top of page

അറിയാതെ ആത്മീയരാകുന്നവര്‍!

Dec 3, 2024

6 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
People Praying

ബൈബിളിനെകുറിച്ച് ഒന്നുമറിയാത്തവര്‍ക്കും അറിയാവുന്ന ഒന്നാണ് മത്തായി 25:31-46 ലുള്ള അന്ത്യവിധി. എന്നാല്‍ അത് ഒരു ഉപമയാണെന്ന് എറെ പേര്‍ കരുതുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വയലില്‍ പാകിയ കടുകുമണിപോ ലെയാണു സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ച നിധി പോലെയാണു സ്വര്‍ഗരാജ്യം (മത്തായി 13) എന്ന രീതിയില്‍ തന്നെയാണു "അന്ത്യവിധി"യുടെയും തുടക്കം: "ഇടയന്‍ ചെമ്മരിയാടുകളെ കോലാടുക ളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും" (മത്തായി 25 : 32-33). അങ്ങനെ ഇതൊരു ഉപമയാണെന്ന് സുവിശേഷകന്‍ ആദ്യമേതന്നെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് വലതുവശത്തുള്ളവരോടും ഇടതുവശത്തു ള്ളവരോടും രാജാവു പറയുന്നതാണ് ഉപമയുടെ വിശദീകരണം. അതെന്താണെന്നത് ലോകമാസ കലം അറിവുള്ളതാണല്ലോ. മദര്‍ തെരേസയുടെ മൃതസംസ്കാരവേളയില്‍ പ്രസംഗിച്ച കര്‍ദിനാള്‍ ആഞ്ചെലോ സൊദാനോ മദറിനെ വിളിച്ചത് "അന്ത്യവിധി"യിലെ കാര്യങ്ങള്‍ അതേപടി ജീവിച്ചവള്‍ എന്നാണ്. ജോണ്‍ ക്രിസോസ്റ്റത്തിന്‍റെ എഴുത്തുകളില്‍ 390 തവണയാണു മത്തായി 25:31-46 പ്രത്യക്ഷമായോ പരോക്ഷമായോ പരാമര്‍ശിക്കപ്പെടുന്നത്.


ചില പിന്നാമ്പുറ വിശദീകരണങ്ങള്‍


1. "ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യ പുത്രനെപ്പോലെ ഒരുവന്‍ വരുന്നു" എന്ന് ദാനി യേല്‍ 7 : 13. അപ്പോള്‍ "ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്നവരില്‍ ചിലര്‍ നിത്യജീവനായും, ചിലര്‍ നിത്യനിന്ദയ്ക്കുമായി ഉണരും" എന്നു ദാനിയേല്‍ 12 : 2. മനുഷ്യപുത്രന്‍ ലോകത്തെ വിധിക്കാനായി വരുന്ന ഇതേ ചിത്രമാണ് മത്തായിയിലുള്ളത്: "മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും" (16 : 27). ഇക്കാര്യം സമാനമായ രീതിയില്‍ മത്തായി 24:31 ലും 25:31 ലും കാണുന്നുണ്ട്. താന്‍ രാജാവാണെന്ന് ഒരിക്കലും യേശു അവകാശപ്പെട്ടിട്ടില്ലെന്നും, എന്നാല്‍ "രാജാവ്" എന്ന പദം "അന്ത്യവിധി"യില്‍ കാണുന്നു എന്നതുകൊണ്ട് പ്രസ്തുത ഭാഗം മത്തായി എഴുതിച്ചേര്‍ത്തതാണ് എന്നുമുള്ള വാദം നിലനില്‍ക്കുന്നതല്ല. കാരണം, യേശു തന്നെക്കു റിച്ചു പറയാന്‍ പലയാവര്‍ത്തി ഉപയോഗിച്ച "മനുഷ്യപുത്രനി"ല്‍ രാജകീയതയുടെ ഭാവവു മുണ്ട്.


