

ആദത്തിൻ്റെയും ഹാവ്വായുടേയും പറുദീസായുടേയുമൊക്കെ കഥകൾ അക്ഷരാർത്ഥത്തിൽ മനസ്‌സിലാക്കുന്നതിനെ ആശ്രയിച്ചാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായിലുള്ള വിശ്വാസവും അങ്ങിലൂടെയുള്ള രക്ഷയും എന്നു കരുതുന്നത് ശരിയല്ല. മനുഷ്യകുലവും ദൈവവുമായി ആരംഭിച്ച രക്ഷാകരചരിത്രത്തിൽ പയ്യെപ്പയ്യെയാണ് രക്ഷകനെപ്പറ്റിയുള്ള വാഗ്ദാനം ദൈവം നൽകിയതും അതിലുള്ള മനുഷ്യരുടെ വിശ്വാസവും പ്രതീക്ഷയും രൂപംകൊണ്ടതും. ഉൽപ ത്തി 3: 15 മിശിഹായെപ്പറ്റിയുള്ള ആദ്യവാഗ്ദാനമായി ചില സഭാപിതാക്കന്മാർ പറഞ്ഞിട്ടുണ്ടെങ്കിലും, ബൈബിൾ വിജ്ഞാനീയം ഇന്ന് ഈ അഭിപ്രായത്തെ അംഗീകരിക്കുന്നില്ല. എന്നാൽ, ഈ ഒരു വാക്യത്തിന്മേല്ലല്ലോ ക്രൈസ്തവ വിശ്വാസം മുഴുവൻ കെട്ടിപ്പടുത്തിരിക്കുന്നത്.
സംശയിക്കുന്ന തോമ്മാ
ചോദ്യങ്ങൾ:
1. കഴിഞ്ഞ ചില ലക്കങ്ങളിലായി വന്നിരുന്ന ബ. ഇല്ലിക്കമുറി അച്ചൻ 'ഉത്ഭവപാപ' വിശദീകരണവും ജൂൺ ലക്കത്തിലെ ശ്രീ വി. ജെ. ജോസഫിൻ്റെ പ്രതികരണവും വായിച്ചു. ബ. അച്ചനെ ബഹുമാനിക്കയും അച്ചന്റെ അറിവിനെ ആദരിക്കയും ചെയ്തു കൊണ്ടുതന്നെ പറയട്ടെ ആദ്യദമ്പതികളും അവരുടെ ആദ്യപാപവും മിഥ്യയെങ്കിൽ ആദ്യവാഗ്ദാനവും മിഥ്യ. വാഗ്ദാനം മിശിഹാ ആയതിനാൽ നമ്മുടെ വിശ്വാസവും മിഥ്യ. നമ്മുടെ അവസ്ഥ ലോകത്തിലുള്ള സകലരേയുംകാൾ പരിതാപകരം. ഒരു ജോഡി മനുഷ്യരിൽനിന്ന് ഈ മനുഷ്യരെല്ലാം ഉണ്ടായി എന്ന് അംഗീകരിക്കുവാൻ എന്താണിത്ര വിഷമമെന്നു മനസ്സിലാകുന്നില്ല.
