top of page
ചില മനുഷ്യര്‍ അങ്ങനെയാണ്. അവരില്‍ നിങ്ങളെ ആകര്‍ഷിച്ചത് എന്താണെന്നു ചോദിച്ചാല്‍ ആദ്യം നിങ്ങള്‍ ഒന്നു പകയ്ക്കും. എന്തുകൊണ്ടെന്നാല്‍, ഈ ലോകം നല്‍കുന്ന വിജയകൊടികള്‍ ഒന്നും തൂവലായി അവര്‍ക്ക് ഉണ്ടാവില്ല. കാരണം, അവര്‍ ഈ ലോകത്തിന്‍റേതല്ല. ഒരു കഥ ഓര്‍മ്മ വരുന്നു.
പാതിവഴിയില്‍ സന്യാസം ഉപേക്ഷിച്ച് അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ പട്ടിണി സഹിക്കാതായപ്പോള്‍ ഗ്രാമത്തിലെ സമ്പന്നന്‍റെ വീട്ടില്‍ചെന്ന് ഒരു ജോലി തരാമോ എന്നു ചോദിച്ച അവധൂതന്‍. അപ്പോള്‍ ധനികനായ അദ്ദേഹം ചോദിച്ചു നിങ്ങള്‍ ആരാണ്. നിങ്ങള്‍ക്ക് എന്തൊക്കെ ജോലികള്‍ അറിയാം. ആ മനുഷ്യന്‍ ഒരു നിമിഷം നിശബ്ദനായി. ഞാന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമന്വേഷിച്ചാണ് ഇക്കാലമത്രയും അലഞ്ഞത്. പിന്നെ അറിയാവുന്ന ജോലികള്‍..... ജീവിതകാലമത്രയും അകംപൊരുള്‍ അന്വേഷിച്ച് ജീവിച്ച എനിക്ക് അറിയാവുന്ന തൊഴിലുകള്‍ എന്താണ്....? അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം അയാള്‍ പറഞ്ഞു. എനിക്കൊന്നറിയാം, എനിക്കു സ്നേഹിക്കാനറിയാം, എനിക്കു ക്ഷമിക്കാനറിയാം, പിന്നെ കാത്തിരിക്കാനറിയാം. ഇതുകേട്ട ധനികന്‍ പുഛത്തോടെ പൊട്ടിച്ചിരിച്ചു. കഥ അവിടെ നില്‍ക്കട്ടെ. പ്രസംഗത്തിന്‍റെയും ഡിഗ്രികളുടെയും, അധികാരത്തിന്‍റേതുമായ ഈ ലോകത്ത് ഇതൊന്നുമില്ലാതെ വളരെക്കുറച്ച് സംസാരിച്ച്, സംസാരിച്ചതുമാത്രം പ്രവര്‍ത്തിച്ച് നിത്യതയിലേയ്ക്ക് മറഞ്ഞ ജോസഫച്ചന്‍ നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത് ലോകം കീഴടക്കാനല്ല മറിച്ച്, നിനക്ക് നിന്നെത്തന്നെയല്ലാതെ മറ്റൊന്നിനെയും ഈ ലോകത്ത് കീഴടക്കാനില്ല എന്ന ബോധ്യവും, നിന്നിലെ നിന്നെ കീഴടക്കിയാല്‍പിന്നെ ഈ ലോകത്ത് മറ്റൊന്നിനെയും കീഴടക്കാന്‍ നിനക്കില്ല എന്ന വലിയ തിരിച്ചറിവുമാണ്. അത് നമ്മെ പഠിപ്പിക്കാന്‍ സ്വീകരിച്ച ശൈലിയാണ് ജോസഫച്ചനെ വ്യത്യസ്ഥനാക്കുന്നത്. സ്വന്തം ജീവിതംതന്നെ ഒരു പരീക്ഷണശാലായാക്കിമാറ്റി, തന്‍റെ അനുദിനജീവിതത്തിലും, കര്‍മ്മമേഖലയിലും ഇത് പരീക്ഷിച്ചു. വേഗതയുടെ ഈ ലോകത്ത് കഥയിലെ അവധൂതനെപ്പാലെ പരിഭവമില്ലാതെ കാത്തിരിക്കുവാനും, മറ്റുള്ളവരിലേയ്ക്ക് ഒരു സ്നേഹപ്രവാഹമായി ഒഴുകുവാനും കരുണാര്‍ദ്രമായി ക്ഷമിക്കുവാനും മാത്രമറിയുമായിരുന്ന ഒരു യോഗിവര്യന്‍. മണിമല ചെറുവള്ളി എന്ന സ്ഥലത്ത് കൊച്ചുമുറിയില്‍ വര്‍ക്കി-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. 30 വയസ്സുവരെ പാരലല്‍കോളേജ് അധ്യാപകന്‍. പിന്നീട് കപ്പുച്ചില്‍ സഭാംഗമായി എളിയവരില്‍ എളിയവനായി ജീവിച്ച് 83-ാം വയസ്സില്‍ ബ്രഹ്മത്തില്‍ വിലയം പ്രാപിച്ച കെ.വി. അച്ചന്‍ എന്ന വിളിപ്പേരിലറിയപ്പെട്ട നമ്മുടെ പ്രിയപ്പെട്ട കെ.വി.ജോസഫച്ചന്‍.
