top of page

അപരനുമായുള്ള സംവാദം

Dec 4, 2024

3 min read

ഡോ. റോയി തോമസ്

book cover ninne njan kanichu tharam

'കടല്‍ ആരുടെ വീടാണ്' എന്ന കവിതാസമാഹാരത്തിനു ശേഷം മോന്‍സി ജോസഫ് എഴുതിയ കവിതകളാണ് 'നിന്നെ ഞാന്‍ കാണിച്ചുതരാം' എന്ന പുസ്തകത്തിലെ കവിതകള്‍. എല്ലാ കവിതകളും തന്നെ ആഖ്യാനകവിതകളാണ്. അല്ലെങ്കില്‍ കഥാത്മക കവിതകളാണ് എന്നു പറയാം. സ്വന്തം ഉള്ളിലെ അപരനുമായുള്ള സംഭാഷണങ്ങളും കലഹങ്ങളും കവിതയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. നാം ഒളിച്ചു വയ്ക്കുന്നു. അപരന്‍ നമ്മെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തു വരുന്നു. 'നിന്നെ ഞാന്‍ കാണിച്ചുതരാമെന്നു' പറയുന്നത് അകത്തുള്ള മറ്റൊരാളാണ്. അപരന്‍ പല രൂപത്തില്‍ പ്രത്യക്ഷനാകുന്നു. അവതാരികയില്‍ എം കമറുദ്ദീന്‍ കുറിക്കുന്നതുപോലെ 'ഈ കവിതകളെല്ലാം പേരില്ലാത്ത ഒരു മനുഷ്യന്‍റെ ആത്മഗതങ്ങളാണ്. അയാള്‍ ഇടവും വലവും നോക്കാതെ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും സഞ്ചരിക്കുന്നു'.


നമ്മളൊക്കെ ഇടയ്ക്കിടെ ആഗ്രഹിക്കുന്നതു പോലെ 'വേറെ എന്തെങ്കിലും ചെയ്യാന്‍ അയാള്‍ എപ്പോഴും ആഗ്രഹിച്ചു'. എന്നാല്‍ അര്‍ഥപൂര്‍ണ്ണമായതൊന്നും ചെയ്യാന്‍ കഴിയുന്നുമില്ല. നമ്മള്‍ ചെയ്യാനാഗ്രഹിക്കുന്നതല്ല മറ്റെന്തൊക്കെയോ ചെയ്ത് ജീവിതം തള്ളിനീക്കുന്നു. അതിന്‍റെ അതൃപ്തി ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അതാണ് സന്തോഷം ആഗ്രഹിക്കുന്നതു ചെയ്യാനുള്ള പ്രാപ്തി നേടുമ്പോഴാണ് വാഴ്വ് സാര്‍ഥകമാകുന്നത്.


അകത്തിരുന്നാരോ തന്നെ നിരന്തരം വെല്ലുവിളിക്കുന്നതായി ആഖ്യാതാവിനു തോന്നുന്നു. 'കാണിച്ചുതരാം' എന്നാണ് വെല്ലുവിളി. ഒരാളെ താന്‍ പിന്തുടരുകയാണോ അപരന്‍ തന്നെ പിന്തുടരുകയാണോ എന്നു സന്ദേഹിക്കുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ 'ഒറ്റക്ക് അടി കൂടുന്നവനായി' ആഖ്യാതാവ് നില്‍ക്കുന്നു. എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് അയാള്‍ക്കനുഭവപ്പെടുന്നു. അപരനുമായുള്ള മല്‍പ്പിടുത്തത്തില്‍ നിന്ന് മോചനമില്ല. ചിലപ്പോള്‍ അപരന്‍ അധീശത്വം കൈവരിക്കും. നിരന്തരമായ ഈ സംഘര്‍ഷം കവിതയെ വേറൊരു തലത്തിലെത്തിക്കുന്നു.


