top of page

ജാതി ചോദിക്കുക!

May 1, 2012

3 min read

ഡോ. റോയി തോമസ്
People separated into different blocks

'ജാതി ചോദിക്കരുത്, പറയരുത്' എന്നൊരു മഹാന്‍ പറഞ്ഞു. ഇപ്പോള്‍ നാം അത് തിരിച്ചിട്ട് യോഗ്യന്മാരായി ചമയുന്നു. ഒരാളെ ആദ്യം കാണുമ്പോള്‍ ഏതു ജാതിയാണെന്നു ചോദിക്കുന്ന കാലം വിദൂരത്തിലല്ലെന്നു സമകാലികസംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യവ്യക്തിയെന്ന അസ്തിത്വത്തില്‍ ആര്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ലെന്നാണോ ഇതൊക്കെക്കാണിക്കുന്നത്? വളരെക്കാലം മുമ്പ് നാം ആട്ടിയോടിച്ച ജാതിക്കോമരങ്ങള്‍ പരിഷ്കൃതവേഷത്തില്‍ നമുക്കിടയില്‍ നുഴഞ്ഞു കയറിയിരിക്കുന്നു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരനയ്യപ്പനും വി.ടി. ഭട്ടതിരിപ്പാടും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ ലക്ഷ്യംവച്ച സമൂഹം ഇതായിരുന്നോ? ഒട്ടേറെ യാതനകള്‍ സഹിച്ച് മുന്‍തലമുറ പഠിപ്പിച്ച സമത്വത്തിന്‍റെ പാഠങ്ങള്‍ വഴിയില്‍ വലിച്ചെറിഞ്ഞ് ജാതിഭേദത്തിന്‍റെയും മതഭേദത്തിന്‍റെയും തടവറയിലേക്ക് നുഴഞ്ഞുകയറുന്നതിന്‍റെ സൂചനകള്‍ നാം കാണുന്നു. അപായച്ചങ്ങല വലിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതുപോലെ! രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം ഏതെങ്കിലും കൂട്ടത്തില്‍ ഉള്‍പ്പെട്ട് എന്തെങ്കിലും തരമാക്കാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു.

സമൂഹത്തില്‍ സാമുദായിക സംഘടനകളും മതത്തിലെ സമ്മര്‍ദ്ദഗ്രൂപ്പുകളും 'രാഷ്ട്രീയ'മായി ഇടപെടുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. ഭരണകൂടത്തോട് ആജ്ഞാപിക്കാനുള്ള ധൈര്യം സമുദായികശക്തികള്‍ നേടിയെടുത്തിരിക്കുന്നു. നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ വോട്ടുബാങ്കില്‍ വിശ്വസിക്കുന്നതിനാല്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചുനില്‍ക്കുന്നു. അങ്ങനെ കേരളം സ്വാമിവിവേകാനന്ദന്‍ മുന്‍പു സൂചിപ്പിച്ചതുപോലെ 'ഭ്രാന്താലയമായി' മാറിക്കൊണ്ടിരിക്കുന്നു. സാംസ്കാരിക നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത പല പ്രസ്ഥാനങ്ങളും പില്ക്കാലത്ത് വഴിതെറ്റി സഞ്ചരിക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തിന്‍റ പിന്‍ബലത്തില്‍ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം തുടങ്ങി. വിദ്യാഭ്യാസക്കച്ചവടവും ആരോഗ്യവ്യാപാരവും മറ്റും തടസ്സമില്ലാതെ നടത്താന്‍ ഭൂരിപക്ഷ ന്യൂനപക്ഷഭേദമില്ലാതെ സമ്മര്‍ദ്ദഗ്രൂപ്പുകള്‍ രൂപം കൊണ്ടു. ഇച്ഛാശക്തിയും ആദര്‍ശശുദ്ധിയും നഷ്ടപ്പെടുമ്പോള്‍ രാഷ്ട്രീയനേതൃത്വത്തിന് അവരോട് തിരിച്ചു ചോദിക്കാനുള്ള ശക്തി നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പു വിജയം മാത്രം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് അതിനപ്പുറം കാണാനുള്ള കണ്ണില്ല എന്നതാണ് സത്യം.

