

തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ എപ്പോഴാേ ആണ്. അസ്സീസി മാസികയിൽ ആയിരിക്കുമ്പോൾ. ആത്മസുഹൃത്തായ സഹോദരൻ ആൻ്റോ (അറയ്ക്കൽ) അക്കാലത്ത് നിലമ്പൂരിനടുത്ത് കരുളായിലാണ്. ലോറിയിൽ തടിക്കയറ്റൽ ആണ് പണി. ആദിവാസികൾക്കിടയിൽ സ്നേഹസഹായവും ബോധവല്ക്കരണവുമാണ് ശുശ്രൂഷ.
മാസികയിലെ അന്നത്തെ ആർട്ടിസ്റ്റ് എം ഡി സജിയും ഞാനും ഒരിക്കൽ കരുളായിയിൽ ചെന്നു. പിറ്റേന്ന് രാവിലേ ഞങ്ങളെയും കൂട്ടി ആൻ്റോ വനത്തിൽ പോയി. മണിക്കൂറുകളോളം ഞങ്ങൾ വനം കണ്ട് നടന്നു. ആ പ്രദേശത്തുകാരനും ആൻ്റോയുടെ സുഹൃത്തുമായ ഗോത്ര ജനതയിൽ നിന്നുള്ള യുവാവും ഉണ്ട് കൂടെ. ഉച്ചകഴിഞ്ഞ് രണ്ടു മണിയൊക്കെ ആയി. പോയവഴിക്കല്ല തിരിച്ചുവരുന്നത്. ഇനി അരമുക്കാൽമണിക്കൂർ കൂടി നടന്നാൽ അവരുടെ ചെറിയ ആശ്രമത്തിലെത്താം. ഞങ്ങൾ ഒരു ചിറ്റാറിന് അടുത്തെത്തി. അത് കടക്കണം. ഏതാണ്ട് 20 അടി വീതിയേ കാണൂ. അതിൽ ഏതാണ്ട് ഏഴടിയോളം ഇറങ്ങി നടക്കാവുന്ന ആഴമേയുള്ളൂ. ബാക്കിക്ക് ആഴം ഏഴോ എട്ടോ അടിയേ കാണൂവെങ്കിലും ശക്തമായ കുത്തൊഴുക്കാണ്.
ഒരു പ്രശ്നമുണ്ട്. എനിക്ക് നീന്തൽ തീരെ വശമില്ല. അതല്ലെങ്കിൽ പോയ വഴി തിരിച്ചുവരണം. അതിന് മൂന്നുമണിക്കൂറിലധികം നടക്കണം. അവർ മൂന്നാൾക്കും നന്നായി നീന്തറിയാം. പല ആശയങ്ങൾ വന്നു.
അവസാനം ആൻ്റോ പറഞ്ഞു: "വള്ളി ഇട്ട് തരാം. നീ വിടാതെ പിടിക്കാമോ?"
"ഓ, പിടിക്കാം". ആദിവാസിയായ യുവാവും ആൻ്റോയും കൂടി മൂന്നുനാല് കാട്ടുവള്ളികൾ എടുത്ത് ചേർത്ത് പിരിച്ചു. ബലമുണ്ടോ എന്ന് രണ്ടുപേരും ചേർന്ന് പരസ്പരം വടംവലിച്ചുനോക്കി. അവർ മൂന്നാളും അക്കരെ പോയി, സജി വള്ളിയുടെ അറ്റവുമായി തിരിച്ചുവന്നു. പിരിച്ചവള്ളി അരയിൽ കെട്ടിയ ശേഷം ഞാൻ അതിൽ പിടിച്ചുകിടന്നു. രണ്ടു പേർ അക്കര നിന്ന് എന്നെ വലിച്ചെടുക്കുന്നു, സജി പിന്നിൽ നിന്ന് എന്നെ തള്ളി അടുപ്പിക്കുന്നു. ചത്ത പിണ്ഡമല്ലേ? കുത്തൊഴുക്കിൽ അതിൻ്റെ ഭാരം ഇരട്ടിയാവില്ലേ?!
കുറച്ച് ഒഴുകി. എങ്കിലും എനിക്ക് തിട്ടമുണ്ട്, അക്കരെ ആൻ്റോയും പിന്നെ, പിന്നിൽ സജിയും ഉണ്ടെങ്കിൽ ഞാൻ അക്കരെ എത്തിയിരിക്കും.
ഭയമില്ലായിരുന്നു.
"സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പൂർണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്ക്കരിക്കുന്നു." (1 യോഹ. 4:18) എന്ന് ഇന്നും വായിച്ചു.
(ഇരുപത്തഞ്ച് വർഷമാകുന്നു. ആ സ്നേഹിതൻ ഇന്ന് സ്നിഗ്ദ്ധമായ ഒരോർമ്മയാണ്.)
