'ഇന്നാരെയാ കുരിശേല്‍ കേറ്റുന്നത് ' എന്ന് ഏവരും ചിന്തിക്കുന്നു. ആരൊക്കെയോ എന്നും കുരിശിലേറുന്നുണ്ട്. ദരിദ്രന്‍റെ ജീവിതം തന്നെ കുരിശാരോഹണമാണല്ലോ. എങ്കിലും സ്വന്തം പാട്ടു പാടാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് ഏവര്‍ക്കും സാധിക്കണമെന്നില്ല. സ്വന്തം പാട്ടു പാടി കടന്നുപോകുന്നവരാണ് ഭാഗ്യവാന്മാര്‍. സ്വന്തം പാട്ടു പാടാത്തവന്‍ സ്വന്തം ജീവിതം ജീവിക്കാത്തവനാണ്. അവനെ അശാന്തി പിന്തുടര്‍ന്നുകൊണ്ടിരിക്കും.


'ആരോ പറത്തുന്ന പട്ടം പോലെ ഉയര്‍ന്നുപൊങ്ങുന്ന'വന് ജീവിതത്തിന്‍റെ മേല്‍ നിയന്ത്രണമില്ല. അതാണ് സത്യത്തില്‍ ലോകജീവിതം. നമ്മുടെ ജീവിതത്തെ ആരെല്ലാമോ ചേര്‍ന്ന് നിയന്ത്രിക്കുന്നു. ജീവിക്കുന്ന ജീവിതവും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതവും തമ്മില്‍ നിരന്തരം സംഘട്ടനം നടക്കുന്നു. ഈ സംഘര്‍ഷം അശാന്തികള്‍ വിതയ്ക്കുന്നു.


'നിനക്കെന്താണ് വേണ്ടതെ'ന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നു. 'ഒരു കുമ്പിള്‍ സ്നേഹം' എന്ന് ആരോ ഉത്തരവും നല്‍കുന്നു. ഒരു പക്ഷേ ഒരിറ്റ് സ്നേഹത്തിന് എല്ലാ സംഘര്‍ഷങ്ങളെയും അകറ്റാന്‍ ശക്തിയുണ്ടാവാം. ആ സ്നേഹമന്വേഷിച്ചാണ് ഏവരും അലയുന്നത് എന്നും വരാം.


ചെറിയ ചെറിയ വഴികള്‍ വലിയ തിരിച്ചറിവിലേക്കു നയിക്കാം. ഉള്ളിലെ അപരനെ അഭിമൂഖീകരിക്കുമ്പോള്‍ അനേകം ചോദ്യങ്ങള്‍ കടന്നുവരുന്നു. 'ഇന്നേവരെ ആത്മീയത തലയില്‍ കയറിയിട്ടില്ലാത്തവന്‍' ഭൗതികമായ ദൈനംദിന കാര്യങ്ങളില്‍ വ്യാപൃതനാകുന്നു. ഈ വ്യാപാരങ്ങളിലെല്ലാം ആത്മസാന്നിധ്യമുണ്ടെന്നതാണ് വാസ്തവം. ആത്മീയതയ്ക്ക് പ്രത്യേക ആവാസസ്ഥാനമൊന്നുമില്ല. അത് നിരന്തരം നടത്തുന്ന അന്വേഷണവുമാണ്. അത് വ്യക്തിത്വത്തിലെ മറ്റൊരു മാനമാണ്. ആ അധികമാനമാണ് സ്വത്വത്തെ പ്രകാശിപ്പിക്കുന്നത്. ആത്മീയമാനം നഷ്ടമായവന്‍ ഭൗതികതയില്‍ മുഴുകി സ്വത്വം നഷ്ടമാക്കുന്നതാണ് ഇന്നിന്‍റെ വാഴ്വ്.

