

ഒരു പുസ്തകത്തെ പറ്റി എഴുതാനൊരുങ്ങുമ്പോള്‍ 'സ്നേഹം'എന്ന വാക്ക് തിക്കിത്തിരക്കി മുന്നോട്ട് വരുന്നു. ആയത് എപ്പോഴും ഉന്നതതലത്തിലേക്ക് കുതിക്കുന്നുവെന്നും കീഴിലുള്ള യാതൊന്നും അതിനെ തടയാന്‍ അനുവദിക്കുകയില്ലെന്നും തോമസ് അക്കെമ്പിസിനെ വായിക്കുമ്പോള്‍ അറിയുന്നു.
Love will tend upwards and does not want to be detained by things on earth. Love wants to be free and alienated from all worldly affections so that its interior desire may not be hindered, entangled by any temporal interest, or cast down by any discomfort.
ഇത്ര മാത്രം എഴുതാന്‍ ഒരു പുസ്തകത്തിനുള്ളില്‍ ഒതുക്കിവച്ച കുടുംബ പുരാണമാണ് വഴി തെളിക്കുന്നത്. അവനവനെ മാറ്റി നിര്‍ത്തി കഥ പറയാനാണ് മനുഷ്യര്‍ക്ക് എന്നുമിഷ്ടം. പക്ഷെ ഇവിടെ അസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ പാകപ്പെട്ടു വന്ന വ്യക്തിത്വങ്ങള്‍ വലിയ തുറവിയോടെ 'രവി'യുടെ കഥ പറയാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുന്നു.
'എന്‍റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു' എന്ന പുസ്തകം വായിക്കുകയായിരുന്നു. കൈരളി ബുക്സ് ആണ് പ്രസാധകര്‍. രവി എന്ന ആനക്കുട്ടിയാണ് ഇതിലെ താരം. 1967 ല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ആനക്കൊട്ടിലില്‍ നിന്ന് ഡോക്ടര്‍ കുഞ്ഞമ്മ ജോര്‍ജിന്‍റെ പിതാവിന്‍റെ കാലില്‍ കുഞ്ഞു തുമ്പിക്കൈ കൊണ്ട് വട്ടം ചുറ്റി, ഹൃദയത്തില്‍ കേറിപ്പറ്റി അന്തിനാട് എന്ന ഗ്രാമത്തിലേയ്ക്ക് ഒന്നര വയസ്സു കാരന് രവി വന്നു. അന്നു മുതല്‍ ഒരു കാലഘട്ടത്തെ രവി കാലം തിരിച്ചു് അടയാളപ്പെടുത്തിയെന്നും എഴുത്തുകാരി കുറിക്കുന്നു. മുപ്പത് വര്‍ഷം രവി അവിടെ പാര്‍ത്തു.
പിതാവിന്‍റെ മരണശേഷം രവിയ്ക്ക് വീടു വിട്ട് പോകേണ്ടി വന്നു. 'എല്ലാ ഇറക്കിവിടലും എല്ലാ ഇറങ്ങിപ്പോക്കും ഒരു സ്നേഹത്തില്‍ നിന്നാണ് എന്നതാണ് ദുഖകരം. അത് കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന സങ്കടമോ ശൂന്യതയോ ഒക്കെയാകുന്നു എന്നത് അതിലും ദുഖകരം' എന്നും നൂറ്റി അമ്പത്തി മൂന്നാമത്തെ പേജിന്‍റെ അവസാന വാക്യത്തില്‍ വായിക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു.
സമ്പൂര്‍ണ്ണവും സമഗ്രവുമായ ആന വിശേഷങ്ങളും പരിപാലനവും വേര് പാടും പുനസമാഗമവും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തില്‍ നിര്‍മ്മലമായ ഹൃദയ വിചാരങ്ങളുടെ ഒഴുക്ക് ഉണ്ട്.. ഓര്‍മ്മകളുടെ പെരുവെള്ളപ്പാച്ചിലിനെ അതേ പോലെ ഒഴുക്കിവിട്ടിരിക്കുകയാണ്.
രവി നല്ല റേഞ്ച് ഉള്ളവനാണ്. അവനെ ലോകത്തില്‍ കറങ്ങി നടക്കാന്‍ അടുത്ത എഡിഷനില്‍ ഒരുക്കിക്കൂട്ടണം എന്നൊരു അപേക്ഷയുമുണ്ട്. ഇത് ജനപ്രിയതയുടെ കാലമാണ്. എങ്കിലും മനുഷ്യരുടെ കഥകള്‍ വാഴുന്ന പുസ്തകറാക്കുകളില്‍ നിന്ന് വരും കാലങ്ങളില്‍ ചിന്നം വിളിച്ച് കുട്ടിരവി ചാടിയിറങ്ങും.എന്തൊക്കെയാണ് അവനുവേണ്ടി ഒരുക്കി വച്ചിരിക്കുന്നത്? മനുഷ്യക്കുട്ടികളുടെ വളര്‍ച്ചയുടെ നാള്‍വഴികളെ വെല്ലുന്ന രീതിയില്‍ ഒരു ആനക്കുട്ടിയുടെ ഹെല്‍ത്ത് റെക്കോര്‍ഡ് ഒരിടത്ത് സൂക്ഷിക്കപ്പെടുന്നുണ്ട്. സ്ന േഹ പരിലാളനകള്‍ ഏറ്റുവാങ്ങി അവന്‍റെ പിഞ്ചു മനസ്സ് ആവേശം കൊള്ളുമ്പോള്‍ കുഞ്ഞിലേ അമ്മയെ നഷ്ടമായ ഒരു മദ്ധ്യ വയസ്കന്‍ ഉപാധികളില്ലാത്ത സ്നേഹ പ്രവാഹത്തില്‍ ബന്ധിതനാകുന്നുമുണ്ട്.