ഇത് ബ. അച്ചന്റെ മാത്രം രീതിയല്ല. ഈയിടെ കണ്ട ഒരു കത്തോലിക്കാ ബൈബിൾ വ്യാഖ്യാനവും ഉൽപത്തി പുസ്തകത്തിൽ ആദ്യപാപത്തെയോ വാഗ്ദാനത്തെയോ കുറിച്ച് ഒന്നും പറയുന്നില്ലായെന്നുവരെയും പറഞ്ഞു വച്ചിരിക്കുന്നു. എനിക്കു തോന്നുന്നു ഇവർ ബൈബിളിനെ സയൻസിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കാൻ ശ്രമിക്കുന്നതാണിതിനു കാരണമെന്ന്. സയൻസിനെ അടിസ്‌ഥാനമാക്കിയെടുക്കാൻ സയൻസ് സത്യമാണെന്നു ആരു പറഞ്ഞു? സയൻസ് സ്വയം പറയുന്നത് അത് സത്യാന്വേഷണമാണെന്നാണ്. അതു വ്യക്തം. ഏറ്റം ചുരുങ്ങിയത് ബൈബിൾ എങ്കിലും പറയുന്നു ദൈവവചനം സനാതനമാണ് എന്ന്. കപ്പ തൂക്കുന്ന സ്പ്രിംഗ് ത്രാസുകൊണ്ട് വേണോ സ്വർണം തൂക്കുന്ന തട്ടാൻ്റെ ത്രാസിന്റെ കൃത്യത നിർണയിക്കാൻ? ഈ പോക്കിൻ്റെ അബദ്ധം വിശദീകരിക്കാൻ മുൻപറഞ്ഞ "വ്യാഖ്യാന"ത്തിലെ ഒരു ഭാഗം എടുക്കട്ടെ. 'ദൈവം ഒന്നാമതായി പ്രകാശം സൃഷ്‌ടിച്ചു എന്ന പ്രസ്‌താവന ചില വിഷമങ്ങൾ വരുത്തിവയ്ക്കുന്നു . സൂര്യ ചന്ദ്രനക്ഷത്രാദികളെക്കൂടാതെ എങ്ങനെയാണ് പ്രകാശം ഉണ്ടാവുക? കാരണം കൂടാതെ കാര്യം നിലവിൽ വരുക സാദ്ധ്യമോ?' തുടർന്നു വിശുദ്‌ധ ഗ്രന്ഥകാരൻ്റെ ശാസ്ത്രീയാജ്ഞാനം കൂടി സ്ഥാപിച്ചു കൊണ്ടുള്ള വിശദീകരണം.
എന്നാൽ കാര്യം എവിടെ നില്ക്കുന്നു വ്യാഖ്യാതാവു പഠിച്ചതിനപ്പുറം സയൻസ് കടന്നുപോയി (ഇനിയും കടന്നു പോകും) ദ്രവ്യ ഊർജസംഘാതം എന്ന ഇന്നത്തെ സയൻസിൻ്റെ കാഴ്ചപ്പാടിൽ ദ്രവ്യം ഊർജ്ജമായും ഊർജ്ജം ദ്രവ്യമായും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ആദ്യം ഉണ്ടായത് ദ്രവ്യമോ ഊർജ്ജമോ? എന്തുകൊണ്ട് ഊർജ്ജമായിക്കൂടാ? സയൻസ് എതിരു പറയില്ല. സൂര്യനെന്നല്ല ഒരു മുമ്പേ വസ്തുവും ഉണ്ടാകുന്നതിനു അതിൽനിന്ന് പ്രകാശം ഉണ്ടാകാം. വസ്തുക്കൾ രൂപം കൊള്ളാം. മുകളിലും താഴെയും നില്ക്കുന്ന വെള്ളം. പ്രപഞ്ചത്തിൻ്റെ ശൂന്യവും രൂപരഹിതവും (chaos & void) ആയ അവസ്ഥ. ഇവയൊക്കെ ഈ നൂറ്റാണ്ടിലെ സയൻസിനു വിശദീകരിക്കാനാവും. നാളെ ഒരു പക്ഷേ ഇതിലേറെയും. അതുകൊണ്ടു ബൈബിൾ വ്യാഖ്യാനിക്കാൻ സയൻസിനെ അടിസ്ഥാനമാക്കാതെ ഒരു ഉപകരണമാക്കിയിരുന്നെങ്കിൽ എന്നാശിക്കുന്നു; അപ്പോൾ ആ ഉപകരണം കൊണ്ടു പൊടിച്ചു പൊരുളറിയാൻ വയ്യാത്ത രംഗങ്ങളുണ്ടാകും. അപ്പോൾ ഈ ഉപകരണംകൊണ്ട് വയ്യ അറിയില്ല എന്നു പറയാനുള്ള സത്യസന്ധത വ്യാഖ്യാതാക്കൾക്കുണ്ടാകണം. (ഒരു സ്ത്രീയുടെയും അണ്ഡം സ്വയമേവ വളർന്ന് ഒരു കുഞ്ഞുണ്ടാവില്ല. ഇനി വല്ല കോസ്മിക് രശ്മിക്കും അപ്രകാരമൊരു ഉത്തജനം നല്കാൻ കഴിഞ്ഞാലും പരിശുദ്ധത്മാവ് വെറുമൊരു രശ്‌മിയാവും. അല്ലാതെ എങ്ങനെ ഈശോ ജനിക്കും?) ഇല്ല വ്യഖ്യാതാക്കൾക്ക് അങ്ങനെ എളുപ്പം പറയാനാവില്ല.അവർ വ്യാഖ്യാനിക്കാൻ "വിധിക്ക' പ്പെട്ടവരാണല്ലോ. ഇതവരുടെ മാത്രം കുറ്റമല്ല.
