
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്‍റെ സമീപനം ചൂഷണത്തിന്‍റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്‍. അപരനും പ്രകൃതിയും തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള്‍ സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്‍കുന്ന ഒരു എതിര്‍ സാക്ഷ്യം ഇവിടെയുണ്ട്.

"മറ്റേതിനേക്കാളും മേലേയായി ഫ്രാന്‍സിസ് ഒരു ദാതാവായിരുന്നു. ഏറ്റവും മെച്ചപ്പെട്ട നല്കലിനു വേണ്ടി സ്വയം സമര്‍പ്പിച്ച സ്നേഹജ്വാല. അദ്ദേഹത്ത ിന്റെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട നല്‍കല്‍ എന്നത് കൃതജ്ഞതാര്‍പ്പണം തന്നെയായിരുന്നു. നന്ദിയര്‍പ്പണത്തിന്‍റെ അടിസ്ഥാനസിദ്ധാന്തം ഫ്രാന്‍സിസിന്‍റെയത്ര ഗ്രഹിച്ച വേറൊരു മനുഷ്യന്‍ ഈ ഭൂമുഖത്തുണ്ടാവാന്‍ ഇടയില്ല. അതിന്‍റെ ആഴങ്ങളാണെങ്കില്‍ അടിത്തട്ടില്ലാത്ത ഒരു വന്‍ഗര്‍ത്തം പോലെയായിരുന്നു. ദൈവത്തിന് കീര്‍ത്തനം പാടുകയെന്നത് ഏറ്റവും ഉയര്‍ന്നു കരുത്താര്‍ജ്ജിക്കുന്നത് ആ ഗീതം ഒന്നുമില്ലായ്മയില്‍നിന്ന് ഉയര്‍ന്നു പൊന്തുമ്പോളാണെന്ന് അറിഞ്ഞിരുന്ന ആളാണ് ഫ്രാന്‍സിസ്". (ജി.കെ ചെസ്റ്റര്‍ട്ടണ്‍).
തന്‍റെ അസ്തിത്വത്തിന്‍റെ ആഴങ്ങളെ അന്വേഷിച്ചു തുടങ്ങിയ കാലത്ത് കൃത്യമായ വഴികളിലൂടെ ദൈവം ഫ്രാന്‍സിസിനെ നയിച്ചു. സ്വന്തം ജീവിത നിയോഗമെന്തെന്ന് തിരിച്ചറിയാന്‍, യൗവനകാലത്തിലെ യുദ്ധപരാജയങ്ങളും തടവറവാസവും മറ്റൊരു പടപ്പുറപ്പാട് പാതിവഴിയില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നിച്ചതും തുടങ്ങി പലവിധ സംഭവങ്ങളിലൂടെ ദൈവം പ്രാപ്തനാക്കി. 'നീയെവിടെയാണ്' എന്ന ആദത്തോടുള്ള ചോദ്യവും, 'നിന്‍റെ സഹോദരന്‍ എവിടെ'യെന്ന കായേനോടുള്ള ചോദ്യവും, 'ആരാണ് നിന്‍റെ യജമാനന്‍' എന്ന ദൈവീക സ്വരത്തിലൂടെ ഫ്രാന്‍സിസ് നേരിട്ടു. കോടാനുകോടി വരുന്ന മനുഷ്യര്‍ പാര്‍ക്കുന്ന ഭൂമിയില്‍, ഇത്തിരിപ്പോന്ന, പരാജയങ്ങള്‍ മാത്രമുള്ള തന്നെ ഇത്രയും ഗൗരവമായെടുക്കുന്ന ദൈവത്തെയും അവിടുത്തെ സ്നേഹത്തെയും അദ്ദേഹം അനുഭവിച്ചറിഞ്ഞു. തന്നിലേക്കു അളവില്ലാതെ ആഴത്തില്‍ ചൊരിയപ്പെടുന്ന ദൈവത്തിന്‍റെ സ്നേഹ സമൃദ്ധി ക്രൂശിതനായ ക്രിസ്തുവിലൂടെ ഫ്രാന്‍സിസ് ദര്‍ശിച്ചു.
