top of page

വിശ്വാസത്തിലെ അവിശ്വാസങ്ങള്‍

Aug 1, 2013

4 min read

ഡസ

യൂറോപ്പ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും ജീവിച്ച് അവിടുത്തെ സംസ്കാരം അടുത്തറിഞ്ഞിട്ടുള്ള സഹപ്രവര്‍ത്തകയായ ഒരു അധ്യാപിക യൂറോപ്പിലെ വിശ്വാസജീവിതത്തെക്കുറിച്ച് അഭിപ്രായപ്പെട്ട കാര്യം ഓര്‍ക്കുന്നു: "യൂറോപ്പിലെ ജനങ്ങള്‍ക്ക് സഭയിലാണ് വിശ്വാസമില്ലാത്തത്. ദൈവത്തില്‍ വിശ്വാസമുണ്ട്."


2012 ഒക്ടോബര്‍ 10 മുതല്‍ 2013 നവംബര്‍ 24 വരെ, മുന്‍ മാര്‍പാപ്പാ ബെനഡിക്ട് 16-ാമന്‍ വിശ്വാസവര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. സത്യവിശ്വാസം നഷ്ടപ്പെട്ടവരെ വിശ്വാസത്തിലേക്ക് പുനരാനയിക്കലും വിശ്വാസികളുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കലുമാണ് ലക്ഷ്യം. ഇതിനായി ഒട്ടേറെ കര്‍മ്മപരിപാടികള്‍ പ്രാദേശികസഭാതലത്തില്‍ (ഇടവക) സംഘടിപ്പിക്കപ്പെടുന്നു. വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് നല്കപ്പെട്ട പ്രാര്‍ത്ഥനയിലെ ഒരു വാചകംതന്നെ 'വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് സഭ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കണമേ' എന്നാണ്. കഴിഞ്ഞലക്കം (2013 ജൂണ്‍ 26) സത്യദീപത്തില്‍ ഇടവകകളില്‍ അരങ്ങേറുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചു വായിച്ചു. വിശ്വാസദീപഘോഷയാത്ര, ബൈബിള്‍ പ്രതിഷ്ഠാറാലി, വിശ്വാസപേടകയാത്ര എന്നിങ്ങനെ... പിന്നെ കുറെ പഠനശിബിരങ്ങള്‍, സെമിനാറുകള്‍, ക്വിസ്സുകള്‍... അങ്ങനെ പലതും.


വിശ്വാസത്തിലേക്ക് പുനരാനയിക്കല്‍, വിശ്വാസം പുനരുജ്ജീവിപ്പിക്കല്‍ എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്? ക്രിസ്തുവില്‍ വിശ്വസിക്കുക എന്നാല്‍, അനുഷ്ഠാനങ്ങള്‍ക്കും നൊവേനകള്‍ക്കും കണ്‍വന്‍ഷനുകള്‍ക്കും ആളും അര്‍ത്ഥവും വര്‍ദ്ധിക്കുക എന്നതാണോ അര്‍ത്ഥം? ക്രിസ്തുവിന്‍റെ സുവിശേഷത്തില്‍നിന്നും അവന്‍ പരിചയപ്പെടുത്തിത്തന്ന നവീന ജീവിതശൈലികളില്‍നിന്നും അപകടകരമായ ജീവിതനിലപാടുകളില്‍നിന്നും അറിഞ്ഞോ അറിയാതെയോ വഴിമാറി നടക്കുന്ന ഔദ്യോഗിക മതസ്ഥാപനത്തിലാണ് ജനത്തിന് വിശ്വാസം നഷ്ടപ്പെടുന്നത് എന്നുള്ള വീണ്ടുവിചാരമാണ് ഉണ്ടാകേണ്ടതെന്നു തോന്നുന്നു.


