

"നിഗൂഢത ദൈവത്തിന്‍റെ മഹത്വമാണ് ...." (സുഭാ. 25: 2) ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോള്‍ എന്‍റെ മനസില്‍ വരുന്ന ഒരു ചിന്തയാണ് മേലുദ്ധരിച്ചത്. ക്രിസ്തുവിന്‍റെ ജനനത്തില്‍ ദൈവത്തിന്‍റെ നിഗൂഢതയും വെളിപ്പെടുത്തലും ഒരുപോലെ കാണപ്പെടുന്നില്ലേ? മറിയത്തിന്‍റെ ഉദരത്തില്‍ പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമാളായ പുത്രന്‍തമ്പുരാന്‍ സൃഷ്ടപ്രപഞ്ചത്തിനുള്‍ക്കൊള്ളുവാന്‍ വഹിയാത്തവന്‍ ഒരു ഗര്‍ഭസ്ഥശിശുവായി തീരുന്നു. പരിശുദ്ധ അമ്മയ്ക്കു പോലുമറിയില്ല ഇതെങ്ങനെ സംഭവിക്കും എന്ന്. കാരണം, അവള്‍ തന്നെ പ്രത്യക്ഷപ്പെട്ട ഗബ്രിയേല്‍ ദൂതനോടു പറഞ്ഞു: "ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ?"
"ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും: അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും (ലൂക്കാ 1: 34-35)". വീണ്ടും തിരുവചനം പറയുകയാണ് "ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1: 37)". ഈ വെളിപ്പെടുത്തലിനു മുമ്പില്‍ "മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ .... (ലൂക്കാ 1: 37-38).
. താന്‍ വിവാഹനിശ്ചയം നടത്തിയ മറിയം ഗര്‍ഭിണിയാണ് എന്ന വാര്‍ത്തയില്‍ അസ്വസ്ഥനാകുന്ന ജോസഫ്. ഈ നിഗൂഢതയിലും മറിയം ഒന്നും പറയുന്നില്ല. അഥവാ പറഞ്ഞാല്‍ ഈ ഭൂമിയില്‍ ആരും പറയുന്നത് വിശ്വസിക്കുക എളുപ്പമല്ല. ഈ നിഗൂഢതയിലും ദൈവം എല്ലാം വെളിപ്പെടുത്തുന്നു. സ്വപ്നത്തില്‍ ലഭിച്ച ദൈവിക വെളിപാട് അനുസരിച്ച് ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നു. യേശുവിന്‍റെ ജനനസമയത്ത് ആ കുടുംബം മുഴുവനും അസ്വസ്ഥതയിലാണ്. കാരണം, രാജകല്പന അനുസരിച്ച് ജോസഫ് ഗര്‍ഭിണിയായ മറിയത്തോടൊപ്പം ബെത്ലഹേമിലേക്കു പോകുന്നതും, വീടു കിട്ടാതെ ഉണ്ണിയേശു കാലിത്തൊഴുത്തില്‍ പിറക്കുന്നതും എല്ലാം കാണുമ്പോള്‍, എന്തേ ഉണ്ണിയേശുവിന്‍റെ ജനനത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നു? ജോസഫിനെയും മറിയത്തെയും ഈ ചിന്ത വളരെ സ്വാധീനിച്ചിരിക്കാം.
മാലാഖമാര്‍ ഇടയന്മാര്‍ക്കു ലോകരക്ഷകനെ വെളിപ്പെടുത്തുന്നതും, ഇടയന്മാര്‍ തങ്ങള്‍ക്കു കിട്ടിയ വെളിപാടു പോലെ രക്ഷകനെയും മറിയത്തെയും യൗസേഫിനെയും കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നതും എല്ലാം കാണുമ്പോള്‍ ദൈവരഹസ്യങ്ങളുടെ നിഗൂഢതകള്‍, ശിശുസമാനരായ മനുഷ്യര്‍ക്കു പകര്‍ന്നു കൊടുക്കുന്ന ദൈവകൃപയുടെ പ്രകാശനമല്ലേ പ്രകടമാകുന്നത്. പൗരസ്ത്യദേശത്തുള്ള ജ്ഞാനികളെ നക്ഷത്രത്തിന്‍റെ അടയാളത്തിലൂടെ ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂട്ടിലേക്ക് നയിക്കാന്‍ വഴിയൊരുക്കുന്നതും എല്ലാം ദൈവത്തിന്‍റെ നിഗൂഢതകളുടെ ചുരുള്‍ ദൈവം തന്നെ മനുഷ്യനു വെളിപ്പെടുത്തിക്കൊടുക്കുന്ന അവസരങ്ങളല്ലേ? അനുഭവങ്ങളല്ലേ? നിഗൂഢതകളെ വെളിപ്പെടുത്തുന്ന പരമപിതാവിനെ, ഉണ്ണിമിശിഹായെ, പരിശുദ്ധാത്മാവിനെ ഈ ക്രിസ്തുമസ് വേളയില്‍ ഹൃദയത്തില്‍ ആരാധിക്കാം, നന്ദി പറയാം.
ക്രിസ്തുമസ് -ഒരു പിടി നിഗൂഢതകളുടെ വെളിപാട്
ഫാ. ഇസിദോര്‍
അസ്സീസി മാസിക, ഡിസംബർ, 2025





















