top of page

വിരോധം

Mar 30, 2025

2 min read

George Valiapadath Capuchin

ലോക ജനതയിൽ വലിയൊരു ശതമാനവും മതത്തെ എതിർക്കുന്നവരോ മതത്തോട് അനുഭാവം തീരെ ഇല്ലാത്തവരോ ആയിത്തീർന്നിട്ടുണ്ട്. എന്തായിരിക്കണം അതിന് കാരണം? ലോക ജനതയിൽ മഹാഭൂരിപക്ഷവും ദൈവവിശ്വാസികൾ ആണല്ലോ ഉള്ളത്! ഏതെങ്കിലും വിധത്തിൽ ആത്മീയത ജീവിക്കുന്നവരുമാണല്ലോ അവരെല്ലാം! എന്നിട്ടും എന്തുകൊണ്ടായിരിക്കണം ഇത്തരം ഒരു മറുതലിപ്പ്?


ഒരു പാഠ്യവിഷയം എന്ന നിലയിൽ മതത്തിൻ്റെ പ്രാഥമിക പാഠങ്ങൾ മാത്രമേ ഞാൻ അഭ്യസിച്ചിട്ടുള്ളൂ. കുറച്ചെങ്കിലും അറിയാവുന്നത് ക്രിസ്തീയ ദൈവവചനവും ആത്മീയ ബോധനങ്ങളും മാത്രമാണ് എന്നതിനാൽ പറയട്ടെ, ബൈബിളിൽ യേശുവിന്റെ നിലപാടുകൾ മേൽപ്പറഞ്ഞ ചോദ്യത്തിൻ്റെ ഉത്തരത്തിലേക്ക് ചില സൂചനകൾ നൽകുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. യേശു ഒരു മതസ്ഥാപകൻ ആയിരുന്നില്ല, മറിച്ച് മതവിരോധിയായിരുന്നു എന്ന് പറയുന്നവരുണ്ട്. ഒരർത്ഥത്തിൽ, അപ്പറയുന്നതിൽ ഭാഗികമായ ശരികളുണ്ട്. എന്നുവച്ചാൽ ഭാഗികമായ തെറ്റുകളും.


യേശു എതിർത്തത് മതത്തെ ആയിരുന്നില്ല; ഒരു പ്രത്യേക മതത്തെ പോലുമായിരുന്നില്ല. മതത്തിന്റെ ചില ദുശ്ശാഠ്യങ്ങളെ മാത്രമാണ് യേശു എതിർത്തത്.

എന്തായിരുന്നു അക്കാലത്തെ മതത്തിന്റെ ദുശ്ശാഠ്യങ്ങൾ?

തങ്ങളാണ് മതം എന്നും, തങ്ങളാണ് ദൈവത്തിന്റെ സംരക്ഷകർ എന്നും സ്വയം ചമഞ്ഞ് കുറേപ്പേർ അധികാരം കൈയ്യാളി.


എന്താണ് മതം? മതം എന്നാൽ ദൈവത്തിന്റെ കല്പനകളും ചട്ടങ്ങളും അക്ഷരശ്ശഃ പാലിക്കുന്നതാണ്. സ്വാഭാവികമായും നിയമം പാലിക്കുന്നതിൽ വീഴ്ചവന്നവർ മതത്തിന് വെളിയിലായി. അങ്ങനെ, കുറേയധികം പേരെ അക്കാലത്തെ മതം അതിനുവെളിയിലാക്കി പടിയടച്ചു.

മതത്തിന്റെ ആധാരം നിയമം ആയപ്പോൾ സ്വാഭാവികമായും വിശ്വാസം രണ്ടാം തരമായി; സ്നേഹവും എളിമയും കരുണയും പടിക്ക് പുറത്തായി. പകരം അധികാരവും അഹന്തയും ദുസ്സ്വാതന്ത്ര്യവും മതത്തിന്റെ മുഖമുദ്രകളായി. അത്തരമൊരു മതരൂപത്തെ യേശു തീർച്ചയായും എതിർത്തു.


അധികാരപ്രയോഗമല്ല വേണ്ടത് - ശുശ്രൂഷയാണ്.

സ്നേഹത്തിനു വേണ്ടിയാണ് - സ്നേഹത്തിൻ്റെ അഭാവത്തിലാണ് നിയമം.

എളിമയും സഹാനുഭൂതിയുമാവണം മതത്തിൻ്റെ ആധാരം.


യേശു പറഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപമകളെല്ലാം നോക്കൂ. മുന്തിരിത്തോട്ടം സ്വന്തമാക്കാൻ നോക്കിയ ദുഷ്ടരായ ഭൃത്യരുടെ ഉപമ, ഫരിസേയനും ചുങ്കക്കാരനും പ്രാർത്ഥിക്കാൻ പോയ ഉപമ, ധൂർത്തപുത്രന്റെ ഉപമ, നല്ല ഇടയന്റെ ഉപമ, നല്ല സമറായക്കാരൻ്റെ ഉപമ ഇവയിലൂടെ എല്ലാം യേശു പറയാൻ ശ്രമിക്കുന്നത് മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയാണ്.

ദൈവസ്നേഹത്തോടൊപ്പം സഹോദരസ്നേഹം ചേർന്നുവരണം.

നിയമമല്ല / ബലിയല്ല കാരുണ്യമാണ് മുഖ്യം. അഹന്തയും അധികാര ഭാവവുമല്ല എളിമയാണ് ആധാരം.


ബദൽ മതരൂപമായി ഉടലെടുത്ത സഭയിലും പയ്യെ പ്പയ്യെ അതുതന്നെ സംഭവിച്ചു. സഭാജീവിതത്തിന്റെ ആധാരം നിയമം ആയി. വിശ്വാസവും സ്നേഹവും എളിമയും കരുണയും ഓരംതള്ളപ്പെട്ടു. പകരം അധികാരവും അഹന്തയും ദുസ്സ്വാതന്ത്ര്യവും സഭയുടെ അകത്തളങ്ങളിലേക്ക് കയറിവന്നു. എളിമയും കാരുണ്യവും ആണ് മതത്തിന്റെ കാമ്പ് എന്ന് തിരിച്ചറിയാത്ത അഹന്തമുറ്റിയ ജേഷ്ഠ സഹോദരന്മാർ നിയമം പാലിക്കാത്ത അനുജന്മാരെ പുറത്താക്കുകയും പുറത്താക്കാൻ മുറവിളികൂട്ടുകയും ചെയ്തു.


ആരംഭിച്ചിടത്ത് തിരിച്ചുവരാം. 'എന്തുകൊണ്ട് മതവിരോധം?' എന്ന ചോദ്യത്തിന് ഉത്തരം പ്രത്യക്ഷത്തിൽ മതത്തിൽ പൊതുവേ കാണാനുള്ള അപചയം എന്നായിരിക്കും ഉത്തരം. മതത്തിൻ്റെ ആളുകൾ എന്ന് സ്വയം നിയമനം നല്കിയിട്ടുള്ളവർ നിയമം ആണ് ആധാരം എന്ന് നിശ്ചയിച്ച് കുറേപ്പേരെ ബന്ധത്തിൽ നിന്ന് പുറത്താക്കുന്നതാണ് വർദ്ധിച്ചുവരുന്ന മതവിരോധത്തിന് കാരണം എന്നാണ് മനസ്സിലാവുന്നത്. ദൈവസ്നേഹമല്ല, മതത്തെ ഒരു എക്സ്ക്ലൂസീവ് ക്ലബ്ബ് ആക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.

Recent Posts

bottom of page