'ബിംബങ്ങള്‍ക്കിടയില്‍ മനുഷ്യനാവാന്‍' കഴിയുന്നതാണ് സുഖം. എല്ലായിടത്തും ബിംബങ്ങള്‍ നിറയുന്ന കാലത്ത് കവി അവയുടെ പെരുപ്പം കണ്ട് അസ്വസ്ഥനാകുന്നു. കാവ്യബിംബങ്ങളും പെരുകുന്നു. തുള്ളി കുടിക്കാനില്ലാത്ത അവസ്ഥയില്‍ എത്തി ചിരിക്കുന്നു. 'ആരുമൊരു ബിംബമോ പഴഞ്ചൊല്ലോ' ആകുന്നു. ഒരു ബിംബമാകാനാണോ നാം ശ്രമിക്കുന്നത്. ഇതൊരു സന്ദേഹമാണ്. സന്ദേഹിക്ക് ശാന്തി വിധിച്ചിട്ടില്ല. തലയ്ക്കു മേല്‍ ജ്വലിക്കുന്ന താരബിംബങ്ങള്‍ വഴിമുടക്കികളായി മാറുമോ?


പാഴ്വാക്കുകള്‍ പറയുന്നവന്‍ പാഴ്വാക്കനാകുന്നു. പൊള്ളവാക്കിന് ഉള്ളില്ല. വാക്കിന്‍റെ തൊണ്ടാണത്. ഒരു തൊണ്ടുപോലെ അയാള്‍ വെറുതെ കിടക്കുന്നു. പാഴ്വാക്കു പറയുന്നവന്‍ തൊണ്ടായി മാറുന്നു. പൊരുളറിയാത്തവന്‍. അങ്ങനെ ചിന്തിച്ചാല്‍ നാം കണ്ടുമുട്ടുന്നവര്‍ ഏറെയും 'പാഴ്വാക്കന്‍'മാരായിരിക്കും. കാലത്തിന്‍റെ നടുവില്‍ വെറുതെ കുന്തിച്ചു നില്‍ക്കുന്നവര്‍. താഴേയ്ക്ക് ഉരുട്ടിക്കളിക്കാനുള്ള കല്ലുകള്‍ തിരയുന്ന നാറാണത്തുഭ്രാന്തന്‍റെ 'പിന്‍ഗാമികള്‍'. വെറുംവാക്കുകള്‍ പുറത്തേക്കെറിഞ്ഞു നടക്കുന്നവര്‍. വാക്കിന് അര്‍ഥം വിനഷ്ടമാകുമ്പോള്‍ എല്ലാറ്റിനും പൊരുള്‍ നഷ്ടമാകുന്നു. ആന്തരിക പൊരുളുകള്‍ ആവഹിക്കാത്ത കാലത്തെ കവി തിരിച്ചറിയുന്നു.


എങ്ങോട്ടാണ് ഈ യാത്ര എന്നറിയാന്‍ കഴിയാത്തവന്‍റെ വ്യഥ ആരും തിരിച്ചറിയുന്നില്ല. നമുക്കു പോകാനുള്ള വണ്ടിയും കണ്ടെത്താന്‍ കഴിയുന്നില്ല. മറ്റേതോ വണ്ടിയില്‍ യാത്ര ചെയ്യേണ്ടിവരുന്ന ഗതികേടില്‍ ജീവിതം കൈക്കുമ്പിളില്‍ നിന്ന് വഴുതിപ്പോകുന്നു. ഇതു കണ്ടുനില്‍ക്കുന്നവന്‍റെ അമര്‍ഷം കവിതകളെ പൊതിഞ്ഞുനില്‍ക്കുന്നു.


