

എന്താണ് സ്വാതന്ത്ര്യം? ഉല്പത്തി പുസ്തകത്തിലെ ഏദൻതോട്ട കഥയിൽ തോട്ടത്തിൻ്റെ നടുവിൽ രണ്ട് വൃക്ഷങ്ങളാണ് ദൈവം നട്ടിരുന്നത്. ജീവൻ്റെ വൃക്ഷവും നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും. ചുറ്റുപാടുമായി രുചികരമായ ഫലങ്ങൾ വിളയുന്ന എല്ലാത്തരം വൃക്ഷങ്ങളും. ഇപ്പറഞ്ഞവയിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ ഫലം മാത്രമാണ് മനുഷ്യർക്ക് നിഷിദ്ധമായിരുന്നത്. എന്നുവച്ചാൽ, നന്മയും തിന്മയും ഒരേപോലെ അവർക്ക് മുന്നിൽ ഉണ്ട് എന്നർത്ഥം. ഒന്ന് നാശം കൊണ്ടുവരും, മറ്റത് ജീവനും.
രണ്ടു സാധ്യതകളും ഉണ്ടാകുമ്പോഴാണല്ലോ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നത്. നന്മയും തിന്മയും ആശ്ലേഷിക്കാനുള്ള സാധ്യതകൾ നിലവിലുണ്ടെങ്കിൽ പോലും അവ രണ്ടിൽ ഒന്ന് തെരഞ്ഞെടുക്കുന്നതിനെയല്ല സ്വാതന്ത്ര്യം എന്ന് പറയുന്നത്. പലരും അങ്ങനെയാണ് ധരിച്ചിരിക്കുന്നത്. നന്മ തെരഞ്ഞെടുക്കുമ്പോഴേ സ്വാതന്ത്ര്യമാവൂ. തിന്മ തെരഞ്ഞെടുക്കുമ്പോൾ അത് പാരതന്ത്ര്യമോ സ്വാതന്ത്ര്യത്തിൻ്റെ ദുർവിനിയോഗമോ ആണെന്ന് മിക്കവരും മനസ്സിലാക്കുന്നില്ല.
മറ്റൊരാളെ ഹിംസിക്കുന്നതോ തന്നെത്തന്നെ നശിപ്പിക്കുന്നതോ സ്വാതന്ത്ര്യം അല്ലാതാകുന്നത് അതുകൊണ്ടാണ്. 'എവിടെ മനസ്സ് ഭയരഹിതമാണോ എവിടെ ശിരസ്സ് ഉയർന്നുനില്ക്കുമോ, സ്വാതന്ത്ര്യത്തിൻ്റെ ആ സ്വർഗ്ഗത്തിലേക്ക് ദൈവമേ, എൻ നാടുണർന്നിടട്ടെ' എന്ന് ടാഗോർ പാടുന്നത് അതുകൊണ്ടാണ്. ഉണർച്ചയും ഉയർച്ചയും ഭയരാഹിത്യവുമേ സ്വാതന്ത്ര്യമാവൂ.
ഏദേൻ തോട്ടത്തിൽ മാത്രമല്ല, ബൈബിളിൽ പലയിടത്തും ഇതുതന്നെ ആവർത്തിക്കുന്നതുകാണാം. "ഇതാ നിൻ്റെ മുമ്പിൽ ഞാൻ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു". ജീവനും നന്മയും സ്വീകരിക്കുക - എന്നാണ് ബൈബിൾ പറയുക.
മാനവജാതിക്കു മുന്നിൽ എപ്പോഴും ആ രണ്ടു സാധ്യതകളും ഉണ്ട്. യുദ്ധവും സമാധാനവും, പരിസ്ഥിതി നശീകരണവും പരിസ്ഥിതി സംരക്ഷണവും, ഹിംസയും അഹിംസയും, വെറുപ്പ് പടർത്തലും സ്നേഹം വളർത്തലും, അധോഗതി പ്രാപിക്കലും അഭിവൃദ്ധിപ്പെടലും, നന്മ ചെയ്യലും തിന്മ ചെയ്യലും.
സ്വാതന്ത്ര്യത് തെക്കുറിച്ച് ചിന്തിക്കുമ്പോൾ മറ്റൊന്നു കൂടി പറയാതെ വയ്യ. സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിൽ കൂടുതൽ വിപണിമൂല്യമുള്ള സങ്കല്പനം ഇൻഡിവിഡ്വൽ ഫ്രീഡത്തിൻ്റെതാണ്. പലരും ഇക്കാലത്തുപോലും പിന്തുടർന്നു പോരുന്നത് ഒറ്റതിരിഞ്ഞുള്ള സ്വാതന്ത്ര്യത്തിൻ്റെ മാതൃകയാണ്. ആൽഫ്രഡ് വൈറ്റ്ഹെഡിനെപ്പോലുള്ള ദാർശനികർ അച്ചടക്കവുമായി ബന്ധിപ്പിച്ച് മാത്രമേ സ്വാതന്ത്ര്യത്തെ പരികല്പന ചെയ്യൂ. വ്യക്തിസ്വാതന്ത്ര്യമല്ല ആദർശം സംഘസ്വാതന്ത്ര്യമാണ്. ഇൻ-ഡിപ്പെൻഡൻസ് (ഒറ്റക്ക് നില്ക്കൽ) അല്ല മൂല്യം ഇൻടർ- ഡിപ്പെൻഡൻസ് (പാരസ്പര്യത്തിൽ നില്ക്കൽ) ആണ്. അത്തരം തിരിച്ചറിവുകളിലേക്ക് എത്താൻ വൈകുന്നതനുസരിച്ച് നാമും നാമുൾപ്പെടുന്ന ലോകവും ഒത്തിരി ദുരന്തങ്ങളിലൂടെ കടന്നുപോകേണ്ടിവരും.





















