

നമ്മുടെ തലമുറയും നമ്മുടെ തൊട്ടുപിന്നാലെയുള്ള തലമുറയും എന്തെന്ത് ചരിത്രങ്ങൾക്കാണ്, ലോകാത്ഭുതങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതും സാക്ഷ്യം വഹിക്കാൻ പോകുന്നതും!
നമ്മൾ ട്രങ്ക് കോളും പേജറും സെൽഫോണും സ്മാർട്ട് ഫോണും കണ്ടു. കാളവണ്ടിയും ഇൻ്റർനെറ്റും ഈമെയ്ലും ഗൂഗിളും വിക്കിപീഡിയയും നിർമ്മിതബുദ്ധിയും കണ്ടു. ലോകം ചെറുതാകുന്നത് കണ്ടു. ലോകർ വലുതാകുന്നത് കണ്ടു.
ലോക ജനതയിൽ 65 വയസ്സിന് മുകളിലുള്ളവർ 5 വയസ്സിന് താഴെയുള്ളവരെ കവിഞ്ഞു പോകുന്നത് കണ്ടു. ലോകത്തിലെ ന ിരവധി രാജ്യങ്ങളിലും ജനതകളിലും ജനസംഖ്യ അതിൻ്റെ പാരമ്യത്തിലെത്തുന്നതും ഇറക്കം ഇറങ്ങുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യ ഇരട്ടിയിലധികം വർദ്ധിക്കുന്നതും ജനതകൾ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം ലോകത്തിൻ്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറുന്നതും മരുഭൂമികൾ നഗരങ്ങളാകുന്നതും പച്ചപ്പണിയുന്നതും നാം കണ്ടു.
വളരെപ്പെട്ടന്നു തന്നെ ജനസംഖ്യാവർദ്ധനവ് മന്ദീഭവിക്കുന്നതും നാം കാണുന്നു. 18 വയസിന് താഴെയുള്ളവരെക്കാൾ 65 വയസ്സിന് മുകളിലുള്ളവർ എണ്ണത്തിൽ വർദ്ധിച്ച് സ്വാഭാവികാനുപാതം തലകുത്തി നിലക്കുന്നത് കാണാൻ 2080 വരെ പോയാൽ മതിയാകും. 2085 ആകുമ്പോൾ മൊത്തത്തിൽ ലോക ജനസംഖ്യ അതിൻ്റെ ഏറ്റവും ഉയർന്ന ബിന്ദുവായ 10.3 ബില്ല്യണിൽ എത്തുകയും മലയിറങ്ങാൻ തുടങ്ങ ുകയും ചെയ്യുന്നത് ഈ കുറിപ്പ് വായിക്കുന്ന കുറേപ്പേരെങ്കിലും തീർച്ചയായും കാണും.
നമ്മുടെ അയൽ രാജ്യമായ ചൈന കൊടുമുടി തൊട്ടശേഷം പിൻനടത്തം തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുപത് വർഷം കൂടി കഴിയുമ്പോൾ ഇൻഡ്യയും കൊടുമുടി കയറി പയ്യെ മലയിറങ്ങാൻ തുടങ്ങും. ഇന്നേക്ക് നൂറു വർഷം കഴിയുമ്പോൾ ജനസംഖ്യ ഇന്നത്തെ ജനസംഖ്യയിൽ തിരിച്ചെത്തും. പിന്നെ, നാം കയറിയതുപോലെ ഒരു കുത്തിറക്കമായിരിക്കും.
ഇതിനിടയിൽ ഇനിയും എന്തെല്ലാം എന്തെല്ലാം സംഭവിക്കാനിരിക്കുന്നു, നാം കാണാനിരിക്കുന്നു!
നിർമ്മിതബുദ്ധി മനുഷ്യകുലത്തിൻ്റെ ഏറ്റവും വലിയ അനുഗ്രഹമായിത്തീരാനുള്ള വർഷങ്ങളാണ് വരാനിരിക്കുന്നത്. ഇന്ന് നാം കാണുന്ന ലോകമൊക്കെ മാറിപ്പോകും.
ലോകത്തിൽ അതിസമ്പന്നതയും അതിദാരിദ്ര്യവും ഇല്ലാതാവുകയും, ജീവൻ്റെ സാധ്യതകൾ ഉച്ചനീചത്വമെന്യേ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിന് മനുഷ്യർ കൂടുതൽ പരസ്പര ബഹുമാനത്തിലും കരുതലിലും സഹകരണത്തിലും ആഴപ്പെടേണ്ടിയിരിക്കുന്നു. അടുത്ത മൂന്ന് തലമുറക്കുള്ളിൽ ഒരു പുതിയ മാനവകുലം ഉരുത്തിരിയേണ്ടതായിട്ടുണ്ട്. ഇപ്പോൾത്തന്നെ വൈകിപ്പോയിട്ടുണ്ട്. എങ്കിലും മെല്ലെയത് സംഭവിക്കുന്നുണ്ട്. ലോകത്തിന് പുതിയ നോക്കും വാക്കും വേണം. പുതിയ മനസ്സും വപുസ്സും വേണം. നാം ആഗ്രഹിക്കുന്ന മാറ്റം നാം ആകണം.





















