

മാമ്മോദീസായുടെ ക്രൈസ്തവ പാരമ്പര്യം വരുന്നത് സ്നാപക യോഹന്നാൻ ജോർദ്ദാനിൽ നല്കിയ സ്നാനങ്ങളിലാണ്. ഗലീലിയിൽ നിന്ന് യേശുവും അവിടെയെത്തി സ്നാനം സ്വീകരിച്ചു. അത്രവരെ സ്വകാര്യ ജീവിതം നയിച്ച യേശു അതിനു ശേഷം തൻ്റെ ജീവിതം പരസ്യജീവിതമാക്കുകയാണ്. അതിനാൽ മാമ്മോദീസാ ജീവിതം വഴിമാറുന്ന ഒരു വഴിഞ്ഞിരിവാണ്; സ്നാപകനും അവനെ കേട്ട ജനത്തിനും ഒരു അടയാള നിമിഷമാണ്; യേശുവിനുതന്നെ സ്വർഗ്ഗത്തിൻ്റെ അംഗീകാര നിമിഷമാണ്; അഭിഷേക നിമിഷവുമാണ്.
സ്നാനത്തെക്കുറിച്ചാണ് പറയുന്നത്. പലപ്പോഴും ഞാൻ ആലോചിക്കുമായിരുന്നു, സ്നാനം എന്ന ആശയം സ്നാപകന് എവിടെ നിന്നാണ് ലഭിച്ചതെന്ന്! ഈയ്യിടെയാണ് വായിച്ചത്, യഹൂദരുടെ വർഷാരംഭ ആചാരത്തിൻ്റെ ഭാഗമായിരുന്നു സ്നാനം എന്ന്. റോഷ് ഹഷാനാഹ് എന്നാണ് വർഷാരംഭത്തിരുന്നാൾ അറിയപ്പെടുന്നത്. സാധാരണയായി ഇംഗ്ലീഷ് കണക്കിൽ സെപ്റ്റംബർ മാസത്തിൻ്റെ ആദ്യ പകുതിയിലാവും റോഷ് ഹഷാനാഹ്. അന്നു മുതൽ പത്തു ദിവസത്തേക്ക് വിശുദ്ധ ദിനങ്ങൾ തന്നെ. പത്താം ദിവസം യോം കിപ്പൂർ (Yom Kippur) എന്ന പാപപരിഹാര ദിനം. ആത്മപരിശോധനയുടെയും പ്രാർത്ഥനയുടെയും നവീകരണത്തിൻ്റെയും ദിനങ്ങളാണവയെല്ലാം. പ്രതീകാത്മകമായ പാപ ശുദ്ധീകരണത്തോടെയാണ് റോഷ് ഹഷാനാഹ് ആരംഭിക്കുന്നത്. നദിയിലാേ അരുവിയിലോ ഇറങ്ങി യഹൂദർ നടത്തുന്ന ആചാരക്കുളിയാണ് പാപം കഴുകിക്കളയുന്നതിൻ്റെ പ്രതീകം. അതോടൊപ്പം കൈയ്യിൽ കരുതിയിരുന്ന ബ്രഡ്ഡ് നുറുക്കുകൾ മീനുകൾക്കായി ഇട്ടുകൊടുക്കുകയും ചെയ്യും. താഷ്ലിഖ് (Tashlich) എന്നാണ് പ്രസ്തുത ആചാരക്കുളി അറിയപ്പെടുന്നത്. യോഹന്നാൻ മിക്കവാറും ഈ താഷ്ലിഖ് ആയിരിക്കണം അനുതാപത്തിൻ്റെയും പാപം കഴുകിക്കളയുന്നതിൻ്റെയും പുതുജീവിതം ആരംഭിക്കുന്നതിൻ്റെയും പ്രതീകമായി സ്വീകരിച്ചത്. ഒരു പ്രത്യേക ദിനത്തിലല്ല, ആളുകൾ അദ്ദേഹത്തിലേക്ക് എത്തിച്ചേർന്നതനുസരിച്ച് വർഷം മുഴുവനും അദ്ദേഹം സ്നാനം നല്കി.
സമാനമായ എന്നാൽ അതിനെക്കാളൊക്കെ തീവ്രമായ ഒരു ആചാരക്കുളി ഇവിടെ അമേരിക്കയിലെ ആദിമ ജനതകളിൽ ഒന്നായ ആപ്സലൂകെ ഗോത്ര ജനതക്കിടയിൽ ഉണ്ട്. വിയർപ്പ് കൂടാരം (Sweat Lodge) എന്നവർ വിളിക്കുന്ന ആചാരക്കുളി പവിത്രമായ ഒന്നായാണ് അവർ കരുതുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വറ്റുകൾ രണ്ടിടത്താണ്. ആറടിയോളം മാത്രം ഉയരമുള്ള പത്തു പന്ത്രണ്ടടി മാത്രം വിസ്താരമുള്ള ഡോം ആകൃതിയിൽ മരക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയതാണ് കൂടാരം. അതിന്മേൽ പല മടക്ക് കരിമ്പടം പൊതിഞ്ഞിരിക്കും. മൂന്നടിയോ മറ്റോ മാത്രം ഉയരമുള്ളതായിരിക്കും പ്രവേശന കവാടം. പ്രാർത്ഥനയോടെയും ഭവ്യതയോടെയും നഗ്നരായാണ് പ്രവേശിക്കേണ്ടത്. പുറത്ത് വലിയ തീ കൂട്ടി അതിൽ ചുട്ടെടുത്ത ഉരുളൻ കല്ലുകൾ കൂടാരത്തിനകത്തുള്ള ചെറിയ കുഴിയിലേക്ക് ഇട്ട് അതിന്മേൽ വെള്ളമൊഴിക്കും. കൂരിരുട്ടുള്ള കൂടാരത്തിനുള്ളിൽ ചൂടും നീരാവിയും നിറയും. പ്രാർത്ഥനയോടെ, ഭൂമിയുമായുള്ള ബന്ധത്തിൽ, നമ്മെപ്പോലെ തന്നെയുള്ള മനുഷ്യരുടെ സാന്നിധ്യത്തിൽ ശാരീരകമായും മാനസികമായും ആത്മീയമായും നാം ശുദ്ധീകൃതരായി പുറത്തിറങ്ങുകയാണ്. പുറത്തിറങ്ങി തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിയും.
പുതിയ മനുഷ്യരാകാൻ ഓരോരോ സംസ്കാരങ്ങളിൽ ലോകമെമ്പാടും എന്തൊരാഗ്രഹമാണ്! അതിന് എന്തെന്ത് മാർഗ്ഗങ്ങളാണ്!





















