ഉണര്‍വിലേക്കുള്ള പടവുകള്‍
- ഡോ. റോയി തോമസ്

- May 6
- 3 min read

Key Takeaways:
Book review on Saksheepadam by Dyan Tarpan
The article discusses Dhyan Tharpan's book 'Saksheepadam,' focusing on inner awakening, happiness, novelty, and overcoming competition.
ആന്തരമായ ഉണര്‍വ് ഇന്നിന്‍റെ ജീവിതവിചാരങ്ങളില്‍ അത്ര പ്രധാനമല്ല. ഭൗതികജീവിതത്തിന്‍റെ ആശാസ്യമായ ആസക്തികളില്‍ ആണ്ടുമുങ്ങിക്കിടക്കുന്നവര്‍ ആന്തരമായി മരണം വരിച്ചവരാണ്. വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ ഉള്ളറകള്‍ ശൂന്യമാകുന്നത് ആരും തിരിച്ചറിയുന്നില്ല. ആന്തരമായ ഉണര്‍വുള്ള ചിലര്‍ മാത്രം അവശേഷിക്കുന്ന ഭൂമിയില്‍ സന്ത്രാസങ്ങളുടെ മുഴക്കങ്ങള്‍ പെരുകിവരികയാണ്. ഈ സന്ദര്‍ഭത്തില്‍ ധ്യാന്‍ തര്‍പണ്‍ എഴുതിയ 'സാക്ഷീപദം' എന്ന പുസ്തകം അത്യന്തം പ്രസക്തമാകുന്നു.
ഉണര്‍വിലേക്കുള്ള പടവുകള്‍ എന്നാണ് അദ്ദേഹം തന്‍റെ ലേഖനങ്ങളെ വിശേഷിപ്പിക്കുന്നത്. ഉണര്‍വിനുള്ള വഴികളാണ് ധ്യാന്‍ തുറന്നിടുന്നത്. 'ഉണര്‍വിലേക്കും വിശ്രാന്തിയിലേക്കുമുള്ള പടവുകള്‍ തന്നെയാണ് അതിന്‍റെ ജീവസത്ത. സ്വച്ഛവും ശുദ്ധവുമായ അവബോധത്തിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകള്‍' എന്ന് മുഖക്കുറിപ്പില്‍ വി. ജി. തമ്പി നിരീക്ഷിക്കുന്നു. 'വാദപ്രതിവാദങ്ങളില്ലാതെ, ശാഠ്യങ്ങളില്ലാതെ, ഉദ്ബോധനങ്ങളില്ലാതെ, വിനിമയത്തിന്‍റെ ഹിംസകളൊന്നുമില്ലാതെ ഒരു പുല്ലാങ്കുഴല്‍ നാദത്തെപ്പോലെ' സഹജമായി ജീവിച്ചുകൂടേ എന്നാണ് ധ്യാനിന്‍റെ ചോദ്യം' എന്നുകൂടി വി. ജി. തമ്പി തുടര്‍ന്നു പറയുന്നു.
"നിത്യജീവിതത്തിലെ ഒരൊറ്റ സന്ദര്‍ഭം പോലും ഉണര്‍വിലേക്ക് നയിക്കാത്തതായി ഇല്ല. ഒരൊറ്റ നിമിഷം പോലും ഉണര്‍വിന്‍റെ പടവിലേക്ക് മനുഷ്യരെ ഉണര്‍ത്താത്തതായി ഇല്ല. ഉണര്‍വിലേക്ക് പദംവെക്കാന്‍ യോഗ്യരല്ലാത്ത ഒരൊറ്റ വ്യക്തിയുമില്ല. തന്നോടുതന്നെയുള്ള സത്യസന്ധത മാത്രമാണ് അതിനുള്ള അടിസ്ഥാനയോഗ്യത" എന്ന് ധ്യാന്‍ തര്‍പണ്‍ ആമുഖമായി കുറിക്കുന്നു. 'ഉണര്‍വെന്നത് കേവലം ഒരാശയമല്ലല്ലോ, അനുഭവിച്ചറിയുക എന്നതില്‍ കുറഞ്ഞ യാതൊന്നും അതിനുമുമ്പില്‍ പ്രസക്തമാവില്ലെന്നോര്‍ക്കുക' എന്നുകൂടി അദ്ദേഹം എടുത്തുപറയുന്നു.
