
സംശയിക്കുന്ന തോമ്മാ.....

യേശുവിൻ്റെ ഉത്ഥാനശേഷമുള്ള പ്രത്യക്ഷപ്പെടൽ സംബന്ധിച്ച് കുറെക്കാലമായി എൻ്റെ മനസ്സിൽ ഉണ്ടായിട്ടുള്ള ഒരു സംശയത്തിനു വിശദീകരണം കിട്ടുവാനാണ് ഈ കത്ത് എഴുതുന്നത്. യേശു ഉത്ഥാനം ചെയ്ത ശേഷം പല തവണ ശിഷ്യർക്കും ഒരു തവണ മഗ്ദ:ലനാമറിയത്തിനും പ്രത്യക്ഷപ്പെടുന്നതായി ബൈബിളിൽ നാം വായിക്കുന്നു. ഈ അവസരങ്ങളിൽ ശിഷ്യരോ, മഗ്ദലനമറിയമോ ആദ്യം യേശുവിനെ തിരിച്ചറിയുന്നില്ല. യേശു സ്വയം വെളിപ്പെടുത്തുമ്പോൾ മാത്രമാണ് യേശുവിനെ മനസ്സിലാക്കുന്നത് മഗ്ദലനാമറിയത്തിനു പ്രത്യക്ഷപ്പെടുമ്പോൾ “എന്നാൽ അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല" (യോഹ 20 : 14). വീണ്ടും ഏമാവൂസിലേക്കു പോയ ശിഷ്യരോടൊപ്പം ഏറെ നേരം യേശു സംസാരിച്ചുകൊണ്ടു നടന്നു നീങ്ങിയെങ്കിലും അവരും യേശുവിനെ തിരിച്ചറിഞ്ഞില്ല (ലൂക്കാ 24 : 15). പിന്നീട് ശിഷ്യർ എല്ലാവരും കൂടി സമ്മേളിച്ചിരിക്കുമ്പോൾ യേശു പ്രത്യക്ഷപ്പെട്ട അവസരത്തിലും ശിഷ്യർക്ക് യേശുവിനെ തിരിച്ചറിയുവാൻ സാ സാധിക്കാതെ പോവുന്നു (ലൂക്കാ 24: 36-43).
ഒടുവിൽ തിബേരിയോസ് കടൽക്കരയിൽ യേശു പ്രത്യക്ഷപ്പെട്ടപ്പോഴും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാൽ അത് യേശുവാണെന്ന് ശിഷ്യർ അറിഞ്ഞില്ല (യോഹ 21. 4). എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്? യേശു പ്രത്യക്ഷപ്പെട്ട എല്ലാ അവസരത്തിലും അവിടുത്തെ ശാരിരിക സാന്നിധ്യം വ്യക്തമായി കാട്ടുന്നത് ബൈബിൾ പറയുന്നുണ്ട്. മഗ്ദല നമറിയത്തിന് പ്രത്യക്ഷപ്പെട്ടപ്പോൾ "ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു" (ലൂക്കാ 20:14). എമാവൂസിലേക്കു പോയ ശിഷ്യരൊപ്പം യേശു അടുത്തെ ത്തി അവരോടൊപ്പം യാത്ര ചെയ്തു" (ലൂക്കാ 24: 15). ശിഷ്യർക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ യേശു പറയുന്നു “എനിക്കുള്ളതുപോലെ മാംസവും അസ്‌തികളും ഭൂതത്തിന് ഇല്ലല്ലോ" (ലൂക്കാ 24: 40). "ഒരു കഷണം വറുത്ത മീൻ അവർ അവനു കൊടുത്തു അവൻ അതെടുത്ത് അവരുടെ മുമ്പിൽ വച്ചു ഭക്ഷിച്ചു" (ലൂ ക്കാ 24: 43), തിബോരിയോസ് കടൽക്കരയിൽ ആകട്ടെ ഉഷസ്സായപ്പോൾ യേശു കടൽക്കരയിൽ വന്നു നിന്നു (യോഹ. 21 : 4). ഈ വാക്യങ്ങളുടെ വെളിച്ചത്തിൽ എനിക്കുണ്ടായ സംശയങ്ങൾ അസ്സീസി മാസികയിലൂടെ വിശദീകരിച്ചു തരണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ആൻറണി എബ്രാഹം,
