റോണിയ സണ്ണി
Dec 10, 2024
'പുതിയതും പുരാതനമെന്നും പറയുവാന്‍ ഒന്നുമില്ല. എല്ലാം ഇപ്പോള്‍ ഇവിടെയുണ്ട് എന്നതാണ് പ്രധാനം. ഓരോ ഹൃദയമിടിപ്പും പോലെ ഇപ്പോള്‍ ഇപ്പോള്‍ മാത്രം സംഭവിക്കുന്നത്. ജസ്റ്റ് ബി എ മീനിങ്'
പക്ഷി പാതാളത്തിന്‍റെ കന്യാ വനങ്ങളില്‍ ഉറങ്ങിയും ഉണര്‍ന്നും കിടക്കുന്ന ലെവിന്‍ എന്ന കഥാ പാത്രത്തിന്‍റെ സാമീപ്യം അടയാളപ്പെടുത്തി കൊണ്ടാണ് ഇദം പാരമിതം ആരംഭിക്കുന്നത്. എഴുത്തു വഴികളില്‍ എവിടെയോ വച്ച് ആകസ്മികമായി വീണു കിട്ടിയ ലെവിന്‍ എന്ന പേരിന്‍റെ അര്‍ത്ഥം തന്നെ friendliness (സൗഹൃദം) എന്നാണ്. ഒരിക്കലും അവസാനിക്കാത്ത വന്നുപോയും ഇരിക്കുന്ന സൗഹൃ ദങ്ങളുടെ കഥ കൂടിയാണ് ഇദം പാരമിതം. ആരും ആരുടെയും മേല്‍ അധികാരം സ്ഥാപിക്കുന്നില്ല. അധിക സങ്കീര്‍ണതകളുടെ പരിസരങ്ങളും സൃഷ്ടിക്കുന്നില്ല. എന്നാലും ഈ സൗഹൃദ കൂട്ടായ്മകള്‍ ഒക്കെ ഏകതാനങ്ങളാണ്.
ഇദം പാരമിതം വി ജി തമ്പിയുടെ ആദ്യ നോവലാണ്. മുപ്പത്തിലധികം വര്‍ഷങ്ങളുടെ തപസ്യ. അത്ര തന്നെ മഹത് വ്യക്തിത്വങ്ങളുടെ ഇടപെടലുകള്‍,. ഓരോ കല്ലും മാറ്റി വച്ച് പണിഞ്ഞെടുത്ത ആകര്‍ഷകമായ സൗധമാണ് ഈ നോവല്‍ എന്ന് വി ജി തമ്പി മാഷ് വിനീത നാകുന്നു.. 'മഹുവാ പൂക്കളുടെ ഗന്ധം 'എന്ന ആഷാ മേനോന്‍റെ സാമാന്യം നീണ്ട അവതാ രികയില്‍ ഞാന്‍ കൗതുകം കൊണ്ടു. എന്നാല്‍ വായനയില്‍ ഉടനീളം ഗന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഈ നോവല്‍ നല്‍കുന്നുണ്ട് എന്നു മനസ്സിലായി. ലെവിന്‍റെ ചന്ദന ഗന്ധമുള്ള ശരീരത്തെക്കുറിച്ച് ഈ നോവലിലെ പല കഥാ പാത്രങ്ങളും പരാമര്‍ശിക്കുന്നുണ്ട്. അതൊരു പക്ഷെ അവന്‍റെ ആത്മാവില്‍ അവര്‍ കണ്ടെ ത്തിയ സുഗന്ധമാവാം. Patrik Suskind ന്‍റെ Perfume എന്ന നോവലില്‍ ആവിഷ്കരിക്കുന്ന ഗന്ധങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പാരമിതം വാസനിപ്പിക്കുന്ന ഗന്ധങ്ങള്‍ വായനക്കാരുടെ ശ്വാസ ത്തില്‍ നിന്ന് ഒരിക്കലും അകന്നു നില്‍ക്കുന്നില്ല. 'സൗഖ്യത്തിന്‍റെ പ്രയാഗ' എന്ന ബോബി ജോസ് കപ്പൂച്ചിന്‍റെ ചെറിയൊരു (concise and precise) ആസ്വാദനകുറിപ്പ് ഈ പുസ്തകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുണ്ട്... ഈ പുസ്തകത്തെ ക്കുറിച്ച് ആധികാരികമായ ഒരു കുറിപ്പ് തയ്യാറാക്കണമെങ്കില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും ഈ പുസ്തകം വായിക്കണം എന്ന ബോധ്യം ഞാന്‍ പങ്കുവയ്ക്കുന്നു.
