ മുസ്ലിം ആണോ എന്നാണ്. യൂദനെ പെട്ടന്നുതന്നെ തിരിച്ചറിയാം എന്നതുകൊണ്ട് യൂദനാണോ എന്ന് ചോദിക്കേണ്ടിവരുന്നില്ല!
ഭയവും നുണയും വെറുപ്പും ഏറ്റുമുട്ടുകയാണ് - വിശ്വാസത്തോട്, സത്യത്തോട്, സ്നേഹത്തോട്!
ഏറ്റുമുട്ടുക, തോല്പിക്കുക എന്നതൊന്നും ഞാൻ വ്യക്തിപരമായി ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന പദാവലികളല്ല.
എങ്കി ലും ഭയം തോല്പിക്കപ്പെടേണ്ടതുണ്ട്; നുണ തോല്പിക്കപ്പെടേണ്ടതുണ്ട്; വെറുപ്പ് തോല്പിക്കപ്പെടേണ്ടതുണ്ട്.
പക്ഷേ:
പക്ഷേ, ആയുധങ്ങളോ ഹിംസാത്മകമായ വാക്കുകൾ പോലുമോ മനുഷ്യരെ ബോധപ്പെടുത്തുന്നില്ല. പഠനം വേണം; സംവാദങ്ങൾ വേണം; ചർച്ചകൾ വേണം; ആശയവിനിമയം വേണം;
വിനയപ്പെടാനുള്ള മനസ്സ് വേണം, സൗമ്യമാവാനുള്ള ബലം വേണം, അനുകമ്പ വേണം.
കൂറ്റൻ വാളുമായി വരുന്ന ഗോലിയാത്തിനെ തോല്പിക്കാൻ കേവലം അശുവായ ദാവീദിന് കഴിഞ്ഞത് അയാൾ ഗോലിയാത്തിൻ്റെ ആയുധം എടുക്കാതെ കവണയും കല്ലും എന്ന ലളിതമായ, ഒരായുധം പോലുമല്ലാത്ത ആയുധം എടുത്തു എന്നതുക ൊണ്ടാണ്.
പിശാചിൻ്റെ ആയുധങ്ങളാൽ ഒരിക്കലും അവനെ തോല്പിക്കാനാവില്ല.
