top of page

ബദല്‍

May 1, 2010

2 min read

ഷക
Monasteries
Monasteries

നിലവിലിരുന്ന സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകളോടു മറുതലിച്ചും ക്രിയാത്മകമായി പ്രതികരിച്ചുമൊക്കെയാണു മിക്ക മതങ്ങളും ആരംഭം കുറിക്കുന്നത്. ഈജിപ്ഷ്യന്‍ നുകം വല്ലാതെ വലച്ച അടിമകളുടെ പ്രസ്ഥാനമായിട്ടാണ് യഹൂദമതം ആവിര്‍ഭവിക്കുന്നത്. സംസ്കൃത ഭാഷയില്‍ മാത്രമെ ദൈവം സംസാരിക്കുവെന്നും അതു കേള്‍ക്കാന്‍പോലും അധഃകൃതനു യോഗ്യതയില്ലെന്നും വിശ്വസിച്ചിരുന്ന സമൂഹത്തിലാണു സാധാരണക്കാരുടെ പാലിഭാഷയില്‍ സംസാരിച്ചുകൊണ്ട് ശ്രീബുദ്ധന്‍ തന്‍റെ ദൗത്യം തുടങ്ങുക. അറേബ്യന്‍ ഗോത്രസമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാമ്പത്തിക ചൂഷണത്തോട് എതിരിട്ടുകൊണ്ടാണ് ഇസ്ലാംമതം പ്രചരിക്കുന്നത്. അടിമകളുടേതായിത്തുടങ്ങിയ യഹൂദമതം പിന്നീട് സാധാരണക്കാരുടെ കഴുത്തില്‍ തിരികല്ലായിത്തീര്‍ന്നപ്പോഴാണ് നസ്രത്തിലെ യേശുവിന് ഇരിക്കപ്പൊറുതിയില്ലാതാവുന്നത്. ഈ ആത്മീയ പ്രസ്ഥാനങ്ങളെല്ലാം മുന്നോട്ടു വച്ചത് മുഖ്യധാരയ്ക്ക് - നാട്ടുനടപ്പിന് - വിരുദ്ധമായ ബദല്‍ മാതൃകകളായിരുന്നു.

ഈ ബദല്‍ മാതൃകകളുടെ സൂക്ഷിപ്പുകാര്‍ മുഖ്യധാരയുമായി ഒത്തുതീര്‍പ്പുകള്‍ക്കു ശ്രമിച്ചപ്പോള്‍ നഷ്ടമായത് അവയുടെ പ്രസക്തിയാണ്. അതിനെതിരെ ജീവിതംകൊണ്ടു കലഹിച്ചും ഉറവിടങ്ങളിലെ നൈര്‍മല്യത്തിലേക്കു തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചുമൊക്കെ രംഗപ്രവേശം ചെയ്തവരാണ് സന്ന്യാസികള്‍. ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവും സര്‍വ്വാഭരണ വിഭൂഷിതയും അധികാരപ്രമത്തയുമായ സഭയും എന്ന പൊരുത്തക്കേടിനെ അസ്സീസിയിലെ ആ കുറിയ സന്ന്യാസി എത്ര സുന്ദരമായിട്ടാണ് പൊളിച്ചെടുത്തത്. മുഴുവന്‍ മലയെയും ദീപ്തമാക്കുന്ന മലമുകളിലെ ദീപം പോലെയും അധികാരകേന്ദ്രങ്ങള്‍ക്കെതിരെ കൈവിരല്‍ ചൂണ്ടിയ നാഥാനെപ്പോലെയും സ്വന്തം ജീവിതംതന്നെ ഉപമയാക്കി മാറ്റിയ ജെറമിയായെപ്പോലെയും സന്ന്യസ്തര്‍ ദൈവികതയും മാനവികതയും കുത്തിയൊലിച്ചു പോകാതെ സൂക്ഷിച്ചു.