കുരിശുമല ആശ്രമത്തിലെ നിര്‍മ്മലാനന്ദനച്ചനാണ് ജോസഫച്ചനെ പരിചയപ്പെടുത്തിത്തന്നത്. ആത്മീയവഴിയുടെ ഭരതീയശൈലിയില്‍ യാത്രചെയ്യുന്ന ജോസഫച്ചനെ പരിചയപ്പെടുത്തിയപ്പോള്‍ നിര്‍മ്മലാനന്ദനച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏതു ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരംതരുന്ന മനുഷ്യനാണ്. ആ കണ്ടുമുട്ടല്‍ വലിയൊരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു. ഒരു പരിണാമപ്രക്രിയയുടെ ആരംഭമായിരുന്നു. ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ എന്നിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയല്ല ചെയ്തത് മറിച്ച്, എന്നില്‍നിന്നും ചോദ്യങ്ങള്‍ അപ്രത്യക്ഷമാകുയാണ് ചെയ്തത്. നമ്മോടുതന്നെയുള്ള വിശദീകരണത്തിന്‍റേതാണ് നമ്മുടെ എല്ലാ സഞ്ചാരങ്ങളും സംവാദങ്ങളും. നമ്മള്‍ ജയിച്ചു എന്നു കരുതുന്നത് ഉള്ളിലെ ആശകളുടെ കുരിശുമലകളിലൊന്നില്‍ നാം കയറിപ്പറ്റിയതിന്‍റെ സുഖത്തെക്കരുതിയാണ്. പരാജയമെന്നു നിനയ്ക്കുന്നത് നാം പടുത്തുയര്‍ത്തിയ ഉള്ളിലെ ആശകളുടെ മലകളിലൊന്നില്‍നിന്നും കാലിടറി വീണതിനെക്കരുതിയും. ഇതുരണ്ടും നിത്യാനന്ദത്തിലേയ്ക്ക് നമ്മെ നയിക്കയില്ലെന്ന സത്യം മനസ്സിലാക്കുന്നതാണ് ആനന്ദകരമായ ജീവിതത്തിലേയ്ക്കുള്ള ഒന്നാമത്തെ ചുവടുവയ്പ്.
ഇടവേളകളിലും ഒഴിവുസമയങ്ങളിലും അച്ചനുമായി ധാരാളം യാത്രകള്‍ നടത്തി. അച്ചന്‍റെ ഇഷ്ടഇടമായിരുന്നു വാഗമണ്‍ മൂണ്‍മലയിലെ കാക്കൂച്ചന്‍സ് ഹെറിറ്റേജ്. ഒരിക്കല്‍ മലമുകളിലെ കൂടാരത്തില്‍ മഞ്ഞിനോടും ഇളംകാറ്റിനോടും ലയിച്ച് ഒന്നായിരുന്നപ്പോള്‍ പെട്ടെന്ന് വലിയ കാറ്റും മഴയുംകാരണം വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. അപ്പോള്‍ അച്ചന്‍ ചോദിച്ചു എന്താണ് ഒരു ബള്‍ബിന്‍റെ ദുഃഖം. അദ്ദേഹം വിശദീകരിച്ചു. താന്‍ കൊടുക്കുന്ന പ്രകാശത്തിന്‍റെ ചാരത്തിരുന്ന് മനുഷ്യന്‍ അകൃത്യം കാണിക്കുന്നത് ബള്‍ബിന്‍റെ ദുഃഖമല്ല. മറിച്ച് ബള്‍ബിന് പ്രകാശിക്കണമെങ്കില്‍ അതിന്‍റെ ഊര്‍ജ്ജസ്രോതസ്സുമായി ബന്ധംവേണം. ആ ബന്ധം നഷ്ടപ്പെടുന്നതാണ് ബള്‍ബിന്‍റെ ദുഃഖം. അതുപോലെ നിന്നില്‍ വസിക്കുന്ന പ്രകാശകണികയ്ക്ക് അതിന്‍റെ സ്രോതസ്സുമായി ബന്ധം നഷ്ടപ്പെടുന്നതാണ് നിന്‍റെ ഏറ്റവും വലിയ നഷ്ടം. എത്രവലിയ ഒരു ചിന്തയാണ് ഏറ്റവും ലളിതമായ ശൈലിയിലൂടെ അച്ചന്‍ പറഞ്ഞുവയ്ക്കാന്‍ ശ്രമിച്ചത്.