ശ്രദ്ധയില്ലാത്തവന്‍റെ അക്ഷരങ്ങള്‍ വളഞ്ഞും പുളഞ്ഞും കാണപ്പെടുന്നു. അത് നിവര്‍ന്നുവരികയില്ല. അന്വേഷണങ്ങളും അങ്ങനെ കുരുങ്ങിക്കിടക്കുന്നു. ശ്രദ്ധ ചിതറിക്കുന്ന പലതും നമുക്കു ചുറ്റുമുണ്ട്. അത് പുതിയ കാലത്തിന്‍റെ കലങ്ങിമറിഞ്ഞ അവസ്ഥയാണ്. ശ്രദ്ധയും ഏകാഗ്രതയുമില്ലാത്തവന്‍റെ യാത്ര ലക്ഷ്യം മുന്നില്‍ കാണാത്തതാണ്. അതിന് ഒരുതരത്തില്‍ സ്വാതന്ത്ര്യവുമുണ്ട്. ശ്രദ്ധ മാറിവരുമ്പോള്‍ ലക്ഷ്യവും മാറിവരും. നിരന്തരപരിണാമിയായ ജീവിതത്തിന്‍റെ ചിത്രം ഇതള്‍ വിരിയുന്നു.


'സൗന്ദര്യം ഇല്ലാത്തത് ഒരു കുറ്റമല്ല'. എന്താണ് സൗന്ദര്യം എന്നതും ഒരു ചോദ്യമാണ്. ,സൗന്ദര്യവും വൈരൂപ്യവും പരസ്പരം മാറിപ്പോകാം. പുറമെയുള്ള ചന്തം മാത്രമാണോ സൗന്ദര്യം - ആന്തരമായ വൈരൂപ്യത്തെ മറച്ചു പിടിക്കുന്നതാണോ ബാഹ്യസൗന്ദര്യം? സുന്ദരമെന്ന് കാണുന്നത് അടുത്തെത്തുമ്പോള്‍ അസുന്ദരമാകുന്നു.


ഓരോ ദിവസവും ജീവിച്ചിരിക്കുന്നു എന്നുള്ളത് ഒരു ഭാഗ്യമാണ്. " ...ഉണരുമ്പോള്‍ 'ഭാഗ്യം, മരിച്ചിട്ടില്ല' എന്നതാണ് ആദ്യചിന്ത. മരിക്കാത്ത അവസ്ഥയാണോ ജീവിതം? ജീവിതത്തിന് മറ്റൊരു പൊരുളില്ലേ? നിലനില്പും ജീവിതവും വ്യത്യസ്തമല്ലേ? 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്നതാണോ ജീവിതം? ഉത്തരമില്ലാത്ത ഒന്നിനും ഉത്തരം കണ്ടെത്തുന്നത് കവിയുടെ ബാധ്യതയുമല്ല. 'ഉടലില്‍ ഉയിരിന്‍റെ വാക്കുകള്‍ പൊട്ടിമുളക്കുമ്പോള്‍' ജീവിതത്തിന്‍റെ സാധ്യതകള്‍ തെളിയുന്നു.


കവി കാണുന്നത് 'വെറും മനുഷ്യരെയാണ്. അവരുടെ ജീവിതവും യാത്രയും ആണ്. അവരുടെ അതിജീവന ശ്രമങ്ങളാണ്. അവിടെയാണ് ജീവിതം സ്പന്ദിക്കുന്നത്. വരേണ്യതയുടെ തട്ടകത്തിലല്ല കവിയുടെ വാസം. അതിന് വലിയ ഗൗരവമില്ല. സാധാരണമായ ജീവിതവഴികളിലാണ് കവി ജീവിതത്തിന്‍റെ സാധ്യതയും പൊരുളും ആരായുന്നത്.


'ഭൂമിയിലെല്ലാം മനുഷ്യന്‍റെ തോളില്‍ കൈയിട്ടു കൂട്ടുകൂടി നടന്നത്' ആഖ്യാതാവ് ഓര്‍ക്കുന്നുണ്ട്. ആ ഓര്‍മ്മ തന്നെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നതാണ്. ടി.വി. രാജീവനെ ഓര്‍ക്കുമ്പോള്‍ സ്നേഹത്തിന്‍റെ, കരുതലിന്‍റെ, ചിന്തയുടെ വേളകള്‍ ഓടിവരുന്നു. കടന്നുപോയവന്‍ അവശേഷിപ്പിച്ചില്ല വെളിച്ചത്തിന്‍റെ തരികള്‍...


