top of page

സ്വര്‍ഗ്ഗാരോപിതയായ അമ്മ

Aug 9, 2024

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Assumption of Blessed Virgin Mary
Assumption of Blessed Virgin Mary -AI generated image


ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

ദൈവം നല്‍കിയ വചനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവളാണ് പരിശുദ്ധ മറിയം. ഹൃദയത്തില്‍ സ്വീകരിച്ച വചനത്തെ ഉദരത്തില്‍ മറിയം വഹിച്ചു. ദൈവം നല്‍കിയ സന്ദേശത്തില്‍ ഉദരത്തില്‍ വഹിച്ചുകൊണ്ടു മറിയം യാത്ര നടത്തി. നമ്മള്‍ സ്വീകരിക്കുന്ന വിശ്വാസത്തെ ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുവാന്‍ നമുക്കു കഴിയുന്നുണ്ടോ? വ്യക്തിപരമായ ത്യാഗങ്ങളും വേദനകളും, രോഗങ്ങളും ക്ഷമയോടെ നാം സ്വീകരിക്കുമ്പോള്‍ വിശ്വാസത്തിനു ജീവിതംകൊണ്ടു സാക്ഷ്യം വഹിക്കുന്നവരായി നാം മാറുന്നു. മറിയം എവിടെയെല്ലാം എത്തിച്ചേര്‍ന്നോ അവിടെയെല്ലാം സന്തോഷമുണ്ടായി. കാനായിലെ കല്യാണവിരുന്നിനിടയില്‍ സംഭവിച്ച തകര്‍ച്ചയില്‍ മറിയം പരിഹാരം കണ്ടെത്തി. സെഹിയോന്‍ മാളികയില്‍ ഭയവിഹ്വലരായി പ്രാര്‍ത്ഥിച്ച ശിഷ്യന്മാരുടെ കൂടെയിരുന്ന് പരിഹാരം കൊടുത്തു. വിശ്വാസത്തെ ഹൃദയത്തിലുറപ്പിക്കുന്നവന്‍ എവിടെച്ചെന്നാലും പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകും.

എന്നും നമ്മോടു അടുത്തു നില്‍ക്കുന്ന അമ്മയായാണ് മറിയത്തെ കാണുവാന്‍ കഴിയുന്നത്. മംഗളവാര്‍ത്തയിലും പിറവിത്തിരുന്നാളിലും, കാനായിലും, കാല്‍വരി കുരിശിന്‍റെ ചുവട്ടിലും, സെഹിയോന്‍ മാളികയിലും അമ്മ പ്രിയപ്പെട്ടവരുടെ കൂടെ നിന്നു. നന്മനിറഞ്ഞ മറിയമേ എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ നമ്മുടെ കൂടെ നില്‍ക്കുന്നു. കുരിശില്‍ക്കിടന്നുകൊണ്ട് അന്ത്യസമ്മാനമായി യേശു നമുക്കു നല്‍കിയ അമ്മ എല്ലാ നിമിഷവും നമ്മോടൊത്ത് നില്‍ക്കുന്നുണ്ട്. കരുണയുടെ മൂര്‍ത്തഭാവമായ മറിയം തന്‍റെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വാര്‍ഗ്ഗാരോപിതയായ അമ്മ നമുക്കായി സ്വര്‍ഗ്ഗത്തില്‍ മാധ്യസ്ഥം അപേക്ഷിക്കുന്നു.

നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകാറുണ്ട്. ദൈവം നമ്മുടെ ജീവിതത്തില്‍ കടന്നു വന്നാലും പ്രശ്നങ്ങള്‍ തീരണമെന്നില്ല. പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതികളില്‍ മാറ്റം വരും. ദൈവപുത്രന്‍ മനുഷ്യനായി ഉദരത്തില്‍ വളര്‍ന്നപ്പോഴും മറിയത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു. ബേത്ലഹേമിലേക്കുള്ള യാത്രയിലും, ഈജിപ്തിലേക്കുള്ള ഒളിച്ചോട്ടത്തിലും, കാല്‍വരിയാത്രയിലും മറിയം വേദന അനുഭവിച്ചു. ആ വേദനകളെ ദൈവപുത്രനോടു ചേര്‍ന്നു മറിയം അതിജീവിച്ചു. നമുക്കും അനുദിന ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം. അവയെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് നമ്മുടെയുള്ളിലുള്ള ദൈവസാന്നിധ്യമാണ്.