ദൈവവചനം അനുസരിച്ചു ജീവിക്കാൻ 'വിധി'ക്കപ്പെട്ടവനാണ് ഞാനെന്നറിയുമ്പോൾ ഞാനും ഇതേ അടവു തന്നെ പയറ്റുന്നു. 'നിന്റെ വലതുകരണത്തടിക്കുന്നവന് ഇടതു കരണം കൂടി കാണിച്ചു കൊടുക്കുക' എന്നു വായിക്കുമ്പോൾ അതിൻ്റെ അർത്ഥം പരമാവധി സഹിഷ്‌ണുത കാണിക്കുക എന്നേ ഉള്ളു എന്നോ ചിലപ്പോൾ അടിച്ചവൻ്റെ ഇടതുകരണം 'കാണിച്ചു' കൊടുക്കാനാണെന്നോ ഒക്കെ ഞാൻ വ്യാഖ്യാനിച്ചു രക്ഷപെടുന്നു. പക്ഷേ മഹാത്മാഗാന്ധി (ഞാനറിയുന്നയത്രയും) അങ്ങിനെയൊനും വ്യാഖ്യാനിക്കാതെതന്നെ ആ വചനം അറിഞ്ഞിരുന്നു. ബൈബിൾ വ്യാഖ്യാതാക്കളുടെ കാപട്യമോ എൻ്റെ കാപട്യമോ വലിയ തെറ്റ്?
ജോർജ് ഗ്ളോറിയ, കാനറാ ബാങ്ക് കോട്ടയം
2. ഞാൻ അസ്സീസ്സി മാസികയുടെ ഒരു വരിക്കാരനാണ്. മാസികയിലെ മിക്ക ലേഖനങ്ങളും ഞാൻ സാധാരണ വായിക്കാറുണ്ട്. പ്രത്യേകിച്ച" ദൈവശാസ്ത്രപരമായ ലേഖനങ്ങൾ. ഡോ. ഇല്ലിക്കമുറി മെയ്, ജൂൺ ലക്കങ്ങളിൽ പാപത്തെപ്പറ്റിയും എഴുതിയിരിക്കുന്ന ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നമ്മുടെ ഇതുവരെ ഉള്ള ധാരണയ്ക്കു വിരുദ്ധമാണ്. മൂക്കൻതോട്ടത്തിന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിൻ്റെ മറുപടി ചോദ്യത്തിനു പൂർണമായ മറുപടി ആകുന്നില്ല എന്നു എനിക്കു തോന്നുന്നു അച്ചൻ്റെ ലേഖനത്തിൽ നിന്ന് വേറൊരു സംശയം ഉദിച്ചതാണ് ഈ എഴുത്തിനു കാരണം.
'എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചതാണെന്നതല്ല പ്രത്യുത ഒരേ ചരിത്രത്തിൽ പങ്കുകൊള്ളുന്നവരാണെന്നതത്രേ' എന്ന ഭാഗത്തു നിന്ന ഒരു സംശയം ഉണ്ടാകാം. ആദം, ഹവ്വാ ഇവരിൽ നിന്നല്ലാതെ മനുഷ്യർ ലോകത്തിൽ ഉണ്ടായിരുന്നു, ഉണ്ട് എന്ന ഒരു ധ്വനി വരാം. അങ്ങനെ അച്ചൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ പാരമ്പര്യത്തിനും വിശ്വാസത്തിനുമൊക്കെ അതു കടക വിരുദ്ധമാണെന്ന് എനിക്കു തോന്നുന്നു. മാതാവിനെ New Eve എന്നു സഭാപിതാക്കൻമാർ മുതൽ 12-ാം പിയൂസ് മാർപാപ്പാവരെ അംഗീകരിച്ചിരിക്കുകയാണല്ലോ. ഡോ. ഇല്ലിക്കമുറിയുമായിട്ട് ഒരു വാദപ്രതിവാദത്തിന് ഞാൻ മുതിരുന്നില്ല. അതിനുള്ള കഴിവോ, സമയമോ, പാണ്ഡിത്യമോ എനിക്കില്ല. എങ്കിലും അച്ചൻ്റെ ലേഖനത്തിൽ വന്നിരിക്കുന്ന പല കാര്യങ്ങൾക്കും വിശദീകരണം പ്രയോജനപ്രദമായിരിക്കും. മാതാവ് New Eve ആണെങ്കിൽ ആദവും ഹവ്വായും കൂടി ചെയ്ത പാപവും( അതിന്റ വിശദ രൂപം എന്തുമാകട്ടെ) അതു നിമിത്തമുണ്ടായ മനുഷ്യകുലത്തിന്റെ അധഃപതനവും ആ അധഃപതനത്തിൽ നിന്നുള്ള രക്ഷ മാതാവുവഴിയായി ക്രിസ്തുമൂലം ഉണ്ടായതും അംഗീകരിച്ചേ മതിയാകൂ.
മനുഷ്യർ എല്ലാവരും തന്നെ ഒരു സ്ത്രീയിലും പുരുഷനിലും നിന്ന് ജനിച്ചതല്ലെങ്കിൽ ആദ്യപാപം ആരു ചെയ്തു? മനുഷ്യ കുലത്തിന്റെ അധപതനവും പാപത്തിൻ്റെ ശിക്ഷയായ മരണവും എങ്ങനെ വന്നു എന്ന ചോദ്യം പ്രസക്തമാകണം. പാപം ചെയ്യാത്ത ഒരു സെറ്റു മാതാപിതാക്കന്മാർ ഉണ്ടായിരുന്നോ? മനുഷ്യ ശരീരം ഒരു നിമിഷത്തിൽ ദൈവം മണ്ണിൽ നിന്ന് മെനഞ്ഞുണ്ടാക്കി എന്നു പറഞ്ഞിരിക്കുന്നത് literal ആയിട്ട് സ്വീകരിക്കണമെന്ന് ഇപ്പോൾ ആരും പറയുന്നില്ല. ഒരു പക്ഷേ യുഗങ്ങളായിട്ട് evolve ചെയ്ത രണ്ടു പേരെ ദൈവം വിളിച്ച് അവർക്ക് ദൈവത്തിൻ്റെഛായ നൽകി മനുഷ്യനാക്കി എന്നു വരാം എന്നു ഞാൻ സമർത്ഥിക്കുന്നു. ചുരുക്കം പറഞ്ഞാൽ ബ. അച്ചന്റെ ലേഖനങ്ങൾ രണ്ടും കൂടുതൽ ചില സംശയങ്ങൾക്ക് അവസരം നൽകുന്നു. അവ കഴിയുന്നതും പരിഹരിച്ചാൽ കൊള്ളാമെന്നുള്ള എന്റെ അഭിപ്രായം അച്ചനെ അറിയിച്ചാൽ കൊള്ളാം. അതുപോലെ തിന്മ എങ്ങനെ ലോകത്തിൽ ഉത്ഭവിച്ചു. ആരു മുഖാന്തിരം ഉത്ഭവിച്ചു എന്നൊക്കെക്കൂടി വിശദീകരിച്ചാൽ കൊള്ളാം. മൂക്കൻതോട്ടത്തിന്റെ സംശയത്തിന് അതു answer with point ആകും
പി. സി ദേവസ്യാ
മിത് (myth) മിഥ്യയല്ല
