top of page

സഭകൂടുതല്‍ ലളിതവും ഹൃദ്യവുമാകണം

Mar 3, 2018

5 min read

കആ

Cardinal George Alencherry
Cardinal George Alencherry

അഭിമുഖം

 

"(സീറോ മലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാലഘട്ടത്തിനനുസൃതമായി സഭയെ പുനരവതരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സഭയുടെ ഇടപെടലുകളെപ്പറ്റി അസ്സീസിക്കുവേണ്ടി തന്‍റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നു.)"


* "സഭയെക്കുറിച്ചുളള വി.ഗ്രന്ഥകാഴ്ചപ്പാടുകളും ഫ്രാന്‍സിസ് മാര്‍പ്പാപ്പയയുടെ കാഴ്ചപ്പാടും തമ്മിലുള്ള പൊരുത്തത്തെക്കുറിച്ച് അങ്ങേയ്ക്ക് എന്താണു പറയാനുള്ളത്?"

ഓരോകാലത്തും സഭ അക്കാലത്തിനുയോജിച്ച അജപാലന ശൈലി സ്വീകരിക്കേണ്ടത് ആവശ്യമാണ്. അതിന്‍റെ വ്യത്യാസം പ്രതിഫലിക്കുന്നത് മാര്‍പ്പാപ്പാമാരിലൂടെയും, സിനഡിലൂടെയുമാണ്. ഈ മാര്‍പ്പാപ്പയുടെ കാലത്ത് കുടുംബങ്ങളെക്കുറിച്ചുള്ള സിനഡില്‍ വ്യത്യസ്തമായ ശൈലിയും പ്രബോധനരീതിയും സ്വീകരിച്ചു. ഇതിനുമുന്‍പുള്ള പിതാക്കന്മാരും അതത് ശൈലിയിലുള്ള പ്രബോധനരീതിയും അജപാലനശൈലിയും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് പുതിയ പാപ്പയുടെ സമീപനങ്ങള്‍ ഈ കാലഘട്ടത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള പരിശ്രമമായിട്ടാണ് ഞാന്‍ കാണുന്നത്. ആ പരിശ്രമത്തില്‍ ചില പ്രത്യക ഊന്നലുകള്‍ ഉള്ളതിനാല്‍ അതില്‍ മാത്രം ശ്രദ്ധിച്ചാല്‍ സഭയുടെ പരമ്പരാഗത രീതികള്‍ക്ക് പ്രാധാന്യം കൊടുക്കാതെ പോകുന്നോ എന്നു സംശയിക്കാം. പക്ഷേ പരി.പിതാവ് തന്നെ സഭയുടെ അധികാരം നിലനിര്‍ത്താന്‍ ബൈബിള്‍ അടിസ്ഥാനത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത്. കാരണം കാലം മാറുന്നതിനനുസരിച്ച് വിശ്വാസികളുടെ ജീവിതത്തില്‍ പുതിയ പ്രശ്നങ്ങളുണ്ടാകുന്നു. പുതിയ പ്രശ്നങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ ആവശ്യമായി വരുന്നു. പഴയവീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളില്‍ സൂക്ഷിക്കരുതെന്ന് കര്‍ത്താവുപോലും പറയുന്നുണ്ട്. അങ്ങനെയുളള വിശ്വാസപാരമ്പര്യത്തെ എപ്രകാരം നവീകരിച്ച് പുതുമനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നാണ് പരി.പിതാവും സഭയുടെ പ്രബോധകരും ചിന്തിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ സഭയില്‍ത്തന്നെ ഒരു ആശയവിനിമയരംഗത്തെ ചില പ്രതിസന്ധികളും സംഘര്‍ഷങ്ങളും ഉണ്ടെന്നത് നാം മറക്കേണ്ടതില്ല. സഭാധികാരികളില്‍ത്തന്നെ വിവിധ അഭിപ്രായങ്ങളും നാം കാണുന്നുണ്ട്. പക്ഷേ അവയെല്ലാം ആത്യന്തികമായി സഭയുടെ ദൗത്യത്തെ കാലഘട്ടത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിക്കുന്ന സമന്വയങ്ങളിലേക്ക് വരുമെന്നുള്ളതാണ് നാം ചരിത്രത്തില്‍ നിന്ന് പഠിക്കുന്നത്. ആ സമന്വയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ ആത്മാവാണ്. ആ ആത്മാവില്‍ വിശ്വസിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.

 

* മുന്‍പറഞ്ഞ ദര്‍ശനങ്ങളും നമ്മുടെ ഇന്നത്തെ സഭയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും അകലത്തെക്കുറിച്ചും അങ്ങയുടെ അഭിപ്രായമെന്താണ്? ദേശങ്ങളും സംസ്കാരങ്ങളും അതില്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നുണ്ടോ?

