top of page

അദ്ധ്യാപനത്തിന്‍റെ മൗലിക മാതൃകകള്‍

Feb 1

3 min read

movie poster

ഷെഹലയുടെ ഓര്‍മ്മകളില്‍ അദ്ധ്യാപകരെയും, അവര്‍ സ്വീകരിച്ചുവരുന്ന അദ്ധ്യാപന രീതികളെയും നിശിതമായി വിമര്‍ശിക്കുകയും അദ്ധ്യാപകര്‍ സമൂഹത്തെ നിര്‍മ്മിക്കുന്നവരല്ല, മറിച്ച് വിദ്യാര്‍ത്ഥികളെ  നിലവാരമില്ലാത്തവരാ ക്കുന്നവരാണ് എന്ന രീതിയില്‍ പൊതുചര്‍ച്ചകള്‍ രൂപപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതേ വര്‍ത്തമാനകാല ഇടങ്ങളില്‍ നിന്നുകൊണ്ടുതന്നെ വ്യത്യസ്തവും, നവീനവുമായ അദ്ധ്യാപനരീതികളെയും, അവ പഠിപ്പിടങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്ന അദ്ധ്യാപക രെയും കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. അദ്ധ്യാപനത്തില്‍ വ്യത്യസ്ത മാതൃകകള്‍ സൃഷ്ടിക്കുന്ന അദ്ധ്യാപകരും അത്തരം പള്ളിക്കൂട ങ്ങളും നാളുകള്‍ക്കു മുന്‍പുതന്നെ നിലനില്‍ക്കുന്ന വയാണെങ്കിലും വാര്‍പ്പുമാതൃകകളുടെ വിജയം കൊണ്ട് മാത്രം അക്കാദമിക നിലവാരത്തിന്‍റെ മേന്‍മ അളക്കുന്ന സാമൂഹികക്രമത്തില്‍ അവയുടെ സംഭാവനകള്‍ പത്രക്കോളങ്ങളിലോ, ചാനലുകളിലെ പ്രത്യേക എഡീഷനുകളിലോ വാര്‍ത്തയാകാറി ല്ലെന്നത് സത്യസന്ധമായ കാര്യമാണ്. സമൂഹത്തിന്‍റെ ഈ പൊതു നിരീക്ഷണത്തില്‍ നിന്നുകൊണ്ടാണ് 1989-ല്‍ പുറത്തിറങ്ങിയ 'ഡെഡ് പോയറ്റ്സ് സൊസൈറ്റി' എന്ന ചിത്രം വിശകലനം ചെയ്യേണ്ടത്.

വിദ്യാര്‍ത്ഥികളെ തങ്ങളുടെ മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട പാഠപുസ്തകങ്ങളും അവ നിര്‍വചിക്കുന്ന പഠന പ്രവര്‍ത്തനങ്ങളും കൊണ്ട് മാത്രം ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അദ്ധ്യാപകനല്ല ജോണ്‍ കീറ്റിങ്ങ്. അയാള്‍ വിദ്യാര്‍ത്ഥികളെ ദൈനംദിന പഠനപ്രവര്‍ത്തനങ്ങളിലൂടെ നവീകരിക്കുകയും, പരിവര്‍ത്തനം ചെയ്യുകയുമാണ് ചെയ്യുന്നത്. 1959-ലെ വേനല്‍കാലത്തിലാണ്  ടോഡ് ആന്‍റേഴ്സണ്‍ വെല്‍ട്ടണ്‍ അക്കാദമിയിലെത്തുന്നത്. തന്‍റെ സ്വതസിദ്ധമായ ലജ്ജാശീലം മൂലമാവണം അക്കാദമിയിലെ നടപ്പുശീലങ്ങളോട് പെട്ടെന്ന് സമരസപ്പെടുന്നതിന് അവന് കഴിയുന്നില്ല. അക്കാദമിയിലെ ഭാവിവാഗ്ദാനങ്ങളില്‍ ഒരാളായ നീല്‍ പെറി എന്ന വിദ്യാര്‍ഥിയെ അവന് സഹമുറിയനായി നിയോഗിക്കുന്നു. നീലിന്‍റെ സുഹൃത്തുക്കള്‍ ടോഡിനെ വളരെ വേഗം സ്വീകരിക്കുന്നു.

