top of page
മാതാപിതാക്കള്‍ ചോറു വാരിക്കൊടുത്തൂട്ടിയിരുന്ന കൊച്ചുമകന്‍, ഒരു പ്രായമായാല്‍, അവരുടെ കൈ തട്ടിമാറ്റിയിട്ട്, തനിയെ വാരിത്തിന്നാന്‍ നോക്കുന്നു. അത് അവന്‍റെ അഹംഭാവം കൊണ്ടൊന്നുമല്ല. 'കൊടുക്കുന്ന കൈക്ക് കടിക്കുന്ന നന്ദികെട്ട ജന്തു' ആയിട്ടൊന്നും മാതാപിതാക്കള്‍ അവനെ കാണരുത്. തനിയെ ചോറുവാരിത്തിന്നാന്‍ പഠിക്കേണ്ടവനാണ് അവന്‍. മാതാപിതാക്കള്‍ വാരിക്കൊടക്കുന്നതുമാത്രം ഭക്ഷിച്ച് അവനു വളരാനാവില്ല. മാതാപിതാക്കളുടെ കൈ തട്ടിമാറ്റിയിട്ട് തനിയെ വാരിത്തിന്നാന്‍ ശ്രമിക്കുന്നത് അവന്‍റെ വളര്‍ച്ചയെയാണു ദ്യോതിപ്പിക്കുന്നത്. അങ്ങനെ വേണം മാതാപിതാക്കള്‍ അതു കാണാനും.
സുഹൃത്തിനെ സൈക്ലിംഗ് പഠിപ്പിക്കുന്ന സ്നേഹിതന്‍, ആദ്യമൊക്കെ അവനെ സൈക്കിളിലിരുത്തി പിടിച്ചുകൊണ്ടുവേണം സൈക്കിള്‍ തള്ളിക്കൊണ്ടുപോകാന്‍. സ്നേഹിതനു ബാലന്‍സു കിട്ടുന്നതുവരെ അങ്ങനെ ചെയ്താല്‍ മതി. ബാലന്‍സ് കിട്ടിക്കഴിഞ്ഞും അങ്ങനെ ചെയ്യുകയാണെങ്കില്‍ അവനെ മാറ്റിനിര്‍ത്തേണ്ടിവരും.
എഴുതാന്‍ പഠിക്കുന്ന കുട്ടിയുടെ കൈയ്ക്കു പിടിച്ചായിരിക്കും ആദ്യമൊക്കെ എഴുതിക്കുക. എങ്കിലും "കൈയ്ക്കു പിടിച്ച് എഴുതിക്കുന്നതാണ് ശരിയായ ശിക്ഷണരീതി" എന്ന വിചാരത്തോടെ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെക്കൊണ്ട് കോമ്പസിഷന്‍ എഴുതിക്കുന്നത്, കൈക്കുപിടിച്ചുകൊണ്ടായിരിക്കരുത്.
വൈദികന്‍ വിവാഹം ആശീര്‍വദിച്ചാല്‍ മതി. വിവാഹാനന്തരം, വധൂവരന്മാരുടെ മണിയറ വെഞ്ചെരിക്കാനും അവര്‍ക്ക് ഉപദേശം നല്കാനും അവരെ നിയന്ത്രിക്കാനും അദ്ദേഹം പോകരുത്. അങ്ങനെ അദ്ദേഹം ചെല്ലുകയാണെങ്കില്‍ "അച്ചാ, ഇനി ഞങ്ങളെ വെറുതെ വിട്", എന്ന് ദേഷ്യപ്പെട്ടുതന്നെ അവര്‍ പറഞ്ഞെന്നുവരും.
ഇതുപോലെ, വേണ്ടതിനും വേണ്ടാത്തതിനും എല്ലാം അല്മായരെ(Laity faithful) ഉപദേശിക്കാനും നിയന്ത്രിക്കാനും വൈദികന്‍ പോകരുതാത്തതാണ്. അല്മായര്‍ക്കും വൈദികര്‍ക്കുള്ളതുപോലെ തലയും ചിന്തിക്കാനും തീരുമാനമെടുക്കാനും ഉള്ള കഴിവും ഉണ്ട്. അല്മായരിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. "അവര്‍ക്കും കര്‍ത്താവിന്‍റെ പൗരോഹിത്യത്തില്‍ ഭാഗഭാഗിത്വമുണ്ട്. അവരും പൂര്‍ണ്ണതയിലേക്കുള്ള വിളിയുള്ളവരാണ്" എന്ന വിചാരത്തോടെ, വൈദികര്‍ അല്മായരെ വളരാന്‍ വിടട്ടെ.