സഭയുടെ പ്രബോധനത്തിനും കാഴ്ചപ്പാടുകള്‍ക്കും ഒരു രാജ്യത്തിന്‍റെയോ ഭൂഖണ്ഡത്തിന്‍റെയോ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഇല്ല. അടിസ്ഥാനപരമായി ഒരേ പ്രബോധനമാണ് എല്ലാ രാജ്യങ്ങളിലെയും വിശ്വാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ആ പ്രബോധനം ഒരു കാലഘട്ടത്തിന് യോജിച്ച രീതിയില്‍ കൊടുക്കുമ്പോള്‍ അതാത് രാജ്യങ്ങളിലെ സഭ ആ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവേചനബുദ്ധിയോടുകൂടി സ്വീകരിക്കുവാനും അവതരിപ്പിക്കുവാനും തയ്യാറാകണം. പാവങ്ങളെയും, പീഡിതരെയും, ചൂഷിതരെയും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള സഭാപ്രബോധനം ആവശ്യമാണ്. എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. അതുള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കണം. സമ്പന്നരാജ്യങ്ങളിലും ചൂഷിതരും, പീഡിതരും, ദരിദ്രരും ഉണ്ട്. കൂടുതല്‍ ചൂഷിതരും ദരിദ്രരുമുള്ള രാജ്യങ്ങള്‍ക്ക് സഭയുടെ പ്രബോധനം കൂടുതല്‍ സ്വീകാര്യമായിത്തോന്നും.

എന്നാല്‍ അതേസമയം ആ രാജ്യങ്ങളും അവരെ ഇല്ലായ്മകളില്‍ നിന്ന് വിമോചിപ്പിച്ച് പുരോഗതിയിലേയ്ക്കു കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരിക്കണം. അപ്പോള്‍ ഇവിടെ സഭാ പ്രബോധനങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഓരോ വിശ്വാസി സമൂഹത്തിന്‍റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. അതിനെ തള്ളിക്കളഞ്ഞുകൊണ്ടല്ല; നിഷേധിച്ചുകൊണ്ടുമല്ല. അപ്പോള്‍ ഒരു പാപ്പ അല്ലെങ്കില്‍ അധികാരി അതാതു രാജ്യത്തു നിന്നു വന്നു എന്നുള്ളതിനാല്‍ ആ രാജ്യത്തിനുവേണ്ടി മാത്രമല്ല സകല രാജ്യങ്ങള്‍ക്കും യോജിച്ച രീതിയിലാണ് പഠനങ്ങള്‍ നല്‍കുന്നത്. പ്രത്യേകിച്ച്, പാപ്പായുടെയും സിനഡിന്‍റെയും പ്രബോധനങ്ങളെല്ലാം അപ്രകാരമാണ്.  ചിലസാന്ദര്‍ഭിക പ്രബോധനങ്ങളില്‍ ഒരു വിഷയത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തു എന്നുള്ളതുകൊണ്ട് അതിന്‍റെ മറുവശം സഭ മറക്കുന്നു എന്നല്ല.

അതിന്‍റെ മറുവശം പിന്നീടൊരവസരത്തില്‍ സാഹചര്യത്തിനനുസരിച്ച് സഭ സമര്‍ത്ഥിക്കുമായിരിക്കും. അതുകൊണ്ട് സഭയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനശൈലികളെയും ആ രീതിയില്‍ കാണാന്‍ നമ്മള്‍ പരിശ്രമിക്കണം. 2-ാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ പ്രബോധനത്തെ, അതിന്‍റെ ഒരു പ്രമാണ രേഖയുടെയോ ഡിക്രിയുടേയോ അടിസ്ഥാനത്തില്‍ നമുക്ക് വിലയിരുത്താന്‍ സാധിക്കുകയില്ല. അതിന്‍റെ എല്ലാ പ്രമാണ രേഖകളും ഡിക്രികളും പഠിച്ച് ഒരു സാര്‍വത്രികമായ വീക്ഷണത്തില്‍ വേണം രണ്ടാം വത്താന്‍ കൗണ്‍സിലിനെ വിലയിരുത്താന്‍ എന്നു പറയുന്നതുപോലെ തന്നെ, സഭയുടെയും പാപ്പാമാരുടെയും പ്രബോധനങ്ങളെ അവരുടെ പ്രബോധനങ്ങളുടെ ആകെത്തുകയിലും രേഖകളുടെ അടിസ്ഥാനത്തിലും നമുക്ക് വിലയിരുത്താന്‍ സാധിക്കുകയായണെങ്കില്‍ കണ്ണടച്ചുള്ള അല്ലെങ്കില്‍ പൂര്‍ണ്ണമായിട്ടുള്ള ഒരു വിയോജിപ്പോ നിരാസമോ ഒരിക്കലും ഉണ്ടാവില്ലെന്നാണ് എന്‍റെ അഭിപ്രായം.