അക്കാദമിയിലെ അദ്ധ്യാപകരെയും, അദ്ധ്യാപന രീതികളെയും സംശയത്തോടെ വീക്ഷിച്ചിരുന്ന ടോഡിനും സുഹൃത്തുക്കള്‍ക്കും ക്ലാസ് മുറിയിലെത്തിയപ്പോള്‍ ലഭിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു. വെല്‍ട്ടണ്‍ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ജോണ്‍ കീറ്റിങ്ങ് എന്ന അദ്ധ്യാപകന്‍ അവരെ വ്യവസ്ഥാപിതമായ പഠനരീതികളില്‍ നിന്നും മാറ്റിനിര്‍ത്തി സ്വന്തം ജീവിതം കൊണ്ടും, സ്വാനുഭവം കൊണ്ടും ജീവിക്കുന്നതിന് പ്രേരിപ്പിക്കുകയായിരുന്നു. തങ്ങളുടെ ദൈനംദിന ജീവിതം കൊണ്ട് തങ്ങളുടെ ജീവിതം അസാധാരണമാക്കാന്‍ പ്രേരിപ്പിക്കുന്ന ആ അദ്ധ്യാപകനെ അത്ഭുതത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ വീക്ഷിച്ചത്. കവിതകളായിരുന്നു ജോണ്‍ കീറ്റിങ്ങിന്‍റെ അദ്ധ്യാപന മാദ്ധ്യമം. വിദ്യാര്‍ത്ഥിയായിരിക്കെ വെല്‍ട്ടണിലെ വ്യത്യസ്തമായ ക്ലബ്ബായിരുന്ന ഡെഡ് പോയറ്റ്സ് സൊസൈറ്റിയിലെ അംഗമായിരുന്നു തങ്ങളുടെ അദ്ധ്യാപകന്‍ എന്നു മനസിലാക്കുന്ന നീല്‍ മുന്‍കൈയ്യെടുത്ത് നിര്‍ജ്ജീവമായിക്കിടന്നിരുന്ന ക്ലബ്ബ് പുനരാരംഭിക്കുന്നു. സ്കൂള്‍ വര്‍ഷം പുരോഗമിക്കവെ കീറ്റിങ്ങിന്‍റെ പാഠങ്ങളും, ക്ലബ്ബുമായുള്ള ഇടപെടലുകളും വിദ്യാര്‍ത്ഥികളെ തങ്ങളുടെ സ്വന്തം നിബന്ധനകളനുസരിച്ച് ജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അഭിനയത്തോടുള്ള തന്‍റെ അഭിവാഞ്ഛയെ സ്വയം കണ്ടുപിടിക്കുന്ന നീല്‍ ഒരു നാടക ഗ്രൂപ്പുമായി ചേര്‍ന്ന് തന്‍റെ ആഗ്രഹം സഫലീകരിക്കുന്നതിനായി ശ്രമിക്കുന്നു. തന്‍റെ അന്തര്‍മുഖത്വത്തില്‍ നിന്നും സ്വയം പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ടോഡ് അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്യുന്നു. കര്‍ശനമായ പാരമ്പര്യരീതികള്‍ അവലംബിച്ചിരുന്ന സ്കൂള്‍ പ്രിന്‍സിപ്പലായ ഗെയ്ല്‍ നോലനെപ്പോലും കീറ്റിങ്ങിന്‍റെ അദ്ധ്യാപന രീതികള്‍ ആകര്‍ഷിച്ചു.

എന്നാല്‍ അധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്‍റെ കണ്ണിലെ കരടായി മാറി. ചത്ത കവികളുടെ പ്രസ്ഥാനത്തിലെ  അംഗങ്ങളെക്കുറിച്ച് അദ്ദേഹം രഹസ്യമായി അന്വേഷിക്കുകയും വിദ്യാര്‍ത്ഥികള്‍ അധികാരത്തെ ചോദ്യം ചെയ്യുന്ന ശൈലിയും രീതിയും തെറ്റാണെന്ന് ജോണ്‍ കീറ്റിങ്ങിനെ അറിയിക്കുകയും ചെയ്യുന്നു. അയാള്‍ തന്‍റേതായ രീതിയില്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നു. തന്‍റെ പിതാവിന്‍റെ കടുത്ത എതിര്‍പ്പുു കാരണം കലാപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മനസിലാക്കിയ നീല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം സ്വയം ജീവിതം അവസാനിപ്പിക്കുന്നു. ജോണ്‍ കീറ്റണ്‍ എല്ലാ സംഭവങ്ങളുടെയും പേരില്‍ പ്രതിക്കൂട്ടിലാകുന്നു.

