ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 3
"ഇതാണ് എന്‍റെ കല്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം." (യോഹ. 15:12)
എന്താണ് യഥാര്‍ത്ഥത്തില്‍ സ്നേഹം? "നല്ല മനുഷ്യര്‍ക്കുവേണ്ടി ഞാന്‍ സുഗന്ധം ചൊരിയും; അല്ലാത്തവര്‍ക്കൊന്നും നല്കില്ല"യെന്ന് ഒരു റോസാപ്പൂവിനു പറയാനാകുമോ? മോശപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി പ്രകാശംപരത്താത്ത ഒരു വിളക്കിനെക്കുറിച്ചു നമുക്കു സങ്കല്പിക്കാനെങ്കിലും സാധിക്കുമോ? ഒരു വിളക്കിനങ്ങനെ ചെയ്യാനായാല്‍, പിന്നീടു വിളക്കു വിളക്കായിരിക്കില്ല. മരങ്ങളെ നിരീക്ഷിച്ചിട്ടില്ലേ? എത്ര സ്വാഭാവികമായിട്ടാണ്, എത്ര വിവേചനരഹിതമായിട്ടാണവ തണല്‍വിരിക്കുക - നല്ലവര്‍ക്കും മോശക്കാര്‍ക്കും, യുവാക്കള്‍ക്കും വൃദ്ധര്‍ക്കും, ഉയര്‍ന്നവര്‍ക്കും താണവര്‍ക്കും, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അവ കുളിര്‍മയേകുന്നു.
വിവേചനരാഹിത്യം - സ്നേഹത്തിന്‍റെ ആദ്യസവിശേഷത
ദൈവത്തിന്‍റെ സ്വഭാവമെന്താണെന്നു വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: "അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴപെയ്യിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍."
എ). ഒരു റോസാപ്പൂവിന്‍റെ, ഒരു വിളക്കിന്‍റെ, ഒരു മരത്തിന്‍റെയൊക്കെ അത്ഭുതം ജനിപ്പിക്കുന്ന നന്മയെക്കുറിച്ചൊന്നു ധ്യാനിക്കൂ. സ്നേഹത്തെക്കുറിച്ചുള്ള ഒരു രൂപം നിങ്ങളില്‍ തനിയേ ഉരുത്തിരിയും.
ഇത്തരത്തിലുള്ള സ്നേഹം എങ്ങനെയാണൊരാള്‍ക്കു സിദ്ധിക്കുക? നിങ്ങള്‍ എന്തുചെയ്താലും അതൊക്കെയൊരുതരം ബലപ്രയോഗമാണ്, മനഃപൂര്‍വം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ്; അതുകൊണ്ടുതന്നെ അതു കപടവുമാണ്. സ്നേഹം അടിച്ചേല്പിക്കാവുന്ന ഒന്നല്ല. യഥാര്‍ത്ഥമായി സ്നേഹിക്കാനെന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുകയല്ല വേണ്ടത്, ചിലതൊക്കെ ഉപേക്ഷിക്കുകയാണ്.
ബി). നിങ്ങള്‍ മനുഷ്യരെ നല്ലവരെന്നും മോശക്കാരെന്നും തരംതിരിക്കുന്നതൊന്നു നിര്‍ത്തുക. വിശുദ്ധരെന്നും പാപികളെന്നും വേര്‍തിരിക്കാതിരിക്കുക. അവരൊക്കെ അജ്ഞരും അവബോധമില്ലാത്തവരുമാണെന്നു തിരിച്ചറിയുമ്പോള്‍ നിങ്ങളില്‍ സംഭവിക്കുന്ന അത്ഭുതാവഹമായ മാറ്റം നിരീക്ഷിക്കുക.
