

മൂന്ന് സമാന്തര സുവിശേഷങ്ങളിൽ മാത്രമേ യേശുവിന്റെ മമ്മോദീസയെ കുറിച്ച് വ്യക്തമായ പരാമർശമുള്ളൂ. 'പരിശുദ്ധാത്മാവ് ആരുടെ മേൽ ഇറങ്ങിവന്ന് ആവസിക്കുന്നുവോ അവനാണ് വരാനിരിക്കുന്നവൻ എന്ന് തനിക്ക് വെളിപാട് ലഭിച്ചിരുന്നുവെന്നും അതനുസരിച്ചുതന്നെ യേശുവിന്റെ മേൽ ആത്മാവ് ഇറങ്ങി വന്ന് ആവസിക്കുന്നത് താൻ കണ്ടു' എന്നും സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നതേയുള്ളൂ, യോഹന്നാൻ്റെ സുവിശേഷത്തിൽ. ആത്മാവിന്റെ ആവാസമുണ്ടായത് സ്നാനം സ്വീകരിച്ച വേളയിലാണ് എന്നത് ഇതര സുവിശേഷങ്ങളിൽ നിന്നാണ് നാം മനസ്സിലാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ യോഹന്നാന്റെ സുവിശേഷത്തിലും സ്നാനത്തെക്കുറിച്ച് സൂചനയുണ്ട് എന്ന് പറയാം.
വിശദാംശങ്ങളിൽ സമാന്തര സുവിശേഷങ്ങളിലും വ്യത്യാസങ്ങളുണ്ട്. യേശു യോഹന്നാനിൽ നിന്ന് അനുതാപത്തിന്റെ സ്നാനം സ്വീകരിക്കാനായി വരുമ്പോൾ യോഹന്നാൻ തടസ്സവാദം പറയുന്ന ഭാഗം മത്തായിയാണ് രേഖപ്പെടുത്തുന്നത്. നാല് സുവിശേഷങ്ങൾ പ്രകാരവും താൻ ആരാണെന്നും എന്താണെന്നും യോഹന്നാന് നല്ല വ്യക്തതയുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. തന്റെ പിന്നാലെ വരുന്നവന്റെ അടിമപ്പണി ചെയ്യാൻ പോലുമുള്ള മഹത്ത്വമോ യോഗ്യതയോ തനിക്കില്ല എന്നതാണ് യോഹന്നാന്റെ ആത്മാവബോധം. എന്നാൽ, സംഭവിക്കുന്നതോ? സകലത്തിൻ്റെയും കർത്താവ് തൻ്റെ സൃഷ്ടിയുടെ, തൻ്റെ ദാസൻ്റെ മുമ്പിൽ തലകുനിക്കുന്നു. അവനിൽ നിന്ന് അനുതാപത്തിൻ്റെ മാമോദീസ സ്വീകരിക്കുന്നു. അങ്ങനെ യേശു സ്വയം താഴ്ത്തുന്ന നിമിഷമാണ് യേശുവിൽ പരിശുദ്ധാത്മാവിൻ്റെ ഇറങ്ങിവരവും അഭിഷേകവും ഉണ്ടാകുന്നത്. യേശു "അഭിഷിക്തൻ" - മിശിഹാ ആകുന്നതും. "ഇവൻ എൻ്റെ പ്രിയ പുത്രൻ - ഇവനിൽ ഞാൻ സംപ്രീതൻ" എന്ന പിതാവിൻ്റെ അംഗീകാരത്തിൻ്റെ സ്ഥിരീകരണം ഉണ്ടാകുന്നതും അപ്പോഴാണ്!
'തൻ്റെ അധികാരത്തെ മുറുകെപ്പിടിക്കാതെ അവൻ ആദ്യവസാനം താഴ്ത്തി- അതിനാൽ ദൈവം അവനെ ഉയർത്തി' എന്നാണല്ലോ ഫിലിപ്പിയർക്കുള്ള ലേഖനത്തിലെ ക്രിസ്റ്റൊളോജിക്കൽ വിശ്വാസപ്രഖ്യാപനവും വ്യക്തമാക്കുന്നത്.
എന്നാൽ, നമുക്കിന്ന് ഈ ക്രിസ്തുമാർഗ്ഗമൊന്നും ബാധകമല്ലേ?
നാമെങ്ങോട്ടാണ് ഈ പോകുന്നത്?
കർദ്ദിനാളന്മാർക്കു മുമ്പിൽ മാർപാപ്പാ തലകുനിക്കട്ടെ.
വൈദി കർക്കു മുമ്പിൽ മെത്രാന്മാർ തലകുനിക്കട്ടെ.
ഡീക്കന്മാർക്കു മുമ്പിൽ വൈദികർ തലകുനിക്കട്ടെ.
അല്മായർക്കു മുമ്പിൽ വൈദികരും ഡീക്കന്മാരും തല കുനിക്കട്ടെ.
യുവജനങ്ങൾക്കു മുമ്പിൽ മുതിർന്നവർ തലകുനിക്കട്ടെ.
ശിശുക്കൾക്കു മുമ്പിൽ എല്ലാവരും തലകുനിക്കട്ടെ.
ഇല്ലാതെ, അഭിഷിക്തതയെയും നിക്ഷിപ്തതയെയും കുറിച്ച് നാഴികക്ക് നാല്പതുവട്ടം പറഞ്ഞു കൊണ്ടിരുന്നാലൊന്നും അതുണ്ടാകില്ല!





















