top of page

കൈക്കൂലി

Mar 6, 2025

1 min read

George Valiapadath Capuchin

പള്ളിക്ക് എന്തിനാണ് പണം? ദൈവത്തിന് പണത്തിന്റെ ആവശ്യമില്ലല്ലോ! - എന്നെല്ലാം പറയുന്നവരുണ്ട്.

ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല എന്നത് തീർത്തും ശരി തന്നെ. എന്നാൽ ഭൗതികമായ ഏതൊരു സ്ഥാപനത്തിനും വ്യവസ്ഥിതിക്കും പണത്തിന്റെ ആവശ്യമുണ്ട്. ദേവാലയത്തെ ഒരു കെട്ടിടം മാത്രമായി കണ്ടാൽ പോലും അതിന് എപ്പോഴും നിലനിൽക്കാനാവില്ല. ഉപകരണങ്ങൾ കാലഹരണപ്പെടും; അറ്റകുറ്റപ്പണികൾ വേണ്ടിവരും; കുറച്ചു വർഷം കഴിയുമ്പോൾ മൊത്തമായി പുതുക്കിപ്പണിയലും വേണ്ടിവരും എന്നത് വ്യക്തം.


മനുഷ്യർക്ക് സാമ്പത്തികമായ സ്വസ്ഥതി ഉണ്ടാവുന്നതനുസരിച്ച് അവർ പള്ളിക്ക് നൽകാതാവുകയും, പള്ളിയിൽ നിന്നും മതത്തിൽ നിന്നും അകലം പാലിക്കാനുള്ള പ്രവണത കാട്ടുകയും ചെയ്യാറുണ്ട്. മുൻകാലങ്ങളിൽ മനുഷ്യർ പള്ളിക്ക് അല്ലെങ്കിൽ മതസ്ഥാപനത്തിന് ഉദാരപൂർവ്വം സംഭാവനകൾ നൽകിയിരുന്നു. പള്ളി തങ്ങളുടെതാണ് എന്ന ഒരു സ്വന്തത്വം അവർക്ക് തോന്നിയിരുന്നു. ഭൗതികമായ മെച്ചങ്ങളൊന്നും തങ്ങൾക്ക് പ്രത്യേകമായി ലഭിക്കില്ല എന്ന് ആളുകൾക്ക് അറിയാമായിരുന്നു. അങ്ങനെ പ്രതീക്ഷിച്ചുകൊണ്ടുമല്ല അവർ ഭൂസ്വത്തായും പണമായും ശ്രമമായും പള്ളിക്കും മതസ്ഥാപനങ്ങൾക്കും നല്കിയത്.


ആബേലും കായേനും തുടങ്ങി ദൈവത്തിന് നൽകാൻ ആരംഭിച്ചതാണ്. നൽകുന്നത് നന്ദിപ്രകാശനം ആയിട്ടാകാം, വെറും കാഴ്ചയർപ്പണമാകാം. ലഭിച്ച അനുഗ്രഹത്തിനുള്ളതാണ് നന്ദി. തന്റെ വെറും സന്തോഷത്തിന് നൽകുന്നതാണ് കാഴ്ച. മാറിത്താമസിക്കുന്ന മക്കൾ മാതാപിതാക്കളെ സന്ദർശിക്കുമ്പോൾ, സമ്മാനങ്ങൾ കൊണ്ടുവരുന്നതും, ക്രിസ്തുമസിനും പിറന്നാളിനും ഓർമ്മദിനങ്ങളിലുമൊക്കെ സമ്മാനങ്ങൾ കൈമാറുന്നതും തിരിച്ച് തനിക്കെന്തുകിട്ടും എന്ന് ചിന്തിച്ചല്ല, മറിച്ച് തൻ്റെ സ്നേഹത്തിന്റെ പ്രകാശനമായാണ്. ദൈവത്തിന് കാഴ്ചകൾ സമർപ്പിക്കുന്നതും ബലിയർപ്പിക്കുന്നതും അതേ മനോഭാവത്തോടെയാവണം.


പുതിയ നിയമത്തിലേക്ക് വരുമ്പോൾ ഏറ്റവും കാതലായതും ആവശ്യമായതുമായ കാര്യം എന്ന നിലയിൽ ബാഹ്യത്തിൽ നിന്ന് ആന്തരികതയിലേക്ക് കാര്യങ്ങളുടെ മുൻഗണനാക്രമം മാത്രമേ മാറ്റുന്നുള്ളൂ, ബാഹ്യത്തെ യേശു നിരാകരിക്കുന്നില്ല എന്നും ശ്രദ്ധിക്കണം. ദരിദ്രർക്ക് നല്കുന്നതാണ് പ്രധാനമായും ദൈവത്തിന് നല്കുന്നത് എന്നകാര്യം സമ്മതിക്കുന്നു. അപ്പോഴും പള്ളിക്ക് മാത്രമല്ല, ഏതൊരു നല്ല സ്ഥാപനത്തിനും നല്കാതിരുന്നുകൂടല്ലോ!


പലപ്പോഴും നമ്മുടെ നേർച്ചകാഴ്ചകളും, ഭക്താഭ്യാസങ്ങൾ പോലും ദൈവത്തിന് നല്കുന്ന കൈക്കൂലി പോലെ ആയിപ്പോകുന്നുണ്ട്.

"നീ എനിക്കിത് ചെയ്തു തന്നാൽ പകരം ഞാൻ നിനക്ക് ഇന്നത് ചെയ്യാം"; അല്ലെങ്കിൽ, "ഞാൻ ഇത് ചെയ്യുന്നുണ്ട്. എനിക്ക് പക്ഷേ നീ ഇന്നത് ചെയ്തുതരണം" എന്ന തരത്തിലുള്ള നേർച്ച-കാഴ്ചകൾ !

"അത്യുന്നതൻ നൽകിയതുപോലെ അവിടുത്തേക്ക് തിരികെ കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക...

കർത്താവിന് കൈക്കൂലി കൊടുക്കരുത്; അവിടന്ന് സ്വീകരിക്കുകയില്ല." (പ്രഭാ. 35: 12, 14 )


Recent Posts

bottom of page