 

* മാര്‍പ്പാപ്പ മുമ്പോട്ടുവയ്ക്കുന്ന ഒരു സഭയായിത്തീരാന്‍ പ്രതിബന്ധമായി നില്ക്കുന്ന പ്രധാനപ്പെട്ട തടസ്സങ്ങള്‍ അങ്ങയുടെ അഭിപ്രായത്തില്‍ ഏതൊക്കെയാണ്?

പരിശുദ്ധ പിതാവിന്‍റെ ആയാലും സഭയുടെ ആയാലും പ്രബോധനങ്ങള്‍ക്ക് പ്രായോഗികമായ നടപടിക്രമങ്ങള്‍ സഭനല്‍കാറുണ്ട്. ഉദാഹരണത്തിന്  കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിനുശേഷം വിവാഹത്തെക്കുറിച്ചുള്ള രണ്ട് മോത്തുപ്രോപ്രിയാ (Motu Proprio) പുറപ്പെടുവിച്ചുകൊണ്ട് വിവാഹത്തിന് അസാധുത്വം നല്‍കാന്‍ സഭ ഉപയോഗിച്ചിരുന്ന രീതികളെ ലളിതമാക്കി. ഇതിന്‍റെ ഉദ്ദേശ്യം പ്രബോധനത്തെ പ്രായോഗികമാക്കുക എന്നതാണ്. എന്നുപറഞ്ഞതുപോലെ ഓരോ വിഷയത്തിലും പ്രയോഗികമായ വശങ്ങളും സഭ നല്‍കുന്നുണ്ട്. ഒരുപക്ഷേ അത് സഭാമക്കളുടെ ഇങ്ങേയറ്റംവരെ എത്തുന്നില്ല എന്നതു വാസ്തവമായിരിക്കും. അതിനുവേണ്ടി സഭ പരിശ്രമിക്കേണ്ടതാണ്.

പ്രതിബന്ധങ്ങള്‍ പലതാവാം. സഭയുടെ സമ്പര്‍ക്ക മാധ്യമമേഖല വേണ്ടത്ര വികസിച്ചിട്ടില്ല. ഇനി വികസിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് സാര്‍വലൗകിമല്ല. എല്ലാ രാജ്യങ്ങളിലെയും സഭ ഒരുപോലെ മാധ്യമങ്ങളെ ഉപയോഗിക്കുന്നില്ല,  മാധ്യമങ്ങളിലൂടെയുള്ള ശരിയായ ആശയവിനിമയത്തിന്‍റെ കുറവ് അവിടെയുണ്ട്. രണ്ടാമതായി സഭ പുറപ്പെടുവിക്കുന്ന ആശയങ്ങളോട് വിയോജിക്കുന്നവര്‍ ഇത് ജനങ്ങളെ അറിയിക്കുന്നതില്‍ നിന്നും അതിന് വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കുന്നു. പിന്നെയുള്ള ഒരു കാരണം പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പഴകിയ മാര്‍ഗ്ഗങ്ങളുടെയും രീതികളുടെയും ശക്തമായ തടസം എന്നുമുണ്ട്. തഴകിയ ഒരു രീതിയില്‍ നിന്ന് സഭാമക്കളെയും സഭാധികാരികളെയും മാറ്റിയെടുക്കുക എന്നത് മനശ്ശാസ്ത്രപരമായിത്തന്നെ ഒരു വലിയ ബുദ്ധിമുട്ടാണ്.

Cardinal George Alencherry

* സുവിശേഷം ജീവിക്കുന്നവര്‍ ഒറ്റയ്ക്കുള്ള തുരുത്തുകളായി സഭയിലാകമാനം ഉള്ളപ്പോഴും ഒരൊറ്റ കൂട്ടായ്മയെന്ന രീതിയില്‍ സഭക്ക് സുവിശേഷത്തിന്‍റെ ബദല്‍സ്വരത്തിനു സാക്ഷ്യമേകാന്‍ സാധിക്കുന്നില്ല എന്നൊരു തോന്നല്‍ പൊതുവേ ഉണ്ടെന്നു തോന്നുന്നു. അതിനൊരു പ്രധാനകാരണം വര്‍ദ്ധിച്ചുവരുന്ന സ്ഥാപനവത്കരണം ആണെന്നു പറയപ്പെടുന്നു. അങ്ങയുടെ കാഴ്ചപ്പാട് എന്താണ്?