2. പഴയനിയമത്തിലെ വാക്യങ്ങളെക്കുറിച്ച് മിദ്രാഷ് എന്നറിയപ്പെടുന്ന വിശദീകരണങ്ങള്‍ മറ്റു യഹൂദഗ്രന്ഥങ്ങളില്‍നിന്നു ലഭ്യമാണ്. സങ്കീ. 90:3 നെ കുറിച്ചുള്ള ഒരു മിദ്രാഷില്‍ ഏദന്‍തോട്ടം ദൈവ ത്തിന്‍റെ വലതുഭാഗത്താണെന്നും ഗെഹന്നയെന്ന നരകം ഇടതുഭാഗത്താണെന്നും പറയുന്നുണ്ട്. മത്തായിയിലെ "അന്ത്യവിധി"യിലും ഇതേ ചിത്രമാണുള്ളത് എന്നതു വ്യക്തമാണല്ലോ.

ആരാണു രാജാവിന്‍റെ "ഏറ്റവും എളിയ സഹോദരന്മാര്‍" (മത്തായി 25:40)?

ഈ ചോദ്യത്തിനുള്ള ഉത്തരം വിചാരിക്കുന്ന തരത്തില്‍ അത്ര ലളിതമല്ല. പണ്ഡിതരുടെ ഇടയില്‍ ഏറെ തര്‍ക്കമുള്ള ഒന്നാണിത്. അപ്പസ്തോലന്മാരോ ക്രിസ്ത്യാനികളോ ആണ് ഈ "സഹോദരന്മാര്‍" എന്നു വാദിക്കുന്നവരുണ്ട്. അതിന് അവരുടേതായ ന്യായങ്ങളുമുണ്ട്.


ശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നത് മത്തായി 10 ലാണ്. തുടര്‍ന്ന് അവരോട് യേശു പറയുന്നു: "നിങ്ങ ളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യ ന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്ന വനു പ്രതിഫലം ലഭിക്കാതിരിക്കുക യില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറ യുന്നു" (മത്തായി 10 : 40-42; cfr. മര്‍ക്കോസ് 9:41). മറ്റൊരു വാക്യം കൂടി പരിഗണിക്കാം: "സത്യം സത്യ മായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയ യ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു" എന്ന് യോഹന്നാന്‍ 13 : 20. ക്രിസ്തുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചവരാ ണ് ഈ ഭൂമിയില്‍ അവനെ പ്രതിനിധീകരിക്കുന്നത് എന്നാണല്ലോ ഈ വാക്യങ്ങള്‍ സ്ഥാപിക്കുന്നത്. വിശപ്പും ദാഹവും തടവറയും അനുഭവിച്ചവരാണ് "എളിയസഹോദരന്മാര്‍" എന്നാണല്ലോ "അന്ത്യവിധി"യില്‍ നാം വായിക്കുന്നത്. യേശുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചവരില്‍ പലരും ഇതേ കാര്യങ്ങള്‍ അനുഭവിച്ചവരായിരുന്നു. "ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു" (1 കോറിന്തോസ് 4 : 11) എന്ന പൗലോ സിന്‍റെ വാക്യം പ്രസിദ്ധമാണ്. ഫിലെമോനുള്ള കത്ത് ശ്ലീഹാ എഴുതിയത് ജയിലില്‍ കിടന്നാണ് (ഫിലെമോന്‍ 1,9).


ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍, "അന്ത്യവിധിയി"ല്‍ യേശു സൂചിപ്പിക്കുന്ന എളിയ സഹോദരന്മാര്‍, യേശുവിന്‍റെ ശിഷ്യരും അവരെ തുടര്‍ന്നുവന്ന ക്രിസ്ത്യാനികളും ആണെന്നു തോന്നിപ്പോകും. ഈ രീതിയില്‍ വാദിക്കുന്നവര്‍ കുറവല്ല. (അത്തരമൊന്ന് അടുത്തയിടകൂടി യൂട്യൂബില്‍ കേട്ടിരുന്നു.) ഈ വാദം ശരിയാ ണെങ്കില്‍, സകല "ജനതകളും" വിധിക്കപ്പെടുന്നത് അവര്‍ ക്രിസ്തുശിഷ്യരോട് എങ്ങനെ ഇടപെട്ടു എന്നതിനെ ആശ്രയിച്ചായിരിക്കും! വാദത്തിനു വേണ്ടി അതങ്ങനെ തന്നെയാണെന്ന് ഒരു നിമിഷം വിചാരിക്കുക. അങ്ങനെയെങ്കില്‍, "ജനതകള്‍" (ക്രിസ്ത്യാനികളല്ലാത്തവര്‍) നരകത്തിലേയ്ക്കു തള്ളപ്പെടാതിരിക്കണമെങ്കില്‍, ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍മാത്രം റോമന്‍ കാരാഗൃഹ ത്തില്‍ അടയ്ക്കപ്പെട്ടവരെ സന്ദര്‍ശിക്കേണ്ടതുണ്ട്. ഏതെങ്കിലും റോമക്കാരന്‍ അതിനു തയ്യാറാകുമോ? റോമന്‍ ഭരണകൂടത്തെ ഭയക്കുന്ന ഒരാളും അതു ചെയ്യില്ലെന്നത് ഉറപ്പാണ്. അപ്പോള്‍, തടവില്‍ കഴിയുന്ന ക്രിസ്ത്യാനിയെ സന്ദര്‍ശിക്കാത്ത സകലമാന മനുഷ്യരെയുംകൊണ്ട് നരകം നിറഞ്ഞു കവിയാന്‍ മിക്കവാറും സാധ്യതയുണ്ട്!

വേറൊരു കാര്യമുള്ളത്, അന്ത്യവിധിയില്‍ കാണുന്ന സഹനങ്ങളേക്കാള്‍ രൂക്ഷമായതുകൂടി യേശുവിന്‍റെ ശിഷ്യന്മാര്‍ അനുഭവിക്കേണ്ടിവരുമെ ന്നുള്ളതാണ്. "എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയു കയും ചെയ്യു"മെന്ന് മത്തായി 5:11. "അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുക ളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണം തോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യു" മെന്നു മത്തായി 23 : 34. ഇത്തരം കാര്യങ്ങളൊന്നും പക്ഷേ അന്ത്യവിധിയുടെ ഭാഗത്തു നാം കാണു ന്നില്ല. അവിടെ സൂചിപ്പിക്കുന്ന "എന്‍റെ എളിയ സഹോദരന്മാര്‍" ശിഷ്യന്മാരായിരുന്നെങ്കില്‍ ഇത്തരം പീഡനങ്ങളുടെ ഒരു ചെറിയ പരാമര്‍ശ മെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.


