

കുറച്ചുനാൾ ഫിലിപ്പിൻസിൽ ഉണ്ടായിരുന്നപ്പോൾ അവിടെ തലസ്ഥാന നഗരിയിലെ ഒരു സാധാരണ ഇടവകയിൽ ആയിരുന്നു താമസിച്ചിരുന്നത്. വികാരിയച്ചനും രണ്ട് അസോസിയേറ്റ് അച്ചന്മാർക്കും പുറമേയായിരുന്നു നാലാമനായ ഞാൻ. എനിക്ക് അവിടത്തെ ദേശീയ ഭാഷയായ തഗാലോഗ് അറിയില്ലാത്തതിനാൽ മിക്കവാറുമുള്ള ശുശ്രൂഷകൾക്ക് പരിമിതികളുണ്ടായിരുന്നു.
അവിടങ്ങളിൽ ഒരാൾ മരിച്ചാൽ ഫ്യൂണറൽ ഹോമുകളിലാണ് മൃതദേഹം വയ്ക്കുന്നത്. ഏഴോ ഒമ്പതോ ഒക്കെ ദിവസത്തിന് ശേഷമായിരിക്കും മൃതസംസ്കാരം. അത്രയും ദിവസം കുടുംബം ആളിൻ്റെ എംബാം ചെയ്ത ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. ഭക്ഷണവും കിടപ്പുമൊക്കെ മിക്കവാറും അവിടെത്തന്നെ. അതിനിടെ ബന്ധുക്കളും സുഹൃത്തുക്കളും സന്ദർശിക്കുകയും പല ദിവസവും അവരോടൊപ്പം കഴിയുകയും ചെയ്യും. ഇതിനിടെ പലപ്പോഴും കുർബാന ചൊല്ലാൻ അച്ചന്മാരെ ഏർപ്പാടു ചെയ്യും. ഭാഷാ പ്രശ്നം ഉള്ളതിനാൽ ഞാൻ അത്തരം കുർബാനകൾക്ക് നിയോഗിക്കപ്പെടാറില്ലായിരുന്നു. പല ഗ്രേഡിലുള്ള ഫ്യൂണറൽ ഹോമുകൾ ഉണ്ട്. ഒരിക്കൽ ഒരു സാധാരണ ഫ്യൂണറൽ ഹോമിൽ ഒരാളുടെ കുടുംബത്തിന് 7 ദിവസവും കുർബാന വേണം. മറ്റ് അച്ചന്മാർക്ക് ഓരോരോ പരിപാടികൾ ഉണ്ട്. മറ്റാരും ഇല്ലാത്തതിനാൽ ഇംഗ്ലീഷ് കുർബാനയേ ഉണ്ടാകൂ എന്ന നിബന്ധന വീട്ടുകാർക്ക് സമ്മതിക്കേണ്ടതായി വന്നു. അങ്ങനെ പാരീഷ് സെക്രട്ടറി ഇസബെൽ അതിന് എന്നെ നിയോഗിച്ചു. ഏഴു ദിവസം ഒരേ ആൾക്കും ഒരേ കുടുംബത്തിനും വേണ്ടി കുർബാന! ഓരോ ദിവസവും എന്ത് പ്രസംഗം പറയും എന്നായി ചിന്ത. ഓരോ ചെറു വിഷയങ്ങൾ പറയാമെന്ന് നിശ്ചയിച്ചു. മരണത്തിൻ്റെ അനിവാര്യത, ജീവിതത്തിൻ്റെ ലക്ഷ്യം, ഓർമ്മകളുടെ മൂല്യം, ചിത്രശലഭത്തിൻ്റെ പാഠം എന്നിങ്ങനെ ഓരോ വിഷയങ്ങൾ. ഞാൻ ഒരു കഥപറച്ചിൽകാരൻ അല്ല. എന്നാൽ, അതിൽ ഒരു ദിവസം ഞാൻ ഒരു കഥയുണ്ടാക്കി അവതരിപ്പിച്ചു. അതിനുമുമ്പ് ഞാൻ ആ കഥ എവിടെയെങ്കിലും വായിച്ചിട്ടോ കേട്ടിട്ടോ ഇല്ല എന്നാണ് ഞാൻ ഇന്നും കരുതുന്നത്.
ഇന്നോളം മറ്റെവിടെയും ഞാൻ ആ കഥ പറഞ്ഞിട്ടുമില്ല.
പക്ഷേ, അതേ കഥ കഴിഞ്ഞ വർഷം ആരോ ഒരാളിൽ നിന്ന് വാട്സാപ്പിൽ എനിക്ക് അയച്ചുകിട്ടി - ഇംഗ്ലീഷിൽ. ഞാൻ ഗൂഗിൾ ചെയ്തപ്പോൾ ആ കഥ പലരും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെയുള്ള അച്ചൻ്റെ പ്രസംഗം ആ കഥ പറഞ്ഞിട്ടായിരുന്നു. ഞാൻ ആ കഥ ഇതുവരെ എഴുതിയില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.
കഥ ഇങ്ങനെയാണ് :
ഒരു മാതൃ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങളാണ്. അവർ വല്ലപ്പോഴും മിണ്ടിപ്പറയും. ആദ്യത്തെ കുഞ്ഞ് മറ്റേയാളോട് ചോദിച്ചു: "ജനനത്തിനു ശേഷമുള്ള ജീവിതത്തിൽ നീ വിശ്വസിക്കുന്നുണ്ടോ?"
