

വത്തിക്കാൻ്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം നിലവിൽ അവിടെ സമ്മേളിച്ചിരിക്കുന്ന 177 കർദിനാളന്മാരിൽ 127 പേർ വോട്ടവകാശമുള്ളവരാണ്. അതായത് ബാക്കി 50 പേർ 80 വയസ്സിന് മുകളിൽ പ്രായമുള്ള, വോട്ടവകാശം ഇല്ലാത്ത കർദിനാളന്മാരാണ്. കാര്യം വ്യക്തമാണല്ലോ. ഫ്രാൻസിസ് പാപ്പാ കടന്നുപോയ ഉടനെ, 80 വയസ്സിന് മുകളിൽ പ്രായമുള്ള, സ്വാഭാവികമായും അല്പം പാരമ്പര്യവാദ താല്പര്യങ്ങളുള്ള കർദിനാളന്മാർ ചർച്ചകൾക്കായി വത്തിക്കാനിൽ തമ്പടിച്ചിട്ടുണ്ട്. അവർ പലരും ഫ്രാൻസിസ് പാപ്പയോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവരും അദ്ദേഹത്തിൻ്റെ വിശ്വസ്തർ എന്ന് കരുതിയിരുന്നവരുമാണ്. അവരാണ് ഫ്രാൻസിസ് പാപ്പ സഭയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്തത് എന്ന തരം പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുള്ളത്. സ്ത്രീകളെ ഫ്രാൻസിസ് പാപ്പാ സഭയുടെ തലപ്പത്ത് കയറ്റി വച്ചു; തിരുപ്പട്ടത്തിന്റെ വിലയിടിച്ചു കൊണ്ട് അല്മായരെ കൂരിയാ സ്ഥാനങ്ങളിലേക്ക് പ്രവേശിപ്പിച്ചു; മുൻ പതിവ് ഇല്ലാത്ത വിധം മൂന്നുവർഷം നീളുന്ന സിനഡ് വിളിച്ചുചേർത്തു; സിനൊഡാലിറ്റി, സ്ത്രീകൾക്ക് ഡീക്കൻ പദവി, ലൈംഗിക ന്യൂനപക്ഷങ്ങളിലുള്ള വ്യക്തികൾക്ക് ആശീർവാദം നൽകൽ എന്നിങ്ങനെയുള്ള അനാവശ്യ വിഷയങ്ങൾ ചർച്ചയ്ക്ക് കൊണ്ടുവന്ന് സഭയിലെ ഐക്യം തകർത്തു എന്നെല്ലാമാണ് അവർ ഫ്രാൻസിസ് പാപ്പാക്കെതിരേ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ആരോപണങ്ങൾ.
ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച നവീകരണ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകണം എന്ന് പറയുമ്പോൾ പോലും, "സഭയ്ക്കകത്ത് ഐക്യവും ലോകത്തിൽ സാഹോദര്യവും" ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കഴിയുന്ന ആളായിരിക്കണം പുതിയ പാപ്പാ എന്ന താല്പര്യം മുന്നിട്ടുവരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അതായത് നേരത്തേ പറഞ്ഞതുപോലെ, സഭയ്ക്കകത്തെ ഐക്യം തകർക്കുന്നതിന് ഫ്രാൻസിസ് പാപ്പാ വഴിവച്ചു എന്ന അഭിപ്രായം നിരവധി പേർ പങ്കിടുന്നുണ്ട്, എന്ന് സാരം.