ഇനി നമുക്ക് മറ്റു ചില വേദവാക്യങ്ങള്‍ ഒന്നു പരിഗണിക്കാം: "നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ ഏതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെ ങ്കില്‍, നീ നിന്‍റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്. ഭൂമിയില്‍ ദരിദ്രര്‍ എന്നും ഉണ്ടായിരിക്കും. ആകയാല്‍, നിന്‍റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരനുവേണ്ടി കൈയ യച്ചു കൊടുക്കുക എന്നു ഞാന്‍ നിന്നോടു കല്‍പി ക്കുന്നു" (നിയമാവര്‍ത്തനം 15 : 7, 11). "വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹി തനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കു കയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം" (ഏശയ്യാ 58 : 7)? "വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്" (സഖറിയാ 7 : 10). "ദരിദ്രരോടു ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ട തയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്ഷിക്കും" (സങ്കീര്‍ത്തനങ്ങള്‍ 41 : 1; cfr. പ്രഭാഷകന്‍ 7 : 32). "വിശക്കുന്നവനുമായി നിന്‍റെ അപ്പം പങ്കിടുക; നഗ്നനുമായി നിന്‍റെ വസ്ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്" (തോബിത് 4 : 16). ഇവയില്‍ നിന്നൊക്കെ നമുക്കു മനസ്സിലാകുന്നത് ദാരിദ്യം, വിശപ്പ്, നഗ്നത, അനാഥത്വം തുടങ്ങിയവയെല്ലാം അശരണരായ സകല മനുഷ്യരുടെയും അടയാളങ്ങളാണ് എന്നാണല്ലോ. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, "അന്ത്യവിധി"യില്‍ പരാമര്‍ശിക്കപ്പെടുന്ന "ഏറ്റവും എളിയ സഹോദരന്മാര്‍" ക്രിസ്ത്യാനികളെ പ്രത്യേകമായിട്ടല്ല, പിന്നെയോ, സഹിക്കുന്ന ഏതൊരാളെയും സൂചിപ്പിക്കുന്നതിനായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നു വ്യക്തമാകുന്നു. ("അന്ത്യവിധി"യിലെ എളിയവരെ സഭാ പിതാക്കന്മാര്‍ ഇവ്വിധത്തിലാണു മനസ്സിലാക്കിയതെന്ന് അവരുടെ പ്രഭാഷണങ്ങളിലൂടെ കണ്ണോടിച്ചാല്‍ ബോധ്യമാകും.)

വിധിക്കപ്പെടുന്ന "ജനതകള്‍" ആരാണ്?


അന്ത്യവിധിയില്‍ മനുഷ്യപുത്രനു മുമ്പില്‍ ഒരുമിച്ചുകൂടുന്ന ജനതകളെ ഗ്രീക്കില്‍ വിളിക്കുന്നത് എത്നേ (ഏകവചനം: എത്നോസ്) എന്നാണ്. യഹൂദരല്ലാത്തവരെ കുറിക്കാന്‍ പഴയനിയമത്തില്‍ ഈ പദം ഉപയോഗിക്കപ്പെടുന്നുണ്ട്. "അങ്ങു ഞങ്ങളോടൊത്തു യാത്ര ചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു വ്യത്യസ്തരായിരിക്കും" (പുറപ്പാട് 33 : 16); "കര്‍ത്താവു നിങ്ങളെ സ്നേഹി ച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതു കൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു" (നിയമാവര്‍ത്തനം 7 : 7). ഈ രണ്ടു വാക്യങ്ങളിലും "ജനതകള്‍" (എത്നോസ്) എന്ന പദം യഹൂദേതരെ ഉദ്ദേശിച്ചുള്ളതാണെന്നതു വ്യക്തമാണല്ലോ. പുതിയ നിയമത്തിലാകട്ടെ ഇതേ പദം ക്രിസ്ത്യാനികളല്ലാത്തവരെയും സൂചിപ്പിക്കു ന്നുണ്ട്. "വിജാതീയരുടെ (എത്നോസ്) ഭരണകര്‍ ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തു ന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ" (മത്തായി 20 : 25) എന്ന വാക്യം യേശു ശിഷ്യരോടു പറയുന്നതായതുകൊണ്ട്, എത്നോസ് എന്ന പദം ശിഷ്യരല്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ്.


ഇക്കണ്ട കാരണങ്ങളാല്‍ അന്ത്യവിധിയില്‍ രാജാവു വിധിക്കുന്ന "ജനതകള്‍" (എത്നേ), ക്രിസ്ത്യാനികള്‍ അല്ലാത്തവരായിരിക്കുമെന്ന് വാദമുണ്ടായി. ഇത്തരമൊരു വാദമുണ്ടാകാന്‍ കാരണം സത്യത്തില്‍ മറ്റൊരു വാക്യമാണ്: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും" (മത്തായി 10 : 32-33). ക്രിസ്തുവിലുള്ള വിശ്വാസ മാണ് വിധിയുടെ മാനദണ്ഡമെന്നാണല്ലോ ഈ വാക്യത്തിന്‍റെ പാഠം. അപ്പോള്‍ ക്രിസ്ത്യാനികള്‍ വിധിക്കപ്പെടുന്നത് വിശ്വാസത്തെ അടിസ്ഥാനപ്പെടു ത്തിയാകും. അതുകൊണ്ടു തന്നെ പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള "അന്ത്യവിധി" ക്രിസ്ത്യാനിക്കുള്ളതല്ല, ക്രിസ്ത്യാനിയല്ലാത്തവര്‍ക്കുള്ളതാണ് എന്നു വാദിക്കപ്പെട്ടു.