രണ്ടാമത്തെ കുഞ്ഞ് പറഞ്ഞു, "തീർച്ചയായും. ജനനത്തിനു ശേഷം എന്തെങ്കിലും ഉണ്ടായിരിക്കണ്ടേ? നമ്മൾ ഇപ്പോൾ അതിന് ഒരുങ്ങിക്കൊണ്ടിരിക്കുകയല്ലേ?"
"മണ്ടത്തരം പറയാതെടാ" ഒന്നാമൻ പറഞ്ഞു. "ജനനത്തിനു ശേഷം ജീവിതമോ?! അത് എങ്ങനെയിരിക്കും?"
"എനിക്കറിയില്ല. പക്ഷേ ഇവിടെയുള്ളതിനേക്കാൾ കൂടുതൽ വെളിച്ചം അവിടെ ഉണ്ടാകും. ഒരുപക്ഷേ നമ്മൾ ഈ കാലുകൊണ്ട് നടക്കും. വാ കൊണ്ട് ഒരുപക്ഷേ ഭക്ഷണം കഴിക്കുകയും ചെയ്തേക്കാം."
സംശയക്ക ാരനായ കുഞ്ഞ് ചിരിച്ചു. "ഇത് അസംബന്ധമല്ലേടാ? നടത്തം തീർച്ചയായും അസാധ്യമാണ്. വായിൽക്കൂടി ഭക്ഷണം കഴിക്കുകയോ? മണ്ടത്തരം പറയാതിരിക്ക്. പൊക്കിൾക്കൊടി ആഹാരം കഴിക്കാനുള്ളതാ. ഈ പൊക്കിൾക്കൊടിയിലൂടെയാണ് നാം ആഹാരം കഴിക്കുന്നത്. ജനന നേരത്ത് പൊക്കിൾക്കൊടി അറ്റുപോകും. അപ്പോൾ നാം മരിക്കും. പിന്നെ ഒന്നുമില്ല."
രണ്ടാമത്തെ കുഞ്ഞ് വാദിച്ചു: "എന്തോ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും അത് ഇവിടെയുള്ളതിൽ നിന്ന് വ്യത്യസ്തമായിരിക്കുകയും ചെയ്യും"
ആദ്യത്തെ കുഞ്ഞ് പറഞ്ഞു, "ആരെങ്കിലും അവിടെനിന്ന് ഇവിടെ തിരിച്ചുവന്നിട്ടുണ്ടോ? ഇല്ല. ജനനം ജീവിതത്തിന്റെ അവസാനമാണ്. ജനനാനന്തരം ഇരുട്ടും ഇല്ലായ് മയും മാത്രമാണ്. ജനനം നമ്മെ എവിടേക്കും കൊണ്ടുപോകുന്നില്ല."
"എന്തോ, എനിക്കറിയില്ല," ഇരട്ടക്കുട്ടി പറഞ്ഞു, "പക്ഷേ എനിക്കു തോന്നുന്നു, നമ്മൾ തീർച്ചയായും നമ്മുടെ അമ്മയെ കാണും. അമ്മ നമ്മളെ ഒത്തിരി സ്നേഹിക്കും."
"അമ്മയോ?" ആദ്യത്തെ കുഞ്ഞ് ഒരു പരിഹാസപ്പുഞ്ചിരി പൊഴിച്ചു. "നീ അമ്മയിൽ വിശ്വസിക്കുന്നുണ്ടോ? അവൾ ഇപ്പോൾ എവിടെയാണ്?"
രണ്ടാമത്തെ കുഞ്ഞ് ശാന്തമായി വിശദീകരിക്കാൻ ശ്രമിച്ചു. "അവൾ നമ്മുടെ ചുറ്റുമുണ്ട്. നമ്മൾ ജീവിക്കുന്നത് അവളിലാണ്. അവളില്ലാതെ ഈ സ്ഥലം ഇല്ല. നമ്മളുമില്ല."
"ഞാനെങ്ങും അവളെ കണ്ടിട്ടില്ല. നീ കണ്ടിട്ടുണ്ടോ? കാണാത്തതിനെ ഞാൻ വിശ്വസിക്കില്ല. അതുകൊണ്ട് അമ്മ എന്നൊരു സംഭവം നിലവിലില്ല എന്നു പറയുന്നതാണ് യുക്തിസഹം."
അപ്പോൾ മറ്റേയാൾ പറഞ്ഞു,
"ചിലപ്പോൾ നീ നിശബ്ദത പാലിച്ചാൽ നിനക്ക് അവളെ കേൾക്കാൻ കഴിയും. നിനക്ക് അവളെ അനുഭവിക്കാൻ പറ്റും. ജനനശേഷം ഒരു യാഥാർത്ഥ്യമുണ്ടെന്നും ജീവിതമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. ആ ദിവസം വന്നുചേരുമ്പോൾ ആ യാഥാർത്ഥ്യത്തിനു വേണ്ടി സ്വയം ഒരുങ്ങാനായിട്ടാണ് നമ്മൾ ഇവിടെയുള്ളത്.!"





