ഈ നോവല്‍ ഞാന്‍ വാങ്ങി വായിച്ചവസാനിപ്പിച്ചിട്ട് ഒരു മാസത്തിലധികമായി. ഇതിനെക്കുറിച്ച് ഒന്നും തന്നെ എഴുതേണ്ടതില്ലെന്ന ബലം പിടുത്തത്തിലായിരുന്നു ഞാന്‍. കാരണം എഴുതിയവരെല്ലാം അത്രയും മഹാന്മാരാണ്. പല ചര്‍ച്ചകള്‍ നടന്നു. ചിലരിതിനെ സന്യാസത്തെ മാറ്റിയെഴുതുന്ന പുസ്തകമെന്ന് അടയാളപ്പെ ടുത്തി. 'മറക്കാതിരിക്കാന്‍ ഉള്ള ജാഗ്രതയാണ് സന്യാസം' എന്ന് ഈ പുസ്തകം പറയുന്നുണ്ട്. നിലയ്ക്കാത്ത സഞ്ചാരത്തിന്‍റെ പുസ്തകം എന്ന് മറ്റു ചിലര്‍. സൗന്ദര്യമുള്ള സൗഹൃദങ്ങളുടെ പുസ്തകമെന്ന് ഇനിയും ചിലര്‍. ഉടമ്പടികള്‍ ഇല്ലാത്ത, ബന്ധനങ്ങള്‍ ഇല്ലാത്ത അറിവും പ്രകാ ശവും വിതറുന്ന പല പല സൗഹൃദങ്ങളെ ലെവിനുമായി ബന്ധപ്പെട്ട് ഈ നോവലില്‍ നാം കണ്ടുമുട്ടുന്നുണ്ട്. സ്വാതന്ത്ര്യത്തെക്കാള്‍ വലുതായി ബന്ധങ്ങളില്‍ മറ്റെന്തുണ്ട്? എന്ന നോവലിസ്റ്റിന്‍റെ തുറന്നെഴുത്തുണ്ട് ഇതില്‍.
നിക്കോസിന്‍റെ സോര്‍ബയോളം സ്വതന്ത്രനായി സന്തോഷിച്ച് ആനന്ദിച്ച് ശ്രീ ബുദ്ധന്‍റെ അര്‍ദ്ധ സ്മിതവും ചുണ്ടിലേറി കടന്നു പോകാന്‍ എത്ര പേര്‍ക്കാവും. സോര്‍ബ.. സോര്‍ബയുടെ ഒരു ഛായ ലെവിനിലുണ്ട്. തീര്‍ച്ച. ഈ ഭൂമിയില്‍ അലയുന്ന ഓരോ മനുഷ്യന്‍റെയും സ്വപ്നമാണ് സോര്‍ബയെ പോലെ ജീവിതം ആസ്വദിച്ചു ജീവിച്ചു മറഞ്ഞു പോവുക എന്നത്. ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള ചൂണ്ടുപലക കള്‍ ഈ പുസ്തകത്തില്‍ ധാരാളമായി കാണാന്‍ കഴിയും, ശ്രദ്ധിച്ചു വായിച്ചു മുഴുവനാക്കുന്നവര്‍ക്ക്. ഓരോ വായനക്കാരനും ഇതിലെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇതെന്‍റെ തന്നെ അലച്ചിലുകള്‍ അല്ലേ, എന്‍റെ തന്നെ കരച്ചില്ലുകള്‍ അല്ലേ, എന്‍റെ തന്നെ ഉന്മാദങ്ങള്‍ അല്ലേ എന്നൊക്കെ തോന്നിയാല്‍ അതിശയം പറയാന്‍ ആവില്ല. ആത്യന്തികമായി ഈ നോവല്‍ ഉള്ളിന്‍റെയുള്ളില്‍ വളരെയധികം മുറിവുകള്‍ ഏറ്റിട്ടുള്ള ലെവിന്‍ എന്ന യുവാവിന്‍റെ അകത്തേക്കും പുറത്തേക്കുമുള്ള സൂക്ഷ്മ സഞ്ചാരങ്ങളുടെ കഥയാണ്. ഈ യാത്രയില്‍ അയാള്‍ പലതിനെപ്പറ്റിയും ബോധവാനാകുന്നു. ജീവിതം സൗഹൃദങ്ങളുടെയും, പ്രണയത്തിന്‍റെയും, മരണത്തിന്‍റെയും, സന്തോഷങ്ങളുടെയും, ദുഃഖങ്ങളുടെയും, ആനന്ദങ്ങളുടെയും ആകെത്തുകയാണെന്ന്. ഒടുവില്‍ സ്വസ്ഥമായ നിര്‍വാണത്തിനുള്ള അയാളുടെ യാത്ര പിന്നെയും തുടരുകയാണ്. ആത്മാവിന്‍റെ ഉള്‍പ്പിടച്ചിലുകള്‍ ഈ നോവലില്‍ ആദ്യന്തം അനുഭവിച്ചറിയാം.