കാനത്തിപറമ്പിൽ, കാഞ്ഞിരപ്പള്ളി
പ്രിയപ്പെട്ട ആൻറണി,
യേശു പ്രത്യക്ഷപ്പെട്ട വ്യക്തികൾ
ഉയിർത്തെഴുന്നേറ്റ യേശു പലർക്കും പ്രത്യക്ഷപ്പെട്ടതായി പുതിയനിയമം പറയുന്നുണ്ട്. പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ഏറ്റവും പഴക്കമുള്ളതും ആധികാരികവുമായ സാക്ഷ്യം പൗലോസ് ശ്ലീഹാ ക്രി. വ 55-ന ും 58-നുമിടയ്ക്കു കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിലാണ് കാണുക (1 കോറി 15, 5-8) യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും കേപ്പായ്ക്കും 12 പേർക്കും പ്രത്യക്ഷപ്പെട്ടെന്നുമുള്ളത് (1 കോറി 15, 3-5) പൗലോസ്ലീഹായുടെ ലേഖനത്തിനു വളരെ മുമ്പുതന്നെ ആദിമസഭയിലെ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഭാഗമായിരുന്നു ഈ വിശ്വാസപ്രഖ്യാപനം ഉദ്ധരിച്ചശേഷം, യാക്കോബിനും എല്ലാ അപ്പസ്തോലന്മാർക്കും ഒരേ സമയം അഞ്ഞൂറോളം വിശ്വാസികൾക്കും അവസാനം തനിക്കും യേശു പ്രത്യക്ഷപ്പെട്ടതായി പൗലോസ് തുടർന്നു പറയുന്നു.
യേശു പ്രത്യക്ഷപ്പെട്ട ചില വ്യക്തികളുടെ പേരുകൾ മാത്രമേ പൗലോസ് ശ്ലീഹാ പറയുന്നുള്ളൂ. പൗലോസിൻ്റെ ലിസ്റ്റിൽ പെടാത്ത ചില വ്യക്തികൾക്കും യേശു പ്രത്യക്ഷപ്പെട്ടതായി സുവിശേഷങ്ങളിൽ നാം വായ ിക്കുന്നുണ്ട്. അവരിൽ പ്രാധാന്യമർഹിക്കുന്ന ഒരാളാണ് മഗ്ദലനമറിയം. അവൾക്ക് യേശു പ്രത്യക്ഷപ്പെട്ടുവെന്നത് ജറുസലേമിലെ പഴക്കമുള്ള ഒരു പാരമ്പര്യമായിട്ടുവേണം കരുതുവാൻ. അതു കൊണ്ടാണ് മത്തായിയും (28,9-10) മർക്കോസും (16,9) യോഹന്നാനും (20,11-18) ഈ പ്രത്യക്ഷപ്പെടലിനെപ്പറ്റി എഴുതിയിട്ടുള്ളത്. മത്താ 28, 1-9 അനുസരിച്ച് യേശു പ്രത്യക്ഷപ്പെട്ടപ്പോൾ, മഗ്ദലനമറിയത്തോടൊപ്പം "മറ്റേ മറിയവും" ഉണ്ടായിരുന്നു. യേശുവിന്റെ ബന്‌ധുക്കളായ യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായിരുന്നു ഈ 'മറ്റേ മറി
യം' എന്ന് ഇതര സുവിശേഷഭാഗങ്ങളിൽനിന്ന് അനുമാനിക്കാൻ കഴിയും. (മത്താ 27, 56, മർക്കോ15, 40-47, 16, 1, ലൂക്കാ 24,10). ഉയിർപ്പിനുശേഷം എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാർക്കു യേശു പ്രത്യക്ഷപ്പെട്ടതായി ലൂക്കാ പറയുന്നുണ്ട് (24, 13-31). അവരിൽ ഒരാളുടെ പേര് ക്ലെയോഫാസ് എന് നായിരുന്നു വെന്നും സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു.
