
ശാന്തതയിലേക്കും കര്‍മ്മോല്‍സുകതയിലേക്കും മാറാന്‍ സ്വാഭാവത്തെ മാറ്റാം
Apr 1, 2025
3 min read

വിഷാദരോഗ( depression) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോക്ടര്‍ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപം കൊടുത്ത പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം(mood mapping) പന്ത്രണ്ടാം ദിവസത്തിലാണ് നാമിപ്പോള്‍. വിഷാദാല്‍മക മനോനില ( mood) യില്‍ നിന്ന് ശാന്തത(calm) യിലേക്കും കര്‍മ്മോല്‍സുകത (action) യിലേക്കും മനസിനെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ അധ്യായത്തില്‍ നാം ആരായുന്നത്. അതിനായി മനോനിലയെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളില്‍ നാം മാറ്റം വരുത്തേണ്ടതുണ്ട് എന്ന് നാം കാണുന്നു. മനോനിലയുടെ ഈ അഞ്ച് താക്കോലുകളില്‍ നമ്മുടെ ചുറ്റുപാട് , നമ്മുടെ ശാരീരികാരോഗ്യം, നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ അറിവ് എന്നീ നാല് ഘടകങ്ങളില്‍ എപ്രകാരം മാറ്റം കൊണ്ടുവരാമെന്ന് നാം കണ്ടു കഴിഞ്ഞു. അഞ്ചാമത്തെ താക്കോലായ നമ്മുടെ സ്വഭാവത്തില്‍ എങ്ങിനെ പരിവര്‍ത്തനം സാധ്യമാക്കാമെന്ന് ഇന്ന് നാം പരിശോധിക്കുന്നു.
വൈരുദ്ധ്യത്തില്‍ നിന്നാണ് വിഷാദം ഉണ്ടാവുക. വിഷമതകള്‍ അനുഭവിക്കാത്ത, വിലയുള്ളത് നേടാന്‍ വൈഷമ്യം നേരിടാത്ത ആര്‍ക്കും വിഷാദം ഉണ്ടാവില്ല. വിഷാദം പെട്ടെന്ന് ആകാശത്തുനിന്ന് പൊട്ടി മുളക്കുന്നതല്ല. വിഷാദത്തിന് കാരണങ്ങളുണ്ട്. എല്ലാ കാരണങ്ങളും നമുക്ക് പക്ഷേ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല എന്നു മാത്രം. നിങ്ങളുടെ മനോനില(mood) മാറ്റിത്തീര്‍ക്കാനുതകുന്ന നാല് വാക്കുകളെ നമുക്ക് പരിചയപ്പെടാം.
1). പൊരുത്തപ്പെടല്‍
2). പൊറുതി
3). കൃതജ്ഞത
4). പ്രത്യാശ
1). പൊരുത്തപ്പെടല്‍
പണ്ട് സംഭവിച്ചത് സംഭവിച്ചു. കഴിഞ്ഞത് കഴിഞ്ഞു. അതുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. ശരി തന്നെ. പക്ഷേ പൊരുത്തപ്പെടേണ്ടത് നമ്മുടെ മനസിന് പ്രസാദം പകരാന്‍ അനിവാര്യമാണ്. എന്താണ് സംഭവിച്ചതെന്ന് വിവേകപൂര്‍വം തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് പഠിച്ച പാഠം ഉള്‍ക്കൊണ്ട്, അതിനെ പിന്നില്‍ ഉപേക്ഷിച്ചാല്‍, പിന്നെ നിങ്ങള്‍ക്ക് മുന്നോട്ടു പോകാം, ധൈര്യമായി. യാഥാര്‍ത്ഥ്യവുമായി, പ്രത്യേകിച്ച് നാം ഇഷ്ടപ്പെടാത്ത യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക, ബുദ്ധിമുട്ടാണ്. അതല്ല നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്. നമ്മില്‍ പലരും ഒരു വിഷമവൃത്തത്തിലാണ്. സംഭവിച്ചതിനോട് പൊരുത്തപ്പെടാന്‍ നാം തയ്യാറാകുന്നില്ല. ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറാകുന്നില്ല. വേദനയില്‍ തന്നെ നാം തുടരുകയാണ്. മുറിവേല്‍പ്പിക്കുന്ന ഓര്‍മ്മകളെ നാം സജീവമാക്കി നിര്‍ത്തുകയാണ്. ഒന്ന് നിന്ന്, പൊരുത്തപ്പെട്ട് മുന്നോട്ടു പോവുകയാണെങ്കില്‍ അന്യഥാ അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന , ഒരു കുടം ഊര്‍ജം നിങ്ങള്‍ക്ക് പുറത്തെടുക്കാന്‍ കഴിയും. കഴിഞ്ഞു പോയതിനെ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പക്ഷേ വരാനിരിക്കുന്നതിനെ മാറ്റാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയും. എനിക്ക് വിരുദ്ധ ധ്രുവമനോനില (bipolar disorder) യുണ്ടെന്ന സത്യം അംഗീകരിക്കാന്‍ പത്തു വര്‍ഷം വേണ്ടി വന്നു. അതെനിക്ക് വിഷാദത്തിന് കാരണമായി. കാരണം എനിക്കൊരു കുഴപ്പവുമില്ലെന്ന് നടിച്ച് ഇനിയെനിക്ക് മുന്നോട്ടു പോകാനാവില്ല. അതേസമയം സത്യത്തെ അംഗീകരിക്കാതെ അതിനൊരു പരിഹാരം കണ്ടെത്താനുമാവില്ല. കാലത്തെ പിന്നോട്ടു നടത്താന്‍ ഒന്നിനും കഴിയില്ല. ഇപ്പോഴുള്ളതിനെ , ഈ നിമിഷം നമുക്കുള്ളതിനായി, നല്ലതിനായി പരമാവധി നന്നായി ഉപയോഗിക്കുക മാത്രമേ നമുക്കു കരണീയമായുള്ളു. നാം ആരെന്നത് അംഗീകരിക്കുക, അതുമായി പൊരുത്തപ്പെടുക. നാം എവിടെയാണെന്ന് അംഗീകരിക്കുക, അതുമായി പൊരുത്തപ്പെടുക.
2). പൊറുക്കുക
ദക്ഷിണാഫ്രിക്കയില്‍, വര്‍ണവിവേചനത്താല്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട മൂന്നു കൂട്ടം ആളുകള്‍ എങ്ങിനെ അതിജീവിച്ചു എന്ന് ഒരു പഠനം പറയുന്നുണ്ട്. ആദ്യകൂട്ടര്‍ ട്രൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍റെ പൊതുവേദിയില്‍ ഹാജരായി തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു.. രണ്ടാമത്തെ കൂട്ടര്‍ കമ്മീഷന് മുന്നില്‍ സ്വകാര്യ മായി കാര്യങ്ങള്‍ വിശദീകരിച്ചു. മൂന്നാമത്തെ കൂട്ടരാകട്ടെ കമ്മീഷന് മുന്നില്‍ ഹാജരായതേയില്ല. പീഡിപ്പിച്ചവരോട് പൊറുക്കാന്‍ കഴിഞ്ഞവര്‍ക്ക് പൊരുത്തപ്പെടാനും മുന്നോട്ടു പോകാനും