അടിസ്ഥാനപരമായി യഹൂദമതത്തിനുണ്ടായിരുന്ന മൂന്നു ബോധ്യങ്ങളായിരുന്നു, ഔദ്യോഗിക പ്രാര്‍ത്ഥനയിലൂടെ ഓരോ യഹൂദനും വെളിപ്പെടുത്തിയതും ഉറപ്പിച്ചതും: (1) ലോകത്തിലെ ശ്രേഷ്ഠമതം തങ്ങളുടേതാണ്; (2) സമ്പത്ത് ദൈവാനുഗ്രഹത്തിന്‍റെയും ദാരിദ്ര്യം ശാപത്തിന്‍റേയും ലക്ഷണമാണ്; (3) പുരുഷന്‍ സ്ത്രീയേക്കാള്‍ ശ്രേഷ്ഠനാണ്. ഈ ബോധ്യങ്ങള്‍ നിമിത്തമാണ് യഹൂദനായതിനും ദരിദ്രനോ, സ്ത്രീയോ ആകാതിരുന്നതിനും അവര്‍ ദൈവത്തിന് നന്ദി പറഞ്ഞിരുന്നത്. ക്രിസ്തു ഈ അടിസ്ഥാനവിശ്വാസങ്ങളെ ചോദ്യംചെയ്യുകയും നവമായ ഒരു കാഴ്ചയനുഭവം വീണ്ടെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു -സ്വയം ദരിദ്രനായിരുന്നുകൊണ്ടും ദരിദ്രര്‍ക്ക് സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്തുകൊണ്ടും; വാക്കിലും പ്രവൃത്തിയിലും സ്ത്രീകളോടും വിജാതീയരോടും പക്ഷം ചേര്‍ന്നുകൊണ്ടും അതിനായി ശിഷ്യരെ ആഹ്വാനം ചെയ്തുകൊണ്ടും.


ക്രിസ്തു സ്വീകരിച്ച ഇത്തരം അടിസ്ഥാന നിലപാടുകളുടെ സ്വാഭാവിക പരിണതിയാണ് അവിടുത്തെ മരണം. മരണത്തിനുമുമ്പില്‍പ്പോലും ഒത്തുതീര്‍പ്പിന് തയ്യാറല്ലാത്ത ഒരു ജീവിതം ജീവിച്ച് തന്‍റെ നിയോഗം പൂര്‍ത്തിയാക്കി അവന്‍. ഈ ക്രിസ്തുവില്‍ വിശ്വസിക്കുകയെന്നാല്‍, അവനെ അനുഗമിക്കുകയെന്നാല്‍ ജീവിതത്തെ അപകടത്തിലാക്കുക എന്നുതന്നെ അര്‍ത്ഥം. ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭ ഇതേമട്ടിലുള്ള ഒരു ജീവിതത്തിന്‍റെ സുവിശേഷം ജീവിക്കാത്തതെന്തേ എന്ന സന്ദേഹത്തിലാണോ അവിശ്വാസം ആരംഭിക്കുന്നത്? ഇവിടെ എന്താണ് വിശ്വാസം? എന്താണ് അവിശ്വാസം എന്നുള്ള ഭീകരമായ ഒരു ആന്തരിക സംഘര്‍ഷം നിലനില്ക്കുന്നു.

ക്രിസ്തുവിന്‍റെ ജീവിതത്തിലേക്കും അവന്‍ നല്കിയ വിപ്ലവകരമായ ദര്‍ശനങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയിലേക്ക് വിശ്വാസികളെ പുനരാനയിക്കേണ്ടതിനു പകരം ഗുരു എക്കാലവും അകലം പാലിച്ചിരുന്ന അധികാരം എന്ന സംവര്‍ഗത്തിലേക്ക് അത് വീണ്ടും വീണ്ടും ചുരുണ്ടുകൂടുന്നതിലെ അപകടം തിരിച്ചറിയപ്പെടാതെ പോയേക്കുമോ...? അറിവിന്‍റെ, ശക്തിയുടെ, സമ്പത്തിന്‍റെ അധികാരങ്ങള്‍ക്കുമുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുകയും ദുര്‍ബലര്‍ക്കുമേല്‍ ശക്തിപ്രകടനം നടത്തുകയും ചൂഷിതവിഭാഗങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്‍റെ വിരുദ്ധദ്വന്ദ്വമായി മാറുന്ന ക്രിസ്തുശിഷ്യനെ കണ്ട് പാവം ദൈവജനം അമ്പരക്കുകയോ, വിശ്വാസത്തില്‍നിന്ന് അകലുകയോ ചെയ്യുന്നെങ്കില്‍... ആരെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിലേക്ക് പുനരാനയിക്കേണ്ടത്...?


