top of page

ആന്‍റണി രത്നസ്വാമി: ലീജിയന്‍ ഓഫ് മേരി പ്രചാരകന്‍

an hour ago

3 min read

Assisi Magazine

ഓര്‍മ്മ

Antony Rathnaswami
ബ്ര. ആൻ്റണി രത്നസ്വാമി

'എഴുത്തു കിട്ടി. വളരെ സന്തോഷം. മതവിഷയത്തില്‍ പലമാതിരിയുള്ള ആളുകളുമായി ഇടപെടേണ്ടിവരും. അതില്‍ വളരെ പ്രയാസങ്ങളും നിരാശയും സങ്കടവും ഉണ്ടാകും. അതു സഹിക്കാന്‍ ചിലര്‍ക്കു മാത്രമേ കഴിയൂ. ഇത്തരം സംഗതികള്‍ ശരിയായ രീതിയില്‍ താങ്കള്‍ തരണം ചെയ്തു... പ്രയാസങ്ങള്‍ സഹിക്കുവാനും സമാധാനം ഉണ്ടാക്കുവാനും കഴിയുന്ന താങ്കളെക്കുറിച്ച് എനിക്ക് അസൂയയാണ്.... കൂരിയാ നല്ല നിലയില്‍ കൊണ്ടു വരാനായി താങ്കള്‍ എടുക്കുന്ന കഷ്ടപ്പാടുകള്‍ വലുതാണ്.'


ലീജിയന്‍ ഓഫ് മേരി എന്ന മരിയന്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി ദീര്‍ഘകാലം പ്രയത്നിച്ച, ആന്‍റണി രത്നസ്വാമിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്, ബ്ര.മരിയാന്ദ്രന്‍ എന്ന വ്യക്തി, 18.01.1956 ല്‍ രത്നസ്വാമിക്കയച്ച കത്തിലെ ഈ വരികള്‍.

ആലപ്പുഴ രൂപതയില്‍ നിന്നുള്ള വളരെ തീക്ഷ്ണമതിയായ പ്രേഷിത പ്രവര്‍ത്തകനായിരുന്നു ബ്ര. ആന്‍റണി രത്നസ്വാമി. 1991 ജൂണ്‍ 12 ന് സ്വര്‍ഗം പൂകിയ തീഷ്ണമതിയായ ആ അല്മായ മിഷനറിയുടെ. ജന്മശതാബ്ദിയാണ് 2025 ആഗസ്റ്റ് 05.


മരിയന്‍ സംഘടനയായ ലീജിയന്‍ ഓഫ് മേരിയിലും ദമ്പതികള്‍ക്കായുള്ള ടീംസ് ഓഫ് ഔവര്‍ ലേഡിയിലും മറ്റ് അല്‍മായ പ്രേഷിത സംഘടനകളിലും അദ്ദേഹം സജീവമായും മാതൃകാപരമായും പ്രവര്‍ത്തിച്ചിരുന്നു. ലീജിയന്‍ ഓഫ് മേരി, ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ കേരളസഭയില്‍ മുഴുവന്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി ജീവിതാവസാനം വരെ അദ്ദേഹം കര്‍മ്മധീരനായി പ്രവര്‍ത്തിച്ചു.


'ത്യാഗപൂണ്ണമായ പ്രചാരണ സഞ്ചാരങ്ങളിലൂടെയും പണ്ഡിതോചിതവും പ്രചോദനാത്മകവുമായ മരിയന്‍ പ്രഭാഷണങ്ങളിലൂടെയും 'ലീജിയന്‍ ഓഫ് മേരി'യെ ആലപ്പുഴ രൂപതയിലും കേരളത്തിലാകമാനവും തമിഴ്നാട്ടിലും വളര്‍ത്തുവാന്‍ ആന്‍റണി രത്നസ്വാമി നിസ്തുലമായ പങ്കുവഹിച്ചു;' എന്ന് ആലപ്പുഴ മെത്രാന്‍, ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പിതാവ് അനുസ്മരിക്കുന്നു.