നാലു ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചാല്‍ നമുക്ക് ആനന്ദത്തില്‍ ജീവിക്കാം എന്ന് അച്ചന്‍ എപ്പോഴും പറയുമായിരുന്നു. നീ ആരാണ്, നീ എവിടെനിന്നു വരുന്നു, നീ എവിടേയ്ക്കു പോകുന്നു, എന്താണ് നിന്‍റെ ലക്ഷ്യം. ശരീരം സ്വീകരിക്കുന്നതിനു മുമ്പും ഞാനുണ്ടായിരുന്നുവെന്നതിന് അബ്രഹാമിനു മുമ്പും ഞാനുണ്ടായിരുന്നുവെന്ന ക്രിസ്തുവിന്‍റെ വാക്ക് ഏറ്റവും വലിയ തെളിവായി അച്ചന്‍ പറയുമായിരുന്നു. 'ഞാന്‍', ശരീരം സ്വീകരിച്ച ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ഒരു കണികയാണ്. അത് സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് ഈ സര്‍വ്വപ്രപഞ്ചവുമായാണ്. ഈ വലിയ സത്യം നമ്മില്‍നിന്നും മറയ്ക്കപ്പെടുന്നത് നമ്മിലെ അജ്ഞതയാണ്. ഈ അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. നമ്മുടെ ഹൃദയതാളവും, ഈ പ്രപഞ്ചത്തിന്‍റെ താളവും ഒന്നാണ്. ഹൃദയതാളത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാധന പ്രപഞ്ചതാളത്തിലേയ്ക്കു നമ്മെ എത്തിക്കും. നമ്മിലെ വാസനകള്‍ എന്തുമാകട്ടെ; അതിനെ ധ്യാനത്തിലൂടെ സംസ്കരിച്ചെടുക്കുന്നതാണ് നമ്മുടെ ആത്മീയത. നമ്മുടെ വാസനകളെ വിസ്മരിച്ചുകൊണ്ട് നാം പടുത്തുയര്‍ത്തുന്ന ആത്മീയത വെറും ചീട്ടുകൊട്ടാരങ്ങളാണെന്ന് അച്ചന്‍ പറഞ്ഞു. അതുകൊണ്ടാണ് ക്രിസ്തു തനുക്കു ചുറ്റും കൂടിയവരോടു പറഞ്ഞത് 'നിങ്ങള്‍ക്കുമുമ്പേ ചുങ്കക്കാരും പാപികളും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും'. കാരണം അവരിലെ ശക്തമായ വാസന സംസ്കരിക്കുമ്പോള്‍ ആത്മഭാവത്തിലും അവര്‍ അതീവശക്തരായിരിക്കും. അതുപോലെ ഞാന്‍ 'പാപിയാണ്' എന്ന് ജനനം മുതല്‍ മരണംവരെയുള്ള നമ്മുടെ ആവര്‍ത്തനം പാപത്തിന്‍റെ തലത്തില്‍തന്നെ നമ്മെ നിലനിര്‍ത്തുമെന്ന് അച്ചന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. ഞാന്‍ പാപിയാണെന്നല്ല മറിച്ച്, 'അവബോധ'ത്തിലേയ്ക്ക് വളരേണ്ടവനാണെന്ന തിരിച്ചറിവാണ് വേണ്ടത്. ഞാന്‍ 'ശരീര'മല്ല, 'ജീവനുണ്ടാകുവാനും സമൃദ്ധമായി ഉണ്ടാകുവാനും' എന്നു ക്രിസ്തു ഓര്‍മ്മിപ്പിച്ച 'ജീവന്‍' തന്നെയാണു ഞാന്‍. പാപിയാണെന്ന ആവര്‍ത്തനം നമ്മിലെ കുറ്റബോധത്തെ വളര്‍ത്തുന്നു. മാത്രമല്ല, ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ടസൃഷ്ടിയായ മനുഷ്യന്‍ സ്വയം പാപിയാണെന്നു കുറ്റപ്പെടുത്തുമ്പോള്‍ അതിനെ സൃഷ്ടിച്ചവനെ നാം നിന്ദിക്കുകയാണ്. ശരീരം സ്വീകരിക്കുന്നതിനു മുമ്പും ശരീരം ഉപേക്ഷിച്ചതിനുശേഷവും ചൈതന്യരൂപത്തില്‍ ഞാനുണ്ട്. ഈ ചൈതന്യത്തിന് പോറലേല്പ്പിക്കുന്നതാണ് മനുഷ്യന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളെന്ന് അച്ചന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു.