'സന്തോഷമെന്ന വഴി'യെക്കുറിച്ചാണ് ധ്യാന്‍ ആദ്യമായി എഴുതുന്നത്. ഏവരും അന്വേഷിക്കുന്നത് സന്തോഷമാണ്. സന്തോഷം കണ്ടെത്താനുള്ള അനവധി മാര്‍ഗങ്ങള്‍ നാം അന്വേഷിക്കുന്നു. എന്നാല്‍ സന്തോഷമെന്ന ലക്ഷ്യത്തില്‍ ആരുംതന്നെ എത്തിച്ചേരുന്നില്ല. 'സന്തോഷത്തിലേക്ക് ഒരു വഴിയുമില്ല, സന്തോഷമാണ് വഴി' എന്ന ഓഷോവചനം ധ്യാന്‍ ഉദ്ധരിക്കുന്നു. യഥാര്‍ത്ഥ സന്തോഷത്തിലെത്താന്‍ കുറുക്കുവഴികളൊന്നുമില്ല. 'സന്തോഷം കണ്ടെത്തുന്നത് നിങ്ങള്‍ അറിവിനെയും അജ്ഞതയേയും മറികടക്കുമ്പോഴാണ്. സന്തോഷമെന്നത് അറിവില്‍ നിന്നും അജ്ഞതയില്‍ നിന്നും സ്വതന്ത്രമായിരിക്കലാണ്' എന്നാണ് ധ്യാന്‍ നിരീക്ഷിക്കുന്നത്. അജ്ഞതയോ അറിവോ സന്തോഷം കൊണ്ടുവരണമെന്നില്ല. 'നമ്മുടെ ജീവിതത്തിലെ എത്ര നിസ്സാരമെന്നു തോന്നുന്ന ഒരു പ്രവൃത്തിപോലും സന്തോഷത്തെ കൊണ്ടുവരാന്‍ പ്രാപ്തമാണ് എന്നാണ് ധ്യാന്‍ അഭിപ്രായപ്പെടുന്നത്. പുറത്തല്ല, നമ്മുടെ അകത്താണ് യഥാര്‍ത്ഥ സന്തോഷത്തിന്‍റെ വിത്ത്.
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കാന്‍ കഴിയുന്നവര്‍ക്ക് ഓരോ ദിനവും പുതിയതായി അനുഭവപ്പെടും. 'നവ്യതയുടെ നിമിഷങ്ങള്‍' അവരെ തേടിയെത്തും. ആവര്‍ത്തനങ്ങളെ ചെറുക്കാന്‍ ഈ നിമിഷങ്ങള്‍ക്കു ശേഷിയുണ്ട്. 'നാം ചരിച്ചുകൊണ്ടിരിക്കുന്നത് പഴകിപ്പതിഞ്ഞ പൊഴികളിലൂടെയാണ്' എന്നാണ് ധ്യാന്‍ പറയുന്നത്. അപരിചിതമായ വഴികളിലേക്കു പദമൂന്നുമ്പോഴാണ് നവ്യതയുടെ ലോകത്തെ പുല്‍കാന്‍ നമുക്കാവുക. 'അപരിചിതമായവയാകട്ടെ, എത്രതന്നെ സുന്ദരമായിരുന്നാലും ജാഗ്രതയുടെ, ശ്രദ്ധയുടെ, അവബോധത്തിന്‍റെ, ഉണര്‍വിന്‍റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ട്. ഇപ്രകാരം മാത്രമേ നവ്യതയെ ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കൂ. നവ്യമായ അനുഭൂതികളിലൂടെ കടന്നുപോകുമ്പോഴാണ് നാം പുതുക്കപ്പെടുക.
കാണാതെ പഠിക്കുന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്പെടണമെന്നില്ല. 'മനഃപാഠങ്ങള്‍ ഇന്നലെയുടെ മാത്രം പാഠങ്ങളാണ്; ഇന്നിന്‍റെയല്ല, ഈ നിമിഷത്തിന്‍റെയല്ല' എന്നതാണ് ധ്യാനിന്‍റെ കാഴ്ചപ്പാട്. പാഠങ്ങള്‍ കുറഞ്ഞുവരുമ്പോഴാണ് ജീവിതത്തെ മനസ്സിലാക്കാന്‍ സാധിക്കുക. അപ്പോള്‍ പുതുമയുടെ ഗന്ധങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങും. 'പുതിയ പുതിയ പേജുകള്‍ മറിക്കുകയല്ലാതെ മറ്റെന്താണ് ഈ ജീവിതത്തില്‍ നമുക്ക് ചെയ്യാനുള്ളത്?' എന്ന് ഗ്രന്ഥകാരന്‍ ചോദിക്കുന്നു.
