

"ശിമയോനെ നീയെന്നെ സ്നേഹിക്കുന്നുവോ?" (യോഹ. 21.16)
ക്രിസ്തു ശിഷ്യത്വം, കരുണ സ്വീകരിക്കുന്നവരില്‍ നിന്ന് വളര്‍ന്ന്, അവന്‍റെ സ്നേഹിതനാകാനുള്ള വിളിയും വഴിയുമാണ്.
അര്‍ഹതയില്ലാതെ നല്കുന്ന സ്നേഹത്തെയാണല്ലോ കരുണ എന്നു പറയുന്നത്. ദൈവം നമ്മോട് കരുണ കാണിക്കുന്നു. സ്നേഹം കുറച്ചുകൂടി വ്യക്തിപരമാണ് (personal), ബന്ധങ്ങളിലാണത് പ്രകടമാകുന്നത് (in relationships). സുഹൃത്തുകള്‍, ദമ്പതികള്‍, മാതാപിതാക്കളും മക്കളും അങ്ങനെയങ്ങനെ. അവിടെ സ്നേഹത്തിന്‍റെ ഒരുതരം കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ട്.
ദൈവത്തിന്‍റെ കരുണ സ്വീകരിക്കുന്നവരില്‍ നിന്ന് സ്നേഹിതരിലേക്ക് വളരേണ്ടതുണ്ട്. മഗ്ദലന മറിയത്തോട് ഈശോ കാണിക്കുന്ന കാരുണ്യം അവളെ, ഈശോയെ സ്നേഹിക്കുന്ന ഒരാളാക്കുന്നു, ഈശോയുടെ സ്നേഹിതയാക്കുന്നു.
അവന്‍റെ എല്ലാ ശിഷ്യരും അപ്രകാരം കരുണ സ്വീകരിച്ചവരും അവന്‍റെ സ്നേഹിതരായി തീര്‍ന്നവരുമാണ്. പത്രോസിനെ തന്നെ നോക്കൂ തള്ളിപ്പറഞ്ഞതുള്‍പ്പെടെ എത്രയോ പാളിച്ചകള്‍ക്കു ശേഷവും കരുണ സ്വീകരിച്ച അയാള്‍ അവന്‍റെ എത്രയോ വലിയ സ്നേഹിതനായി മാറി. നീയെന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാവര്‍ത്തി ചോദിക്കുന്നതിനെ ഇങ്ങനെ കൂടി നോക്കി കാണാം.
കരുണ സ്വീകരിക്കുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ സ്നേഹിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. ആഴമുള്ള ഒരു ബന്ധത്തിലേക്കു വളരേണ്ട ബാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നൊക്കെ എന്തോരം കരുണ സ്വീകരിക്കുന്നവരാണ് നമ്മള്‍. ചിലപ്പോള്‍ അത് ഒരു അവകാശം പോലെയൊക്കെയങ്ങ് കരുതി സ്വീകരിക്കുന്നു.
ലഹരിക്കടിമയായ ഭര്‍ത്താവിനോട് ഭാര്യ കാണിക്കുന്നത് തീര്‍ച്ചയായും കരുണയാണ്. അവരുടെ സ്നേഹത്തിന് അയാള്‍ക്ക് എന്തര്‍ഹതയാണുള്ളത്. അവളുടെ ആ കരുണ, അയാളെ തൊടുകയും, തിരിച്ചറിവുണ്ടാകുകയും ചെയ്തിട്ട്, സ്വന്തം പ്രവര്‍ത്തികൊണ്ട് ദുസ്സഹമാക്കി തീര്‍ത്ത അവളുടെ ജീവിതം, അവശേഷി ക്കുന്ന കാലം തന്‍റെ നല്ല ജീവിതം കൊണ്ട് ശാന്തമാക്കി തീര്‍ക്കും എന്നു നിശ്ചയിക്കുന്നത് അവളോടുള്ള സ്നേഹത്തിന്‍റെ തുടക്കം.