വ്യത്യസ്തമായ സ്വതന്ത്ര ചിന്തകളുള്ള കുറെ സ്ത്രീകളെ ലെവിന് ചുറ്റും നമ്മള്‍ പരിചയപ്പെടുന്നുണ്ട്. രണ്ട് അമ്മമാര്‍. പൂജ, സമരിയ, റോസെറ്റ, റൂത്ത്, മിത്ര, നക്ഷത്ര അലീന ഫാത്തിമ ദീദി, ജൂലിയ,. ഇവരില്‍ ആരും തന്നെ മുന്‍ നിശ്ചയപ്രകാരം ലെവിന്‍ കൂടെ കൂട്ടു ന്നവരല്ല. എഴുത്തുകാരന്‍റെ മനസ്സ് എഴുതുന്നത് ഇവയെല്ലാം happenings, അഥവാ 'സംഭവിക്കല്‍' എന്നാണ്. പൂജയെക്കുറിച്ചും സമരിയയെക്കുറി ച്ചുമുള്ള പരാമര്‍ശങ്ങള്‍ തുടക്കത്തിലേ ഉണ്ട്. പൂജയും സമരിയയും രണ്ടു തരം പ്രത്യേകതക ളുള്ള യുവതികളാണ്. ലെവിന്‍റെ ചന്ദനസുഗന്ധ മുള്ള ശരീരത്തെ പൂജയെന്ന ഈ റിസേര്‍ച്ചര്‍ ഓര്‍മ യില്‍ സൂക്ഷിച്ചിട്ടുണ്ട്. സമരിയയും. രണ്ടു പേരും രണ്ടു വിഷയങ്ങളില്‍ റിസര്‍ച്ച് ചെയ്യുന്നവര്‍.. സമരിയായെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അവളയച്ച കത്തുകളുടെ, അവള്‍ക്കയക്കാന്‍ ലെവിന്‍ എഴുതി വച്ചിരിരിക്കുന്ന കത്തുകളുടെയും പരാമര്‍ശത്തോടെ യാണ്. എല്ലാ കത്തുകളും നുറുക്കി അഗ്നിക്കിരയാ ക്കാതെ മണ്ണിലേക്കുതന്നെ ലെവിന്‍ കൈമാറുക യാണ്. ഹേമന്ത് എന്ന യുവാവിന്‍റെ ആഴമില്ലാത്ത പ്രണയത്തില്‍ കുടുങ്ങിപ്പോയ സമരിയ... സമരിയ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവള്‍.... രണ്ടു മത ബോധ്യങ്ങള്‍ ഉള്ള അരുണക്കും ജോവലിനും ജനിച്ച പുത്രി സമരിയ.. അമ്മ ഒരു തുള്ളി ബുദ്ധ ബോധ്യമാണ് അവളില്‍ തളിച്ചത്.. അച്ഛന്‍ യേശു ബോധവും.. അങ്ങനെ ബുദ്ധന്‍റെയും യേശുവി ന്‍റെയും നടുവില്‍ കിടന്നുറങ്ങുന്ന സമരിയയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു.. കഥയുടെ അന്ത്യ ത്തില്‍ പൊലിഞ്ഞുപോയ സമരിയയുടെ ചിതാ ഭസ്മവും കയ്യിലേന്തി നില്‍ക്കുന്ന ലെവിനില്‍ തീര്‍ച്ചയായും മുറിവേറ്റ യേശുവിന്‍റെ നിഴല്‍ വീണു കിടപ്പുണ്ട്. ഈ നോവലിലെ മിക്ക പ്രധാന കഥാ പാത്രങ്ങളും ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്.. അങ്ങനെയെങ്കില്‍ ലെവിന്‍റെ അമ്മയില്‍ തീര്‍ച്ച യായും ഞാന്‍ കാണുന്നത് കന്യാമറിയത്തെ ആണ്.