വല്ലാതെ വരണ്ടുകൊണ്ടിരിക്കുന്ന ഈ മണ്ണില്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തായിരുന്നു സന്ന്യാസം. പക്ഷേ, ഇന്ന് അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങിയിരിക്കുകയാണ്. 'മാറ്റിനിര്‍ത്തിപ്പെട്ടവര്‍' എന്നാണ് സന്ന്യാസത്തെ കുറിക്കുന്ന consecrated  എന്ന പദത്തിനര്‍ത്ഥം. അവരാകെ മാറ്റിനിര്‍ത്തപ്പെട്ടത് ജീവിതത്തിലെ പൊള്ളിക്കുന്ന അനുഭവങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നുമാണ് എന്നതായിരിക്കുന്നു സ്ഥിതി. ഒരു സന്ന്യാസ ആശ്രമത്തിലെ കാലിത്തൊഴുത്തില്‍ വേല ചെയ്യുന്ന തമിഴ്നാട്ടുകാരന്‍ അതിശയിച്ചതുപോലെ, "സ്വാമിമാര്‍ക്കൊക്കെ എന്താ സുകം!" ഇന്ത്യയിലെ ഒരു സന്ന്യാസ സമൂഹത്തെക്കുറിച്ചു നടത്തിയ സര്‍വേ പ്രകാരം ആ സമൂഹം ഇന്ത്യയിലെ ഉപരിമധ്യവര്‍ഗത്തില്‍പ്പെടുന്നു. ഓട്ടോമൊബീലിന്‍റെയും ലാപ്ടോപ്പിന്‍റെയും ഫേഷ്യല്‍ ക്രീമിന്‍റെയും ലോകമാണതിന്‍റേത്. തങ്ങളുടെ സന്ന്യാസസമൂഹത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൃത്യം 12-30 നു നിര്‍ത്തി, ഉച്ചയുറക്കവും കഴിഞ്ഞ് 3 മണിക്കു മാത്രം വീണ്ടും ആരംഭിക്കുന്നു. പ്ലാച്ചിമട സമരം അരങ്ങേറുമ്പോഴും അവരുടെ ഫീസ്റ്റാഘോഷങ്ങളില്‍ കൊക്കകോള വിളമ്പപ്പെടുന്നു. ദയാബായി വേദനയോടെയാണിത് പറഞ്ഞത്: "മണിപ്പൂരില്‍ മനോരമാ ദേവിയെ പട്ടാളം ബലാത്സംഗം ചെയ്തു കൊന്നു തള്ളിയപ്പോള്‍ ജനമൊന്നടങ്കം നിരത്തിലിറങ്ങി. പക്ഷേ, ഒരൊറ്റ സന്ന്യാസിയെപ്പോലും അവിടെങ്ങും ഞാന്‍ കണ്ടില്ല. സന്ന്യസ്തര്‍ സാധാരണ മനുഷ്യരല്ലാതായിത്തീര്‍ന്നിരിക്കുന്നുവോ?"

ഇപ്പറഞ്ഞതിനൊക്കെ അപവാദങ്ങളില്ലെന്നല്ല. ആന്ധ്രാപ്രദേശിലെ ഒരു വിദൂരഗ്രാമത്തില്‍ മതപരമായോ ഭാഷാപരമായോ ഒരു സമാനതയുമില്ലാത്ത കുറെ ദരിദ്രവൃദ്ധര്‍ക്ക് നിശ്ശബ്ദ സേവനം ചെയ്യുന്ന കുറെ മലയാളി കന്യാസ്ത്രീകളെ  കണ്‍കുളിര്‍ക്കെ കണ്ടിട്ടുണ്ട്. അണഞ്ഞുപോകുമായിരുന്ന കനലുകള്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നവരും കുനിഞ്ഞുപോയ ശിരസ്സുകള്‍ പിടിച്ചുയര്‍ത്തുന്നവരും  എത്ര വേണമെങ്കിലും ഇന്നും സന്ന്യസ്തര്‍ക്കിടയിലുണ്ട്. പക്ഷേ, അവയൊക്കെ ഓരോ വ്യക്തിയുടെയും നന്മയെമാത്രം ആശ്രയിച്ചുള്ളതാണെന്നതാണ് വസ്തുത. കാതലായ ചോദ്യം ഒരു സമൂഹം എന്ന നിലയില്‍ സന്ന്യസ്തര്‍ എന്തു ബദല്‍ മാതൃകയാണ് അവതരിപ്പിക്കുന്നത്  എന്നതാണ്.