ഇടറിപ്പോയ സ്ത്രീയോട് അവളുടെ ഭര്‍ത്താവ് കാണിക്കുന്ന ക്ഷമ, കരുണ തന്നെയാണ്. ആ കരുണ തിരിച്ചറിഞ്ഞ് സ്നേഹത്തിലേക്കു മടങ്ങിവരാന്‍ അവള്‍ക്ക് ബാധ്യതയുണ്ട്; ചില കണ്ണീര്‍പുഴകള്‍ നീന്തി കടക്കേണ്ടി വന്നാലും. കുറ്റബോധത്തിന്‍റെ എരിതീയില്‍ നീറുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കണ്ണീരും പൊറുതിയും.
ശിഷ്യരെ വിളിക്കുമ്പോള്‍ യേശു അവരോട് അളവില്ലാത്ത കരുണ കാണിക്കുകയും ചേര്‍ത്തു പിടിച്ച് ബലപ്പെടുത്തുകയും സ്നേഹത്തിന്‍റെ പാഠങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ എല്ലാവരുടെയും പ്രതിനിധിയെന്ന പോലെ പത്രോസിനോട് മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് ചോദിക്കുന്നു: "നീ എന്നെ സ്നേഹിക്കുന്നുവോ?" ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രിസ്തീയ ജീവിതം.
ക്രിസ്തു ശിഷ്യത്വം കരുണ സ്വീകരിക്കുന്നവരില്‍ നിന്ന് അവന്‍റെ സ്നേഹിതനാകാനുള്ള വിളിയും വഴിയുമാണ്. ദൈവം എല്ലാവരോടും കരുണ കാണിക്കുന്നുണ്ട്. പൊതുവായ ആ കരുണയില്‍ ഞാനും പങ്കാളിയാണ്. ക്രിസ്തു ശിഷ്യന്‍ അവിടെ നിന്നും തുടങ്ങേണ്ടയാളാണ്. കരുണ സ്വീകരിക്കുന്നയാളില്‍ നിന്നും കൊടുക്കുന്നയാളിലേക്കുള്ള വളര്‍ച്ച; സ്നേഹിതനിലേക്കുള്ള യാത്ര.
ദൈവമേ പലപ്പോഴും സ്വീകരിക്കുന്ന കരുണയെ അത്ര വിലമതിക്കുന്നയാളല്ല ഞാന്‍. നീയും മനുഷ്യരും ഈ ചെറിയ ജീവിത കാലത്ത് ചൊരിഞ്ഞ കരുണ അളവറ്റതാണ്. ആ കരുണയോടുള്ള എന്‍റെ കൃതജ്ഞത നിന്നോടുള്ള സ്നേഹം തന്നെയാണ്. അതു പക്ഷേ തുടങ്ങിയിടത്തു തന്നെയല്ലേ ഇപ്പോഴും എന്ന് തോന്നുന്നുണ്ട്. അങ്ങനെ സ്നേഹിക്കണമെങ്കില്‍ ഓരോരുത്തരോടുമുള്ള എന്‍റെ ബന്ധം ഇനിയും ആഴപ്പെടേണം. പലപ്പോഴും ക്രിസ്തുവിൻ്റെ ഉപമയിലെ നൂറാമത്തെ കുഞ്ഞാടാകാനാണ് എനിക്ക് താത്പര്യം. ഇടയൻ തേടി വരുമെന്നതിനാൽ ഉഴപ്പി നടക്കാൻ മടിയില്ലാത്ത കുഞ്ഞാട്. ആലയിൽ മടങ്ങിയെത്തിയ ആടിന് കുറച്ചുകൂടി ഉയർന്ന ഉത്തരവാദിത്വം ഉണ്ട്. ഇടറിപ്പോകാതിരിക്കാൻ, ഇടയൻ്റെ മനമറിഞ്ഞ് ജീവിക്കാൻ.
മറ്റുള്ളവരോട് കരുണ കാട്ടുകയും വേണം. എല്ലാവരേയും ഒരേ അളവില്‍ സ്നേഹിക്കാന്‍ എനിക്കു കഴിയുമെന്ന് തോന്നുന്നില്ല. ചിലരോട് ഒട്ടും അടുപ്പം തോന്നാറില്ലല്ലോ. അത് തീര്‍ച്ചയായും അവരുടെ കുഴപ്പമല്ലതാനും. പക്ഷേ അവരോടും കാരുണ്യം കാണിക്കാന്‍ കഴിയും.