ജനാധിപത്യ-സോഷ്യലിസ്റ്റ്- മതേതരത്വ റിപ്പബ്ലിക്കാണ് ഭാരതം എന്ന് നാം ഉരുവിട്ടു പഠിച്ചതാണ്. ജനാധിപത്യത്തിന്‍റെ ആണിക്കല്ലാണ് മതേതരത്വമെന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ജാതിരാഷ്ട്രീയമാണെന്ന സത്യം ഏവര്‍ക്കുമറിയാം. ചിലര്‍ തുറന്നു പറഞ്ഞുകൊണ്ട് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ മതേതരത്വത്തിന്‍റെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലേക്ക് സഞ്ചരിക്കുന്നു. ഇതുണ്ടാക്കുന്ന മുറിവുകള്‍ അഗാധമാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ആയിരക്കണക്കിനു മതങ്ങളും വിശ്വാസങ്ങളും ജാതികളും ഉള്ള നമ്മുടെ നാട്ടില്‍ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ സന്തുലിതമായ മതദര്‍ശനവും വിശ്വാസാദര്‍ശങ്ങളും ആവശ്യമായി മാറുന്നു. പുത്തന്‍ സാമ്പത്തിക നയത്തിന്‍റെ ഫലമായി 'സോഷ്യലിസ്റ്റ്' എന്ന സങ്കല്പം തന്നെ കൈമോശം വരുന്ന സാഹചര്യത്തില്‍ ചൂഷണത്തിന്‍റെ മറ്റൊരു തലമാണ് സാമൂഹികശക്തികള്‍ തുറന്നിടുന്നത് എന്ന് സാമാന്യജനം മനസ്സിലാക്കുന്നില്ല എന്നതാണ് ദുരന്തം. മുന്നില്‍നിന്നു നയിക്കുന്നവരോടൊപ്പം യാതൊരു ചിന്തയും കൂടാതെ കൂട്ടുചേരുമ്പോള്‍ അവരുടെ താല്പര്യങ്ങള്‍ നാം അറിയുന്നില്ല. എല്ലാ വ്യാപാരങ്ങളും തടസ്സമില്ലാതെ നടക്കാന്‍ മതവും വിശ്വാസവും മഹദ്വചനങ്ങളുമെല്ലാം തല്പരകക്ഷികള്‍ ഉപയോഗിക്കും. ന്യൂനപക്ഷാവകാശവും വോട്ടവകാശവുമെല്ലാം യാതൊരു സാമൂഹ്യബോധവുമില്ലാതെ സ്വന്തം തട്ടകം സംരക്ഷിക്കാന്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍ നിരവധിയാണ്. ആചാരാനുഷ്ഠാനങ്ങളും സംഘം ചേരലുകളും മാത്രമായി മാറിയിരിക്കുന്ന സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ഭൗതികതാല്പര്യങ്ങള്‍ മാത്രമേയുള്ളൂ. ബാക്കിയൊക്കെ വെറും മുഖംമൂടി മാത്രമാണ്. മുഖംമൂടി വച്ച വിശ്വാസം കപടമാണ്. മതവും മതാഭാസവും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയുന്നില്ല. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന പക്ഷം ചേരലുകളും വിലപേശലുകളും അടുത്ത തലമുറയെ ഇരുട്ടിലേക്കായിരിക്കും തള്ളിക്കളയുക. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാന്‍ ആര്‍ക്കും ധൈര്യമില്ല. കാരണം ഹിംസാത്മകമായ മുഖമാണ് പല പ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. അതുമാത്രമല്ല, ഏത് അനീതിയോടും പൊരുത്തപ്പെടാനുള്ള ശീലം നിസ്സംഗതയായി നമ്മില്‍ പടര്‍ന്നുകയറിയിരിക്കുന്നു. ഈ നിര്‍വികാരത, നിസ്സംഗത മരണതുല്യമാണെന്ന് നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ഈടുവയ്പിലെ വിലപ്പെട്ട പല സമ്പാദ്യങ്ങളും നമുക്കു നഷ്ടപ്പെടും.