എപ്പോൾ, എവിടെവെച്ച്, എത്ര പ്രാവശ്യം?
എപ്പോൾ, എവിടെവെച്ച്, എത്ര പ്രാവശ്യം യേശു പ്രത്യക്ഷപ്പട്ടു എന്ന് പൗലോസിൻ്റെ ലേഖനത്തിൽ നിന്നോ സുവിശേഷങ്ങളിൽ നിന്നോ വ്യക്തമായി പറയുവാൻ സാധിക്കുയില്ല. സുവിശേഷകൻമാരായ മത്തായിയും ലൂക്കായും യോഹന്നാനും യേശു പ്രതൃക്ഷപ്പെട്ട വിധവും, അപ്പോൾ അവിടുന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളും വിവരിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്‌തപ്പോൾ, ചരിത്രപരമായ ഒരു റിപ്പോർട്ടെഴുതണം എന്നതായിരുന്നില്ല വി.ഗ്രന്ഥകാരന്മാരുടെ ലക്ഷ്യം. അവരെ നയിച്ചത് ദൈവശാസ്ത്ര പരമായ ലക്ഷ്യങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു. അതിനാൽ, അവരുടെ വിവരണങ്ങളിലെ എല്ലാ വിശദാംശങ്ങളും ചരിത്രസത്യങ്ങളായോ അക്ഷരാർത്ഥത്തിലേ അല്ല എടുക്കേണ്ടത്.
പ്രത്യക്ഷപ്പെടലിന്റെ സ്വഭാവം
ഉയിർത്തെഴുന്നേറ്റ യേശു പലർക്കും പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ടെങ്കിലും ഈ പ്രത്യക്ഷപ്പെടലിന്റെ യഥാർത്ഥ സ്വഭാവമെന്തെന്നു വി.ഗ്രന്ഥം പറയുന്നില്ല. ക്രൂശിതനായ യേശു ഉയിർത്തെഴുന്നേറ്റ് ദൈവികമായ അസ്തിത്വത്തിലും ശക്തിയിലും ജീവിക്കുന്നവനായി സ്വയം വെളിപ്പെടുത്തുന്ന സംഭവമാണ് പ്രത്യക്ഷപ്പെടൽ. മരണവും ഉയിർപ്പും വഴി ദൈവികമണ്ഡലത്തിലേക്കു പ്രവേശിച്ചിരിക്കുന്ന യേശു ദൈവത്തെപ്പോലെ തന്നെ മനുഷ്യനേത്രങ്ങൾക്ക് അദൃശ്യനും സ്വാഭാവികമായ മാനുഷികാനുഭവത്തിന് അതീതനുമാണ്. എന്നാൽ, ദൈവികമായ ശക്തിയിലും സ്വാതന്ത്ര്യത്തിലും അവിടന്നു തിരഞ്ഞെടുക്കുന്നവർക്ക്, അവിടന്നു തന്നെ തീരുമാനിക്കുന്ന രീതിയിലും സമയത്തും സ്ഥലത്തും പ്രത്യക്ഷനാകുവാൻ യേശുവിനു കഴിയും. ഇതാണു പ്രത്യക്ഷപ്പെടലിന്റെ സ്വഭാവമെന്നു പറയാം. ഈ പ്രത്യക്ഷപ്പെടലിനെ ശാസ്ത്രത്തിന്റെയോ ചരിത്രത്തിന്റെയോ മാനദണ്ഡങ്ങൾ വെച്ചു നിരീക്ഷിക്കാനോ തെളിയിക്കാനോ സാധ്യമല്ല. കാരണം, പ്രകൃതിയുടെ മണ്ഡലത്തിലല്ല ദൈവികമണ്ഡലത്തിലാണ് അതു നടക്കുന്നത്. പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള 12 സുവിശേഷ വിവരണങ്ങൾ സ്‌ഥലകാല പരിധികൾക്കുള്ളിൽ ക്രമീകരിക്കാൻ സാധിക്കാത്തതും അതുകൊണ്ടു തന്നെ