നീലിന്‍റെ കുടുംബത്തിന്‍റെ പ്രേരണ മൂലം നോളന്‍ ഡെഡ്സ് പോയറ്റ്സ് സൊസൈറ്റിയെക്കുറിച്ച് അന്വേഷിക്കുകയും, അതിലെ അംഗങ്ങളുടെ പേരുവിവരം ശേഖരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നീലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം ചുമത്തി ജോണ്‍ കീറ്റിങ്ങിനെ പുറത്താക്കുന്ന പരസ്യവിചാര ണയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളുടെയും ഒപ്പ് ശേഖരിക്കുന്നു. ചെയ്യുന്നത് ശരിയല്ല എന്ന ഉത്തമ ബോദ്ധ്യമുണ്ടായിട്ടും അവര്‍ തങ്ങളുടെ അദ്ധ്യാപകന്‍റെ പുറത്താക്കല്‍ രേഖയില്‍ ഒപ്പു വെക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വതവേ അന്തര്‍മുഖനായി അറിയപ്പെട്ടിരുന്ന ടോഡ് പുറത്താക്കല്‍ രേഖയില്‍ ഒപ്പുവെക്കുന്നതിന് വിസമ്മതിക്കുന്നു. എന്നാല്‍ പൊതുസമൂഹത്തി ന്‍റെയാകെ എതിര്‍പ്പുമൂലം പിടിച്ചുനില്‍ക്കാനാകാതെ അവന്‍ ഒപ്പു വെക്കുന്നതിന് നിര്‍ബന്ധിതനാകുന്നു. തന്‍റെ അദ്ധ്യാപനം ഉപേക്ഷിച്ച് ജോണ്‍ കീറ്റിങ്ങ് വെല്‍ട്ടണ്‍ അക്കാദമിയുടെ പടിയിറങ്ങുന്നു.

പിന്നീട് നീലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം മുഴുവനും ജോണ്‍ കീറ്റിങ്ങിന്‍റെ തലയില്‍ കെട്ടിവെച്ച് നോളന്‍ കുട്ടികളെ പഠിപ്പിക്കാനെത്തുന്നു. വെല്‍ട്ടണ്‍ അക്കാദമിയുടെ പരമ്പരാഗത നിയമങ്ങളെ കര്‍ശന മായി പാലിക്കണമെന്ന് അയാള്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അപ്രതീക്ഷിതമായി എതിര്‍പ്പുകള്‍ ഉയരുന്നു. നീലിന്‍റെ മരണത്തില്‍ ജോണ്‍ കീറ്റിങ്ങിന് പങ്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ടോഡ് ഇരിപ്പിടത്തില്‍ എണീറ്റുനിന്ന് പ്രതിഷേധിക്കുന്നു. മറ്റുള്ള വിദ്യാര്‍ത്ഥികളും ടോഡിനെ അനുകരിക്കുന്നു. നോലനെ സാക്ഷിയാക്കിക്കൊണ്ടുതന്നെ ടോഡ് അയാളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നു. എതിര്‍പ്പ് മനസിലാക്കിയ നോളന്‍ ബുദ്ധിപരമായി പിന്‍വാങ്ങുന്നു.സമകാലീനവിദ്യാഭ്യാസ രീതികളുടെ കര്‍ശനമായ കടുംപിടുത്ത രീതികളെ വിമര്‍ശനാത്മകമായി സമീപിക്കുകയും, അത്തരം രീതികളുടെ അപകടങ്ങളെ രേഖപ്പെടുത്തുകയുമാണ് ചിത്രം ചെയ്യുന്നത്. തങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല പലപ്പോഴും കുട്ടികള്‍ക്ക് ജീവിക്കേണ്ടി വരുന്നതെന്നും  മുന്‍കൂട്ടി തയ്യാറാക്കിയ  പാഠക്രമങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതം ക്രമപ്പെടുത്തുകയും, അധികാരങ്ങളെ ചോദ്യം ചെയ്യാതെ സമരസപ്പെട്ട ജീവിതം സാദ്ധ്യമാക്കുകയും ചെയ്യുകയുമാണ് അത്തരം വിദ്യാഭ്യാസ രീതികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും ചിത്രം അസന്ദിഗ്ദമായി വ്യക്തമാ ക്കുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുക എന്നത് രണ്ടാതരം ചിന്തകളാണെന്നും, കീഴ്വഴക്കങ്ങളും കര്‍ശനമായ പാരമ്പര്യരീതികളും, അവിതര്‍ക്കമായ അനുസരണ ശീലങ്ങളുമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന ചിന്തകളും, പ്രവര്‍ത്തനരീതികളുമാണ് ഇത്തരം വിവക്ഷിത ശൈലികള്‍ പിന്തുടരുന്ന തെന്നും ചിത്രം പറഞ്ഞുവെക്കുന്നു.