കഴിഞ്ഞുവെന്നും അതിന് കഴിയാത്തവര്‍ കടുത്ത വേദനയില്‍ കഴിയേണ്ടി വരുന്നുവെന്നുമായിരുന്നു പഠനം കണ്ടെത്തിയ പ്രധാന കാര്യം. നിറത്തിന്‍റെ പേരില്‍ സഹജീവികളെ ക്രൂരമായി നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തവരോട് പൊറുക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞുവെങ്കില്‍ നമ്മെ മുറിവേല്‍പ്പിച്ചവരോട് ക്ഷമിക്കാന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. കഠിനാനുഭവങ്ങള്‍ മനസിലിട്ട് പെരുപ്പിക്കുന്നതിലും വെറുപ്പിന്‍റെ കഠിനകയ്പ് കടിച്ചിറക്കുന്നതിലും നോവിന്‍റെ വിഷാദകാലം വലിച്ചു നീട്ടുന്നതിലും കഥയൊന്നുമില്ല. അറിവും കരുത്തും നേടുന്നതിനും മുന്നോ ട്ടു പോകുന്നതിനും പൊറുതി സഹായിക്കുന്നു എന്ന് ഈ പഠനം പറയുന്നു. എന്‍റെ രോഗാതുരതയ്ക്ക് കാരണക്കാരെന്ന് ആരോപിച്ച് മറ്റു പലതിനുമൊപ്പം എന്‍റെ മാതാപിതാക്കളെ ഞാന്‍ ദീര്‍ഘ കാലം പഴിച്ചു കൊണ്ടിരുന്നു. പിന്നെ ഞാന്‍ അവരോട് അവര്‍ ചെയ്തതും ഞാന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതുമായ സകലതിനും പൊറുത്തതോടെ എന്‍റെ മാനസികാരോഗ്യം കാര്യമായി മെച്ചപ്പെട്ടു. വെറുപ്പും നീരസവും സൂക്ഷിക്കുന്നത് നമുക്കൊരിക്കലും ഗുണം ചെയ്യില്ല.
3). കൃതജ്ഞത
എല്ലാ ദിവസവും നല്ല ദിവസമെന്ന് എന്‍റെ ഒരു സുഹൃത്ത് പറയുമായിരുന്നു. അത് സുന്ദരവും ശുഭകരവുമായ ചിന്തയെങ്കിലും ജീവിതം യഥാര്‍ത്ഥത്തില്‍ പലപ്പോഴും കഠിനമാണ്. ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ തീര്‍ത്തും കുറവത്രെ. കൃതജ്ഞതാമനോഭാവം പരിശീലനത്തിലൂടെയും സ്ഥിരോല്‍സാഹത്തിലൂടെയും മാത്രമേ സാധ്യമാകൂ. നമ്മളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ മനോഹരം തന്നെയാണ്. വിഷാദമെന്നത് നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. അത് യാഥാര്‍ത്ഥ്യത്തിന്‍റെ പ്രതിഫലനമല്ല. ചെറിയ കാര്യങ്ങള്‍ക്ക് കൃതജ്ഞരായി തുടക്കം കുറിക്കാം നമുക്ക്. നമ്മുടെ കൂട്ടുകാര്‍ നമ്മുടെ ജന്മദിനം ഓര്‍മ്മിച്ചതിന് , ഒരപരിചിതന്‍ നമ്മെ നോക്കി ചിരിച്ചതിന് , വഴിയിറമ്പില്‍ കണ്ട നാട്ടു പൂവ് തന്ന സന്തോഷത്തിന്, സൂര്യന്‍ പ്രകാശിക്കുന്നതിന് ഒക്കെ നന്ദിയുള്ളവരായിരിക്കാം നമുക്ക്. കൊച്ചു കാര്യങ്ങളിലെ കൃതജ്ഞത നമ്മുടെ മനസിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിത്തരും.