ഈ നിരീക്ഷണത്തില്‍ കുറച്ച് സത്യമുണ്ട്. അതായത് സഭയുടെ ഇതുവരെയുള്ള ഒരു സുവിശേഷവല്‍ക്കരണരീതിയും അജപാലനരീതിയും, സ്ഥാപനപരമായിരുന്നു എന്നതാണ്. സ്കൂളുകളിലൂടെ, കോളേജുകളിലൂടെ, ആശുപത്രികളിലൂടെ. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യസ്ഥാപനങ്ങളിലൂടെ ഒക്കെ നമ്മള്‍ വളരെയേറെ നന്മ ചെയ്തുകൊണ്ടിരുന്നു. ഈ നന്മകളൊക്കെ ചെയ്ത സ്ഥാപനങ്ങളെ ഇല്ലാതാക്കണമെന്ന് പറയുന്നതിനും അര്‍ത്ഥമില്ല. സ്ഥാപനവത്ക്കരിക്കപ്പെട്ട ഈ സുവിശേഷവല്‍ക്കരണവും അജപാലനവും  വിട്ട് വളരെ സ്വയംപ്രേരിതമായി ലളിതമായി മനുഷ്യന്‍റെ സാധാരണ ജീവിതത്തോടും പ്രകൃതിയോടും അടുത്ത് നടത്തപ്പെടുന്ന സമര്‍പ്പിത ജീവിതശൈലിയും ശുശ്രൂഷാ രീതികളും ജനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നും. കാരണം അതവരുടെ ജീവിതത്തെ ഉടന്‍തന്നെ സ്പര്‍ശിക്കും, സന്തോഷം ജനിപ്പിക്കും, തത്ഫലമായി ജീവിതത്തില്‍ കൂട്ടായ്മ വര്‍ദ്ധിക്കും.

സ്ഥാപനവത്കൃതമായ ശുശ്രൂഷക്ക് ജനങ്ങളോട് അടുപ്പം കുറവാണ്. എത്ര പരിശ്രമിച്ചാലും ജനങ്ങളെ പൂര്‍ണ്ണമായി അടുപ്പിക്കാന്‍ സ്ഥാപനവല്‍ക്കരണം തടസം സൃഷ്ടിക്കുന്നു. അതുകൊണ്ട് സ്ഥാപനവത്കൃത ശുശ്രൂഷകളെ കൂടുതല്‍ ജനകീയമാക്കാന്‍, ജനകീയമെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്കു ഉപകാരപ്രദമാക്കാനും അതേസമയം സ്വയം പ്രേരിതമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അവയെ സഭയോട് ബന്ധപ്പെടുത്തി നിര്‍ത്താനും മേലദ്ധ്യക്ഷ ശുശ്രൂഷയില്‍ മെത്രാന്മാരും അജപാലനശുശ്രൂഷയില്‍ വൈദികരും സമര്‍പ്പിതരും സമൂഹവും ശ്രദ്ധിച്ചാല്‍ നമുക്ക് എകയോഗമായ കൂട്ടായ്മ സഭയില്‍ സൃഷ്ടിക്കാം. അതൊരു വളരെ ദീര്‍ഘമായ പരിശ്രമമാണ്. എന്നുമുണ്ടായിരിക്കേണ്ട പരിശ്രമമാണത്. ഒരിക്കും ഒന്നുമതി മറ്റേത് വേണ്ട എന്നു നമുക്ക് പറയാനാവില്ല. അതിനേക്കാളുപരി രണ്ടുംകൂടി യോജിച്ചുകൊണ്ടുളള വിശാലമായ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം സഭാ ശുശ്രൂഷകരില്‍ നിന്നുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ജനനന്മമുന്‍നിറുത്തിക്കൊണ്ടുള്ള വിശ്വാസികളുടെ വിശ്വാസ വളര്‍ച്ചയെ കരുതി അവരുടെ സ്നേഹത്തിന്‍റെ കൂട്ടായ്മയെ വളര്‍ത്തുന്ന അജപാലനശൈലികള്‍ മാത്രമേ വിജയിക്കൂ. ബാക്കിയുള്ളതൊക്കെ സ്വന്തം പേരിനും പെരുമക്കും മഹത്വത്തിനുവേണ്ടി സ്വന്തം സ്വാധീനം സമൂഹത്തില്‍ വളര്‍ത്തുന്നതിനുവേണ്ടി (വൈദികരായാലും മെത്രാന്മാരായാലും സമര്‍പ്പിതരായാലും) ചെയ്യുന്നതാണ് എന്നാണ് എന്‍റെ അഭിപ്രായം. സമര്‍പ്പിത സമൂഹത്തില്‍ തീക്ഷ്ണതയോടെ ദാരിദ്ര്യാരൂപിയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതര്‍ ഉണ്ടെങ്കില്‍ത്തന്നെയും നമ്മുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ശൈലി മാറണം. എങ്കിലേ വ്യക്തിപരമായ സാക്ഷ്യങ്ങള്‍ക്ക് വിലയുണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് പറഞ്ഞത് വ്യക്തിപരമായ സാക്ഷ്യങ്ങളെ ശരിയായ മാര്‍ഗ്ഗത്തിലൂടെ  സഭയുടെകൂട്ടായ്മയുടെ ഭാഗമായി കണ്ട് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണമെന്ന്. അതുപോലെ അല്മായപ്രവര്‍ത്തനങ്ങളെ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ലളിതവത്കരിക്കാനും നമുക്കു സാധിക്കണം. സഭ കൂടുതല്‍ ലളിതമാകണം, സഭ കൂടുതല്‍ ഹൃദ്യമാകണം, സഭ കൂടുതല്‍ ജനങ്ങളുടെ കൂട്ടായ്മയായിതീരണം.