നാം ജീവിക്കുന്ന ജീവിതം അതിശയോക്തികള്‍ നിറഞ്ഞതാണെന്നാണെന്നാണ് ധ്യാന്‍ പറയുന്നത്. നാം ജീവിക്കുന്നത് exaggerated ജീവിതമാണെന്ന് നാം അറിയുന്നില്ല. ഊതിവീര്‍പ്പിച്ച ഒന്ന്; സന്തോഷമായാലും കഷ്ടപ്പാടായാലും.' അപ്രകാരം ഊതിവീര്‍പ്പിച്ച, പൊയ്ക്കാലിലുള്ള സഞ്ചാരം യഥാര്‍ഥ ജീവിതമല്ല. പരസ്യങ്ങളില്‍ കാണുന്ന ഊതിവീര്‍പ്പിച്ച ഗുണഗണങ്ങള്‍ ഉല്പന്നം വാങ്ങിക്കഴിഞ്ഞാല്‍ ലഭിക്കണമെന്നില്ല. സ്വാഭാവികമായ ജീവിതം നഷ്ടമാകുമ്പോള്‍ ജീവിതം ഒരു അഭിനയവും പകര്‍പ്പും മാത്രമായി മാറുന്നു. ഒരു നേപ്പാളിഗാനത്തില്‍ പറയുന്നതുപോലെ 'ഒരു പുഷ്പത്തന്‍റെ കണ്ണില്‍, ഈ പ്രപഞ്ചം ഒരു പുഷ്പത്തെപ്പോലെയാണ്, ഒരു മുള്ളിന്‍റെ കണ്ണില്‍ ഈ പ്രപഞ്ചം ഒരു മുള്ളിനെപ്പോലെയാണ്.' നാം കാണുന്ന രീതിയനുസരിച്ച്, നമ്മുടെ വീക്ഷണമനുസരിച്ച് ജീവിതത്തിന്‍റെ പൊരുളും മാറിമറിയുന്നു.
നമ്മുടെ ജീവിതാനുഭവങ്ങളുടെ വ്യാസം കുറയുകയാണോ എന്ന് ധ്യാന്‍ അന്വേഷിക്കുന്നു. 'ഏതെങ്കിലും ഒരവസ്ഥയില്‍, ഒരു പ്രതിബിംബത്തില്‍, കുടുങ്ങിക്കിടക്കുകയെന്നത്, അത് പുഷ്പമാകട്ടെ, മുള്ളാകട്ടെ; നല്ലതോ ചീത്തയോ ആകട്ടെ; നാകമോ നരകമോ ആകട്ടെ; സന്തോഷമോ ദുഃഖമോ ആകട്ടെ, അവബോധപരമായ ഒരുതരം വൈകല്യമാണെന്നു പറയേണ്ടിവരും.' ഭാഗികവീക്ഷണങ്ങള്‍ കൊണ്ട് ജീവിതത്തെ സമഗ്രമായി അറിയാനാവില്ല.
ജീവിതം ദ്വന്ദങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. അതിന്‍റെ മാനങ്ങള്‍ (dimensions) എണ്ണമറ്റതാണ്. മാത്രമല്ല ഓരോ നിമിഷവും പ്രവചാനാതീതമായ വിധം മാറിക്കൊണ്ടിരിക്കുന്നതുമാണ് എന്നതാണ് വസ്തുത. ജീവിതത്തെ ആഴത്തിലും പരപ്പിലും അറിയണമെങ്കില്‍ നമ്മുടെ അവബോധത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകണം.
അനേകം വേഷങ്ങള്‍ കെട്ടി നടക്കുന്നവരാണ് നാം. യഥാര്‍ഥ നമ്മെ അങ്ങനെ നാം മറച്ചുപിടിക്കുന്നു. യഥാര്‍ഥത്തിലുള്ള മുഖം കാണാതിരിക്കാന്‍ നാം ഏറെ ശ്രദ്ധിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വേഷങ്ങള്‍ പെരുകിവരുന്ന കാലമാണിത്. 'നാം വെറുതെ എടുത്തണിയുന്ന തൊപ്പിയും കുപ്പായവുമെല്ലാം എത്രയോ ആഴത്തിലാണ് നമ്മുടെ വ്യക്തിത്വത്തില്‍ അലിഞ്ഞുചേരുന്നത്?' എന്ന് ധ്യാന്‍ ആരായുന്നുണ്ട്. വേഷങ്ങള്‍ അഴിച്ചുവച്ച് സ്വാഭാവികമായി ജീവിക്കുക അത്ര എളുപ്പമല്ലാതായിരിക്കുന്നു.
