

'നഗ്നതയുടെ വസ്ത്രം' എന്ന ഒരു രൂപകമുണ്ട്. എല്ലാ നഗ്നതയും ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. വസ്ത്രം നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നഗ്നത മറയ്ക്കുമ്പോള്‍ത്തന്നെ നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്ന എന്നതാണ് വസ്ത്രത്തിന്‍റെ ഒരു പ്രത്യേകത. ഇത് ചിലപ്പോള്‍ മനസ്സിന്‍റെയോ സമൂഹത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ നഗ്നതയാവാം. ചില ചരിത്രഘട്ടങ്ങളില്‍ നഗ്നതതന്നെ വസ്ത്രത്തിന്‍റെ പദവിയിലേക്കു വരുന്നുണ്ട്. അതുകൊണ്ട് വസ്ത്രത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയിലും നഗ്നതയ്ക്ക് കടന്നുവരാതിരിക്കാനാവില്ല.
ശരീരത്തെ മൂല്യവിചാരണയ്ക്കു വിധേയമാക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ക്രമത്തിനകത്താണ് 'നഗ്നത' സംഭവിക്കുന്നത്. ലോകത്തെവിടെയും നഗ്നതയെന്ന് ഒരുപോലെ പറയാവുന്ന ഒരു ശാരീരികാവസ്ഥയില്ലെന്നുവേണം കരുതാന്‍. ശരീരത്തെ ശരീരത്തിനുത്തന്നെ എതിര്‍നിര്‍ത്തിക്കൊണ്ടുള്ള ചിന്തകളിലും സദാചാര വിചാരങ്ങളിലുമാണ് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ മറയ്ക്കേണ്ടതും ചിലഭാഗങ്ങള്‍ തുറക്കേണ്ടതു മായി മാറുന്നത്. രാജാവിന്‍റെ നഗ്നത കാണാത്ത പ്രജകളെക്കുറിച്ചുള്ള കഥയുണ്ടല്ലോ. ഭയം ചിലപ്പോള്‍ നഗ്നതയെ ഇല്ലാത്ത വസ്ത്രം കൊണ്ട് പൊതിയും. ആ വസ്ത്രം പിന്നെ സ്വാഭാവികമായിത്തീരുകയും ചെയ്യും. ഏറ്റവും വിലപിടിച്ച വസ്ത്രം ഇല്ലാത്തവസ്ത്രം ആണെന്നാണ് മുന്‍പറഞ്ഞ കഥയില്‍ വരുന്നത്.
വസ്ത്രത്തെക്കാള്‍മുമ്പ് നഗ്നതയാണ് ഉണ്ടായത് എന്ന കാര്യം മറന്നുകൊണ്ടാണ് നാം പലപ്പോഴും ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. വസ്ത്രത്തിനുള്ളതുപോലെ നഗ്നതക്കും ഒരു ചരിത്രവും സാമൂഹികശാസ്ത്രവും രാഷ്ട്രീയവും ഉണ്ട്. ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് റീഡ് (David Reed) നടത്തിയ ചില പഠനങ്ങളില്‍ 70,000 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നു കാണുന്നു. ശീതമേഖലകളിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആദ്യം വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ചില ഡി. എന്‍. എ. പഠനങ്ങള്‍ തെളിയിക്കുന്നത് 170,000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്. ഡി.എന്‍.എ. പഠനങ്ങളനുസരിച്ച് ആധുനിക മനുഷ്യന്‍റെ കാലം 400,000 -250,000 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അങ്ങനെയെങ്കില്‍ ഇന്നു കാണുന്ന മനുഷ്യന്‍റെ ശരീരഘടനയുള്ള മനുഷ്യന്‍ ഭൂമിയിലെത്തി രണ്ടു ലക്ഷത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. വസ്ത്രത്തിന്‍റെയും നഗ്നതയുടെയും കാലദൂരം കണക്കാക്കിയാല്‍ നഗ്നതയുടെ കാലദൈര്‍ഘ്യമാണ് മുന്നിട്ടുനില്‍ക്കുക. വസ്ത്രമൊന്നും ധരിക്കാതെ അനേകം സംവത്സരങ്ങള്‍ നടന്നതിനുശേഷമാണ് മനുഷ്യര്‍ വസ്ത്രത്തിലേക്കെത്തുന്നത് എന്ന കാര്യം, ഇപ്പോള്‍ ഒരുപക്ഷേ വിഷമിപ്പിക്കുക തുണിമില്ലുടമകളെയും തുണിക്കച്ചവടക്കാരെയുമായിരിക്കും. കാരണം, ഇന്ന് മനുഷ്യശരീരത്തെ അലങ്കരിക്കുന്നതിനും ആവരണം ചെയ്യുന്നതിനുമുള്ള വസ്തുക്കളുടെ ഒരു സമുദ്രംതന്നെ ലോകത്തുണ്ട്. അത് നിരന്തരം വര്‍ദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്.