ചിത്രം പുറത്തിറങ്ങിയ 1989-നു ശേഷം നമ്മുടെ വിദ്യാഭ്യാസ രീതികളില്‍ കാലോചിതമായ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ചുരുക്കം ചില അദ്ധ്യാപക രെങ്കിലും പാരമ്പര്യങ്ങളുടെ പുറന്തോ ടിനുള്ളില്‍ നിന്നും പുറത്തുകടക്കു ന്നതിന് വിമുഖത കാണിക്കുന്നുവെന്നത് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണി ക്കുന്നു. 30 വര്‍ഷം പിന്നിട്ടെങ്കിലും അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തി ന്‍റെയും അക്കാദമിക വിദ്യാഭ്യാസത്തി ന്‍റെയും കാലിക പ്രസക്തി വ്യക്തമാക്കു കയും എന്നാല്‍ അതോടൊപ്പം  പാരമ്പര്യ ങ്ങളെ ചോദ്യം ചെയ്യുകയും നിരസിക്കു കയുമാണ് ഡെഡ് പോയറ്റ്സ് സൊസൈറ്റി  എന്ന ചിത്രം ചെയ്യുന്നത്.

അദ്ധ്യാപനത്തെയും, അദ്ധ്യാപ കരെയും ആധാരമാക്കി  നാളിതുവരെ പുറത്തിറങ്ങിയ ലോകസിനിമകളില്‍   ഏറ്റവും മികച്ച ചിത്രം എന്ന രീതി യിലാണ് 'ഡെഡ് പോയറ്റ്സ് സൊസൈറ്റി' സിനിമാചരിത്രത്തില്‍ പരിഗണിക്കപ്പെടുന്നത്. റോബിന്‍ വില്ല്യംസ് എന്ന അനശ്വര കലാകാരന്‍ അവിസ്മരണീയമാക്കിയ ജോണ്‍ കീറ്റിങ്ങ് എന്ന അദ്ധ്യാപക കഥാപാത്ര ത്തിന്‍റെ പകരം വെക്കാനില്ലാത്ത പ്രകടനമാണ് സിനിമയെ ചരിത്രമാ ക്കുന്നത്. പാരമ്പര്യേതര അദ്ധ്യാപന രീതികളും പരിചരണങ്ങളും ആഗ്രഹി ക്കുകയും, അനുദിനം തങ്ങളുടെ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പി ക്കുകയും ചെയ്യുന്ന സമകാലീന അദ്ധ്യാപകര്‍ ക്കുള്ള പാഠപുസ്തകവും, സ്നേഹ സാന്ദ്രമായ തുറന്നെഴുത്തുമാണ് ജോണ്‍ കീറ്റിങ്ങ് എന്ന കഥാപാത്രവും ഡെഡ് പോയറ്റ്സ് സൊസൈറ്റി എന്ന കാലാതിവര്‍ത്തിയായ ചലച്ചിത്രവും എന്നത് നിസ്തര്‍ക്കമാണ്.


Featured Posts