'ചിരി ഒരാത്മീയ സാധന'യാണെന്നാണ് ധ്യാന്‍ വിചാരിക്കുന്നത്. അബോധപരമായി നാം ചുറ്റിലും കെട്ടിപ്പൊക്കിയുണ്ടാക്കിയ മതിലുകളെ അതിലംഘിക്കുക അത്ര എളുപ്പമല്ല. അതിന് അബോധപരമായ ഉണര്‍ച്ച അനിവാര്യമാണ്. എങ്കിലേ നമുക്ക് ചിരിക്കാന്‍ സാധിക്കൂ. ചിരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണം അവിശ്വസനീയമാം വിധം വലുതാണ് എന്നാണ് ധ്യാന്‍ പ്രസ്താവിക്കുന്നത്. 'ഒരുപക്ഷേ 'intelligence' നു പകരം 'information' നെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാവണം നമ്മില്‍ ചിരി ശുഷ്കിക്കാന്‍ തുടങ്ങിയത്. പതുക്കെപ്പതുക്കെ അത് നമ്മുടെ ശരീരത്തെയൊന്നാകെ മരവിപ്പിക്കാന്‍ തുടങ്ങുന്നു. നമ്മുടെ ശരീരം ചിരിയില്‍ പങ്കുകൊള്ളേണ്ടതെങ്ങനെ എന്നു മറന്നുപോകുന്നു... ചിരികള്‍ വറ്റിപ്പോകുന്നു. 'മരുഭൂമികള്‍ ഉണ്ടാകുന്നത് ഇവ്വിധമാണ്' എന്ന് ധ്യാന്‍ വിശദീകരിക്കുന്നു. ചിരിവറ്റിയ മരുഭൂമികള്‍ നമുക്കു ചുറ്റും വ്യാപിക്കുന്നു. വിഡ്ഢിത്തത്തിന്‍റെ മതിലുകളെ ചിരികൊണ്ട് തകര്‍ത്തുകളയണമെന്നാണ് അദ്ദേഹം മനസ്സിലാക്കുന്നത്.
'ചലനാത്മകതയാണ് നമ്മുടെ വിശ്രാന്തികളെ കാമ്പുള്ളതാക്കുന്നത്' എന്ന് ധ്യാന്‍ നിരീക്ഷിക്കുന്നു. ദ്വന്ദ്വങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നമുക്ക് ചലനാത്മകത നഷ്ടമായിരിക്കുന്നു. 'ഉണര്‍വെന്ന നൈരന്തര്യതയില്‍, ദ്വന്ദ്വങ്ങള്‍ മാഞ്ഞുപോകുന്നു. ഉണര്‍വെന്ന നൈരന്തര്യതയില്‍, മാറ്റത്തിന്‍റെ അലകള്‍ അതിന്‍റെ എല്ലാ സൗന്ദര്യങ്ങളോടെയും സഹര്‍ഷം സ്വാഗതം ചെയ്യപ്പെടുന്നു; ആഴക്കടലിന്‍റെ പ്രാചീനമൗനത്തോടൊപ്പം' എന്ന് ധ്യാന്‍ അറിയുന്നു. തുടര്‍ച്ചയും ചലനവും ജീവിതത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. ആന്തരമായ ചലനവും പുരോഗമനവും ഇവിടെ സുപ്രധാനമാകുന്നു.
എല്ലാവരും ജീവീതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് ധാരാളം തടസ്സങ്ങള്‍ ഉണ്ടാകുന്നു. ഇത് മനുഷ്യനെ ഖിന്നനാക്കുന്നു. 'ആസ്വദിക്കുക എന്നാല്‍ ബോധവാനാകുക' എന്നും അര്‍ഥമുണ്ട്. 'തീര്‍ത്തും വര്‍ത്തമാനത്തില്‍ മാത്രം സംഭവ്യമായ ഒന്നാണ് ആസ്വാദനം. അതുകൊണ്ടാണ് ജീവിതം ഒരു കലയാവാതിരിക്കുമ്പോള്‍, ജീവനം (living‑) ഒരു കലയാവുന്നത്. ഈ കലയുടെ മൂലധാതുവാകട്ടെ ആസ്വാദനപാടവവും' എന്ന് ധ്യാന്‍ ശരിയായി തിരിച്ചറിയുന്നു. ജീവിതത്തെ ആഴത്തില്‍ അറിഞ്ഞ് ജീവിക്കുമ്പോള്‍ അത് ആസ്വാദനപൂര്‍ണ്ണമാകുന്നു.
