top of page

മനസ്സാക്ഷി

Aug 14, 2025

1 min read

George Valiapadath Capuchin

"It must be exhausting for those who hate. Totally exhausting!" എന്നുപറഞ്ഞാണ് കഴിഞ്ഞൊരു ദിവസം ഒരു സുഹൃത്ത് എനിക്കെഴുതിയ കത്ത് അവസാനിപ്പിക്കുന്നത്.

(വെറുപ്പു സൂക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വയം ഇല്ലാതാക്കിക്കളയുന്നതുപോലെ ആയിരിക്കണം. സമ്പൂർണ്ണമായും തീർത്തുകളയുന്നതുപോലെ!)

ഞാൻ ആലോചിക്കുകയായിരുന്നു, എത്ര ശരിയാണ് അവർ എഴുതിയത്! എന്തൊരു ദുരന്തമാണ് ഈ വെറുപ്പ്. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നവർക്കും അങ്ങനെ തന്നെയാവില്ലേ കാര്യങ്ങൾ? അങ്ങനെയാണെങ്കിൽ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ഇത്രയേറെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഇക്കാലത്ത് ലോകജനതയിൽ നല്ലൊരു ശതമാനവും ഇങ്ങനെ വലിയ ഭാരപ്പെടലിലൂടെ കടന്നുപോകുന്നുണ്ടാകുമോ? ഉണ്ടെന്നു തോന്നുന്നില്ല.

പല ജനപ്രതിനിധി സഭകളിലും സത്യത്തെയും നീതിയെയും ധർമ്മത്തെയും സംബന്ധിച്ച ചോദ്യങ്ങളും ആരോപണങ്ങളും ഉയരുമ്പോൾ, ശിലപോലെ കടുപ്പിച്ച മുഖവുമായി ഇരിക്കുന്ന നേതാക്കളെ നാം അനുദിനമെന്നോണം കാണുന്നില്ലേ?! അധാർമ്മികമായ കാര്യങ്ങൾ അവർ ചെയ്തു അല്ലെങ്കിൽ അവർ കൂട്ടുനിന്നു എന്ന തരത്തിൽ വിശ്വാസയോഗ്യമായ ആരോപണങ്ങൾ ഉയരുമ്പോഴും ശില പോലുള്ള മുഖത്തോടെ അതിനെ എതിരിടുന്നവർ!


'ധാർമ്മികരാകാൻ ദൈവം വേണമോ?' എന്നത് വളരെപ്പേർ ചർച്ചചെയ്യാറുള്ള ഒരു ചോദ്യമാണ്. ധാർമ്മികരാകാൻ ദൈവത്തിൻ്റെ ആവശ്യമില്ല എന്നാണ് യുക്തിവാദികൾ എന്ന് സ്വയം ഞെളിയുന്നവർ അവകാശപ്പെടാറ്. മതത്തിൻ്റെ പേരിൽ ചരിത്രത്തിൽ ഒത്തിരി ഹിംസകളും ക്രൂരതകളും നടന്നിട്ടില്ലേ എന്നാണ് അവർ ചോദിക്കാറ്.

ഉവ്വ്. മതത്തിൻ്റെ പേരിലും രാഷ്ട്രീയത്തിൻ്റെ പേരിലും വിശ്വാസത്തിൻ്റെ പേരിലും പ്രത്യയശാസ്ത്രത്തിൻ്റെ പേരിലും സംസ്കാരത്തിൻ്റെ പേരിലും ഒക്കെ ഒത്തിരി ഹിംസകളും അക്രമങ്ങളും ഭീകരതകളും നടന്നിട്ടുണ്ട്. അടിസ്ഥാനപരമായി, സമൂഹത്തിലും മതത്തിലും രാഷ്ട്രീയത്തിലും ഒത്തിരിപ്പേർ വിദ്വേഷത്തിൻ്റെ പ്രത്യയശാസ്ത്രം സ്വായത്തമാക്കുകയും അത് പിഞ്ചെല്ലുകയും ചെയ്യുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

അടിസ്ഥാനപരമായി, ഓരോ ആളിൻ്റെയും മനസ്സാക്ഷിയാണ് തിന്മ ഒഴിവാക്കണം, നന്മ ചെയ്യണം എന്ന് ഒരാളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത്. എന്നാൽ, സ്വന്തം മനസ്സാക്ഷിയുടെ രൂപീകരണത്തിൽ ഒരാൾക്ക് പിഴവ് സംഭവിക്കാം. തെറ്റായ വിദ്യാഭ്യാസം വഴി തെറ്റായ മനസ്സാക്ഷി (erroneous conscience) ഒരാളിൽ രൂപീകൃതമാകാം. സ്വയം തെരഞ്ഞെടുക്കുന്നതും തന്നിൽ അരക്കിട്ടുറപ്പിക്കുന്നതുമായ മതപരമോ രാഷ്ട്രീയമാേ സാംസ്കാരികമോ ആയ പ്രത്യയശാസ്ത്രത്തെ, "ഇതാണ് പരമമായ സത്യം. ഇതിനെ സാധൂകരിക്കാൻ ഏതുവഴിക്കും ഏതറ്റം വരെയും പോകാം" എന്നൊരാൾ സ്വയം ബോധ്യപ്പെടുത്തുന്നിടത്ത് അയാളുടെ മനസ്സാക്ഷി വക്രമായിക്കഴിഞ്ഞു. അധാർമ്മികതയോ വെറുപ്പോ, ക്രൂരതപോലുമോ അയാളെ പിന്നെ സമ്മർദ്ദത്തിലാക്കി എന്നുവരില്ല.


വെറുപ്പ് ഇന്ന് ശാസ്ത്രീയമായി ലബോറട്ടറികളിൽ ഉൽപാദിപ്പിക്കപ്പെടുകയാണ്! അത് മനുഷ്യരിൽ 'ശാസ്ത്രീയമായി' എങ്ങനെ ഇംപ്ലാൻ്റ് ചെയ്യാമെന്നതും സാമൂഹികമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ഒരു വൈദഗ്ധ്യമായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട് ഇക്കാലത്ത്. സോഷ്യൽ എഞ്ചിനീറിങ്ങിൽ പല സർവ്വകലാശാലകളും ഇപ്പോൾത്തന്നെ കോഴ്സുകൾ പ്രദാനം ചെയ്യുന്നുണ്ട്. നാളെ ഒരുപക്ഷേ, വെറുപ്പ് എങ്ങനെ ഉൽപാദിപ്പിക്കാമെന്നതിനെയും എങ്ങനെ പടർത്താമെന്നതിനെയും എങ്ങനെ അതിൻ്റെ ഫലം കൊയ്യാമെന്നതിനെയും അധികരിച്ച് ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിച്ചുകളയുമോ എന്നുപോലും ഞാൻ ഭയപ്പെടുന്നു!

Recent Posts

bottom of page