സന്ന്യസ്തരെക്കുറിച്ചുള്ള വത്തിക്കാന്‍ പ്രമാണരേഖയുടെ പേര് Perfectae Caritatis എന്നാണ് - സമ്പൂര്‍ണ്ണ സ്നേഹം. സ്നേഹത്തില്‍ കുതിര്‍ന്ന ഒരു ജീവിതശൈലി സ്വന്തമാക്കിയവരുടെ ഇടമായിരിക്കണം സന്ന്യാസഭവനം. ഒരു സ്ത്രീ രാത്രിയില്‍ കുടിച്ചു ലക്കുകെട്ട ഭര്‍ത്താവിനാല്‍ മര്‍ദ്ദിക്കപ്പെടുന്നു. അവള്‍ അഭയത്തിനായി ഓടിച്ചെല്ലുന്നത് അയല്‍പക്കത്തെ വലിയമതിലുള്ള മഠത്തിലോ, അതോ ഒരു ചെറിയ വീട്ടിലോ? ഒരു വീട്ടില്‍ പെട്ടെന്ന് അതിഥികള്‍ വരുന്നു. കൊടുക്കാനൊന്നുമില്ല. സ്വല്പം കറിക്കോ, ചോറിനോ വേണ്ടി ഏതെങ്കിലും ആശ്രമവാസിയെ ആരെങ്കിലും സമീപിക്കുമോ? നിങ്ങള്‍ ആളുകള്‍ക്കുവേണ്ടി എത്രമാത്രം സേവനം ചെയ്യുന്നു എന്നതല്ല പ്രധാനം, അവര്‍ നിങ്ങളെ സ്വന്തമാക്കിയിട്ടുണ്ടോ എന്നതാണു പ്രധാനം.

ഇന്നു സന്ന്യാസികള്‍ അഭിമുഖീകരിക്കുന്നതായി പറയപ്പെടുന്ന ഒരു പ്രധാന പ്രശ്നം നല്ല സന്ന്യാസാര്‍ത്ഥികളുടെ കുറവാണ്. അതിനുള്ള കാരണം ഉപഭോഗപരതയും ധനാര്‍ത്തിയും ആണെന്നവര്‍ പറയുന്നു. 1960-70 കളില്‍ നക്സലൈറ്റ് പ്രസ്ഥാനം ഇവിടെ പടര്‍ന്നു പിടിച്ചപ്പോള്‍ അതിലേക്ക് ആകൃഷ്ടരായി ചെറുപ്പക്കാര്‍ ഒഴുകുകയുണ്ടായി. അവരില്‍ പോസ്റ്റ് ഗ്രാജ്വറ്റ് വിദ്യാര്‍ത്ഥികളും ധനാഢ്യരായ വിദ്യാര്‍ത്ഥികളും ഒക്കെയുണ്ടായിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരാണ് എക്കാലത്തെയും ചെറുപ്പക്കാര്‍. ഒരുപാട് അപകടകരമായ രീതിയില്‍ ജീവിച്ച ചെറുപ്പക്കാരനായ ക്രിസ്തുവിനെ എന്തേ പക്ഷേ അവര്‍ ഇഷ്ടപ്പെടാതെ പോകുന്നു? അതിനുകാരണം, സന്ന്യാസത്തെ ബൊക്കെ ഉണ്ടാക്കലും ഭക്തിഗാനങ്ങളുടെ മനോഹരമായ ആലാപനവും കുറെയേറെ ജപങ്ങളുമായി ചുരുക്കുന്ന സന്ന്യസ്തരുടെ ശുഷ്കമായ ജീവിതമാകാനാണ് സാധ്യത. വസ്ത്രത്തിലെ വ്യത്യസ്തത ഒഴികെ കുടുംബിനിയായ ഒരു  ടീച്ചറും സന്ന്യസ്തയായ ഒരു ടീച്ചറും തമ്മില്‍ എന്തു വ്യത്യാസം? വലിയൊരു ധനാഢ്യന്‍റെ ബംഗ്ലാവും ഒരു സന്ന്യാസ ആശ്രമവും തമ്മില്‍ എന്തു വ്യത്യാസം? അതിര്‍വരമ്പുകള്‍ ഇല്ലാതാകുകയാണ്. സവിശേഷതകള്‍  ഉപരിപ്ലവം മാത്രമാണ്. ദീപം മലയെ ദീപ്തമാക്കുന്നില്ല; മലയാകട്ടെ ദീപത്തെ മറയ്ക്കുന്നു.