'മത്സരമെന്നത് അദൃശ്യമായ മഹാമാരി' ആണെന്നാണ് ധ്യാന്‍ കാണുന്നത്. 'ജയപരാജയങ്ങള്‍' എന്ന പ്രയോഗങ്ങളിലൂടെയല്ലാതെ യാതൊന്നിനെയും നോക്കിക്കാണാന്‍ കഴിയാത്തവണ്ണം നമ്മുടെ ഇന്ദ്രിയങ്ങളൊക്കെയും രോഗഗ്രസ്ഥമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളില്‍ മത്സരത്തിന്‍റെ വിഷപടലങ്ങള്‍ അപായകരമായ അളവില്‍ കയറിക്കൂടിയിരിക്കുന്നു' എന്നതാണ് വാസ്തവം. എവിടെത്തിരിഞ്ഞു നോക്കിയാലും മത്സരം. അത് നമ്മെ ആത്യന്തികമായി അശാന്തിയിലേക്കു നയിക്കുന്നു. 'ഇല്ലാത്ത പന്തയത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നവരാണ് മനുഷ്യര്‍'. ചിലപ്പോള്‍ വിജയങ്ങളെക്കാള്‍ നമ്മെ വളര്‍ത്തുക പരാജയങ്ങളാണ്. ഈ വ്യക്തത വരുമ്പോഴാണ് പ്രവൃത്തികളില്‍ സ്നേഹപൂര്‍വം ഏര്‍പ്പെടാനാവുക.
'ഏതൊന്നിനെയും അതിന്‍റെ എല്ലാ പശ്ചാത്തലസ്വരൂപങ്ങളോടും കൂടി സ്വീകരിക്കുകയാണെങ്കില്‍, ശീലങ്ങളെപ്രതി തീര്‍പ്പുകള്‍ കല്പിക്കാതിരിക്കുകയാണെങ്കില്‍, ആ സന്ദര്‍ഭം നമ്മെ അടിമയാക്കുന്നില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത ഏതൊരു സന്ദര്‍ഭവും നമ്മില്‍ സ്നേഹത്തിന്‍റെ പൂമ്പൊടികള്‍ വിതറുന്നു - സ്നേഹത്തിന്‍റെ പൂമ്പൊടി ചേര്‍ക്കുമ്പോള്‍ സുന്ദരമാകാത്ത എന്തുണ്ട്? സൗന്ദര്യം ശാന്തിയേകിയില്ലെങ്കില്‍ മറ്റൊന്നിനും അതിനാവില്ല' എന്ന് പറയുമ്പോള്‍ ജീവിതത്തെ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിച്ച് മനോഹരമാക്കാനുള്ള മാര്‍ഗങ്ങളാണ് ധ്യാന്‍ കാണിച്ചുതരുന്നത്.
ധ്യാന്‍ തര്‍പണ്‍ 'സാക്ഷീപദം' എന്ന ഗ്രന്ഥത്തിലൂടെ നമുക്കു നഷ്ടപ്പെട്ട പലതും തിരിച്ചെടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയാണ്. ആന്തരമായ ഉണര്‍വില്ലാത്തവര്‍ യഥാര്‍ഥത്തില്‍ മരിച്ചവരാണ്. നമ്മെ ജീവിപ്പിക്കുന്ന ഉണര്‍വിലേക്കാണ് ധ്യാന്‍ ക്ഷണിക്കുന്നത്. ജീവിതത്തെ ആഴത്തില്‍ അറിഞ്ഞ് ജീവിക്കുമ്പോള്‍ അത് സുന്ദരമാകുന്നു. ജീവിതത്തെ സുന്ദരമാക്കുന്ന മാത്സര്യങ്ങള്‍ പെരുകുന്ന കാലത്ത് ധ്യാന്‍ ചൂണ്ടിക്കാണിക്കുന്ന വഴി പാരസ്പര്യത്തിന്‍റെ ശാന്തി വാഗ്ദാനം ചെയ്യുന്നു.
(സാക്ഷീപദം - ധ്യാന്‍ തര്‍പണ്‍, സ്വാത്മ പബ്ലിക്കേഷന്‍സ്)
ഉണര്‍വിലേക്കുള്ള പടവുകള്‍
ഡോ. റോയി തോമസ്
അസ്സീസി മാസിക മേയ് 2026
