ലെവിന്‍റെ നീണ്ടയാത്രകള്‍ പിരമിഡുകള്‍ മുതല്‍ ഹിമാലയം വരെ നീളുന്നുണ്ട്. ഗംഗയും, പ്രയാ ഗയും, ശിവകാശിയും വാരാണസിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ യാത്രകളുടെ സൂക്ഷ്മമായ വിവരണങ്ങള്‍ എഴുത്തുകാരന്‍റെ സ്വന്തം കാഴ്ച കളില്‍ നിന്നും പിറന്നവയാകണം. ഇവിടെ ലെവിനൊപ്പം കടന്നു പോകുന്ന ധാരാളം പ്രത്യേകതകളുള്ള വ്യക്തിത്വങ്ങള്‍ ഉണ്ട്. ഹേമന്ത്, അയൂബ്, ലിയോഅച്ചന്‍, ഫാറൂഖ്, സുലൈമാന്‍ സായിദ്, ഗുരു യതി, ദലൈലാമ കൃഷ്ണമൂര്‍ത്തി,. ഓഷോ രജനീഷ് ബുദ്ധന്‍.. ഇവരുടെയൊക്കെ ജീവിത വീക്ഷണങ്ങളെകുറിച്ചുള്ള നീണ്ട സംവാദങ്ങള്‍ ഉണ്ട്.
ഈ പുസ്തകത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ മനസ്സില്‍ കടന്നു കൂടിയ ഒരു ധാരണയുണ്ട്. ഈ പുസ്തകം വായനയ്ക്ക് കഠിന മായിരിക്കുമെന് നും ഞാനിത് വായിച്ചുതീര്‍ക്കാന്‍ ഇടയില്ലെന്നും. ആദ്യ ചില അദ്ധ്യായങ്ങളില്‍ ചെറു തായി ഒന്നു തടഞ്ഞു നിന്നെങ്കിലും പിന്നീടത് ഒരൊഴുക്കായി, പ്രളയമായി ശാന്തമായിത്തന്നെ കടലില്‍ പതിക്കുകയാണ്. വായനക്കാര്‍ക്ക് എന്തു വേണമോ ആ മുത്തുകള്‍ വായനയില്‍ തടയും. അതു ശേഖരിക്കുക.. ഓര്‍മ്മയില്‍ വയ്ക്കേണ്ട ധാരാളം നല്ല ഉദ്ധരണികള്‍ ഉണ്ടിതില്‍. ഒന്നും കോറിയിടുന്നില്ല. എന്നാലും ഒന്ന് എഴുതിയേ മതി യാവൂ ' മരിച്ച എല്ലാ ശരീരങ്ങള്‍ക്കും ഒരേ ശാന്തി യാണ്, ചിതയില്‍ എരിയുന്ന എല്ലാ കഥകള്‍ക്കും ഒരേ ശാന്തിയാണ്.'
മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ പിന്നിട്ട ലെവി ന്‍റെ യാത്ര മഹാപ്രസ്ഥാനത്തിന്‍റെ ഛായകളുള്ള എല്ലാ യാത്രകളുടെയും നിഴലിനു ള്ളിലൂടെ തുടരുകയാണ്.... ആമേന്‍