4). പ്രത്യാശ
വിഷാദത്തില്‍ മാത്രമല്ല ഏതു വലിയ വൈഷമ്യ ഘട്ടത്തിലും പ്രത്യാശ കണ്ടെത്തുക എന്നതാണ് മര്‍മ്മപ്രധാനം. നിരപരാധികളുടെ ദുരിതങ്ങളും ചില മനുഷ്യരുടെ വിദ്വേഷവും ആര്‍ത്തിയും പ്രകൃതിയുടെ മലിനീകരണവും പലപ്പോഴും പ്രത്യാശയ്ക്ക് വിലങ്ങുതടിയാകുന്നു. അതേപോലെ തന്നെക്കു റിച്ചും താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചും പ്രത്യാശാഭരിതമായ ദര്‍ശനങ്ങളുള്ള മനുഷ്യര്‍ എന്നില്‍ പ്രത്യാശ നിറയ്ക്കുന്നു. എന്തിലുമുപരി നാം നമുക്ക് വേണ്ടി തന്നെയാണ് ജീവിക്കുക. നാം മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ പാരമ്പര്യം നിശ്ചയിക്കുക. അതിനാല്‍ ലോകത്തെക്കുറിച്ചും നമ്മെക്കുറിച്ചും പ്രത്യാശയുള്ളവരായിരിക്കുക അത്യാവശ്യമത്രെ. പ്രത്യാശ നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ ആത്മാവിനെ എരിക്കുന്ന അഗ്നിയാണ് പ്രത്യാശ. കാര്യങ്ങള്‍ മെച്ചപ്പടാന്‍ എപ്പോഴും സാധ്യതയുണ്ട്. ആ പ്രത്യാശയുടെ നാളങ്ങള്‍ അണയാതെ കാക്കുക.
പന്ത്രണ്ടാം ദിന അഭ്യസനം
അതിവിഷാദത്തിന്‍റെ അഗാധതയിലും, കൃതജ്ഞത പരിശീലിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. കൃതജ്ഞരായിരിക്കാന്‍ നമ്മെ സഹായിക്കുന്ന ചില എക്സര്‍സൈസുകള്‍ ഇതാ. അതു നിങ്ങളുടെ മനോനിലയെ മാറ്റും. നിങ്ങള്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ കാണുന്ന രീതിയെയും മാറ്റും.
നിങ്ങള്‍ നന്ദിയുള്ളവരായിരിക്കേണ്ട മൂന്നു കാര്യങ്ങള്‍ ദിവസവും എഴുതി വയ്ക്കുക. പതിയെ പതിയെ നിങ്ങള്‍ക്ക് കൃതജ്ഞരായിരിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാകും. നിങ്ങളുടെ ജീവിതത്തിലെ ഭൗതിക സാഹചര്യ ങ്ങള്‍ മാറിയില്ലെങ്കിലും സാവകാശം ജീവിതത്തെ ആകെ നിങ്ങള്‍ വ്യത്യസ്തമായി അനുഭവിക്കാന്‍ തുടങ്ങും.
ഉദാഹരണം:
ഞാന്‍ ഇന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് നന്ദിയുള്ളവനാണ്/ നന്ദിയുള്ളവളാണ്.
പ്രസന്നമായ പ്രഭാതത്തിന്.
ഇന്നത്തെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്.
മരുമകള്‍ പരീക്ഷ പാസായതിന്.
വൈകിട്ട് നന്നായി കുളിക്കാന്‍ കഴിഞ്ഞത്.
എന്‍റെ പൂച്ചക്കുട്ടിയോട്.
കൃതജ്ഞരായിരിക്കുക എന്നാല്‍ അംഗീകരിക്കുക എന്നാണ് അര്‍ത്ഥം.
നിങ്ങളുടെ ജിവിതത്തിലെ ചെറിയ കാര്യങ്ങളെ, നിങ്ങള്‍ക്ക് ചുറ്റുമുള്ള വലിയ കാര്യങ്ങളെ .
അത് നിങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമത്രേ. ഓരോ എക്സര്‍സൈസിനും മുമ്പും പിമ്പും നിങ്ങളുടെ മനോനില (mood) രേഖപ്പെടുത്തുന്നത് നിങ്ങളുടെ മനോനിലയില്‍ അത് എന്തു മാറ്റം വരുത്തി എന്നറിയുന്നതിന് സഹായിക്കും.
മനോനില ചിത്രണ ( mood mapping) ത്തിന്‍റെ പന്ത്രണ്ടാം ദിനം ഇതോടെ സമാപിക്കുന്നു. പതിമൂന്നാം ദിനം അടുത്ത ലക്കത്തില്‍.
(തുടരും)





