ഇങ്ങനെ സ്‌ഥലകാലങ്ങൾക്ക് അതിത വും ദൈവികവും അതുല്യവുമായ ഒരു സംഭവത്തെ പ്രഘോഷിക്കാനും രേഖപ്പെടുത്താനും മാനുഷികമായ ഭാഷയുപയോഗിക്കയല്ലാതെ ശിഷ്യന്മാർക്കു മറ്റു മാർഗ്ഗമില്ലല്ലോ. അതുകൊണ്ടാണ്, ഉത്ഥിതൻ 'നില്ക്കുന്നതു കണ്ടു,' 'അടുത്തെത്തി', 'യാത്ര ചെയ്തു,' 'വന്നു നിന്നു,' എന്നെല്ലാം അവർ പറയുന്നതും എഴുതുന്നതും. ഇവയെല്ലാം ശാരീരിക യാഥാർത്ഥ്യത്തെ കുറിക്കുന്ന പദങ്ങളാണെങ്കിലും ഉത്ഥിതന്റെ ശാരീരിക യാഥാർത്ഥ്യത്തെ മരണത്തിനു മുമ്പുള്ള ശാരിരിക യാഥാർത്ഥ്യം പോലെ തന്നെയല്ല നാം മനസ്സിലാക്കേണ്ടത്. പ്രത്യക്ഷപ്പെടൽ അഭൗമികമായ ഒരു യാഥാർത്ഥ്യമാണ്. മ ഈ അഭൗമികതയെ കുറിക്കുവാനാണ്, കതകുകൾ അടച്ചിരിക്കെ യേശു പ്രത്യക്ഷനായെന്നും (യോഹ 20, 26) പെട്ടെന്ന് ശിഷ്യന്മാരുടെ മുമ്പിൽ നിന്ന് അപ്രത്യക്ഷനായെന്നും (ലൂക്കാ 24, 31) സുവിശേഷകന്മാർ പറയുന്നത്. അതുപോലെ തന്നെ ഉയിർത്തെഴുന്നേറ്റ യേശു പ്രത്യക്ഷപ്പെടുമ്പോൾ, ശിഷ്യന്മാർ തിരിച്ചറിയാതിരിക്കുന്നതും അവിടുന്ന് സ്വയം വെളിപ്പെടുത്തുമ്പോൾ മാത്രം തിരിച്ചറിയുന്നതും പ്രത്യക്ഷപ്പെടലിൻ്റെ ഈ പ്രത്യേക സ്വഭാവത്തെയാണു സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ മണ്ഡല ത്തിൽ നടക്കുന്ന ഒരു സ്വഭാവിക സംഭവം പോലെയല്ല പ്രത്യക്ഷപ്പെടലെങ്കിലും ലോകത്തിലുള്ള മനുഷ്യർക്കാണു യേശു പ്രത്യക്ഷപ്പെടുന്നത്. ആ നിലയിൽ ലോകവും മനുഷ്യരുമായി ഈ സംഭവം അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. പരീക്ഷണനിരീക്ഷണങ്ങൾക്ക് അതീതമെങ്കിലും ഉയിർപ്പിൻ്റെയും പ്രത്യക്ഷപ്പെടലിൻ്റെയും 'സംഭവ' സ്വഭാവത്തെയും മനുഷ്യരുമായുള്ള അതിൻ്റെ ബന്ധത്തെയും അംഗീകരിച്ചേ മതിയാവു. ഇതു മനസ്സിലാക്കുവാൻ യേശുവിൻ്റെ പ്രത്യക്ഷപ്പെടലിന്റെ അർത്ഥവും ലക്ഷ്യവും അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യക്ഷപ്പെടലിന്റെ അർത്ഥവും ലക്ഷ്യവും