പണിക്കാര്‍ ഒരിക്കല്‍ ഉപേക്ഷിച്ച കല്ലാണ് ക്രിസ്തു. അവന്‍ മൂലക്കല്ലായിത്തീരുകയും ചെയ്തു. അത് ആരുടെമേല്‍ പതിക്കുന്നുവോ അത് അവനെ ധൂളിയാക്കും എന്ന പ്രവചനം നിലനില്ക്കുന്നു. പതിച്ചവരെയൊക്കെ അവന്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അസ്സീസിയിലെ ഫ്രാന്‍സിസ് ഉദാഹരണം. ക്രിസ്തു സൗഖ്യംനല്കുന്നവന്‍ മാത്രമല്ല, മുറിപ്പെടുത്തുന്നവന്‍ കൂടിയാണ്. അവന്‍ അപകടകരമായ വിധത്തില്‍ ഒരാളെ മുറിപ്പെടുത്തും. തലചായ്ക്കാനിടമില്ലാതെ, ജനത്തോടൊപ്പം അലഞ്ഞുനടന്നവനെ പരിചയപ്പെടുത്താന്‍, കോടികള്‍ മുടക്കി പണിയുന്ന ആഡംബര ദേവാലയങ്ങള്‍ക്കെങ്ങനെ കഴിയും എന്ന ചോദ്യത്തിന് ക്രിസ്തുവിന്‍റെ കാലത്ത് സക്രാരിയില്ലായിരുന്നല്ലോ എന്ന കറുത്ത ഫലിതം മറുപടി പറഞ്ഞ് എത്രനാള്‍ പിടിച്ചുനില്ക്കാന്‍ കഴിയും...? പള്ളി പണിയുടെയും തിരുനാളാഘോഷങ്ങളുടെയും വാര്‍ഷികാഘോഷങ്ങളുടെയും ആഡംബരക്കൊഴുപ്പിനുവേണ്ടി ധനാഢ്യരായ 'പള്ളി പ്രമാണി'മാര്‍ വീറോടെ വാദിക്കുമ്പോള്‍, പള്ളിയോഗങ്ങളില്‍ നിതാന്തമൗനം പൂണ്ട് ഗതികെട്ടിരിക്കുന്നവരിലേക്ക് കണ്ണയയ്ക്കാനും അവന്‍റെ മൗനത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ വായിച്ചെടുക്കുവാനും ക്രിസ്തുവിന്‍റെ പ്രതിപുരുഷന് ആവുന്നില്ലെങ്കില്‍, ക്രിസ്തുസാക്ഷ്യം, ദൈവരാജ്യനിര്‍മ്മിതി എന്ന സ്വപ്നങ്ങളൊക്കെ അനന്തമായി നീട്ടിവയ്ക്കപ്പെടുക മാത്രമല്ല, ഇവിടെ വിശ്വാസികളുടെയല്ല, അവിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും, ഒരു വിശ്വാസവര്‍ഷാചരണത്തിനും വീണ്ടെടുക്കാനാവാത്ത വിധത്തില്‍.


സ്ത്രീവിമോചനം, പരിസ്ഥിതി സംരക്ഷണം, കീഴാള സമുദ്ധാരണം തുടങ്ങി പൊതുസമൂഹം അടിയന്തിര പ്രധാനമായി കാണുന്ന വിഷയങ്ങളെയെല്ലാം സംശയത്തോടും ഭയത്തോടുംകൂടി വീക്ഷിക്കുകയും മുഖം മിനുക്കാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് മേനിപറയുകയും സമയം വരുമ്പോള്‍ പഴയ പാരമ്പര്യങ്ങളില്‍ മുറുകെപ്പിടിച്ച് സര്‍വ്വാധിപത്യത്തിന് കോട്ടം വരാതെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന കാപട്യം ക്രിസ്തുവെന്ന ഗുരുവിലേക്കുള്ള ദൂരം കൂട്ടുകയല്ലാതെ കുറയ്ക്കില്ലല്ലോ. ഫ്രാന്‍സിസ് പാപ്പാ സ്ത്രീകളുടെ കാല്‍ കഴുകിയതിനെ ആശങ്കയോടെ കാണുകയും അടുത്ത പെസഹാ വ്യാഴാഴ്ച ആരെങ്കിലും ഇത് അനുകരിച്ചാല്‍ എന്തുചെയ്യുമെന്ന് ആകുലപ്പെടുകയും ചെയ്യുന്ന അച്ചന്മാരെ കണ്ടിട്ടുണ്ട്!