ചുരുക്കത്തില്‍, ക്രിസ്ത്യാനിക്ക് ഒരു വിധിയും അല്ലാത്തവര്‍ക്ക് മറ്റൊരു വിധിയും! ഈയൊരു വാദം കാണാതെപോയ രണ്ടു കാര്യങ്ങളുണ്ട്. എത്നോസ് എന്ന പദത്തിന് സാര്‍വലൗകികമായ അര്‍ഥവും സൈബിളിലുണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. "ഈ പര്‍വതത്തില്‍ സര്‍വ ജനതകള്‍ക്കും വേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും" (ഏശയ്യാ 25 : 6); "എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്" (ദാനിയേല്‍ 7 : 14) എന്നീ വാക്യങ്ങളിലെ എത്നോസ്, യഹൂദേതരെയും യഹൂദരേയും കുറിക്കുന്നു. "പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു" (ലൂക്കാ 24 : 47; cfr. മത്തായി 28 : 19); "എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും" (മത്തായി 24 : 14); "അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ ഗോത്രങ്ങളും (എത്നേ) വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വ ത്തോടുംകൂടെ വരുന്നതു കാണുകയും ചെയ്യും" (മത്തായി 24 : 30) എന്നീ വാക്യങ്ങളില്‍ എത്നോസ് സകല മനുഷ്യരേയും കുറിക്കാനാണ് ഉപയോഗി ച്ചിരിക്കുന്നത്. ഇത്തരം വാക്യങ്ങള്‍ പരിഗണിച്ചാല്‍, "അന്ത്യവിധി"യില്‍ വിധിക്കപ്പെടുന്ന "ജനതകള്‍" (എത്നേ) ക്രിസ്ത്യാനികളെയും ക്രിസ്ത്യാനികളല്ലാത്തവരെയും ഒരമിച്ചുദ്ദേശിച്ചു ള്ളതാണെന്നതു സുവ്യക്തമാണ്.


മുന്‍പു കണ്ട വാദം പരിഗണിക്കാതെ പോയ മറ്റൊരു കാര്യം ക്രിസ്ത്യാനികള്‍ വിധിക്കപ്പെടുന്നത് വിശ്വാസത്തിന്‍റെ പേരില്‍ മാത്രമായിരിക്കില്ല എന്നതാണ്. "കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: "കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തി ക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍" (മത്തായി 7 : 21-23); "യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്ടന്‍മാരെ നീതിമാന്‍മാരില്‍ നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും" (മത്തായി 13 : 49); "മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും" (മത്തായി 16 : 27) എന്നീ വാക്യങ്ങള്‍ വിശ്വാസത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു അന്ത്യവിധിയുടെ ചിത്രമല്ലല്ലോ നമുക്കു തരുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവനാകട്ടെ, അല്ലാത്തവനാകട്ടെ, വിധിയുടെ പരമപ്രധാനമായ മാനദണ്ഡം സഹാനുഭൂതി ജീവി തത്തില്‍ പുലര്‍ത്തിയോ ഇല്ലയോ എന്നതായിരിക്കും.


