

സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് വളരെ സാർവ്വത്രികമായി സംഭവിക്കുന്ന ഒന്നാണ് ബോഡി ഷെയ്മിങ്. ഒരാളെ അയാളുടെ ബാഹ്യരൂപം, ശരീരവലിപ്പം, ശരീരപ്രകൃതി, തൊലിനിറം, മുഖസൗന്ദര്യം, എന്നിവയെ പ്രതി പരിഹസിക്കുകയോ താഴ്ത്തിക്കാണിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണത്. ഇന്നതാണ് സൗന്ദര്യം എന്ന് സമൂഹം നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോകൾ, സംഭാഷണങ്ങൾ എന്നിവ, പ്രസ്തുത വ്യക്തികൾക്ക് ആത്മക്ഷതം ഉണ്ടാകും വിധം പൊതുജന മധ്യത്തിൽ പ്രചരിപ്പിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.
പക്ഷേ, മറ്റൊരു വഴിക്ക് ആലോചിച്ചാൽ, എന്തുകൊണ്ടാണ് മനുഷ്യർ ഇത്തരം ബോഡി ഷെയ്മിങ് നടത്തുന്നത്? സ്വന്തം നിലപാടുകളെ സ്വയം ചോദ്യം ചെയ്യാൻ വിമുഖരാകുന്നതുകൊണ്ടാണിത് എന്ന് പൊതുവിൽ പറയാമായിരിക്കാം. പക്ഷേ, ഒന്നുകൂടി ചിന്തിച്ചാൽ, എന്താണ് സൗന്ദര്യം, എന്തിലാണ് സൗന്ദര്യം എന്നീ കാര്യങ്ങളെക്കുറിച്ച് നാമുൾപ്പെടുന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾതന്നെ വികലമാക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാവില്ലേ? പ്രതിഛായ നിർമ്മാണ വ്യവസായങ്ങൾ സമൂഹത്തിൽ ഏറെയാണ്. പാവക്കുട്ടി നിർമ്മാണ കമ്പനികൾ, കാർട്ടൂൺ മൂവി വ്യവസായം, വീഡിയോ ഗെയിം വ്യവസായം, സിനിമാ വ്യവസായം എന്നിങ്ങനെ പരസ്യചിത്ര വ്യവസായം വരെ എത്രയെത്ര വ്യവസായങ്ങൾ! ഇവയെല്ലാം ചെറുപ്പം മുതൽ നമുക്കുള്ളിലും നമ്മുടെ സമൂഹത്തിലും വാർപ്പുമാതൃകകൾ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ക്രൂരന്മാരായ മനുഷ്യർ ഇങ്ങനെയാണിരിക്കുന്നത്; ചീത്തമനുഷ്യർ കാണാൻ ഇങ്ങനെയിരിക്കും; നല്ല മനുഷ്യർ സൗന്ദര്യവും സൗകുമാര്യവും ഉള്ളവരായിരിക്കും, എന്നിങ്ങനെ നാമൊക്കെ പ്രോഗ്രാം ചെയ്യപ്പെടുകയല്ലേ? നിശ്ചയിക്കപ്പെട്ട ഈ ആസൂത്രിത ഘടനക്ക് വെളിയിൽ കടക്കാൻ മിക്കവർക്കും കഴിയാതെവരും.
അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ സൗന്ദര്യം എന്നത് രൂപസൗഷ്ടവവും ചർമ്മവർണ്ണവും മറ്റുമാവും. അവർക്ക് സിനിമാതാരങ്ങൾ സൗന്ദര്യധാമങ്ങളും വൃദ്ധരും ദരിദ്രരും മറ്റും സൗന്ദര്യമില്ലാത്തവരും ആവും.
ഒരാൾ പക്വത പ്രാപിക്കുന്നതിനനുസരിച്ച് അയാളുടെ സൗന്ദര്യം വർദ്ധിക്കുകയാണ്. എന്നാൽ, ആത്മീയത ചോർന്നുപോയ സമൂഹത്തിൽ ഒരു സാധാരണക്കാരനും സാധാരണക്കാരിക്കും തന്നെക്കുറിച്ചുതന്നെ അപകർഷതയാണ്.
സൗന്ദര്യാസ്വാദനത്തിൻ്റെ തലത്തിൽപ്പോലും ആത്മീയത നമ്മെ ബാഹ്യമാത്രപരതയിൽ നിന്ന് എടുത്തുയർത്തുന്നുണ്ട്. മനുഷ്യവ്യക്തിയുടെ സ്വത്വത്തെ, അയാളുടെ സത്തയെ, അയാളിലെ വ്യക്തിയെ ഒക്കെ കാണാനും അത്ഭുതം കൂറാനും, അയാളെന്ന ദൈവരഹസ്യത്തെ ആരാധനയോടെ നോക്കാനും നമ്മെ പ്രാപ്തരാക്കുന്നത് ആത്മീയ ദർശനമാണ്. അതില്ലാതാകുമ്പോൾ മനുഷ്യൻ വെറും പുറന്തോടാവും. സൗന്ദര്യം ചർമ്മബാഹ്യമാവും.

2025 ഒക്ടോബറിൽ അസ്സീസി മാസിക അക്ഷര തപസ്യയുടെ 72 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1953 മുതൽ ആയിരക്കണക്കിന് വായനക്കാരുടെ ആത്മാവിലും മനസ്സിലും പ്രകാശം പരത്താൻ അസ്സീസി മാസികയ്ക്കു കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ കരുതലിലും ഉദാരതയിലുമാണ് മാസിക ഇവിടെ വരെ എത്തി നില്ക്കുന്നത്. നിരവധി വർഷങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുന്ന ഈ വെബ്സൈറ്റ് സൗജന്യമായാണ് ലഭ്യമാക്കിയിരിക്കുന്നത്. മാസികയുടെ നടത്തിപ്പിന് സാമ്പത്തീക പ്രതിസന്ധി നേരിടുകയാണ്. അതിനാൽ, അസ്സീസിയിലെ ഫ്രാൻസിസിനെ സ്നേഹിക്കുന്ന, അസ്സീസി മാസികയെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയ കവാടത്തിൽ ഞങ്ങൾ മുട്ടുന്നു. നിങ്ങളുടെ മനസ്സു നിറഞ്ഞ ഒരു സംഭാവന നൽകി ഈ യാത്രയിൽ പങ്കുചേരില്ലേ, ഞങ്ങളോടൊപ്പം.