ശ്രീ ജോർജ്ജ് ഗ്ലോറിയായുടെയും ശ്രീ പി. സി. ദേവസ്യായുടെയും പ്രതികരണങ്ങൾക്കു നന്ദി. അവയിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾക്കു കഴിഞ്ഞ ലക്കം അസ്സീസിയിൽ മറുപടി പറഞ്ഞു കഴിഞ്ഞു. കലശലായ ചില തെററിദ്ധാരണകൾ ശ്രീ ജോർജ്ജ് ഗ്ലോറിയായുടെ പ്രതികരണത്തിൽ കടന്നുകൂടിയിട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഒന്നാമതായി, ആദ്യ ദമ്പതികളും അവരുടെ ആദ്യപാപവും മിഥ്യയാണെന്നു ഞാൻ ഒരിടത്തും പറഞ്ഞട്ടില്ല. Myth എന്ന ഇംഗ്ലീഷ് പദം കണ്ട് ' 'മിഥ്യ'യെന്ന് ശ്രീ ജോർജ്ജ് ഗ്ലോറിയാ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു. ആദ്യ ദമ്പതികളെപ്പറ്റിയും അവരുടെ ആദ്യപാപത്തെപ്പറ്റിയും ഉൽപത്തിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്, രക്ഷാകരസന്ദേശം നമുക്കു നൽകാൻ ദൈവനിവേശിതനായ വി. ഗ്രന്ഥകാരൻ വിവരിക്കു ഒരു സങ്കൽപ്പ കഥ അഥവാ myth ആണെന്നാണ് ഞാൻ എഴുതിയിരുന്നത്. പൗരാണിക ജനതകൾ ഇത്തരം സങ്കല്‌പകഥകളിലൂടെയാണ് മതപരമായ അവരുടെ ബോധ്യങ്ങളും വിശ്വാസങ്ങളും പ്രകടമാക്കിയിരുന്നത്. വി. ഗ്രന്ഥകാരനും യാഹ്‌വേയിലുള്ള വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ തന്റെ ജനത്തിന്റെ മതപരമായ ബോധ്യങ്ങളും വിശ്വാസങ്ങളും പ്രകടമാക്കുവാൻ ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങളാണ് ആദത്തിൻ്റെയും ഹവ്വായുടെയും പതനത്തിൻ്റെയും കഥകൾ. എന്നാൽ, അവ വെറും മിഥ്യയല്ല. രക്ഷാകരമായ പല സത്യങ്ങളും സന്ദേശങ്ങളുമാണ് അവ നമുക്കു നൽകുന്നത്. അക്ഷരാർഥത്തിലല്ല ഈ കഥകൾ നാം മനസ്സിലാക്കേണ്ടത് എന്നും മാത്രം. ഈ കഥകൾ ഉൾക്കൊള്ളുന്ന രക്ഷാകര സന്ദേശം സ്വീകരിക്കനാണ് ദൈവ വചനം നമ്മോട് ആഹ്വാനം ചെയ്യുന്നത്.
ആദത്തിൻ്റെയും ഹാവ്വായുടേയും പറുദീസായുടേയുമൊക്കെ കഥകൾ അക്ഷരാർത്ഥത്തിൽ മനസ്‌സിലാക്കുന്നതിനെ ആശ്രയിച്ചാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായിലുള്ള വിശ്വാസവും അങ്ങിലൂടെയുള്ള രക്ഷയും എന്നു കരുതുന്നത് ശരിയല്ല. മനുഷ്യകുലവും ദൈവവുമായി ആരംഭിച്ച രക്ഷാകരചരിത്രത്തിൽ പയ്യെപ്പയ്യെയാണ് രക്ഷകനെപ്പറ്റിയുള്ള വാഗ്ദാനം ദൈവം നൽകിയതും അതിലുള്ള മനുഷ്യരുടെ വിശ്വാസവും പ്രതീക്ഷയും രൂപംകൊണ്ടതും. ഉൽപത്തി 3: 15 മിശിഹായെപ്പറ്റിയുള്ള ആദ്യവാഗ്ദാനമായി ചില സഭാപിതാക്കന്മാർ പറഞ്ഞിട്ടുണ്ടെങ്കിലും, ബൈബിൾ വിജ്ഞാനീയം ഇന്ന് ഈ അഭിപ്രായത്തെ അംഗീകരിക്കുന്നില്ല. എന്നാൽ, ഈ ഒരു വാക്യത്തിന്മേല്ലല്ലോ ക്രൈസ്തവ വിശ്വാസം മുഴുവൻ കെട്ടിപ്പടുത്തിരിക്കുന്നത്.