ബൈബിളിലെ വചനങ്ങള്‍ അച്ചന്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നാം എല്ലായ്പ്പോഴും സീസറിനുള്ളത് ദൈവത്തിനും ദൈവത്തിനുള്ളത് സീസറിനും കൊടുക്കുന്നുഎന്ന് അച്ചന്‍ പറയുമായിരുന്നു. ഇത് പ്രതീകാത്മകം ആണ്. സീസര്‍ എന്നത് ലോകത്തിന്‍റെ പ്രതീകമാണ്. അതായത് നമ്മുടെ ശരീരം. ആത്മാവ് ദൈവത്തിന്‍റെ പ്രതീകവും. നാം ശരീരത്തിന് അമിതപ്രാധാന്യം നല്കുന്നു. ശരീരത്തിനുവേണ്ടി ഇരുപത്തിനാലു മണിക്കൂറും ചെലവഴിക്കുന്നു. ആത്മാവിനെ പൂര്‍ണ്ണമായും വിസ്മരിക്കുന്നു. നമ്മുടെ മനസ്സ് നമ്മിലെ ആത്മബോധത്തിന്‍റെ ചിറകുകളാകണം. ശരീരബോധത്തിന്‍റെ ചിറകുകളാക്കി മാറ്റരുത്. ശരീരമോ ആത്മബോധത്തിന്‍റെ ചക്രങ്ങളും. നാമരൂപങ്ങളില്‍ ഉടക്കിനില്ക്കുന്ന നമ്മുടെ ശരീരബോധത്തെ ആത്മബോധത്തിലേയ്ക്ക് മാറ്റാന്‍ കൃത്യമായ സാധന ആവശ്യമാണെന്ന് അച്ചന്‍ പറയുമായിരുന്നു. യേശുനാമജപമായിരുന്നു അച്ചന്‍റെ സാധന. ആചാരങ്ങളും അനുഷ്ഠാനങ്ങളും സാമൂഹികമാണ്. ഇതിന് അമിതപ്രാധാന്യം നല്കുന്ന നമ്മുടെ വ്യവസ്ഥിതി വ്യക്തിഗതസാധനകളെ വിസ്മരിക്കുന്നു. ആചാരാനുഷ്ടാനങ്ങളില്‍ നിലനില്ക്കുന്നത് നമ്മെ അതിന്‍റെ അടിമകളാക്കും. എന്നാല്‍, വ്യക്തിഗത സാധനകള്‍ നമ്മെ സ്വതന്ത്രരാക്കും. അനുഷ്ടാനങ്ങളില്‍നിന്നും സാദനകളിലേയ്ക്കും സാധനകളില്‍നിന്ന് അകംപൊരുളിലേയ്ക്കും യാത്ര ചെയ്യണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധ ത്രിത്വത്തെപ്പറ്റിയുള്ള അച്ചന്‍റെ വിശദീകരണം വളരെ ലളിതവും വ്യക്തവുമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മില്‍തന്നെയാണ്. ശരീരം, മനസ്സ്, ആത്മാവ് ഇവയുടെ സമ്മേളനമാണ് ഒരു മനുഷ്യന്‍. നമ്മിലെ ആത്മാവിന്‍റെ ഉടമ പിതാവ്, ശരീരബോധത്തിന്‍റെ ഉടമ ക്രിസ്തുബോധം. ശരീരത്തില്‍ എങ്ങനെ ജീവിക്കണമെന്നു കാണിച്ചുതന്നത് ക്രിസ്തു. നീ മുറിവേല്ക്കപ്പെടാനും വിഭജിക്കപ്പെടാനുമുള്ളതാണെന്ന് ് ക്രിസ്തു നമുക്കു കാണിച്ചുതന്നു. പരിശുദ്ധാത്മാവാണു നമ്മുടെ മനസ്സ്. ചുരുക്കത്തില്‍ ത്രിത്വം നമ്മില്‍തന്നെയാണ്.