"അറിഞ്ഞതെന്തോ ഒന്ന് അനുഭവിക്കാന്‍,

അനുഭവിച്ചതെന്തോ അത്

നിന്‍റെയുള്ളില്‍ നിന്നും കേള്‍ക്കാന്‍"


ആഗ്രഹിക്കുന്ന ഓര്‍മ്മകളില്‍ അഭയം തേടുന്നു. മനുഷ്യന് ഇത്രയും ഓര്‍മ്മ പാടില്ല എന്ന ചിന്തയും കടന്നുവരുന്നുണ്ട്. ഓര്‍മ്മ നഷ്ടമായവന് ജീവിതവും നഷ്ടമാകുന്നു എന്നതാണ് വാസ്തവം. ജീവിതത്തിന് ഓര്‍മ്മയുമായി അഗാധബന്ധമുണ്ട്. ഇത്തിരി വിസ്മൃതി കിട്ടാന്‍ കഷ്ടപ്പെടുന്നവരെയും കവി കാണാതിരിക്കുന്നില്ല.

മനുഷ്യബന്ധങ്ങള്‍ തന്നെയാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നത്.


"മനുഷ്യര്‍ തന്നെയാണ് എന്‍റെ ഉത്സവം

നമ്മള്‍ സ്നേഹിച്ചിരിക്കുമ്പോള്‍

ദൈവം പമ്മി കടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്."

മനുഷ്യര്‍ സ്നേഹിച്ചിരിക്കുന്നിടത്താണ് ദൈവമുള്ളത്. വിദ്വേഷവുമായി ദൈവത്തിന് ചാര്‍ച്ചയില്ല.

'മനുഷ്യര്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍

ഉള്ളിന്‍റെ ഉള്ളിലെ ചൈതന്യം

തേനൂറുന്നതു പോലെ ഊറിവരും'

എന്നെഴുതുമ്പോള്‍ നാം ചിലതെല്ലാം തിരിച്ചറിയുന്നു. മറ്റൊരു മനുഷ്യഹൃദയത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന, സ്നേഹത്തിന്‍റെ അവസാനത്തെ തുരങ്കത്തിലൂടെ നടന്നുപോകാന്‍ ആഗ്രഹിക്കുന്ന, ആഖ്യാതാവ് മറ്റൊരു യാത്രയിലാണ് എന്നു നാം തിരിച്ചറിയുന്നു.


'സ്നേഹത്തിന്‍റെ അടുത്ത് മുട്ടിയുരുമ്മി

വെറുപ്പും ഉറങ്ങുന്നുണ്ട്

അത് ഓര്‍മ്മ വേണം' എന്നും കവി ഓര്‍മ്മിക്കുന്നുണ്ട്.

'നിന്നെ ഞാന്‍ കാണിച്ചുതരാം' എന്ന പുസ്തകത്തിലെ കവിതകള്‍ ആത്മസംവാദത്തിന്‍റെ കവിതകളായി വിവക്ഷിക്കുന്നു. സൂക്ഷ്മശ്രുതികളാണ് കവി കേള്‍പ്പിക്കുന്നത്. ആലഭാരങ്ങളില്ലാത്ത കാവ്യഭാഷ സൂക്ഷ്മതകള്‍ കണ്ടെടുക്കുന്നു. സ്വയം നടത്തുന്ന സംവാദങ്ങള്‍ അപരനെ കണ്ടെത്താനും തിരിച്ചറിയാനും ഉള്ള ശ്രമം കൂടിയാണ്. അപരന്‍റെ സാന്നിധ്യം കവിതകള്‍ക്ക് അധികമാനം നല്‍കുന്നു.

(നിന്നെ ഞാന്‍ കാണിച്ചുതരാം - മോന്‍സി ജോസഫ്, മാതൃഭൂമി ബുക്സ്)

Featured Posts