 

* ബഹുഭൂരിപക്ഷം അല്മായരും സഭാനേതൃത്വം വിളിച്ചുകൂട്ടുമ്പോള്‍ മാത്രം ഒന്നിച്ചുവരുന്ന ഒരു കൂട്ടമാണ്. ഇതിനെ തിരുത്താന്‍ നമുക്ക് എന്തു ചെയ്യാനാകും?

നമ്മള്‍ വളരെയധികം ഉപയോഗിക്കുന്ന വാക്കാണ് ശാക്തീകരണം. അത് തുടങ്ങിയത് സ്ത്രീശാക്തീകരണം പറഞ്ഞാണ്. പിന്നീട് ദരിദ്രരുടെ ശാക്തീകരണം, എന്നു പറയാന്‍ തുടങ്ങി. പക്ഷേ ഇത് എല്ലാ തലങ്ങളിലും നടക്കേണ്ട പ്രവര്‍ത്തനമാണ്. സഭ കൂട്ടായ്മയാണ്. കൂട്ടായ്മയായതിനാല്‍ ശാക്തികരണം പരസ്പരം നടക്കണം. 'ആരും ആരുടെയും മേലല്ല' സമൂഹത്തില്‍ എല്ലാവരും സഹപൗരന്മാരാണ്. സഭയില്‍ എല്ലാവരും സഹവിശ്വാസികളാണ്. വ്യത്യാസം ശുശ്രൂഷകളില്‍ മാത്രമാണ്. ശുശ്രൂഷകളാകട്ടെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന പ്രത്യേക വരങ്ങളുടെ പ്രായോഗികതയാണ്. അതിനാല്‍ മെത്രാന്‍ ശുശ്രൂഷയോ വൈദികശുശ്രൂഷയോ ചെയ്യുന്നവന്‍ സഭാധികാരി എന്നതിലുപരി സഭയുടെ പ്രധാനപ്പെട്ട ശുശ്രൂഷകനാണ്. അതേ രീതിയില്‍ സമര്‍പ്പിതരും അല്മായരും സഭയില്‍ ആദരിക്കപ്പെടണം. അവരും ശുശ്രൂഷകരാണ്. അവരുടെ മേഖലകളിലെ ശുശ്രൂഷകളെ പ്രാധാന്യത്തോടെ കണ്ട് മെത്രാന്മാരും വൈദികരും വളര്‍ത്തുകയും അവരെ ബഹുമാനിക്കുകയും വേണം. അല്മായര്‍ ശാക്തീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അവര്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഉദാഹരണത്തിന് അടുത്തനാളുകളില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍പ്പെട്ട ഒരിടവകയിയില്‍ തിരുനാള്‍ നടത്തിപ്പ് യുവജനങ്ങളെ  ഏല്‍പ്പിച്ചു. അവര് നേതൃത്വം കൊടുക്കുമ്പോള്‍ നമുക്ക് സഹായിക്കാം എന്നതായിരുന്നു മുതിര്‍ന്നവരുടെ നിര്‍ദ്ദേശം. തിരുനാള്‍ വളരെ മനോഹരമായി നടന്നു. ധൂര്‍ത്തും ധാരാളിത്തവുമില്ലാതെ നടത്തിയ തിരുനാള്‍ ഇടവകയുടെ ആത്മീയവും കലാസാംസ്കാരികവുമായ വളര്‍ച്ചക്ക് ഇടനല്‍കി  എന്ന് എനിക്ക് ബോധ്യം വന്നതാണ്. ഇതുപോലെ അല്മായര്‍ സഹശുശ്രൂഷകരായി മെത്രാനോടും വൈദികരോടും ഒന്നിച്ച് നില്‍ക്കുന്ന അനുഭവം എല്ലാവര്‍ക്കും എല്ലായിടത്തും ആയിക്കഴിഞ്ഞാല്‍ ഇടയനും ആടും എന്നതിനപ്പുറം, അകല്‍ച്ചമാറി ഒരുമയുണ്ടാകും.

