

എൻ്റെ തലയിലെവിടെയോ ഒരു 'ജ്യൂക്ക് ബോക്സ് ' ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. വെറെവേറെ പഴയ പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടാണ് ഓരോ പ്രഭാതത്തിലും ഉണർന്നു വരുന്നത്.
"പ്രണയിക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയാണ് നമ്മൾ
ഇനിയും പിറക്കാത്ത ജന്മങ്ങളിൽ" -
ഇന്ന് ഉണർന്നപ്പോൾ പ്ലേ ആയിക്കൊണ്ടിരുന്നത് അതാണ്. അതേയതേ. നാം പ്രണയിക്കുക തന്നെയായിരുന്നു; പ്രണയിച്ചുകൊണ്ടേ ഇരിക്കുകയും. പ്രണയം = സ്നേഹം, വാത്സല്യം
പ്രണയി = ഭർത്താവ്
പ്രണയിനി = ഭാര്യ - എന്നാണ് ഓൺലൈൻ ശബ്ദതാരാവലി പ്രണയത്തിന് നല്കുന്ന അർത്ഥം. ശ്രീകണ്ഠേശ്വരം എന്തു പറഞ്ഞാലും, കുറേക്കാലമായി നമ്മുടെ നാട്ടിൽ പ്രണയം എന്നത് ഭർത്താവിനോടോ ഭാര്യയോടോ ചേർത്ത് ആരും ഉപയോഗിക്കാറില്ല എന്നാണ് എൻ്റെ ഒരു തോന്നൽ. കാമുകി - കാമുകൻ: അവർക്കിടയിലാണ് പ്രണയം എന്നാണ് പൊതുവേ ജനസംസാരം. മലയാളി പ്രണയത്തെ കുടുംബത്തിൽ നിന്നും വിവാഹത്തിൽ നിന്നും അടർത്തിമാറ്റിയതിന് എന്തെങ്കിലും കാരണമുണ്ടാകുമോ? അറിയില്ല. ഏതായാലും ശുദ്ധ സ്നേഹമാണ് പ്രണയം എന്നാണ് നാം മനസ്സിലാക്കുന്നത് എന്നത് വ്യക്തമാണ്.
ശുദ്ധ സ്നേഹം / നിരുപാധിക സ്നേഹം / അഹന്തയില്ലാത്ത സ്നേഹം / പങ്കാളിത്തത്തിൻ്റെ സ്നേഹം ഇന്ന് നമ്മുടെ നാട്ടിൽ കുടുംബത്തിനകത്ത് കാണാനില്ല എന്നാണ് പൊതുവേയുള്ള പരിദേവനം. ആണുങ്ങൾ പൊതുവേ പേട്രിയാർക്കിയുടെ തടവുകാരാണ് എന്ന് എത്രയോ കാലമായി ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പലപ്പോഴും ഞാൻ അതിവിടെ കുറിച്ചിട്ടുണ്ട്.
അധികാരം, അഹന്ത, സ്വാർത്ഥത, ധനാർത്തി, മാത്സര്യം, അസൂയ എന്നിങ്ങനെ ഏതുതന്നെ തിന്മയും സ്നേഹത്തെ കവിഞ്ഞ് നിന്നാൽ, നിരുപാധിക സ്നേഹം / പ്രണയം അവിടെ ഉണ്ടാവില്ല എന്ന് ബൈബിൾ എത്ര വ്യക്തമായി പറയുന്നുണ്ട്. മിക്ക മതങ്ങളും അതുതന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്.
സമൂഹത്തിൽ ആണധികാര സമ്പ്രദായമാണ് കൂടുതലും നിലവിലുള്ളത് എന്നതിനാൽ ആണുങ്ങൾക്ക് പ്രണയിക്കാനറിയില്ല എന്ന് പൊതുവിൽ പറയാനാവും. അതേ സമൂഹത്തിൻ്റെ ഉല്പന്നങ്ങൾ തന്നെയാണ് പെണ്ണുങ്ങളും എന്നതിനാൽ പെണ്ണുങ്ങൾക്കും പ്രണയിക്കാൻ അറിയില്ല എന്നും മനസ്സിലാവും. അവർ ചേർന്നുണ്ടാക്കുന്ന കുടുംബങ്ങളിൽ പിന്നെ പ്രണയം ഉണ്ടാകുമോ? ആദ്യമൊക്കെ പ്രണയാഭിനയങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല. മെല്ലെ, അധികാരം സ്ഥാപിക്കൽ ആരംഭിക്കും. അല്ലെങ്കിൽ അഹന്ത പുറത്തെടുക്കും. അല്ലെങ്കിൽ മാത്സര്യം. നിയന്ത്രണം ആരംഭിക്കും. ഞാൻ പറയും - നീ അനുസരിക്കും എന്നു വരും. അതോടെ കംപാനിയൻഷിപ്പ് പോകും; പങ്കാളിത്തം പോകും; പ്രണയം അവസാനിക്കും!
എന്നുവച്ച്, പങ്കാളികൾ പരസ്പരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണ്ടേ?
വേണം. സാമ്പത്തിക ഭദ്രത നശിപ്പിക്കുന്നതിൽ നിയന്ത്രണം വേണ്ടേ? വേണം. പക്ഷേ കെട്ടിയേല്പിക്കപ്പെടുന്നതാവരുത്. പരസ്പരം എത്തിച്ചേരുന്നതാവണം. ആദരം നല്കാതിരിക്കലിൽ നിയന്ത്രണം വേണ്ടേ? തീർച്ചയായും. അതും കെട്ടിയേല്പിക്കപ്പെടുന്നതിനെക്കാൾ പരസ്പരം ബോധ്യപ്പെടുത്തുന്നതാവണം. ചർച്ച അഥവാ ഡയലോഗ് എന്താണ്, എങ്ങനെയാണ് എന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ ഗ്രാഹ്യം ഇല്ലെങ്കിൽ ഒരു സമൂഹ ജീവിതവും ശുഭമാകില്ല.





