മതവും ആത്മീയതയും തികച്ചും രണ്ടായിട്ടാണ് അച്ചന്‍ ദര്‍ശിച്ചിരുന്നത്. ഒരു മതാതീതകാഴ്ചപ്പാടായിരുന്നു അച്ചന്. ആത്മീയതയിലേയ്ക്കെത്താന്‍ മതം അച്ചനൊരു ചവിട്ടുപടി മാത്രമായിരുന്നു. ഇരുട്ടത്ത് ചൂട്ടുകറ്റതെളിച്ച് നാം നടന്നു വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ചൂട്ടുകറ്റ ഉപേക്ഷിക്കുകയാണ്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയാല്‍ ഉടന്‍ റോക്കറ്റ് കത്തിപ്പോകുന്നു. ഇത് അവനവവില്‍ സംഭവിക്കുന്ന ഒരു പരിവര്‍ത്തനമാണ്. പുഴു പൂമ്പാറ്റയാകുന്നതുപോലെ.
യേശുവിന്‍റെ പ്രബോധനങ്ങളുടെ ബാലപാഠങ്ങളില്‍തന്നെ നിലനില്ക്കാതെ അതിന്‍റെ ആഴത്തിലുള്ള പൂര്‍ണ്ണതയിലേയ്ക്ക് പ്രവേശിക്കണമെന്ന് അച്ചന്‍ എല്ലായ്പ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. യേശുവിന്‍റെ പ്രബോധനങ്ങള്‍ക്കു മൂന്നു ബോധതലങ്ങള്‍ അച്ചന്‍ വരച്ചുകാട്ടി. 'ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും', അത് ഒന്നാമത്തെ ഘട്ടം. നമുക്കിഷ്ടം ആ ഘട്ടത്തില്‍തന്നെ തുടരാന്‍. ഇനി നിങ്ങള്‍ ചോദിക്കണ്ടത് ആത്മബോധം തരണമെയെന്നല്ലാതെ മറ്റൊന്നുമല്ല എന്നതു നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. എന്നിട്ട് നാം വചനത്തിന്‍റെ പിന്‍ബലം സാക്ഷിയാക്കി നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അറിയുന്നു. ഇത് രണ്ടാം ഘട്ടത്തിലെ ബോധതലം. ഇനി മൂന്നാംഘട്ടം, ഞാന്‍ മുന്തിരിവള്ളിയും, നിങ്ങള്‍ ശാഖകളുമാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലുമായിരിക്കുന്നതുപോലെ നിങ്ങള്‍ എന്നില്‍ ഒന്നായിരിക്കുവിന്‍. ഈ അവസ്ഥയില്‍ ചേദ്യവുമില്ല ഉത്തരവുമില്ല. ലയം മാത്രം. ജനനംമുതല്‍ മരണംവരെ ഒന്നാം ഘട്ടത്തില്‍ തുടരുകയും അതില്‍തന്നെ നിലനിര്‍ത്തുകയും ചെയ്യുന്ന നമ്മുടെ വ്യവസ്ഥിതിയെ വളരെ വേദനയോടുകൂടിയാണ് ജോസഫച്ചന്‍ നോക്കിക്കണ്ടത്. ഈ മൂന്നു ഘട്ടങ്ങളിലൂടെയുള്ള കടന്നുപോക്ക് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും താന്‍ ഏതു ബോധതലത്തിലാണെന്ന് നിരന്തരം ആത്മശോധന ചെയ്യണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. എന്നാല്‍ ഈ അവസ്ഥയിലേയ്ക്ക് എത്തണമെങ്കില്‍ നാം ഒഴുകേണ്ടതായിട്ടുണ്ട്. നദി ഒഴുകി സമുദ്രത്തിലെത്തുന്നതുവരെ അത് നദി തന്നെയാണ്, സമുദ്രമല്ല. നിന്‍റെ ഉള്ളിലുള്ള സമുദ്രത്തിലേയ്ക്ക് ഒഴുകലാണ് നിന്‍റെ സാധന.