ക്രൂശിതനായി മരിച്ചടക്കപ്പെട്ട യേശു ഉയിർപ്പിക്കപ്പെട്ടുവെന്നത് ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസമാണല്ലോ. യേശുവിൻ്റെ ഉയിർപ്പിനു സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഉണ്ടാകുക സാധ്യവുമാ യിരുന്നില്ല. കാരണം, ഉയിർപ്പ് ദൈവികമണ്‌ഡലത്തിൽ നടക്കുന്ന ദൈവികസംഭവമാണ്. അതിനു സാക്ഷികളാകാൻ മനുഷ്യർക്കാവില്ലല്ലോ. അങ്ങനെയുള്ള ഒരു സംഭവം മനുഷ്യൻ്റെ അറിവിനും അനുഭവത്തിനും ലഭ്യമാകണമെങ്കിൽ ഉത്ഥിതൻ തന്നെ അതവനു വെളിപ്പെടുത്തേണ്ടിയിരിക്കുന്നു ഈ വെളിപ്പെടുത്തലാണ് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പ്രത്യക്ഷപ്പടൽ. പ്രത്യ ക്ഷപ്പെടലിലൂടെ ചരിത്രത്തിന് അതീതമായ ഉയിർപ്പ് ചരിത്രവുമായി ബന്ധപ്പെടുന്നു. ലോകത്തിൽ ജീവിക്കുന്ന
മനുഷ്യന് അത് അറിയാനും അനുഭവിക്കാനും സാധിക്കുന്നു. പ്രത്യക്ഷപ്പെടലിൻ്റെ രണ്ടാമത്തെ ലക്ഷ്യം തിരുസഭയുടെ രൂപീകരണമാണ്. കുരിശുമരണത്തോടെ ചിതറിപ്പോയ ശിഷ്യൻമാരെ വീണ്ടും ഒരുമിച്ചു കൊണ്ടുവരുന്നതും യേശുവുമായി കുരിശുമരണത്തിനുമുമ്പ് അവർക്കുണ്ടായിരുന്ന കൂട്ടായ്മയെ നവീകരിച്ച്, ഉയിർപ്പിൽ വിശ്വസിക്കുകയും അതു പ്രഘോഷിക്കുകയും ചെയ്യുന്ന ക്രൈസ്തവസമൂഹമായി അവരെ വാർത്തെടുക്കുന്നതും പ്രതൃക്ഷപ്പെടലാണ്. എല്ലാ സുവിശേഷകന്മാരുടെയും സാക്ഷ്യമനുസരിച്ച് ഉത്ഥിതനായ യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് തൻ്റെ മരണത്തെയും ഉത്ഥാനത്തെയും പ്രഘോഷിക്കാനുള്ള ശ്ലൈ ഹികാധികാരവും ദൗത്യവും നല്കി അവരെ അയയ്ക്കുന്നത് (മത്താ 28, 18-20, മർക്കോ 16, 15 ; ലൂക്കാ 24, 47-48; യോഹ 20, 13-23).
