top of page

ദ്വന്ദ്വം

Nov 27, 2025

2 min read

George Valiapadath Capuchin
Group of people hugging together

മുമ്പും ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. എഴുതിയിട്ടുണ്ടെങ്കിലും പഴയ തെറ്റുകളിൽ ഞാൻ വീണ്ടും വീണ്ടും വീണിട്ടുമുണ്ട്. ബൈനറികൾ എന്നത് അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള ഒരു സങ്കല്പനമാണ്. എല്ലാക്കാലത്തും അതുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് നാം അതേക്കുറിച്ച് ബോധമുള്ളവരാകുന്നത്. കംപ്യൂട്ടർ ഉപയോഗിക്കുന്നത് ബൈനറി ഭാഷയാണ്. അതേക്കുറിച്ചല്ല പറയുന്നത്. ലോകത്തെയാകമാനം കറുപ്പും വെളുപ്പുമായി തിരിക്കുന്നതിനെക്കുറിച്ചാണ്. ശരി-തെറ്റ്; ഇരുട്ട്-വെളിച്ചം; സത്യം-അസത്യം; യാഥാസ്ഥിതികർ- പുരോഗമനവാദികൾ; ദേശസ്നേഹികൾ -രാജ്യദ്വേഷികൾ എന്നിങ്ങനെ രണ്ട് കോളത്തിലേക്ക് നാം നമ്മുടെ ലോകത്തെ മാറ്റിയിടുന്നു. അടിസ്ഥാനപരമായി നമ്മൾ-അവർ (us-them) ദ്വന്ദ്യമാണത്.


എന്തുകൊണ്ടാണ് മനുഷ്യർ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, അങ്ങനെ ചെയ്തില്ലെങ്കിൽ നാം കൂടുതൽ ആശയക്കുഴത്തിലാവും എന്നതുകൊണ്ടാണ്. കൂടുതൽ ആശയക്കുഴപ്പം എന്നുവച്ചാൽ കൂടുതൽ ബ്രെയ്ൻ ആക്റ്റിവിറ്റി. കൂടുതൽ ബ്രെയ്ൻ ആക്റ്റിവിറ്റി എന്നാൽ കൂടുതൽ ഊർജ്ജനഷ്ടം. ഇപ്പോൾത്തന്നെ നമ്മുടെ ശരീരത്തിൻ്റെ കേവലം 2% മാത്രം വരുന്ന മസ്തിഷകം പ്രവർത്തിപ്പിക്കാൻ നമ്മുടെ ഊർജ്ജത്തിൻ്റെ 20% നാം വിനിയോഗിക്കുന്നുണ്ട്. അതിനെക്കാൾ കൂടുതൽ ഊർജ്ജം കത്തിക്കാൻ നമുക്ക് താല്പര്യമില്ലാത്തതിനാൽ നാം എളുപ്പവഴിയിൽ ക്രിയ ചെയ്യുകയാണ്.


എല്ലാ മതങ്ങളിലും ബൈനറി ചിന്താഗതിയുണ്ട്. എല്ലാ മതങ്ങളിലും നോൺ-ബൈനറി ചിന്ത ഉണ്ടോ എനിക്കറിയില്ല. ബൈബിളിൽ നോൺ ബൈനറി ചിന്ത ശക്തമായ രീതിയിൽ ഉള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാം ദൈവ സൃഷ്ടമാണെന്നും ലോകത്തിലുള്ള സർവ്വ മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമാണെന്നും ബൈബിൾ എത്രയോ തവണ പറയുന്നുണ്ട്! തങ്ങളുടെ ഗണത്തിൽ പെടാത്ത ഒരാൾ യേശുവിൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്നത് കണ്ട യോഹന്നാൻ യേശുവിനോട് റിപ്പോർട്ട് ചെയ്യുന്നത്, അയാൾ നമ്മുടെ കൂട്ടത്തിലുള്ളതല്ലാത്തതിനാൽ ഞങ്ങൾ അവനെ തടഞ്ഞു എന്നാണ്. നിങ്ങളുടെ കൂട്ടത്തിൽ പെടുന്നില്ല എന്നുകരുതി അവനെ തടയണ്ടാ എന്നാണ് യേശുവിൻ്റെ പ്രതികരണം. വൈവിധ്യങ്ങളെക്കുറിച്ച് പൗലോസ് തൻ്റെ ലേഖനത്തിൽ പറയുന്നുണ്ട്. എല്ലാ വൈവിധ്യങ്ങളും ദൈവത്തിൽ നിന്നാണ് വരുന്നത് എന്നയാൾ സാക്ഷിക്കുന്നു. ചുരുക്കത്തിൽ, ഭൂമിയിലുള്ള യാതൊന്നിനെയും പിശാച് സൃഷ്ടിച്ചിട്ടില്ല എന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നുണ്ട് ബൈബിൾ. അതിലേക്ക് നമുക്കിപ്പോൾ വിശദമായി പോകാനാവില്ല.