കാനായില്‍വെച്ച് മറിയത്തിന്‍റെ മധ്യസ്ഥ പ്രാര്‍ത്ഥന നാം കാണുന്നു. രണ്ടുകാര്യങ്ങളാണ് മറിയം നമ്മെ പഠിപ്പിക്കുന്നത്. ഒന്നാമതായി മനുഷ്യന്‍റെ ആവശ്യങ്ങള്‍ ദൈവത്തോടു പറയുന്ന അമ്മയെ നാം കണ്ടെത്തുന്നു. "അവര്‍ക്കു വീഞ്ഞില്ല" എന്ന ഒറ്റവാക്യത്തിലൂടെ നമ്മുടെ ആവശ്യം ദൈവത്തോടു പറയുന്നവളായി മറിയം മാറുന്നു. അവന്‍ പറയുന്നതുപോലെ ചെയ്യുക എന്നു പറഞ്ഞു ദൈവത്തിന്‍റെ മനസ്സു നമ്മോടു വെളിപ്പെടുത്തുന്നു. ജീവിതം മുഴുവന്‍ വീര്യമുള്ളതായിത്തീരണമെങ്കില്‍ ദൈവതിരുമനസ്സ് നാം പഠിക്കണം.

മറിയത്തെപ്പോലെ യുക്തിയുള്ള ചോദ്യങ്ങള്‍ നമ്മളും ചോദിച്ചേക്കാം. "ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ" എന്ന യുക്തിപരമായ ചോദ്യത്തിന് ആത്മീയമായ ഉത്തരം ഗബ്രിയേല്‍ ദൂതന്‍ നല്‍കുന്നു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവു വന്നു വസിക്കുമ്പോള്‍ യുക്തിയുടെ ചോദ്യങ്ങള്‍ അപ്രസക്തമാകും. നമ്മുടെ അനുദിന ജീവിതത്തില്‍ യുക്തികൊണ്ട് ഉത്തരംകിട്ടാത്ത നിരവധി കാര്യങ്ങള്‍ സംഭവിക്കും. വിശ്വാസത്തോടെ അവയെ നോക്കിക്കണ്ടു "ഇതാ കര്‍ത്താവിന്‍റെ ദാസി" എന്നു പറഞ്ഞ് സമ്പൂര്‍ണ്ണ സമര്‍പ്പണം നാം നടത്തണം.

ദൈവസാന്നിധ്യം ഉള്ളില്‍ തിരിച്ചറിയുന്നവര്‍ ഏതു കഷ്ടപ്പാടിനെയും ജീവിതത്തില്‍ തരണം ചെയ്യും. യൂദയായുടെ മലമ്പ്രദേശത്തെക്ക് തിടുക്കത്തില്‍ യാത്ര ചെയ്യുമ്പോഴും, കാലിത്തൊഴുത്തില്‍ കൊടും തണുപ്പില്‍ മരവിച്ചിരിക്കുമ്പോഴും, നീണ്ട യാത്രകള്‍ ചെയ്യേണ്ടി വന്നപ്പോഴും മറിയം തളര്‍ന്നില്ല. തന്‍റെയുള്ളിലുള്ള ദൈവസാന്നിധ്യം മറിയത്തെ ബലപ്പെടുത്തി. ജീവിതത്തിന്‍റെ ഉയര്‍ച്ചതാഴ്ചകളില്‍ നമ്മുടെയുള്ളിലുള്ള ദൈവികസാന്നിധ്യം നമ്മെ ബലപ്പെടുത്തട്ടെ. ഭൂമിയില്‍ യാത്ര ചെയ്തു തളരുമ്പോഴും സ്വര്‍ഗ്ഗത്തെ മുന്നില്‍ കണ്ടു നമുക്കു മുന്നേറാം.

Aug 9, 2024

0

45

Recent Posts

bottom of page