കരുണ സ്വീകരിച്ച് തുടങ്ങിയ ജീവിതത്തില്‍ നിന്നും, അവനെ ആഴത്തില്‍ സ്നേഹിക്കുന്ന സ്നേഹിതനിലേക്കുള്ള ദൂരം കണ്ടെത്തേണ്ടതുണ്ട്. സ്നേഹിതനു വേണ്ടി മരിക്കാന്‍ പോലും മടിക്കാത്ത സ്നേഹിതനാകേണ്ടതുണ്ട്. അവനു വേണ്ടി മടി കൂടാതെ മരിക്കാന്‍ തയ്യാറായ എണ്ണമില്ലാത്ത സ്നേഹിതരുടെ ഈ കാലത്തെ പിന്‍മുറക്കാരനാണ് ഞാനും. തിബേരിയോസ് കടല്‍ക്കരയില്‍ ഒരു പ്രഭാതത്തില്‍ വിളമ്പിയ പ്രാതലിനു ശേഷം ശിഷ്യപ്രമുഖനോട് ചോദിച്ച അതേ ചോദ്യം ഓരോ പ്രഭാതത്തിലും അവന്‍റെ പേരി ല്‍ മുറിക്കപ്പെടുന്ന വിരുന്നിനു ശേഷം എന്‍റെ കാതിലും മുഴങ്ങുന്നുണ്ട്:
"നീയെന്നെ സ്നേഹിക്കുന്നുണ്ടോ?"
"ഉണ്ടല്ലോ!"
"ഉവ്വോ?"
"നീയല്ലേ എന്നെയും സ്നേഹിതനെന്നു വിളിച്ചത്. അപ്പോള്‍ പിന്നെ?"
"അപ്പോള്‍?"
"ഉം..."
ഉത്തരങ്ങളില്ലാതെ നില്ക്കുമ്പോള്‍ പൊതിയുന്ന നിന്‍റെ കരം. നിറയുന്ന മിഴി, ഒരു നെടുവീര്‍പ്പ്: ദൈവമേ ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീയറിയുന്നുവല്ലോ. സ്നേഹത്തിന്‍റെ നിധി ഈ മണ്‍കൂനയ്ക്കടിയില്‍ നീയൊളിപ്പിച്ചു വച്ചിട്ടുണ്ട്. ആ ഖനി പുറത്തെത്തിക്കാന്‍ ഞാന്‍ എന്തു ചെയ്യും?
സ്നേഹിതനാകുക ഒട്ടും എളുപ്പമല്ല. എങ്കിലും വില കൊടുക്കാവുന്ന ഏറ്റവും അമൂല്യമായ കാര്യം അതു തന്നെ. നിന്‍റെ സ്നേഹിതനാകാനുള്ള എന്‍റെ പൂര്‍ണ്ണമായ ആഗ്രഹം നീയറിയുന്നുണ്ടല്ലോ.
അങ്ങനെ ആഴത്തില്‍ ക്രിസ്തുവുമായി കൂട്ടുകൂടിയ അസ്സീസിയിലെ വി. ക്ലാരയുടെ തിരു നാള് ആഗസ്റ്റ് 11 നാണ്. സ്നേഹിതനു വേണ്ടി ജീവൻ കൊടുക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന ഗുരുമൊഴിക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ ജീവനുള്ള ഒരു സാക്ഷ്യമായി മാറിയ വി. മാക്സ് മില്യൺ കോൾബെയുടെ തിരുനാൾ ഓഗസ്റ്റ് 14.
തിരുനാള്‍ ആശംസകളോടെ...
സ്നേഹിതനാകേണ്ടയാള്‍, എഡിറ്റോറിയൽ,
റോണികിഴക്കേടത്ത് കപ്പൂച്ചിൻ
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