ജനനം വിദ്യാഭ്യാസം


ആലപ്പുഴ രൂപതയിലെ മൗണ്ട് കാര്‍മ്മല്‍ ഇടവകയിലെ പള്ളിപ്പറമ്പില്‍ ഭവനത്തില്‍, അന്തോണിപ്പിള്ള-അന്തോണിയമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി 1925 ആഗസ്റ്റ് 5 നാണ് ആന്‍റണി രത്നസ്വാമി ജനിച്ചത്. അമ്മയുടെ ശിക്ഷണത്തില്‍ രത്നസ്വാമി ചെറുപ്പം മുതല്‍ പ്രാര്‍ത്ഥനയിലും മരിയ ഭക്തിയിലും വളര്‍ന്നുവന്നു.


ലിയോ തേര്‍ട്ടീന്ത് ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രത്നസ്വാമി പ്രീയൂണിവേഴ്സിറ്റിയും ബിരുദവും ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നു പഠിച്ചു. തുടര്‍ന്ന് പ്രശസ്തമായ ഏ.വി. തോമസ് ആന്‍റ് കമ്പനിയുടെ ആലപ്പുഴയിലെ ഹെഡ് ഓഫീസില്‍ ഒരു അക്കൗണ്ടന്‍റായി ജോലിയില്‍ പ്രവേശിച്ചു.

തന്‍റെ ജോലി കാര്യങ്ങളില്‍ തികഞ്ഞ ആത്മാര്‍ത്ഥതയും ചിട്ടയും കൃത്യനിഷ്ഠയും പുലര്‍ത്തിയിരുന്ന അദ്ദേഹം അതേ സമയം തന്നെ തീഷ്ണതയോടെ പ്രേഷിത പ്രവര്‍ത്തനവും നിര്‍വഹിച്ചു. ആലപ്പുഴ രൂപതയിലെ ദൈവദാസന്‍ മോണ്‍. റെയ്നോള്‍ഡ് പുരയ്ക്കല്‍, മോണ്‍. ജോസഫ് തെക്കേപാലയ്ക്കല്‍ തുടങ്ങിയ വൈദികര്‍ അദ്ദേഹത്തിന്‍റെ ആത്മീയ ഗുരുക്കന്‍മാരും സുഹൃത്തുകളുമായിരുന്നു.


ലീജിയന്‍ ഓഫ് മേരി


1952 ല്‍ കൊച്ചിരൂപത വിഭജിച്ച് രൂപംകൊണ്ട ആലപ്പുഴ രൂപതയുടെ പ്രഥമമെത്രാനായ മൈക്കിള്‍ ആറാട്ടുകുളം പിതാവ്, ഏഷ്യന്‍ ലീജിയന്‍ എന്‍ വോയ് (പ്രചാരകന്‍) ആയിരുന്ന ബ്രദര്‍ സെസില്‍ ഡിസൂസയെ ലീജിയന്‍ ഓഫ് മേരി സംഘടനയുടെ പ്രചരണാര്‍ത്ഥം കേരളത്തിലേക്ക് കൊണ്ടുവന്നു. 1953 ഏപ്രില്‍ 19 ന് 'വിജയത്തിന്‍റെ നാഥ' എന്ന പേരില്‍ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ പുരുഷന്മാര്‍ക്കായി ഒരു പ്രസീദിയവും 'ലൂര്‍ദ്നാഥ' എന്ന പേരില്‍ സ്ത്രീകള്‍ക്കായി മറ്റൊരു പ്രസീദിയവും ആരംഭിച്ചു. ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളിലേക്കും ലീജിയന്‍ അതിവേഗം വ്യാപിക്കുകയും പുതിയ പ്രസീദിയങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യുവാവായ രത്നസ്വാമി, ആറാട്ടുകുളം പിതാവിന്‍റെ ആഗ്രഹപ്രകാരം രൂപതാപ്രദേശങ്ങള്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും പ്രസീദിയങ്ങള്‍ രൂപീകരിക്കാന്‍ പ്രയത്നിച്ചു. പ്രസീദിയങ്ങള്‍ വര്‍ദ്ധിച്ചതോടെ ഭരണനിര്‍വ്വഹണ സൗകര്യത്തിനായി കുരിയാകള്‍ സ്ഥാപിച്ചുതുടങ്ങി.