ഒരുവന് അവബോധത്തോടെ തെറ്റുചെയ്യാനാകുമെന്ന നിങ്ങളുടെ ധാരണ ഉപേക്ഷിക്കേണ്ടതാണ്. മനുഷ്യര്‍ തെറ്റുചെയ്യുന്നതു പക കൊണ്ടല്ല, അജ്ഞതകൊണ്ടാണ്. "പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയാത്തതുകൊണ്ട് ഇവരോടു പൊറുക്കേണമേ." ഇതു മനസ്സിലാക്കുകയെന്നുവച്ചാല്‍ റോസാപ്പൂവിന്‍റെയും വിളക്കിന്‍റെയും വൃക്ഷത്തിന്‍റെയും വിവേചനരാഹിത്യം സ്വന്തമാക്കുക എന്നാണര്‍ത്ഥം.
നിഷ്കാമ സ്വഭാവം -സ്നേഹത്തിന്‍റെ രണ്ടാമത്തെ സവിശേഷത
റോസാപ്പൂവും വിളക്കും വൃക്ഷവും ചെയ്യുന്നതുപോലെ യഥാര്‍ത്ഥസ്നേഹം തിരികെയൊന്നും പ്രതീക്ഷിക്കുന്നതേയില്ല. ഒരു സ്ത്രീയെ, അവളുടെ ഒരു ഗുണവിശേഷവും പരിഗണിക്കാതെ, സ്ത്രീധനമായി അവള്‍ക്കു ലഭിക്കാവുന്ന പണംമാത്രം നോക്കി വിവാഹംകഴിക്കുന്നവനെ നാമെത്രയേറെ അവജ്ഞയോടെയാണു കാണുന്നത്. അത്തരം പുരുഷന്മാര്‍ ഭാര്യയെയല്ല, അവളുടെ പണത്തെയാണു പ്രണയിക്കുന്നതെന്നു നാം പറയാറുണ്ട്; അതു ശരിയുമാണ്. പക്ഷേ നിങ്ങളുടെ കാര്യമോ? നിങ്ങള്‍ ആരെയാണു സ്നേഹിക്കുന്നത്? നിങ്ങള്‍ക്കു വൈകാരികതൃപ്തി നല്കുന്നവരെ മാത്രമല്ലേ നിങ്ങള്‍ സ്നേഹിക്കുന്നത്? ബാക്കിയുള്ളവരെ നിങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നു. മുന്‍പുപറഞ്ഞ രീതിയിലുള്ള പുരുഷന്മാരും നിങ്ങളും തമ്മില്‍ അപ്പോള്‍ കാര്യമായ വ്യത്യാസമുണ്ടോ? നിങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്നവരെയും നിങ്ങള്‍ ആഗ്രഹിക്കുന്നതു നല്കുന്നവരെയും നിങ്ങള്‍ സ്വീകരിക്കുന്നു; അല്ലാത്തവര്‍ക്കൊരു പരിഗണനയും നല്കുന്നുമില്ല.
സ്നേഹത്തിന്‍റെ നിഷ്കാമസ്വഭാവം സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം - കണ്ണുതുറന്നു കാണുക. അതിനപ്പുറം ഒളിഞ്ഞിരിക്കുന്നതു സ്വാര്‍ത്ഥതയും ആര്‍ത്തിയും മാത്രമാണ്. ഇതു ശരിക്കുംകാണാന്‍ തയ്യാറായാല്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാന്‍ നിങ്ങള്‍ക്കാകും.
അഹംഭാവരാഹിത്യം -സ്നേഹത്തിന്‍റെ മൂന്നാമത്തെ സവിശേഷത
വിളക്കുകത്തുന്നത് അതാര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ, ഇല്ലയോയെന്നു നോക്കിയല്ല. റോസാപ്പൂ സുഗന്ധംപരത്തുന്നത്, അതിനുവേറൊന്നും ചെയ്യാനാകാത്തതുകൊണ്ടാണ.് വൃക്ഷം തണലുവിരിക്കുന്നതുപോലെ, മറ്റാരും ആസ്വദിച്ചില്ലെങ്കിലും പുഷ്പം പൂമണംപരത്തുന്നു.