 

* "സഭയോടൊപ്പം ചിന്തിക്കുക" എന്ന പ്രയോഗത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണ്?

സഭയോടൊപ്പം ചിന്തിക്കേണ്ടത് അല്മായര്‍ മാത്രമല്ല മെത്രാന്മാരും വൈദികരും സന്ന്യസ്തരും  എല്ലാവരുമാണ്. കാലപ്പഴക്കംകൊണ്ട് അല്മായരെ ഉപദേശിക്കുന്ന പ്രയോഗമായി ഇത് മാറി. അവിടെയാണ് ഇതിന്‍റെ തെറ്റ്. സഭയോടൊപ്പം ചിന്തിക്കാന്‍ അല്മായര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ വൈദികരോടു പറയേണ്ടിവരാം, ചില സാഹചര്യങ്ങളില്‍ മെത്രാനോടും പറഞ്ഞെന്നു വരാം. സഭയുടെ വീക്ഷണം സുവിശേഷാടിസ്ഥാനത്തില്‍ എന്താണെന്ന് മനസ്സിലാക്കി അത് ചര്‍ച്ച ചെയ്ത് പൊതുവില്‍ സ്വീകരിക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശൈലിക്കാണ് സഭയോടൊപ്പം ചിന്തിക്കുക എന്നതിന്‍റെ അര്‍ത്ഥം.

Cardinal George Alencherry

* സഭയിലെ ചില പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത് അസഹിഷ്ണുതയോടെ കണ്ടവരുണ്ട്. അങ്ങയുടെ നിലപാടെന്താണ്? സഭ കൂടുതല്‍ ജനകീയവും വികേന്ദ്രീയവുമാകാന്‍ ഇതു സഹായിക്കില്ലേ?

സഭയിലെ പ്രശ്നങ്ങള്‍ എവിടെ ചര്‍ച്ച ചെയ്യപ്പെട്ടാലും അതില്‍ ബുദ്ധിമുട്ടില്ല. പക്ഷേ, സഭയുടെ കൂട്ടായ്മയെ നശിപ്പിക്കുന്ന, സഭയെ സഭയല്ലാതെ ചിത്രീകരിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. കാരണം, സഭയ്ക്ക് സ്വന്തമായ ദര്‍ശനം ലോകത്തിന് കൊടുക്കുന്നത് ലൗകികമായ രീതിയില്‍ സഭയെ വിമര്‍ശനങ്ങള്‍കൊണ്ട് ആക്രമിച്ചായാല്‍ സഭ സഭയല്ലാതായി മാറും. സഭ വെറും സമൂഹമായി മാറും. അപ്പോള്‍ സഭയ്ക്ക് പ്രത്യേകതകളില്ലാതാകും. പക്ഷേ സഭയുടെ പ്രത്യേകത ഈശോയുടെ സ്നേഹത്തിന്‍റെ ശൈലിയും കൂട്ടായ്മയുമാണ്. അത് പൊതുസമൂഹത്തില്‍ നഷ്ടപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ സഭ സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നതുപോലെയാകും. അപ്രകാരമുള്ള സഭാ ശുശ്രൂഷകരും സഭയ്ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സഭയുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട വേദിയില്‍ ചര്‍ച്ചചെയ്യുകയും, സഭയ്ക്കുള്ളില്‍ത്തന്നെ അവധാനതയോടെ തീരുമാനമെടുക്കുകയും ചെയ്താല്‍ അത് ജനങ്ങള്‍ക്കും സ്വീകാര്യമായിരിക്കും.

 

* സഭയുടെ ഭൗതികസ്വത്തിന്‍റെ ക്രയവിക്രയത്തില്‍ അല്മായരുടെ പങ്കാളിത്തം എത്രകണ്ട് സ്വാഗതാര്‍ഹമാണ്, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്?