ഒന്നൊന്നായ്യെണ്ണിയെണ്ണി
തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്ക്പോലെ
ഉള്ളം നിന്നില്‍ അസ്പന്ദമാകണം.
എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അച്ചന്‍റെ 'സമഭാവ'കാഴ്ചപ്പാടുമായിരുന്നു. കയ്പും, മധുരവും സമൃദ്ധിയും ദാരിദ്ര്യവും ഒരുപോലെ സ്വീകരിക്കുന്ന മനോഭാവം. സമഭാവദര്‍ശനത്തില്‍ ചരിക്കുന്നവര്‍ സുഖത്തെയും സമൃദ്ധിയെയും മധുരത്തെയും ഭയക്കുന്ന ഒരു തലം ഉണ്ട്. എന്നാല്‍ കുടിലും കൊട്ടാരവും ഒരുപോലെ ദര്‍ശിക്കുന്ന മനോഭാവമായിരുന്നു അച്ചന്‍റേത്.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും ആകസ്മികമല്ല. അകം പൊരുളിലേയ്ക്ക് നമ്മെ നയിക്കാനായി പ്രപഞ്ചം സംവിധാനം ചെയ്യുന്ന പദ്ധതികള്‍ ആണ് അവ. ആ പ്രഞ്ചപദ്ധതികളെ എടുത്തുമാറ്റുവാന്‍ നാം ആവശ്യപ്പെടുമ്പോള്‍ അകംപൊരുളിലേയ്ക്ക് വളരാനുള്ള സാഹചര്യങ്ങളെ നാം നശിപ്പിച്ചുകളയുന്നു. അഥവാ ക്രിസ്തുവിന്‍റെ ഭാഷയില്‍ 'എന്‍റെ ഇഷ്ടത്തില്‍നിന്ന്' 'പിതാവിന്‍റെ ഇഷ്ടത്തിലേയ്ക്ക്' എന്നെ നയിക്കുന്ന സാഹചര്യങ്ങളെ നാം തട്ടിത്തെറിപ്പിക്കുകയാണ് ചെയ്യുന്നത്.
ഒരിക്കല്‍ ആശ്രമത്തിലെ അത്തിമരത്തണലില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു, സഹായം ആവശ്യപ്പെട്ട് ഒരാള്‍ ആശ്രമത്തിലേയ്ക്ക് പോകുന്നത് അച്ചന്‍ ശ്രദ്ധിച്ചു. അച്ചന് അദ്ദേഹത്തെ അറിയാം. സഹായം അര്‍ഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് അച്ചന്‍ എന്നോട് പറഞ്ഞു. അപ്പോള്‍ എന്തെങ്കിലും ഒരു സഹായം കൊടുത്തേക്കാം എന്നുകരുതി ഞാന്‍ അദ്ദേഹത്തെ എന്‍റെ അരുകിലേയ്ക്കു വിളിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ അച്ചന്‍ എന്നോടു പറഞ്ഞു വാങ്ങിക്കുന്നവന്‍ കൊടുക്കുന്നവനെക്കാള്‍ ശ്രേഷ്ടനാണ്. അദ്ദേഹത്തെ നാം ഇരിക്കുന്നിടത്തേയ്ക്ക് വിളിക്കുകയല്ല അദ്ദേഹത്തിന്‍റ അരുകിലേയ്ക്കു ചെന്ന് വേണം സഹായിക്കാന്‍. എന്‍റെ ഒരു പ്രവൃത്തിയിലെ അഹം ബോധത്തെ എത്ര സൂഷ്മമായാണ് അച്ചന്‍ നിരീക്ഷിച്ചത്.