പ്രകാശവും സുഗന്ധവും തണലുമൊക്കെ ആളുകള്‍ സമീപിക്കുമ്പോള്‍ കൊടുക്കുന്നതും ആരുമില്ലാത്തപ്പോള്‍ പൂട്ടിവയ്ക്കുന്നതുമായ ഒന്നല്ല. സ്നേഹംപോലെ ഇവയും ആളുകളുണ്ടെങ്കിലും ഇല്ലെങ്കിലും നിലനില്ക്കുന്നവയാണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോയെന്നു കരുതിയല്ല ഇവ നിലകൊള്ളുന്നത്. വലിയ നന്മചെയ്യുന്നു എന്നൊരു ഭാവവും അവയ്ക്കില്ല. വലതുകൈ ചെയ്യുന്നതിനെക്കുറിച്ച് ഇടതുകരത്തിനൊരറിവുമില്ല. "കര്‍ത്താവേ, എപ്പോഴാണു ഞങ്ങള്‍ അങ്ങയെ ദാഹിക്കുന്നവനായോ, വിശക്കുന്നവനായോ കണ്ടതും സഹായിച്ചതും?"
സ്വാതന്ത്ര്യം -സ്നേഹത്തിന്‍റെ നാലാമത്തെ സവിശേഷത
ഏതെങ്കിലും ബലപ്രയോഗമോ, സംഘര്‍ഷമോ, നിയന്ത്രണമോ സ്നേഹിക്കുന്നതിനിടയ്ക്കു പ്രയോഗിക്കപ്പെട്ടാല്‍ അതിനു പിന്നീടു സ്നേഹമായി തുടരാനാകില്ല. റോസാപ്പൂവും മരവും വിളക്കും നിങ്ങളെ പൂര്‍ണ്ണമായും സ്വതന്ത്രയായി നില്ക്കാന്‍ അനുവദിക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ക്കു സൂര്യാഘാതമേല്ക്കുമെന്നുകരുതി, മരം നിങ്ങളെ തണലിലേക്കു വലിച്ചടുപ്പിക്കാറില്ലല്ലോ. ഇരുട്ടത്തു തപ്പിത്തടയുമെന്നു കരുതി, വിളക്കു നിങ്ങളെ ശല്യപ്പെടുത്താറില്ലല്ലോ.
എ). മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും കിട്ടാനോ, കിട്ടിയതു നഷ്ടപ്പെടുത്താതിരിക്കാനോ നിങ്ങള്‍ എത്രമാത്രമാണു ശ്രമിക്കുന്നത്? അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകവഴി നിങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണത്തിനും അധികാരത്തിനും സ്വയം വിധേയപ്പെടുത്തകയാണെന്ന യാഥാര്‍ത്ഥ്യം കാണാനൊന്നു ശ്രമിക്കുക. അത്തരം വിധേയപ്പെടല്‍ ഓരോ തവണ സംഭവിക്കുമ്പോഴും പ്രകൃത്യാ നിങ്ങള്‍ക്കുള്ള സ്നേഹമെന്നകഴിവു നിങ്ങള്‍ നഷ്ടപ്പെടുത്തും. കാരണം, മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടാന്‍ അനുവദിക്കുന്ന നിങ്ങള്‍ക്ക്, മറ്റുള്ളവരെ നിയന്ത്രിക്കാതിരിക്കാനാവില്ലതന്നെ.
ബി). നിങ്ങളുടെ ജീവിതത്തില്‍ അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ബലപ്രയോഗങ്ങളെക്കുറിച്ചും ധ്യാനിക്കുക. അപ്പോള്‍ അവ തനിയെ കൊഴിഞ്ഞുവീഴും. അതോടെ നിങ്ങളില്‍ സ്വാതന്ത്ര്യം ഉദിച്ചുയരും. സ്വാതന്ത്ര്യമെന്നതു സ്നേഹത്തിന്‍റെ പര്യായമാണല്ലോ.