1957 ഫെബ്രുവരി 11 ന് പാലായില്‍ കേരളത്തിലെ എല്ലാ ലീജിയന്‍ സമിതികളേയും കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിച്ച കേരള സെനാത്തൂസ് ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് കേരള സെനാത്തൂസിന്‍റെ എന്‍വോയ് ആയി ബ്രദര്‍ എ. രത്ന സ്വാമിയെ ചുമതലപ്പെടുത്തി. 32-ാം വയസ്സില്‍ എറ്റെടുത്ത ആ ചുമതലയ്ക്ക് യാതൊരു മങ്ങലുമേല്‍പ്പിക്കാതെ കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും സഞ്ചരിച്ച് വളരെ ത്യാഗനിര്‍ഭരമായി അദ്ദേഹം ലീജിയന്‍ പ്രചരിപ്പിച്ചു.


കുടുംബം


പാലാ രൂപതയിലെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ അമ്പാട്ട് കുടുംബത്തിലെ അംഗവും ഒരു മാതൃക ലീജിയന്‍ പ്രവര്‍ത്തകയമായിരുന്ന എ. ജെ. അന്നമ്മയെ 1963 ജനുവരി 30-ന് ആന്‍റണി രത്നസ്വാമി വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.


ടീംസ് ഓഫ് ഔവര്‍ ലേഡി

കത്തോലിക്കാ ദമ്പതികള്‍ക്ക് വേണ്ടി ഫാ. ഹെന്‍ട്രി കാഫറേല്‍ 1938 ല്‍ പാരീസില്‍ ആരംഭിച്ച 'ടീംസ് ഓഫ് ഔവര്‍ ലേഡി' എന്ന സംഘടനയുടെ കേരളത്തിലെ ആദ്യത്തെ യൂണിറ്റ് രത്നസ്വാമിയുടെ ശ്രമഫലമായി 1971 ജനുവരി 30-ന് ആലപ്പുഴയില്‍ ആരംഭിച്ചു. വിശുദ്ധീകരണത്തിലൂടെ വിവാഹജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് ദമ്പതികളെ നയിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.

റോമില്‍ വച്ച് 1982 ല്‍ നടന്ന ടീംസ് ഓഫ് ഔവര്‍ ലേഡിയുടെ 6-ാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും രത്നസ്വാമി-അന്നമ്മ ദമ്പതികള്‍ സംബന്ധിച്ചു. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ കാണാന്‍ അവസരം ലഭിച്ച അവര്‍ ലൂര്‍ദ്ദിലേക്കും ലീജിയന്‍റെ ആരംഭസ്ഥലമായ ഡബ്ളിനിലേക്കും സന്ദര്‍ശനം നടത്തി. 1985-91 കാലത്ത് ടീംസിന്‍റെ റീജിയണല്‍ കപ്പിളിന്‍റെ ഭാരതതല പ്രതിനിധികളായും ഈ ദമ്പതികള്‍ പ്രവര്‍ത്തിച്ചിരുന്നു.


അവാര്‍ഡ്, അംഗീകാരം


ലീജിയന്‍ ഓഫ് മേരിയിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു കൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 1982 നവംബറില്‍, "പ്രോ എക്ലേസിയ എത് പൊന്തിഫിച്ചേ" എന്ന പേപ്പല്‍ ബഹുമതി നല്‍കി രത്നസ്വാമിയെ ആദരിച്ചു. 1991 ജൂണ്‍ 12 ന് ലീജിയന്‍റെ തീഷ്ണമതിയായ ആ അല്മായ മിഷനറി സ്വര്‍ഗം പൂകി.


മക്കള്‍


1. മേരി നിര്‍മ്മല റാണി + ഹാരി സാംസണ്‍.

2. ഡോ. ക്രിസ്റ്റഫര്‍ ആന്‍റണി + ഡോ. ത്രേസ്യാമ്മ റ്റി.പി.

3. ജോസഫ് മാര്‍ട്ടിന്‍ + ലീലാമ്മ സെബാസ്റ്റ്യന്‍

4. ഡോ. ഫ്രെഡറിക് പോള്‍ + ഡോ. അഥീന മിനി അഗസ്റ്റിന്‍

5. എലിസബത്ത് ട്രീസ + ഡോ. ആന്‍റണി ലിയോ

6. അഡ്വക്കേറ്റ് ഫ്രാന്‍സിസ് സേവ്യര്‍.


ആന്‍റണി രത്നസ്വാമി: ലീജിയന്‍ ഓഫ് മേരി പ്രചാരകന്‍,

അസ്സീസി മാസിക, ആഗസ്റ്റ് 2025


Cover images.jpg

Recent Posts

bottom of page