അല്മായരും അജപാലകരും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട മേഖലയാണ് സഭയുടെ ഭൗതിക സമ്പത്തിനെ സംബന്ധിക്കുന്ന കാര്യം. പക്ഷേ അവിടെ കൂടുതല്‍ പ്രാമുഖ്യം അല്മായര്‍ക്ക് നല്‍കണം. അല്മായര്‍ പ്രവര്‍ത്തിച്ച് സഭയുടെ ഘടനയില്‍ വെറുമൊരു ഭൗതികഘടനയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുപോകാനുള്ള പ്രവണതകളെയും വളരാനാകുന്ന സാധ്യതകളെയും വൈദീകരുടെയും മെത്രാന്മാരുടെയും സ്വാധീനത്തില്‍ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കും. അതുകൊണ്ട് വൈദികരുടെയും മെത്രാന്മാരുടെയും ശരിയായ സഹായത്തോടെ, അല്മായര്‍ കൂടുതല്‍ ഇടപെടേണ്ട മേഖലയായി ആണ് ഭൗതിക സമ്പത്തിന്‍റെ മേഖലയെ ഞാന്‍ കാണുന്നത്. അല്മായര്‍ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീടവര്‍ക്ക് എല്ലാം നിര്‍വഹിക്കാന്‍ കൂടുതല്‍ സാധിക്കും.

 

* പുരോഹിതരും സന്ന്യാസികളും അനുഷ്ഠിക്കുന്ന ഭക്തകൃത്യങ്ങള്‍ ഏറിയതോ കുറഞ്ഞതോ ആയ അളവില്‍ അല്മായരും അനുഷ്ഠിച്ചുവരുന്നു. എന്നാല്‍ അല്മായരുടെ പൗരോഹിത്യവല്‍ക്കരണത്തെ ഒരപകടമായിട്ടാണ് മാര്‍പാപ്പാ കാണുന്നത്. അങ്ങെന്തു പറയുന്നു?

സഭയുടെ ആരാധനക്രമപരമായ ശുശ്രൂഷകളില്‍ അല്മായര്‍ ചെയ്യേണ്ട ശുശ്രൂഷകള്‍ ഉണ്ട്. വൈദികര്‍ ചെയ്യേണ്ട ശുശ്രൂഷകള്‍ ഉണ്ട്. അല്മായര്‍ വൈദികരുടെ ശുശ്രൂഷ ചെയ്ത് ശാക്തീകരിക്കപ്പെടുന്നതിനു പകരം അവരുടെ മേഖലകളില്‍ അവരെ ശാക്തീകരിക്കുന്നതാണ് ഉത്തമം. പിന്നെ അല്മായര്‍ക്ക് ആരാധനശുശ്രൂഷയിലോ, ദേവാലയകര്‍മ്മത്തിലോ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ വൈദികര്‍ കടന്നുചെന്ന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ആശാസ്യമല്ല. അല്മായര്‍ക്കുള്ള മേഖലകളിലെല്ലാം അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുക. വൈദികര്‍ ചെയ്യേണ്ടത് മാത്രം അവര്‍ ചെയ്യുക. അവര്‍ സുവിശേഷപ്രഘോഷണം, പ്രാര്‍ത്ഥന, ആരാധനശുശ്രൂഷ ഇവയില്‍ ഏര്‍പ്പെടുക. അവരുടെ പ്രാര്‍ത്ഥനാജീവിതം കുറഞ്ഞ് കര്‍മ്മമേഖലകളിലേക്ക് കൂടുതല്‍ മാറുന്നതുകൊണ്ടാണ് അല്മായരുടെ മേഖലകളെയും വൈദികര്‍ ആക്രമിക്കാന്‍ ഇടയാകുന്നത്.


* കരിസ്മാറ്റിക് ധ്യാനശുശ്രൂഷകളിലൂടെ സഭക്ക് ലഭിച്ച നന്മകള്‍ക്ക് അളവില്ലെങ്കിലും ഇന്ന് അവയിലൂടെ കടന്നുവന്നിട്ടുള്ള അപചയങ്ങളും അനേകമാണ്. അവയുടെ നിയന്ത്രണത്തിന് അങ്ങയുടെ മനസ്സില്‍ ഏതെങ്കിലും മാര്‍ഗ്ഗരേഖയുണ്ടോ?