അങ്ങനെ നോക്കിയാൽ സഭക്കകത്ത് ഏതുകാലത്താണ് "ഐക്യം" ഉണ്ടായിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലത്തോ അതിനുമുമ്പോ അത്തരം ഒരു ഐക്യം ഉണ്ടായിരുന്നിട്ടുണ്ടോ? ജോൺ പോൾ II പാപ്പായുടെ കാലത്തോ ബനഡിക്റ്റ് XVI പാപ്പായുടെ കാലത്തോ സഭയിൽ അത്തരം ഒരു "ഐക്യം" ഉണ്ടായിരുന്നിട്ടുണ്ടോ? ഇല്ലെന്ന് വേണം പറയാൻ. അവരുടെ രണ്ടുപേരുടെയും കാലത്ത് സഭയിൽ പുരോഗമനപരമായി ചിന്തിച്ചിരുന്ന മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞരും നിശബ്ദരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഓരംചേർക്കപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ളവർക്കെതിരേ ശിക്ഷാനടപടികൾ കൈക്കൊണ്ടിട്ടില്ല എന്നു മാത്രമല്ല, യാഥാസ്ഥിതിക - പിന്തിരിപ്പൻ നിലപാടുകൾ ഉള്ളവരാണെന്നു വരികിൽ അവർക്ക് സ്ഥാനക്കയറ്റങ്ങൾ ലഭിച്ചിട്ടുമുണ്ട്. അതിനെതിരേയൊക്കെ ശക്തമായ വിയോജിപ്പുകൾ ഉള്ളവർ സഭയിൽ അക്കാലത്തും ഉണ്ടായിരുന്നല്ലോ. അപ്പോൾ എങ്ങനെയാണ് ഫ്രാൻസിസ് പാപ്പായാണ് ഐക്യം ഇല്ലാതാക്കിയത് എന്ന് പറയാനാവുക? ശരിയാണ്, അക്കാലത്തെ മുഖ്യധാര ഫ്രാൻസിസിന്റെ കാലത്ത് പാർശ്വധാര ആയി പോയിട്ടുണ്ട്. അക്കാലത്തെ പാർശ്വധാരയെ ഫ്രാൻസിസ് പാപ്പാ മുഖ്യധാര ആക്കാനും ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന "ഐക്യം" എന്നത് ഒരുകാലത്തും ഉണ്ടായിരുന്ന കാര്യമല്ല.
കനേഡിയൻ കർദിനാളായ മൈക്കിൾ ചേർണീ നിരീക്ഷിക്കുന്നതുപോലെ, പുറമേക്ക് വളരെ ആകർഷണം തോന്നുന്ന ഒരു പരികല്പനയാണ് 'ഐക്യം' എന്നത്. എന്നാൽ അതിന്റെ വീക്ഷണകേന്ദ്രത്തിന് സാരമായ തകരാറുണ്ട്. "ഐക്യത്തെ (unity) നിങ്ങൾ നിങ്ങളുടെ അഭിനിവേശമാക്കി മാറ്റുകയും, അതിനെ നിങ്ങളുടെ പ്രാഥമിക ലക്ഷ്യമായി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, നിങ്ങൾക്ക് ലഭിക്കുന്നത് ഏകതാനത (uniformity) ആയിരിക്കും എന്നതാണ് ഭയാനകമായ അപകടം. നമുക്ക് തീരെ വേണ്ടാത്തതും അതുതന്നെയാണ്." എന്തെന്നാൽ, യഥാർത്ഥ ഐക്യം ജീവൻ്റെ സമൃദ്ധി പ്രദാനം ചെയ്യുന്നുവെങ്കിൽ, ഏകതാനത മരണത്തെ ചുംബിക്കലാണ്.
ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തിൽ ലോകമെമ്പാടുനിന്നും കേട്ട വാക്കുകളും, കണ്ട ദൃശ്യങ്ങളും, സെൻ്റ് പീറ്റേഴ്സ് ചത്വരത്തിലും റോമിൻ്റെ തെരുവീഥികളുമായി തിങ്ങിക്കൂടിയ നാലുലക്ഷത്തോളം ജനങ്ങളും, ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാര ദിവസം തന്നെ ഇൻ്റോനീഷ്യയോട് ചേർന്നുള്ള ഈസ്റ്റ് ടീമോറിൽ അദ്ദേഹത്തിനുവേണ്ടിയുള്ള അനുസ്മരണ ബലിക്കായി ഒഴുകിയെത്തിയ മൂന്നുലക്ഷത്തോളം മനുഷ്യരും, പാപ്പായുടെ മൃതസംസ്കാരത്തിന്റെ പിറ്റേന്ന് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വന്നുചേർന്ന രണ്ടു ലക്ഷത്തോളം ചെറുപ്പക്കാരും നൽകുന്ന സന്ദേശത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞനും കർദിനാളുമായ വാൾട്ടർ കാസ്പർ എന്ന 92 -കാരൻ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: "ദൈവജനം വോട്ടുചെയ്തു കഴിഞ്ഞു. ഫ്രാൻസിസ് പാപ്പായ്ക്ക് ഒരു പിൻഗാമിയെയാണ് അവർക്ക് വേണ്ടത്."