ക്രിസ്തുവിന്‍റെ സന്ന്യാസവും സ്നാപകയോഹന്നാന്‍റെ സന്ന്യാസവും ഒന്നു വേര്‍തിരിക്കേണ്ടതുണ്ട്. യോഹന്നാന്‍ കഴിഞ്ഞത് മരുഭൂമിയിലാണ്, ക്രിസ്തുവോ സാധാരണ ഇടങ്ങളില്‍. യോഹന്നാന്‍ ഭക്ഷിച്ചത് കാട്ടുതേനും വെട്ടുകിളിയും, ക്രിസ്തുവോ സാധാരണ ഭക്ഷണം. യോഹന്നാന്‍ ധരിച്ചത് ഒട്ടകരോമം, ക്രിസ്തുവോ സാധാരണ വസ്ത്രം. അതായാത്, ക്രിസ്തു മുമ്പോട്ടുവച്ച സന്ന്യാസം  ജനങ്ങളോടു ചേര്‍ന്നുള്ളതും ദൈവരാജ്യ നിര്‍മ്മിതിക്കു സമര്‍പ്പിതവുമായിരുന്നു. അസ്സീസിയിലെ ഫ്രാന്‍സിസ്   പിഞ്ചെല്ലുന്നതും അതേ മാതൃകയാണ്.  ഭൂപ്രദേശങ്ങള്‍ വലിയ മതിലുകള്‍ കൊണ്ട് കെട്ടിത്തിരിച്ച്, അതില്‍ ആശ്രമം പണിത് പ്രാര്‍ത്ഥനയും പരിത്യാഗവുമായി കഴിഞ്ഞുകൂടിയ അന്നത്തെ സന്ന്യസ്തരില്‍നിന്ന് തുലോം വിഭിന്നമായി ഫ്രാന്‍സിസ് തന്‍റെ ആദ്യത്തെ ആശ്രമം (ഒരു കുടില്‍!) പണിതത് കുഷ്ഠരോഗികളുടെ മധ്യത്തിലാണ്. അപ്പം വിതരണം ചെയ്യാതിരുന്നിട്ടും അത്ഭുതം പ്രവര്‍ത്തിക്കാതിരുന്നിട്ടും അധികാരം സ്ഥാപിക്കാതിരുന്നിട്ടും ഫ്രാന്‍സിസാണ് യഥാര്‍ത്ഥ ക്രൈസ്തവ സന്ന്യാസം ജീവിച്ചതെന്ന് കാലം തിരിച്ചറിഞ്ഞു. നിന്‍റേത് യഥാര്‍ത്ഥ സന്ന്യാസമോ എന്നത് ചുറ്റുവട്ടത്തുള്ളവരുടെ മുഖങ്ങളില്‍നിന്നു  നിനക്കു വായിച്ചെടുക്കാനാകും.

നന്മയുടെ സാക്ഷ്യങ്ങളായി, പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി ഇനിയുമിവിടെ സന്ന്യാസഭവനങ്ങളുണ്ടാകണം. പച്ചപ്പും തെളിനീരുമുള്ള സ്വച്ഛമായ ഇടങ്ങള്‍. വലയുന്നവര്‍ക്ക് ഭാരമിറക്കാനും പൊരുതുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനും പറ്റിയ ഇടങ്ങള്‍. രാക്ഷസീയതയുടെ മലവെള്ളപ്പാച്ചിലിനെ എതിരിട്ടു നില്‍ക്കുന്ന നൈര്‍മല്യത്തിന്‍റെ തടയണകള്‍. സന്ന്യാസത്തെ സന്ന്യാസമാക്കുന്ന അതിരുകള്‍ അഭംഗുരം സംരക്ഷിക്കപ്പെടട്ടെ. അവ മാഞ്ഞുതുടങ്ങുമ്പോള്‍ നഷ്ടമാകുന്നത് നിലനില്പ്പിന്‍റെ പ്രസക്തിതന്നെയാണ്.

Featured Posts