ജി.കെ. ചെസ്റ്റര്‍ട്ടണ്‍, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസ് എന്ന പേരില്‍ എഴുതിയ ജീവചരിത്രത്തില്‍ ഫ്രാന്‍സിസിനെ ആഴമേറിയ കൃതജ്ഞതയുടെ വ്യക്തിത്വമായാണ് അവതരിപ്പിക്കുന്നത്. വീട്ടിത്തീര്‍ക്കാനാവാത്ത ഒരു കടമാണ് തന്‍റെ ജീവിതമെന്ന വെളിച്ചത്തില്‍ നന്ദി പ്രകടനമായി സ്വയം സമര്‍പ്പിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ്. തനിക്കു ചുറ്റുമുള്ളതെല്ലാം സഹാദരങ്ങളാണെന്നും താനും അവരും ദൈവത്തിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന മക്കളാണെന്നും ഫ്രാന്‍സിസിന് മനസ്സിലാകുന്നു. തന്‍റെ ജീവകേന്ദ്രമായ ദൈവത്തെ ലക്ഷ്യമാക്കി മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത യാത്ര. ദൈവസ്നേഹത്തോടുള്ള ഇടമുറിയാത്ത കൃതജ്ഞതാ പ്രകടനമായിരുന്നു ഫ്രാന്‍സിസിന്‍റെ സന്യാസജീവിതം.
ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അളവില്ലാത്ത വിധം സ്വീകരിക്കുന്ന തീരെ നിസ്സാരനായ ഒരുവനാണ് താനെന്ന വ്യക്തമായ ബോധ്യം ദൈവത്തിനും ചുറ്റുമുള്ളവര്‍ക്കുമായി തന്നെത്തന്നെ പങ്കുവച്ചു കൊടുക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. അങ്ങനെ സാഹോദര്യത്തിന്‍റെ പ്രഥമവും പ്രധാനവുമായ പാഠം അദ്ദേഹം കാണിച്ചുതന്നു. സഹോദരന്‍റെ ആവശ്യങ്ങള്‍ അവര്‍ പറയാതെ തന്നെ തിരിച്ചറിഞ്ഞ്, അങ്ങോട്ടു പോയി ചോദിച്ച്, ഒരമ്മ തന്‍റെ മക്കള്‍ക്കെന്നതിനേക്കാള്‍ ഉപരിയായ സ്നേഹത്തോടെ സഹോദരന്‍മാര്‍ പരസ്പരം ശുശ്രൂഷിക്കണമെന്ന് നിയമത്തില്‍ എഴുതിവച്ചു. അപരനായി സ്വയം സമര്‍പ്പിക്കു ന്നതാണ് വലിയ കൃതജ്ഞതാ പ്രകാശനമെന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു.
ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ചു ദൈവത്തോടുള്ള ഫ്രാന്‍സിസിന്‍റെ കൃതജ്ഞതാ ഗീതമാണ് സൂര്യകീര്‍ത്തനം അഥവാ സൃഷ്ടികീര്‍ത്തനം എന്നറിയപ്പെടുന്നത് (Canticle of Brother Sun OR Canticle of creatures). സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും വെള്ളവും അഗ്നിയും എല്ലാം തനിക്കു വേണ്ടി കൂടിയുള്ള ദൈവസ്നേഹത്തിന്‍റെ പ്രകടനമായി ഫ്രാന്‍സിസ് ദര്‍ശിച്ചു. ആ പരമനന്മയായ ദൈവത്തോടുള്ള അദ്ദേഹത്തിന്‍റെ സ്ത്രോത ഗീതമാണ് സൃഷ്ടികീര്‍ത്തനം. 1225 ല്‍ സാന്‍ഡാമിയാനോയിലെ ചെറുകുടിലില്‍, കാഴ്ച നഷ്ടപ്പെട്ട് കഴിയുന്ന കാലത്തിലാണ് ഈ കീര്‍ത്തനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. സൂര്യകീര്‍ത്തനത്തിന്‍റെ 800-ാം വാര്‍ഷികമാണിത്.