ബൈനറി ചിന്തയെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഒരാൾ ശരി അല്ലെങ്കിൽ തെറ്റ് എന്ന നിലപാട് ശരിയല്ല. ഒരാളിലെ ചില അംശങ്ങൾ ശരിയാവാം ചിലത് തെറ്റുമാവാം. 10% ശരി, 20% ശരി 30% എന്നിങ്ങനെ 90% ശരിയും അയാളിൽ ഉണ്ടായിരിക്കാം. അതേ പോലെ തെറ്റും.


നാം എപ്പോഴും ശരിയാണ് എന്ന് നാം കരുതുന്നു. നാം ശരി എന്ന് കരുതുന്നത് നമ്മുടെ ശരി മാത്രമാണ്. മറ്റുള്ളവരുടെ ശരി അതാവണം എന്നില്ല. മറ്റുള്ളവരുടെ ശരികൾ എൻ്റെ ശരികൾ ആവണമെന്നുമില്ല. പ്രത്യയശാസ്ത്രങ്ങളായി, പാർട്ടികളായി, നിലപാടുകളായി ശരികളായി, തെറ്റുകളായി നാം എത്ര കണ്ട് ധ്രുവീകരിക്കപ്പെടുന്നു എന്നുനോക്കൂ! കറുപ്പും വെളുപ്പും മാത്രമല്ല അതിനിടയിൽ ചാരനിറത്തിൻ്റെ നൂറ് വ്യത്യസ്ത രൂപങ്ങൾ വേറെയുമുണ്ട് എന്ന് നാം സമ്മതിക്കണം. രണ്ടു കോളങ്ങളിലേക്ക് നാം ലോകത്തെ പകുത്ത് മാറ്റുമ്പോൾ നമുക്ക് നഷ്ടമാകുന്നത് സത്യമാണ്. കാരണം, അതിനിടയിലൊക്കെ ഒത്തിരി സത്യമുണ്ട്. അപ്പോൾ നാം ഒരിക്കലും സത്യത്തിൽ എത്തിച്ചേരില്ല. സത്യത്തിൽ മാത്രമല്ല സഹാനുഭൂതിയിലും (compassion) നാം എത്തിച്ചേരില്ല.


നമ്മുടെ മീഡിയ നോക്കൂ - സോഷ്യൽ മീഡിയ നോക്കൂ. ഒത്തിരി കാര്യങ്ങൾ അവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒത്തിരി മനുഷ്യരെക്കുറിച്ച് അവിടെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ആളുകളുടെ ശരിതെറ്റുകളെക്കുറിച്ചും അവിടെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഒന്നുകിൽ അയാൾക്കൊപ്പം അകല്ലെങ്കിൽ അയാൾക്കെതിര്. ഇങ്ങനെ നാം ആളുകളുടെ, ആശയങ്ങളുടെ, സംവിധാനങ്ങളുടെ, പാർട്ടികളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പിന്നിൽ റാലിയാവുകയാണ്. അങ്ങനെ ചെയ്യേണ്ട യാതൊരാവശ്യവുമില്ല. ഒന്നുകിൽ അവൻ നമുക്കൊപ്പം - അല്ലെങ്കിൽ നമുക്കെതിര് എന്ന അസഹിഷ്ണുതയുടെ ഭാവമാണത്.


ഇന്നത്തെ ചെറുപ്പക്കാർ പൊതുവേ ഇത്തരം ബൈനറി ചിന്തക്ക് എതിരാണ്. അവർ അരാഷ്ട്രീയക്കാർ ആയതുകൊണ്ടോ മതവിരുദ്ധർ ആയതു കൊണ്ടോ അല്ല. കറുപ്പിനും വെളുപ്പിനും മദ്ധ്യേയുള്ള ഊത വൈവിധ്യങ്ങളെ അവർ ആദരിക്കുന്നതുകൊണ്ടാണ് അവർ അങ്ങനെയാവുന്നത്!


Recent Posts

bottom of page