നമ്മുടെ സ്വത്വം ജാതിയിലും മതത്തിലും കുടുങ്ങിക്കിടക്കുകയാണോ? ഓരോ വ്യക്തിത്വത്തിനും സ്വത്വത്തിനും നിരവധി മാനങ്ങളുണ്ട്. ഈ മാനങ്ങളെ ചുരുക്കിക്കൂട്ടി ജാതിക്കുള്ളില്‍, മതത്തിനുള്ളില്‍ ഒതുക്കുന്നത് മനുഷ്യസമൂഹത്തോടു തന്നെ ചെയ്യുന്ന ദ്രോഹമാണ്. സത്യത്തിന് ഏകമുഖമല്ല ഉള്ളത്. ബഹുമുഖവും ബഹുസ്വരവുമായ സത്യത്തിന്‍റെ മാനങ്ങള്‍ തിരിച്ചറിയാനുള്ള പ്രാപ്തി നഷ്ടപ്പെട്ടവര്‍ കിണറ്റിലെ തവളയെപ്പോലെയാകുന്നു. നമ്മുടെ സ്വത്വം നിര്‍വചിക്കപ്പെടുന്നത് ഒരു തലത്തില്‍ മാത്രമല്ല. സംഘബോധത്തിന്‍റെ ആവശ്യത്തിനുവേണ്ടി മാത്രം സ്വത്വത്തെ അടിയറവയ്ക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ നെഞ്ചില്‍ ഒതുക്കി വീര്‍പ്പുമുട്ടുന്നു.

കേരളത്തില്‍ അടുത്തകാലത്ത് നടന്ന ജാതിചര്‍ച്ചകള്‍ കേരളത്തെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു കൊണ്ടുപോവുകയാണ് ചെയ്തിരുന്നതെന്ന തിരിച്ചറിവ് വിവേകശാലികള്‍ക്കുണ്ട്. നാം ഒരിക്കല്‍ രഹസ്യമായി ചര്‍ച്ചചെയ്തിരുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ പറയാന്‍ ലജ്ജിച്ചിരുന്ന കാര്യങ്ങള്‍ യാതൊരുളുപ്പുമില്ലാതെ മാധ്യമങ്ങളില്‍ നിരന്നിരുന്ന് ചര്‍ച്ചചെയ്യാന്‍ കഴിയുന്നുവെന്നതാണ് അത്ഭുതം? ഏതുജാതി, ഏതുവിഭാഗം, അതിലെ അവാന്തരവിഭാഗമേത് എന്നൊക്കെ ചര്‍ച്ചചെയ്യുന്നതു കേട്ടാല്‍ നാം ഏതോ പ്രാകൃത ലോകത്തെത്തിയതുപോലെ തോന്നും. വിശ്വാസികളും അവിശ്വാസികളും അവര്‍ണ്ണനും സവര്‍ണ്ണനുമെല്ലാം ഒന്നായി ജീവിക്കുന്ന സമൂഹത്തില്‍ വിഭജനത്തിന്‍റെ പുത്തന്‍ തുരുത്തുകള്‍ രൂപംകൊള്ളുമ്പോള്‍ വിദ്വേഷത്തിന്‍റെ മൂര്‍ച്ചയും കൂടിവരുന്നു. വരുംതലമുറയ്ക്കുവേണ്ടിയെങ്കിലും നാം ഇത്തരം കാര്യങ്ങള്‍ ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുന്നതാണോ ഇതെല്ലാം എന്ന് സന്ദേഹിക്കാം.

"ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്' - എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകള്‍ വേദികളില്‍ മുഴുങ്ങിക്കേള്‍ക്കുന്നു. വാക്കുകളെ ശബ്ദങ്ങളാക്കി മാറ്റുന്ന കാലമാണിത്. എല്ലാ മഹത്വചനങ്ങളും അര്‍ത്ഥ വ്യത്യാസത്തോടെയാണ് നാം പ്രയോഗിക്കുന്നതെന്നു തോന്നുന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നത് 'എന്‍റെ ജാതിയും മതവും ദൈവവുമായി' കാണുന്നവരാണ് നാം. എല്ലാവരിലും ഉള്‍ക്കൊള്ളുന്ന മഹാചൈതന്യത്തെ വേലികള്‍ക്കെട്ടി നാം ചെറുതാക്കാന്‍ ശ്രമിക്കുന്നു. 'അധോമുഖവാമനന്മാരായ' നാം കാണുന്നത് ഇത്തിരിവട്ടത്തിലാണ്. ഈ കാഴ്ച എല്ലാറ്റിനെയും ചെറുതാക്കുന്നു. ചെറിയ കാഴ്ചകള്‍, ചെറിയ ബോധം, എല്ലാം ഇതിന്‍റെ ഫലമായുണ്ടാകുന്നു. വിശാലമാകാനല്ല, ചെറുതാകാനാണ് ഏവരും ശ്രമിക്കുന്നതെന്നു തോന്നുന്നു. പുറകോട്ടു സഞ്ചരിക്കാതിരിക്കാന്‍ നാം മുന്നോട്ടുള്ള കാഴ്ചകള്‍ മനസ്സുറപ്പോടെ കണ്ടു തുടങ്ങിയിരിക്കുന്നു.

വൈറ്റ്ഹെഡ് എന്ന ചിന്തകന്‍റെ പ്രസ്താവന നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് പ്രസക്തമാകുന്നു. മനുഷ്യക്കുരങ്ങിന്‍റെ വാല് കൊഴിഞ്ഞ് മനുഷ്യനായി പരിണമിച്ചു എന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്. വാല്‍ കൊഴിയുകയല്ല, ഉള്ളിലേക്ക് വലിയുകയായിരുന്നുവെന്നും തക്കസമയത്ത് അത് പുറത്തേക്ക് വരുമെന്നും മരക്കൊമ്പിലേക്ക് നാം ചാടിക്കയറുമെന്നും വൈറ്റ്ഹെഡ് സൂചിപ്പിച്ചു. ഉള്ളിലേക്ക് വലിഞ്ഞ വാലുകള്‍ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു. പൂണൂല്‍ വിഴുങ്ങിയവര്‍ അത് പുറത്തുകൊണ്ടുവരുന്നു. നാം ഒരു കാലത്ത് ഉറയൊഴിച്ചു കളഞ്ഞ പലതും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നു. സമൂഹം റിവേഴ്സ് ഗിയറിലേക്ക് വീണിരിക്കുന്നതുപോലെ! കാലത്തെ പിന്നോട്ടു നയിക്കാനുള്ള ഈ പ്രവണതയ്ക്കെതിരെ ഉണര്‍ന്നിരിക്കേണ്ട ബാധ്യത ഏവര്‍ക്കുമുണ്ട്. 'ഇതു ശരിയല്ല' എന്നു വിളിച്ചുപറയാനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം. എല്ലാവരും കാണ്ടാമൃഗമാകുന്ന നഗരത്തില്‍ അവസാനം കാണ്ടാമൃഗമാകുന്നതു ഞാനായിരിക്കുമെന്നെങ്കിലും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്ലാത്തവരായി നാം മാറാം. പിന്നോട്ടുള്ള ഓട്ടം അത്ര വേഗത്തിലാണെന്നോര്‍ക്കുക.

Featured Posts