ഈയിടെ ഒരു കുടുംബയൂണിറ്റില്‍ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനിടയായി. ക്ലാസ്സ് നയിക്കാന്‍ ക്ഷണിക്കപ്പെട്ട് എത്തിയ ഒരു സിസ്റ്റര്‍ അമ്മമാരെക്കുറിച്ച്, സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുകയാണ്. സ്ത്രീകളെ ഇരകളായി കാണുന്നതരത്തിലുള്ള പുരുഷമനസ്സ് രൂപപ്പെടുന്നത് കുടുംബങ്ങളിലാണെന്ന് സിസ്റ്റര്‍ വിശദീകരിക്കുന്നു. കുടുംബത്തില്‍ അപ്പന്‍, അമ്മയുടെമേല്‍ പുലര്‍ത്തുന്ന അധികാരവും അമ്മയുടെ ദാസീഭാവവും ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും രണ്ടുതരത്തിലുള്ള അവബോധരൂപീകരണം (Concept formation) നടത്തുന്നു. പെണ്‍കുട്ടികള്‍ രണ്ടാംതരക്കാരാണെന്നും തങ്ങള്‍ക്ക് അധികാരം പ്രയോഗിക്കാനുള്ളവരാണെന്നും തങ്ങളുടെ സുഖത്തിനും സൗകര്യത്തിനുംവേണ്ടി, തങ്ങളെ അനുസരിച്ച് കഴിയേണ്ടവരാണെന്ന് ആണ്‍കുട്ടികളും, തങ്ങള്‍ സ്വയം എന്തോ കുറവുള്ളവരാണെന്നും ആണധികാരത്തിന്‍കീഴ് ജീവിക്കേണ്ടവരാണെന്ന് പെണ്‍കുട്ടികളും കരുതുന്നു. ഇത് സമൂഹത്തില്‍ എക്കാലവും സ്ത്രീകള്‍ പുരുഷന്‍റെ ഉപയോഗ വസ്തുക്കളാണെന്ന ധാരണയെ ഉല്പാദിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സ്ത്രീ ചൂഷണങ്ങള്‍ക്ക്, അതുമൂലം പൊതുസമൂഹത്തിന് (ആണും പെണ്ണുമടങ്ങുന്ന) ഉണ്ടാകുന്ന മൂല്യച്യുതിക്ക് കുടുംബത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഈ അധികാര-അധീനബന്ധം ഉത്തരവാദിയാകുന്നു എന്നും ഇത് ക്രിസ്തുവിന്‍റെ ദര്‍ശനത്തിന് വിരുദ്ധമാണെന്നും സിസ്റ്റര്‍ ബൈബിളിനെ ഉദ്ധരിച്ച് പറയുകയുണ്ടായി.