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്‍റെ സമീപനം ചൂഷണത്തിന്‍റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്‍. അപരനും പ്രകൃതിയും തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള്‍ സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്‍കുന്ന ഒരു എതിര്‍ സാക്ഷ്യം ഇവിടെയുണ്ട്. ഏതുവിധേനയും അധികാരം ഉറപ്പിക്കാനുള്ള ആഗോള ട്രെന്‍റ് സഭയിലും കുറവല്ല.
ഇത്തരമൊരു സമുഹത്തില്‍ നിന്നുമായിരുന്നു സുവിശേഷം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫ്രാന്‍സിസ് ഉയര്‍ന്നുവന്നത്. കുരിശിലൂടെ തുറന്നു തന്ന ദൈവസ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും അനുഭവിച്ചറിയുകയും അതിനായി ചുറ്റുമുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. താന്‍ സേവിക്കുന്നത് യജമാനനെ (Master) തന്നെയാണെന്ന് ഓരോ നിമിഷവും ഉറപ്പാക്കി. അങ്ങനെ തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥവും പൂര്‍ണതയും കണ്ടെത്തി. പിതാവിന്‍റെ ഇഷ്ടം നിറവേറ്റുക എന്നത്, ചുറ്റുമുള്ള സകലത്തിനെയും-സര്‍വ്വസൃഷ്ടിയെയും- സ്നേഹിച്ചുകൊണ്ടും ശുശ്രൂഷിച്ചുകൊണ്ടുമാകണം എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞത അവിടുത്തെ സൃഷ്ടികളോടുള്ള സ്നേഹത്തിലൂടെയും ആദരവിലുടെയും ആണല്ലോ പ്രകടിപ്പിക്കാന്‍ കഴിയുന്നത്. ഫ്രാന്‍സിസിന്‍റെ ജീവിതത്തിലുണ്ടായിരുന്ന ആ ഒരു ദര്‍ശനമാണ് സൃഷ്ടികീര്‍ത്തനത്തിലും കാണുന്നത്.
ചെസ്റ്റര്‍ട്ടന്‍റെ വരികള്‍ കൊണ്ട് തന്നെ ഇത് അവസാനിപ്പിക്കാം:
"ഒരിക്കലും വീട്ടിത്തീര്‍ക്കാനാവില്ലെന്ന് അറി ഞ്ഞിട്ടും ആവുന്ന പോലെ ആ കടം വീട്ടാനായി ജീവിതം ഉഴിഞ്ഞു വച്ച മഹാത്മാവിന്‍റെ ജീവിത കഥ അറിഞ്ഞിരിക്കുന്നത് എല്ലായ്പ്പോഴും നല്ല താണ്. അതറിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ സേവ നത്തിന്‍റെ പാതയിലേക്ക് നീങ്ങാന്‍ അത് പ്രേരക മായി ഭവിച്ചെന്നും വരാം. ആ കടം വീട്ടണമെന്നാരു തോന്നല്‍ നമുക്കും ഉണ്ടായെന്നു വരാം. എത്ര യെത്ര വീട്ടിയാലും വീട്ടിക്കഴിഞ്ഞത് ഒന്നുമായിട്ടി ല്ലെന്ന തിരിച്ചറിവും നമ്മെ കൂടുതല്‍ വിനയാന്വിതരാക്കും". -(അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, ജി.കെ ചെസ്റ്റര്‍ട്ടണ്‍)
വി. ഫ്രാന്‍സീസ് സൃഷ്ടികീര്‍ത്തനം എഴുതിയതിന്‍റെ 800-ാം വാര്‍ഷികമാണിത്. അതുപോലെ, അസ്സീസി മാസികയുടെ യാത്ര തുടങ്ങിയിട്ട് 72 വര്‍ഷങ്ങള്‍ (1953-2025) പൂര്‍ത്തിയാകുന്നു. എല്ലാ വായനക്കാര്‍ക്കും ഉപകാരികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
കൃതജ്ഞതാ ഗീതം
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, ഒക്ടോബർ, 2025