ഇന്ന് വസ്ത്രം ഒരു വ്യക്തിക്ക് അയാളുടെ നരവംശശാസ്ത്രപരവും സാമൂഹികവും മതപരവുമായ അസ്തിത്വം വെളിപ്പെടുത്താനുള്ള ചിഹ്നം കൂടിയാണ്. "സാമൂഹിക ചിഹ്നങ്ങളെ പ്രസരിപ്പിക്കാതെ ഒരാള്‍ക്കും വസ്ത്രം ധരിക്കാനാവില്ല. ഓരോ വസ്ത്രവും ഒരു കഥ പറയുന്നു. പലപ്പോഴും, അതു ധരിക്കുന്നയാളെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരുകഥ," എന്ന് പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായ ഡെസ്മണ്ട് മോറീസ് പറയുന്നത് അതുകൊണ്ടാണ്. ഒരാള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് ധ്വനിപ്പിക്കുന്നത് വസ്ത്രമാണ്. മനുഷ്യരൂപത്തെ ഏറെക്കുറെ വസ്ത്രംധരിച്ച നിലയില്‍ മാത്രമെ ഇന്ന് സങ്കല്പിക്കാന്‍ കഴിയുകയുള്ളൂ. വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവരിക്കുന്നത്. ഈയൊരര്‍ത്ഥത്തില്‍ നഗ്നത(nudity) ഒരു വിരുദ്ധാവസ്ഥയാണ്. ആളുകള്‍ക്കുമുന്നില്‍വച്ച് വസ്ത്രമഴിക്കുകയെന്നത് പല സംസ്കാരങ്ങളിലും തരം താഴ്ന്ന ഒരു പ്രവൃത്തിയാണ്. വസ്ത്രമുരിഞ്ഞു കളയുക, നഗ്നരാവുക എന്നത് ഈജിപ്ത്, ബാബിലോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക് ഏറ്റവും തരംതാഴ്ന്ന പ്രവൃത്തിയായിരുന്നു. ഒരാള്‍ വസ്ത്രമുരിഞ്ഞെറിഞ്ഞാല്‍ അയാള്‍ തടവുപുള്ളിയുടെയും വേശ്യയുടെയും അടിമയുടെയും പദവിയിലേക്കു താഴും എന്നായിരുന്നു അവരുടെ വിശ്വാസം.
എന്നാല്‍ ചിത്രകാരന് നഗ്നശരീരത്തിലാണ് എന്നും താല്‍പര്യം. ശരീരത്തെ ആദരിക്കാത്ത ചിത്രകാരന്മാരും ശില്പികളുമുണ്ടായിട്ടില്ല. ഒരു കാലത്ത് റോമിനെക്കുറിച്ചു പറയാറുള്ളത്, റോമില്‍ രണ്ടുതരം പൗരന്മാരുണ്ട് എന്നാണ്. ഒന്ന് ജീവനുള്ള മനുഷ്യര്‍, മറ്റൊന്ന് ശില്പികള്‍ കരിങ്കല്ലിലും മാര്‍ബിളിലും തീര്‍ത്ത മനുഷ്യര്‍. ഈ മനുഷ്യര്‍ പൂര്‍ണ്ണനഗ്നരോ അര്‍ദ്ധനഗ്നരോ ആയിരുന്നു.
പുരാതന ഗ്രീക്കുകാര്‍ നഗ്നത അപമാനകരമായി കണ്ടിരുന്നില്ല. ആഘോഷവേളകളില്‍ അവര്‍ കൂട്ടത്തോടെ നഗ്നരായി ഉല്ലസിച്ചിരുന്നു. ഇന്നും ഇത് പലനിലയില്‍ തുടരുന്നുണ്ട്. ആഹ്ലാദത്തിന് ഒരു പ്രത്യേകതയുണ്ട്. ആഹ്ലാദത്തിന്‍റെ നിമിഷത്തില്‍ ഒരു കുട്ടിയും മുതിര്‍ന്നയാളും വസ്ത്രം ഉരിഞ്ഞെറിയാനാണ് ആഗ്രഹിക്കുക. കുട്ടി ഈ ആഗ്രഹം ചിലപ്പോള്‍ വേഗം നടപ്പിലാക്കും. മുതിര്‍ന്നയാള്‍ക്ക് ഈ ആഗ്രഹം സ്വയം അടിച്ചമര്‍ത്തേണ്ടിവരും. ഒടുവില്‍ ഒരു ഉന്മാദാവസ്ഥയില്‍ സദാചാര ഭയങ്ങളൊന്നുമില്ലാതെ ഈ ആഗ്രഹം പുറത്തുവന്നെന്നും വരും. അപ്പോഴാണ് ഒരാള്‍ ഉടുപുടവകളെല്ലാം സന്തോഷപൂര്‍വ്വം ഉരിഞ്ഞെറിയുക.