മനുഷ്യപുത്രന്‍റെ ആഗമനത്തെകുറിച്ചും അതിനെ തുടര്‍ന്നു സംഭവിക്കാന്‍ പോകുന്ന ലോകത്തിന്‍റെ വിധിയെകുറിച്ചും, യേശു ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങുന്നത് മത്തായി 24:1 മുതലാണ്. ജാഗരൂകതയോടെ ജീവിക്കണമെന്ന് പത്തു കന്യകമാരുടെ ഉപമകൊണ്ടും, മടുപ്പു തോന്നാതെ അധ്വാനിക്കണമെന്ന് താലന്തുകളുടെ ഉപമകൊണ്ടും ശിഷ്യന്മാരെ പഠിപ്പിച്ചതിനുശേഷം, സഹജരോട് അനുകമ്പയോടെ ഇപെടണമെന്ന് അന്ത്യവിധിയുടെ ഉപമയിലൂടെ യേശു പഠിപ്പിക്കു കയാണ്. അതുകൊണ്ടു തന്നെ ഈ "അന്ത്യവിധി" സകലമാന ശിഷ്യര്‍ക്കും ബാധകമാണ്.


ഉപസംഹാരം


1. മത്തായിയുടെ "അന്ത്യവിധി" യില്‍ കാണുന്ന കാരുണ്യ പ്രവൃത്തികളുടെ ലിസ്റ്റിനു സമാനമായ മറ്റു ചില ലിസ്റ്റുകള്‍ ചുവടെ ചേര്‍ക്കുന്നു: "പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, എന്‍റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്‍റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, എന്‍റെ ആടുകളുടെ രോമം അവനു ചൂടു പകര്‍ന്നില്ലെങ്കില്‍, വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, എന്‍റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ!" (ജോബ് 31 : 16-22); "ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക" (സുഭാഷിതങ്ങള്‍ 25 : 21); "വിശക്കുന്നവനുമായി നിന്‍റെ അപ്പം പങ്കിടുക; നഗ്നനുമായി നിന്‍റെ വസ്ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്" (തോബിത് 4 : 16). ഓരോ ലിസ്റ്റിലും പറയുന്ന കാര്യങ്ങളില്‍ വ്യാത്യാസമുണ്ടെന്നത് വ്യക്തമാണല്ലോ.


അതിനര്‍ത്ഥം, നിത്യജീവന്‍ അവകാശമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിനു പ്രാതിനിധ്യ സ്വഭാവമാണുള്ളത് എന്നാണ്. അതായത്, അവിടെ പറഞ്ഞിരിക്കുന്നതോ സമാനമായതോ ആയ കാര്യങ്ങളാണു ഏതൊരാളും ചെയ്യേണ്ടത്. മര്‍മപ്രധാനമായ കാര്യം സഹിക്കുന്ന മനുഷ്യരോട് കരുണ ഉണ്ടോ ഇല്ലയോ എന്നതാണ്.

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്. കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുക യെന്നത് അക്കാലത്ത് അസംഭവ്യമാണെന്ന വിചാരമുണ്ടാകാം. ജയിലില്‍ അടയ്ക്കപ്പെട്ട റബ്ബി അക്കീബായ്ക്ക് ഒരു സുഹൃത്ത് വെള്ളം എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ച് ബാബിലോണിയന്‍ താല്‍മുദ് പറയുന്നുണ്ട്. കാരാഗൃഹത്തിലായിരിക്കേയാണ് സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യരെ യേശുവിന്‍റെ അടുത്തേക്ക് അയക്കുന്നത് (മത്തായി 12:2). തടവറയില്‍ കിടന്നുകൊണ്ട് പൗലോസ് എഴുതിയ കത്തുകളാണ് സഭകളില്‍ വായിക്കപ്പെട്ടത് (ഫിലിപ്പി 1:13; എഫേസോസ് 4:1). അക്കാലത്ത്, കാരാഗൃഹവാസികളുമായി വെളിയിലുള്ളവര്‍ക്ക് സമ്പര്‍ക്കം സാധ്യമായിരുന്നു എന്നതിന് ഇവ മതിയായ തെളിവുകളാണ്.