സഭയുടെ പൊതുവായ മേല്‍നോട്ടം എല്ലാ ശുശ്രൂഷകളുടെമേലും ഉണ്ടായിരിക്കണം. പുതുതായി വന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളോടും അതുതന്നെ നമുക്കു വേണമെന്നാണ് എന്‍റെ അഭിപ്രായം. കരിസ്മാറ്റിക് ശുശ്രൂഷ ഇഷ്ടമല്ല, അത് നല്ലതല്ല എന്ന് പറയുന്നത് മേലധ്യക്ഷന്മാര്‍ക്കും വൈദികര്‍ക്കും ഭൂഷണമല്ല. പിന്നെയോ നന്മയെ ഉള്‍ക്കൊണ്ട് അപചയങ്ങള്‍ വരുമ്പോള്‍ ചൂണ്ടിക്കാട്ടി അതില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ നാം തയ്യാറാകണം. കരിസ്മാറ്റിക് നവീകരണ ധ്യാനങ്ങള്‍ക്ക് കുറച്ചുകാലം മുമ്പുവരെ ധ്യാനഗുരുക്കന്മാരും, രോഗശാന്തി ശുശ്രൂഷകരും പരസ്യ പ്രസ്താവനകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ സഭാതലത്തില്‍ അവരെ വിളിച്ചുകൂട്ടി ചോദിച്ചത് ക്രിസ്തുവിനെയാണോ നമ്മളെത്തന്നെയാണോ നാം പ്രസംഗിക്കുന്നത് എന്നാണ്. അവര്‍ പറഞ്ഞു: "പരസ്യം ചെയ്യുന്നത് സംഘാടകരാണ്". ഇതിനുള്ള മറുപടി ഇതാണ്; നമ്മുടെ പ്രഘോഷണങ്ങളില്‍ ക്രിസ്തുവിനെ എടുത്തു കാണിക്കുക. ഒപ്പം സംഘാടകരുടെ മേല്‍ കൃത്യമായ മേല്‍നോട്ടം നടത്താനുള്ള സാഹചര്യം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട് ഒരു നിരന്തര സംവാദം ഉണ്ടാകുമ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവും.

ജനനന്മ മുന്‍നിറുത്തിക്കൊണ്ടുള്ള വിശ്വാസികളുടെ വിശ്വാസ വളര്‍ച്ചയെ കരുതി അവരുടെ സ്നേഹത്തിന്‍റെ കൂട്ടായ്മയെ വളര്‍ത്തുന്ന അജപാലനശൈലികള്‍ മാത്രമേ വിജയിക്കൂ. ബാക്കിയുള്ളതൊക്കെ സ്വന്തം പേരിനും പെരുമക്കും മഹത്വത്തിനുവേണ്ടി സ്വന്തം സ്വാധീനം സമൂഹത്തില്‍ വളര്‍ത്തുന്നതിനുവേണ്ടി (വൈദികരായാലും മെത്രാന്മാരായാലും സമര്‍പ്പിതരായാലും) ചെയ്യുന്നതാണ്.

സഭയുടെ സമ്പര്‍ക്ക മാധ്യമമേഖല വേണ്ടത്ര വികസിച്ചിട്ടില്ല. ഇനി വികസിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് സാര്‍വലൗകിമല്ല. എല്ലാ രാജ്യങ്ങളിലെയും സഭ ഒരുപോലെ മാധ്യമങ്ങളെ ഉപയോഗിക്കുന്നില്ല,  മാധ്യമങ്ങളിലൂടെയുള്ള ശരിയായ ആശയവിനിമയത്തിന്‍റെ കുറവ് അവിടെയുണ്ട്. രണ്ടാമതായി സഭ പുറപ്പെടുവിക്കുന്ന ആശയങ്ങളോട് വിയോജിക്കുന്നവര്‍ ഇത് ജനങ്ങളെ അറിയിക്കുന്നതില്‍ നിന്നും അതിന് വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കുന്നു.

നമ്മള്‍ വളരെയധികം ഉപയോഗിക്കുന്ന വാക്കാണ് ശാക്തീകരണം. അത് തുടങ്ങിയത് സ്ത്രീശാക്തീകരണം പറഞ്ഞാണ്. പിന്നീട് ദരിദ്രരുടെ ശാക്തീകരണം, എന്നു പറയാന്‍ തുടങ്ങി. പക്ഷേ ഇത് എല്ലാ തലങ്ങളിലും നടക്കേണ്ട പ്രവര്‍ത്തനമാണ്. സഭ കൂട്ടായ്മയാണ്. കൂട്ടായ്മയായതിനാല്‍ ശാക്തീകരണം പരസ്പരം നടക്കണം. 'ആരും ആരുടെയും മേലല്ല' സമൂഹത്തില്‍ എല്ലാവരും സഹപൗരന്മാരാണ്. സഭയില്‍ എല്ലാവരും സഹവിശ്വാസികളാണ്. വ്യത്യാസം ശുശ്രൂഷകളില്‍ മാത്രമാണ്.


കആ

0

0

Featured Posts