

കുറേ വർഷങ്ങൾക്കു മുമ്പാണിത്. ഇന്ത്യയിലെ ക്രൈസ്തവ സന്ന്യസ്തരുടെ പൊതു കൂട്ടായ്മയായ സി.ആർ.ഐ. -യുടെ ആസ്ഥാനത്ത് ഒരിക്കൽ ചില കൂടിയാലോചനകൾക്കായി പോകേണ്ടതായി വന്നത്. താഴേത്തട്ടിൽ സാധാരണ സന്ന്യസ്തരും ഭാഗഭാക്കുകൾ ആകാമെങ്കിലും പൊതുവേ തെരഞ്ഞെടുക്കപ്പെടുന്ന നേതൃസ്ഥാനീയരുടെ കൂട്ടായ്മയാണത്. അതുകൊണ്ടുതന്നെ എന്നെപ്പോലെ ക്ഷണിതാക്കളായ ഏതാനും പേരൊഴികെ ബാക്കിയെല്ലാവരും സ്ത്രീ സന്ന്യസ്തരുടെയും പുരുഷ സന്ന്യസ്തരുടെയും പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങളാണ് ഭരണഘടനയുടെ ആത്മാവ് ഉൾക്കൊണ്ട് ജീവിക്കുന്നവർ എന്ന് പൗര സമൂഹത്തിലെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി വിഭാഗങ്ങളിലുള്ളവർ കരുതുന്നുണ്ടോ എന്ന് എനിക്കറിവില്ല. ഏതായാലും സഭയിലെ കാര്യം പറഞ്ഞാൽ, തങ്ങളാണ് സഭയോട് ഏറ്റവും കൂറും വിശ്വസ്തതയും ഉള്ളവർ എന്ന് നേതൃത്വത്തിലുള്ളവർ കരുതുന്നതായി തോന്നിയിട്ടുണ്ട്. ഏതോ ചർച്ചകളിൽ അത്തരം ഒരു വികാരം മറനീക്കി പുറത്തുവന്നപ്പോൾ ഏതോ ഒരു ഉൾപ്രേരണയാൽ 'നേരെ തിരിച്ചാണ് എനിക്ക് തോന്നുന്നത്' എന്ന് പറഞ്ഞു പോയി. അതെന്തേ അങ്ങനെ പറഞ്ഞത് എന്ന് സംഘാടകർ എന്നോട് ചോദിച്ചു. 'നേതൃത്വങ്ങളിലുള്ളവർ പലവിധ കരുനീക്കങ്ങളിലൂടെ അവിടേക്ക് എത്തുന്നതായാണ് പലപ്പോഴും അനുഭവം. അതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ ആത്മാവ് അവരിൽ കുറഞ്ഞിരിക്കാനേ സാധ്യതയുള്ളൂ എന്നാണ് എൻ്റെയൊരു തോന്നൽ' എന്ന് പറയേണ്ടിവന്നു!
അധികാര സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരദാഹികളാണ് എന്നെനിക്ക് തോന്നിയിട്ടില്ല. അങ്ങനെയുള്ളവരും കണ്ടേക്കാം. "മെത്രാൻ സ്ഥാനം ആഗ്രഹിക്കുന്നവൻ ഉത്കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് " (1 തിമോ. 3:1) എന്ന് പൗലോസ് എഴുതുന്നു മുണ്ടല്ലോ. സമൂഹത്തെ കാര്യക്ഷമമായി നയിക്കാനും ഭരിക്കാനും തനിക്ക് കഴിവുണ്ടെന്ന് ഒരാൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. താൻ ഒരു നല്ല കാര്യനിർവാഹകനാണെന്നും അയാൾ കരുതുന്നുണ്ട്. യേശുസംഘത്തിലെ യാക്കോബും യോഹന്നാനും അങ്ങനെ കരുതിയവരാണ്. അവർ നോക്കുമ്പോൾ കാര്യപ്രാപ്തി മറ്റുപലരെയുംകാൾ അവർക്കായിരുന്നു കൂടുതൽ. യേശുവിനെ അറസ്റ്റ് ചെയ്ത് കയ്യാഫാസിൻ്റെ അരമനയിൽ കൊണ്ടുപോകുമ്പോൾ, അവിടെ മുറ്റത്ത് കയറാൻ പത്രോസിന് കഴിഞ്ഞത്, പത്രോസിൻ്റെ നാട്ടുകാരനായിരുന്നിട്ടും ജറൂസലേമിൽ പോലും പിടിപാടുകളുള്ള യോഹന്നാൻ്റെ ശുപാർശ കൊണ്ടായിരുന്നു. യാത്രകൾക്കിടയിൽ തങ്ങളുടെ സംഘത്തിൽപ്പെടാത്ത ഒരാൾ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തുന്നതും, അങ്ങനെ ചെയ്യരുത് എന്നയാളെ വിലക്കുന്നതും യോഹന്നാനാണ്. പത്രോസ് അന്യ-സഹിഷ്ണുവായിരുന്നു എന്ന് കരുതേണ്ട. യോഹന്നാൻ്റെ കാര്യപ്രാപ്തിയെയാണ് അത് വെളിവാക്കുന്നത്. രണ്ട് പെണ്ണുങ്ങൾ മുഖത്തു നോക്കി 'നീ അവൻ്റെ സംഘത്തിൽ പെട്ടതാണ്' എന്നു പറയുമ്പോഴേക്ക്, അല്ലെന്ന് പത്രോസ് ആണയിട്ടുകളഞ്ഞു. എന്നിട്ടും പത്രോസിനെയാണ് യേശു പ്രഥമസ്ഥാനീയനാക്കുന്നത്. യഹൂദമതത്തിൻ്റെ ആസ്ഥാനം ജറൂസലേം ആയിരുന്നതിനാൽ യാക്കോബും (യാക്കോബിൻ്റെ രക്തസാക്ഷിത്വത്തിനു ശേഷം കർത്താവിൻ്റെ സഹോദരനായ യാക്കോബും) പത്രോസും യോഹന്നാനും ജറൂസലേമിനെ ചുറ്റിപ്പറ്റി നില്ക്കുന്നതു കാണാം. ജറൂസലേമിൽ നിന്ന് പത്രോസിനെ അടർത്തി വിടുവിക്കുന്നതും, മെല്ലെ റോമിൽ എത്തിക്കുന്നതും ഒരു പരിധിവരെ പൗലോസിൻ്റെ പ്രേഷിത വിജയങ്ങളാണ് എന്നാണ് ഞാൻ കരുതുന്നത്.
കാര്യപ്രാപ്തിക്കാരല്ല കാര്യപ്രാപ്തി കുറഞ്ഞ കൂട്ടുത്തരവാദിത്തക്കാരാണ് സഭക്ക് നേതൃത്വം നല്കാൻ മിക്കവാറും ഘട്ടങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ളതും അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ളതും എന്നു തോന്നുന്നു.





