അവനോളം ആ വീട്ടില്‍ ആരും പിതാവിനാല്‍ സ്നേഹിക്കപ്പെട്ടിട്ടില്ലായിരുന്നു എന്നൊരു പരമ സത്യം എഴുത്തുകാരി കണ്ടെടുക്കുമ്പോള്‍ പ്രപഞ്ച സത്യങ്ങള്‍ക്കുമുന്‍പില്‍ കൈകള്‍ കൂപ്പുന്നു. അവന്‍റെ നട, അമരം, എടുപ്പുള്ള കൊമ്പുകള്‍, നിലവ്! എത്ര ഗംഭീരമാക്കി ആ പിതാവ് അവന്‍റെ ഓരോ പ്രവേശനോത്സവങ്ങളും!
മനസ്സ് തുടുത്തു വരുമ്പോഴാണ് എപ്പോഴും എഴുതാനിരിക്കുന്നതെന്ന് ഈ എഴുത്തുകാരി പറയാറുണ്ട്. രവി എന്ന ആനയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഡോക്ടര്‍ കുഞ്ഞമ്മയിലേയ്ക്ക് അനായാസം ആവേശിച്ച ബാല്യവും എന്നെ വിസ്മയിപ്പിക്കുന്നു. വല്ലപ്പോഴും സംസാരിക്കുമ്പോള്‍ സ്നേഹം'എന്ന വാക്ക് ഡോക്ടറുടെ നാവില്‍ നിന്ന് വരുമ്പോള്‍ അതിന്‍റെ ജ്വലനം ഞാനറിയാറുണ്ട്. മറ്റെല്ലാത്തിനെയും വകഞ്ഞു മാറ്റി രവിവിചാരങ്ങള്‍ ആകാശം തൊടുന്നുണ്ട്.
ഒരു ദേശചരിത്രത്തിന്‍റെ ഭാഗമായി ഈ പുസ്തകം മാറുമ്പോള്‍ കേവല വിവരണങ്ങള്‍ക്കപ്പുറം അത് ഒരു നാടിനെത്തന്നെ ഒരുമിച്ചു കൂട്ടുന്നുണ്ട്. പൊതുസമൂഹത്തിലോട്ടും സ്വന്തം മനസാക്ഷിയിലേയ്ക്കും ദാക്ഷിണ്യമില്ലാതെ വിരല്‍ ചൂണ്ടുന്നുമുണ്ട്. മറ്റൊരാള്‍ക്കും ഇതുപോലെ എഴുതാനാവില്ല. ഇതുപോലെ ആന വിശേഷങ്ങള്‍ അന്വേഷിച്ചു പോകാനുമാവില്ല. ഒരു മനുഷ്യേതര ജീവിയുടെ ഭ ൂമിയിലെ ജീവിതത്തെ വാക്കുകള്‍ കൊണ്ട് സമ്പന്നമാക്കി മറ്റാരും ഇതുപോലെ ഉള്ളില്‍ കൊണ്ടു നടന്ന് എഴുതി മോചനം പ്രാപിച്ചിട്ടുണ്ടാവുമില്ല.
എല്ലാമൊന്ന് അറിയാന്‍ എത്രത്തോളം കാലം നമുക്ക് പിന്നോട്ട് പോകണം.
വാരത്തിന്‍റെയും ഇറയത്തിന്‍റെയും ജനാലക്കമ്പിക്കിടയിലൂടെ മുതിര്‍ന്നവരുടെ ആലോചനകളുടെ നിഴലനക്കങ്ങള്‍ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കിയിരുന്ന് സന്ധ്യ വെട്ടത്തില്‍ കാര്യങ്ങള്‍ ഗ്രഹിച്ചെടുത്ത കുഞ്ഞു ബാലിക. പിതാവിന്‍റെ ചരമക്കുറിപ്പില്‍ പതിനൊന്നു മക്കളോടൊപ്പം പന്ത്രണ്ടാമനായി രവിയെയും കൂട്ടേണ്ടിയിരുന്നില്ലേ എന്നൊരു ഗദ്ഗദം പില്‍ക്കാലത്ത് ഉറക്കം കെടുത്തിയിട്ടുണ്ടു പോലും. അവള്‍, അന്നത്തെ ഒന്‍പതു വയസ്സുകാരി, സഹോദരന്‍ രവിയ്ക്കുവേണ്ടി ഒരു പുസ്തകം എഴുതിയപ്പോള്‍ ഒരാനയുടെ വ്യക്തിത്വവും വായിക്കുന്നവര്‍ക്ക് പിടികിട്ടും എന്നാണ് എഴുതിയിരിക്കുന്നത്. സത്യത്തില്‍ മനുഷ്യന്‍ എന്ന മഹാ പ്രതിഭാസത്തെയാണ് അല്പമെങ്കിലും പിടി കിട്ടിയത്. രവി എന്നത് എത്ര നല്ല പേരാണ്! ഭൂമി നിറയുന്നു!
ആനവിശേഷം
റോസ് ജോര്‍ജ്
അസ്സീസി മാസിക, ഡിസംബർ 2025





