ബൈബിളിന്‍റെ പരിചയമില്ലാത്ത വ്യാഖ്യാനം കേട്ടിട്ടാകാം അവിടെയുണ്ടായിരുന്ന കൊച്ചച്ചന്‍ ക്രോധാവിഷ്ടനായി ചാടിയെഴുന്നേറ്റ് അരമണിക്കൂറോളം ക്ലാസ്സെടുത്ത സിസ്റ്ററിനെതിരെ അധിക്ഷേപം ചൊരിയുകയുണ്ടായി. കൂടാതെ അമ്മമാര്‍ക്ക് പതിവുപോലെ ഒരു ഉപദേശവും താക്കീതും: "നിങ്ങള്‍ സ്ത്രീകളാണ.് ഭര്‍ത്താക്കന്മാര്‍ ചിലപ്പോ കള്ളുംകുടിച്ചുവന്ന് നിങ്ങളെ കുനിച്ചുനിര്‍ത്തി ഇടിച്ചെന്നിരിക്കും. ഒന്നും മിണ്ടാതെ നിങ്ങള്‍ സഹിക്കണം. അതാണ് നിങ്ങള്‍ മക്കള്‍ക്കു നല്കേണ്ട മാതൃക. എന്‍റെ അപ്പന്‍ കുടിയനായിരുന്നു. അമ്മയെ തല്ലാറുമുണ്ട്. എന്നിട്ടും എനിക്കൊന്നും സംഭവിച്ചില്ലല്ലോ. ഞാന്‍ അച്ചനായില്ലേ!" ക്രിസ്തുദര്‍ശനങ്ങളെക്കുറിച്ചോ, കാലത്തിന്‍റെ അടയാളങ്ങളെക്കുറിച്ചോ അറിവോ ആഴമോ ഇല്ലാതിരിക്കുക എന്നത് ഒരു തെറ്റാണോ എന്നറിയില്ല. പക്ഷേ ഒരു സമൂഹത്തിന് ആത്മീയനേതൃത്വം നല്കുന്നവര്‍ അറിവും ആഴവും ആര്‍ജ്ജിക്കാന്‍ ബാധ്യതയുള്ളവരാണ്. മിക്കാ പ്രവാചകന്‍ ചോദിക്കുന്നത് ഇത്തരക്കാരെക്കുറിച്ചാണ്: "നീതി അറിയുക നിങ്ങളുടെ കടമയല്ലേ? നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികളില്‍നിന്ന് മാംസവും" (3/2).


എല്ലാം എന്‍റെയും എന്‍റെ പ്രസ്ഥാനത്തിന്‍റെയും കീഴിലാകണം എന്ന ചിന്ത ഭയത്തില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നുമാണ് ഉണ്ടാകുന്നത്. എല്ലാറ്റിനേയും സമഭാവനയോടെയും സഹിഷ്ണുതയോടെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്രിസ്തുവിന്‍റെ ദര്‍ശനചൈതന്യത്താല്‍ സഭ വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. ദൈവശാസ്ത്രത്തിലുള്ള ഡോക്ടര്‍ ബിരുദം കേരളത്തിലെ സെക്കുലര്‍ യൂണിവേഴ്സിറ്റികള്‍ അംഗീകരിക്കാത്തതെന്താണെന്ന് ഒരു സര്‍വ്വകലാശാല ഉദ്യോഗസ്ഥനോട് ചോദിക്കേണ്ടിവന്നു. മതം, ദൈവം, ആത്മീയത -എല്ലാം മനുഷ്യന്‍റെ - സൊസൈറ്റിയുടെ ഭാഗമല്ലേ? എന്തുകൊണ്ട് മതപഠനത്തെയും ദൈവശാസ്ത്രത്തെയും യൂണിവേഴ്സിറ്റി ഡിസിപ്ലിന്‍ ആയി അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ചിന്തനീയമാണ്. "അങ്ങനെയാണ് ആകേണ്ടിയിരുന്നത്. പക്ഷേ മതങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ ലോകത്തിലെ മനുഷ്യാവസ്ഥകളെയല്ലല്ലോ. ആത്മീയം/ ഭൗതികം എന്ന വിരുദ്ധദ്വന്ദ്വം നിര്‍മ്മിച്ച ചില അതീതലോക ജീവിതത്തെക്കുറിച്ചാണല്ലോ ദൈവശാസ്ത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. മണ്ണിനെ, മനുഷ്യനെ അതെത്രമാത്രം അഭിമുഖീകരിക്കുന്നുണ്ട്?"


ഈ മണ്ണിനെയും മനുഷ്യന്‍റെ പച്ചയായ ജീവിതാവസ്ഥകളെയും സ്പര്‍ശിക്കാത്ത ഒരു ആത്മീയതയെക്കുറിച്ച് നമുക്കെത്രനാള്‍ പറഞ്ഞുകൊണ്ടിരിക്കാനാകും? ആത്മീയതയെ പവിത്രം/പവിത്രേതരം (Sacred/Secular) എന്ന് വേര്‍തിരിച്ചു മനസ്സിലാക്കുന്നത് അപകടമാണ്. ക്രിസ്തു ഭേദിച്ചുകളഞ്ഞ ഇത്തരം അതിര്‍വരമ്പുകളെ കൂട്ടിക്കെട്ടിയതാരാണ്? എന്തിനുവേണ്ടിയാണ്?