പ്രകൃതിജീവനകലയുടെ ആചാര്യനായിരുന്ന കാക്കുവൈദ്യന്‍ അച്ചനെ വളരെ സ്വാധീനിച്ചിരുന്നു. മണ്ണുതേച്ചുകുളി, വെള്ളത്തില്‍ ഇരുപ്പ്, സൂര്യസ്നാനം മുതലായവ ശരീരത്തിനും മനസ്സിനും ആത്മാവിനും എപ്പോഴും ഉണര്‍വ്വ് പകരുമെന്ന് അദ്ദേഹം സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞിരുന്നു. അന്യംനിന്നുപോകുന്ന ഈ അറിവുകള്‍ സംരക്ഷിക്കപ്പെടണമെന്നും, ഈ അറിവ് പകര്‍ന്നുകൊടുക്കുന്ന ഒരു ഇടം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഉള്ള അച്ചന്‍റെ ആഗ്രഹംകൂടി മുന്‍നിര്‍ത്തി രാമപുരത്ത് കാക്കൂച്ചന്‍സ് ഹെറിറ്റേജിന് (പ്രകൃതിജീവനത്തിന് ഒരു വഴിവിളക്ക്) ജോസഫച്ചന്‍ തറക്കല്ലിട്ടു. ജോസഫച്ചന്‍റെ പഴയകാലസഹപ്രവര്‍ത്തകനായിരുന്ന മിത്രാജി എന്ന താപസശ്രേഷ്ടന്‍റെ നേതൃത്വത്തില്‍ അതിന്‍റെ പണിപൂര്‍ത്തിയാക്കുകയും മണ്ണ്, വെള്ളം, സൂര്യപ്രകാശം ഇവയുടെ അത്ഭുത സുഖപ്പെടുത്തലിനുള്ള അറിവ് പകര്‍ന്നുകൊടുക്കുന്ന ഒരു ഇടമായി അത് മാറുകയും ചെയ്തിരിക്കുന്നു. അതുപോലെതന്നെ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ചില സമയങ്ങളില്‍ നിശബ്ദതയും, മൗനവും ആവശ്യമാണെന്ന് അച്ചന്‍ പറയുമായിരുന്നു. പ്രകൃതിതന്നെ ധ്യാനത്തിലേയ്ക്ക് നമ്മെ തള്ളിവിടുന്ന ചില ഇടങ്ങളുണ്ട്. ഹിമാലയം അതിനുദാഹരണമാണ്. വാഗമണ്‍ മൂണ്‍മലയിലെ 'സഞ്ചാരിയുടെ സത്രം' ഏകാന്തതയെയും മൗനത്തെയും പ്രണയിക്കുന്നവര്‍ക്ക് ഉതകുന്ന ഒരു ഇടമായിത്തീര്‍ന്നതിന്‍റെ പിന്നിലെ കരങ്ങള്‍ ജോസഫച്ചന്‍റേതാണെന്നു പറയുന്നതില്‍ അഭിമാനമുണ്ട്. ഹിമാലയത്തില്‍ ധ്യാനമാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്ന അച്ചന്‍റെ ശിഷ്യഗണത്തില്‍പ്പെട്ട 'മാതാജി'യുടെ സാന്നിധ്യം 'സഞ്ചാരിയുടെസത്ര'ത്തിലെ മൗനത്തിന് ഒരായിരം ചിറകുകള്‍ നല്കുന്നു.
ശക്തമായ കാറ്റുള്ള മലകളില്‍ മരംവച്ചുപിടിപ്പിക്കുന്നത് വളര്‍ന്നുനില്ക്കുന്ന മറ്റു മരങ്ങളുടെ മറവിലാണ്. ജീവിച്ച കാലത്ത് അങ്ങനെ അല്പം മറഞ്ഞുനിന്നതും മറ്റുള്ളവരാല്‍ അധികം മനസ്സിലാക്കപ്പെടാതിരുന്നതും അച്ചന് ധാരാളം ആന്തരികസ്വാതന്ത്ര്യം നല്കി എന്നത് പറയാതെ വയ്യ. കാണാതിരുന്നതില്‍ പരിഭവമോ കണ്ടതില്‍ സന്തോഷമോ ഒരിക്കല്‍പോലും അച്ചന്‍ പ്രകടിപ്പിച്ചിരുന്നില്ല. ആശുപത്രി ജീവിതത്തിലെ യാതനയിലും കഠിനമായ വേദനയിലും അച്ചന്‍റെ നാവില്‍ യേശുമന്ത്രം മാത്രമായിരുന്നു, സംസാരിച്ചതെല്ലാം ബ്രഹ്മസത്യത്തെപ്പറ്റിയും.
പ്രിയപ്പെട്ട കെ.വി അച്ചാ, അങ്ങേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ക്കുതരുന്നത് ഒരിക്കലും അവസാനിക്കാത്ത ബ്രഹ്മാനന്ദമാണ്; അത് ജീവിതയാത്രയിലെ ഊന്നുവടിയാണ്. പ്രണാമം.