2. വേദനിക്കുന്ന മനുഷ്യരില്‍ ക്രിസ്തുവിനെ കണ്ട് ശുശ്രൂഷ ചെയ്തവരാണ് മദര്‍ തെരേസയും മറ്റു പല വിശുദ്ധരും എന്നാണു നാം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍, "അന്ത്യവിധി"യില്‍ നിത്യജീവന്‍ അവകാശമാക്കുന്നവര്‍, ആരിലെങ്കിലും ക്രിസ്തുവിനെ കണ്ടുകൊണ്ടാണ് എന്തെങ്കിലും ചെയ്തത് എന്നല്ല നാം വായിക്കുന്നത്. അതു കൊണ്ട് അത്ഭുതത്തോടെയാണ് അവര്‍ നിത്യജീവനിലേക്കു പ്രവേശിക്കുന്നത്. മനുഷ്യന്‍റെ (ക്രിസ്തു വിന്‍റെയല്ല) വിശപ്പു കണ്ട് വിഷമം തോന്നിയിട്ട് അപ്പം പങ്കുവച്ചവര്‍ക്ക്, തങ്ങള്‍ ചെയ്യുന്നത് ആത്മീയ പ്രവൃത്തിയാണെന്ന തോന്നല്‍ പോലുമില്ലാതിരുന്നതുകൊണ്ട് സ്വര്‍ഗമെന്ന പ്രതിഫലത്തെക്കുറിച്ച് അവരൊന്നും വിചാരപ്പെടുന്നുപോലുമില്ല. ഇത്തരക്കാരാണ് യഥാര്‍ഥത്തില്‍ ആത്മീയ മനുഷ്യര്‍!


3. മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളി വന്ന് തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും; എന്നിട്ട് തന്‍റെ മുമ്പില്‍ നില്‍ക്കുന്ന എല്ലാ ജനതകളെയും ഈ രാജാവ് തന്‍റെ വലത്തും ഇടത്തുമായി വേര്‍തിരിച്ചു നിര്‍ത്തും എന്നാണല്ലോ മത്തായി 25 ല്‍ യേശു പറയുന്നത്. തൊട്ടടുത്ത ഭാഗത്ത് നാം വായിക്കുന്നത് ഇതാണ്: "യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യന്‍മാരോടു പറഞ്ഞു: രണ്ടു ദിവസം കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും" (മത്തായി 26 : 1-2). സിംഹാസനത്തില്‍ ആരൂഢനായ രാജാവും കുരിശില്‍ ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രനും ഒന്നാണ്! അതുകൊണ്ടാകണം ഈ ഭൂമിയിലെ സഹിക്കുന്ന മനുഷ്യരെ, തന്‍റെ തന്നെ പകര്‍പ്പുകളായി യേശു കാണുന്നത്.


4. രാജാവിന്‍റെ വലത്തുവശത്തുള്ളവര്‍ പോകുന്നത് "ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യ" (മത്തായി 25:34) ത്തിലേക്കാണ്. അപ്പോള്‍, അവിടം മനുഷ്യരെ പ്രതീക്ഷിച്ചു സജ്ജീകരിച്ച ഇടമാണ്. എന്നാല്‍, രാജാവിന്‍റെ ഇടത്തു വശത്തുള്ളവര്‍ പോകുന്നത് "പിശാചിനും അവന്‍റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കാ"ണ് (മത്തായി 25:41). അതായത്, ആ ഇടം മനുഷ്യരെ പ്രതീക്ഷിച്ചു നിര്‍മിച്ച ഇടമല്ലത്രേ. കരുണയില്ലാത്തവര്‍ മനുഷ്യരല്ലാതായി തീരുമെന്നുള്ള മുന്നറിയിപ്പുണ്ടോ "അന്ത്യവിധി"യില്‍?

Dec 3, 2024

0

41

Recent Posts

bottom of page