ദേവാലയത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരാളായിട്ടല്ല സുവിശേഷത്തില്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ജീവിതം വേരൂന്നിയത് ലൗകിക മണ്ഡലത്തിലാണ് - ലൗകികമായ ആശാരിപ്പണി. പരസ്യജീവിതത്തിന്‍റെയും പശ്ചാത്തലം സാധാരണ ജീവിതമായിരുന്നു. തെരുവുകളില്‍, ഇടവഴികളില്‍, ജോലിസ്ഥലത്ത്, കിണറ്റിന്‍കരയില്‍, കല്യാണപ്പന്തലില്‍, മരണവീട്ടിലുമൊക്കെയാണ് ക്രിസ്തു ഈശ്വരനെ കണ്ടെത്തിയത്. ബലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മരണം നടക്കുന്നത് ജറുസലേം ദേവാലയത്തിലല്ല, തികച്ചും ലൗകികമായ കാല്‍വരിക്കുന്നിലാണ്. ഔദ്യോഗികമായി ആരോപിക്കപ്പെട്ട കുറ്റം മതാത്മകമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ശിക്ഷയും അങ്ങനെതന്നെ. ക്രിസ്തു അര്‍പ്പിച്ച ബലിക്ക് മതാത്മക പരിവേഷമൊന്നുമില്ലായിരുന്നു. അതടങ്ങിയിരുന്നത് ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന കാഴ്ചദ്രവ്യങ്ങള്‍ ദൈവത്തിനര്‍പ്പിച്ചു എന്നതിലല്ല, മരണംവരെ മനുഷ്യനെ സ്നേഹിച്ചു എന്നതിലാണെന്ന എസ്. കാപ്പന്‍റെ വാക്കുകള്‍ ഇതിനോടു ചേര്‍ത്ത് വായിക്കാനാകും.


നഷ്ടപ്പെട്ട ക്രിസ്തുദര്‍ശനങ്ങളെ വീണ്ടെടുക്കുകയാണ് സഭിക്കിന്നാവശ്യം. വിശ്വാസമെന്നത് സഭാ കേന്ദ്രിതമല്ല; അതു ക്രിസ്തുകേന്ദ്രിതമാകേണ്ടതാണ്. ക്രിസ്തു തന്‍റെ വേറിട്ട ശബ്ദത്തിലൂടെയും ജീവിതത്തിലൂടെയും പരിചയപ്പെടുത്തിയ ദൈവത്തിന്‍റെ പര്‍വ്വതാതിശായിയായ സ്നേഹത്തിന്‍റെ മുഖം, ഉദാരതയുടെ മുഖം, നഷ്ടപ്പെട്ടതിനെയും അതിരുകളിലേക്കു ചുരുങ്ങിയതിനെയും വീണ്ടെടുക്കുന്ന ഇടയന്‍റെ മുഖം ഇന്ന് ലോകത്തിനു മുന്നില്‍ പ്രകാശിച്ചു നില്ക്കണം. അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും ചില്ലുകൂടാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് തുറസ്സുകളിലേക്കിറങ്ങാന്‍, മര്‍ദ്ദിതവിഭാഗത്തോട് പക്ഷംചേരാന്‍ പാരമ്പര്യത്തിന്‍റെ കടുത്ത മതില്‍ക്കെട്ടുകളെ മറികടക്കാന്‍ ജീവിതംകൊണ്ടും നിലപാടുകള്‍കൊണ്ടും നിരന്തരം ആഹ്വാനം ചെയ്യുന്ന ഒരു മഹായിടയന്‍റെ നേതൃത്വം സഭയ്ക്കുണ്ടെന്നുള്ളത് ഈ വിശ്വാസവര്‍ഷത്തില്‍, ആശാവഹമാണ്.

ഡസ

0

0

Featured Posts