സുവിശേഷകന്മാരുടെ ലക്ഷ്യം
ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ആദ്യത്തെ വി. ഗ്രന്ഥപരാമർശങ്ങൾ ഉന്നംവെച്ചത്. ഉയിർപ്പിന്റെ യാഥാർത്ഥ്യത്തെയും ശ്ലീഹന്മാർക്കു ലഭിച്ച ശ്ലൈഹികദൗത്യത്തെയും തിരുസ്സഭയുടെ രൂപികരണത്തെയും സ്ഥിരികരിക്കുക എന്നതായിരുന്നു അതുകൊണ്ടാണ് ലളിതമായ പ്രസ്താവനകളിലും (1 കോറി 5-8) സൂചനകളിലും (മർക്കോ 15. 7) അവ ഒതുങ്ങി നില്ക്കുന്നത്. എന്നാൽ പിന്നീടെഴുതപ്പെട്ട (ക്രി.വ. 85-നു ശേഷം) സുവിശേഷങ്ങളിലും അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിലും പ്രത്യക്ഷപ്പെടലിനെപ്പറ്റി കൂടുതൽ വിവരണങ്ങളും വിശദാംശങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു. ചരിത്ര വാർത്തകളായിട്ടല്ല അവ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ചില പ്രത്യക്ഷലക്ഷ്യങ്ങളോടുകൂടി രൂപം കൊണ്ട പാരമ്പര്യങ്ങളും സുവിശേഷകന്മാരുടെ തന്നെ ദൈവശാസ്ത്ര വീക്ഷണങ്ങളുമാണ് ഇവയിൽ പ്രതിഫലിക്കുക. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ക്രൂശിതനായ യേശു തന്നെയാണെന്നു സ്ഥിരികരിക്കയാണ് മുഖ്യമായ ഒരു ലക്ഷ്യം. ലൂക്കാ 24. 36-43 ഇതിനുള്ള വ്യക്തമായ ഉദാഹരണമാണ്. അതുപോലെ തന്നെ യേശുവിന്റെ 'ശാരീരികമായി ഉയിർപ്പ് ആവർത്തിച്ചു പ്രഖ്യാപിക്കയാണ് ദൈവ ശാസ്ത്രജ്‌ഞനായ ലൂക്കാ ഇവിടെ ചെയ്യുന്നത് യേശുവിന്റെ ശാരീരികമായ ഉയിർപ്പിനെ ആശ്രയിച്ചാണല്ലോ മനുഷ്യരടെ ശാരീരികമായ ഉയിർപ്പിലുള്ള പ്രതീക്ഷയും നില നില്ക്കുന്നത് ഈ ലക്ഷ്യം തന്നെയാണ്, യോഹ 20, 24-29 ൽ തന്നെ സ്പർശിച്ചു സംശയനിവാരണം വരു ത്താൻ തോമ്മാശ്ലീഹായ്ക്കു യേശുനാഥൻ നല്‌കുന്ന ക്ഷണത്തിലും നാം കാണുക. യേശു ശരീരത്തോടുകൂടിയ യഥാർത്ഥ മനുഷ്യനാണെന്ന സത്യത്തെ തിരസ്കരിക്കുന്ന “ഡോസറ്റിസം" (Docetism) എന്ന പാഷണ്ഡത തലയുയർത്തി നില്ക്കുന്ന സാഹചര്യത്തിലത്രേ യോഹന്നാൻ ഇതെഴുതിയത്.
യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റെന്നും തങ്ങൾക്കു പ്രത്യക്ഷപ്പെട്ടെന്നുമുള്ള ശിഷ്യന്മാരുടെ അവകാശവാദം മാനസികവിഭ്രാന്തിയിൽ നിന്നുടലെടുത്തതാണെന്ന് ചില എതിരാളികളിൽ നിന്ന് ആക്ഷേപമുയർന്നിരുന്നു. ഈ ആക്ഷേപത്തെ നിർവീര്യമാക്കുകയാണ് സുവിശേഷകന്മാരുടെ മറ്റൊരു ലക്ഷ്യം: മൂന്നുവിധത്തിലാണ് ഈ ആക്ഷേപത്തിന് അവർ മറു പടി പറയുന്നത്. ഒന്നാമതായി, ഉയിർത്തെ ഴുന്നേറ്റ യേശുനാഥൻ തൻ്റെ കൈകാലുകളിലും പാർശ്വത്തിലുമുള്ള മുറിവുകൾ ശിഷ്യന്മാർക്കു കാണിച്ചുകൊണ്ട് താൻ ക്രൂശിതനായ യേശു തന്നെയാണെന്നു തെളിയിക്കുന്നു (ലൂക്കാ 24, 39; യോഹ 20, 20). രണ്ടാമതായി, തന്നെ സ്പർശിച്ചു നോക്കുന്നതിനു ശിഷ്യന്മാരെ ക്ഷണിച്ചുകൊണ്ട് തന്റെ ശാരീരികത അവർക്കു സ്പഷ്ടമാക്കിക്കൊടുക്കുന്നു (ലൂക്കാ 24, 39, യോഹ. 20, 27, 1 യോഹ1, 1 കാണുക). മൂന്നാമതായി, ഒരു കഷണം വറുത്തമീൻ അവരുടെ മുമ്പിൽ വെച്ചു ഭക്ഷിച്ചുകൊണ്ട് തന്റെ ശാരീരികമായ യാഥാർത്ഥ്യത്തെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും അകറ്റുന്നു (ലൂക്കാ 24, 41-43). അങ്ങനെ, യേശുവിൻ്റെ പ്രത്യക്ഷപ്പെടൽ വെറും വ്യക്തിനിഷ്ഠമായ ദർശനമോ മാനസികവിഭ്രാന്തിയിൽ നിന്നുണ്ടായ പ്രതിഭാസമോ അല്ല, യഥാർത്ഥത്തിൽ മരിച്ചടക്കപ്പെട്ട യേശു തന്നെയാണ് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടതെന്ന് ഈ വിവരണങ്ങളിലൂടെ സുവിശേഷകന്മാർ സ്ഥാപിക്കയാണു ചെയ്യുക.
യേശുനാഥന്റെ ഉയിർപ്പും പ്രത്യക്ഷപ്പെടലും ചോദ്യം ചെയ്യാനാവാത്ത സത്യമാണെന്ന് എല്ലാ സുവിശേഷകന്മാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, അവയുടെ രീതിയും സ്വഭാവവും വിവരിക്കുന്നതിൽ സുവിശേഷകന്മാർക്കു പ്രത്യേകമായ ചില ദൈവശാസ്ത്രവീക്ഷണങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരുന്നുവെന്നു വ്യക്‌ത മാണ്. ചരിത്രവാർത്തകളായിട്ടല്ല, ദൈവ ശാസ്ത്രലക്ഷ്യങ്ങൾ മുമ്പിൽ കണ്ടുകൊ ണ്ടുള്ള വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായിട്ടുവേണം ഈ വിവരണങ്ങളെ മനസ്സിലാക്കുവാൻ. ഉത്ഥിതനിൽ ഉറച്ചു വിശ്വസിക്കാനുള്ള സുവിശേഷകന്മാരുടെ ആഹ്വാനമാണ് യഥാർത്ഥത്തിൽ ഈ വിവരണങ്ങൾ. പ്രത്യക്ഷപ്പെടലിൻ്റെ വിശദാംശങ്ങ ളെക്കാൾ ഈ ആഹ്വാനത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.
(N.B. കൂടു തൽ വിശദാംശങ്ങൾക്ക്, സിപ്രിയൻ ഇല്ലിക്കമുറി, പ്രതൃക്ഷപ്പെടൽ, in: ഡോ. മാത്യു വെള്ളാനിക്കൽ (ed.), ബൈബിൾ വിജ്‌ഞാനകോശം. ബൈബിൾ ദൈവശാസ്ത്ര നിഘണ്ടു, OIRSI No. 140. വടവാതൂർ, കോട്ടയം 1989, പേജുകൾ 491-495 കാണുക. ).





