പരിണാമവാദവും പോളിജെനിസവും
നേരിട്ടുള്ള സൃഷ്ടി വഴിയാണോ പരിണാമത്തിലൂടെയാണോ മനുഷ്യ ശരീരം രൂപംകൊണ്ടത്, ഒരു ജോഡി മാതാപിതാക്കളിൽനിന്നാണോ (manogenism) പല ജോടി മാതാപിതക്കളിൽനിന്നാണോ (polygeni-sm) മനുഷ്യകുലം ഉത്ഭവിച്ചത് എന്നൊന്നും ബൈബിൾ നിയതമായി പറയുന്നില്ല. ഇങ്ങനെയുള്ള ശാസ്ത്രവസ്തുതകൾ പഠിപ്പിക്കയായിരുന്നില്ല, രക്ഷാകര സന്ദേശം നൽകുകയായിരുന്നു ബൈബിളിന്റെ ലക്ഷ്യം. പരിണാമത്തിലൂടെയാണോ മനുഷ്യശരീരം രൂപം കൊണ്ടെതെന്ന ചോദ്യം ശാസ്ത്രജ്ഞ്‌ഞന്മാരുടെ സ്വതന്ത്രമായ ഗവേഷണത്തിനും ചർച്ചയ്ക്കും വിഷയമാകേണ്ട കാര്യമാണെന്നാണ് 12-ാം പീയൂസ് മാർപാപ്പ പറയുന്നത്. പോളിജെനിസം ക്രിസ്തിയ വിശ്വാസത്തിനു എതിരാണോ എന്നന്വേഷിച്ചുകൊണ്ട് 1954-സ്വിററ്സർലൻഡിലെ ബാസലിലുള്ള ജോൺ ഫ്യൂർസെലർ (Johann Huerzeler) എന്ന കത്തോലിക്കാ പ്രകൃതി ശാസ്ത്രജ്‌ഞൻ വത്തിക്കാൻ കൗൺസിലിലേക്കു ഒരു ചോദ്യം എഴുതി അയയ്ക്കുകയുണ്ടായി. ഇത് ശാസ്ത്രജ്ഞന്മാരുടെ സ്വതന്ത്രമായ ഗവേഷണത്തിനു വിട്ടുകൊടുക്കേണ്ട ഒരു പ്രശ്നമാണെന്നും ഇതിനെ വിശ്വാസത്തിൻ്റെ ഒരു പ്രശ്നമാക്കുവാൻ സഭ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്ന കർദിനാൾ റ്റിസ്സറാങ് അദ്ദേഹത്തിന് എഴുതിയ മറുപടി. ശാസ്ത്രഞന്മാർ തീരുമാനിക്കേണ്ട കാര്യങ്ങൾ വിശ്വാസത്തിന്റെ പ്രശനങ്ങളായി എടുക്കുകയും അവരുടെ പൊതു നിഗമനങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കുമെതിരായി ഇല്ലാത്ത "വിശ്വസ സത്യങ്ങൾ'' സൃഷ്ടിക്കയും ചെയ്യുന്നവർ യഥാർത്ഥത്തിൽ നിരീശ്വരത്വത്തിനു വഴിമരുന്നിടുകയാണ് ചെയ്യുന്നത്
ബൈബിളും ശാസ്ത്രവും
ബൈബിളിനെ ശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നീർത്താൻ ശ്രമിക്കുന്നതും ബൈബിൾ വ്യാഖ്യാനത്തിനു ശാസ്ത്രത്തെ അടിസ്ഥാനമാക്കുന്നതും തീർച്ചയായും തെററാണ്. ബൈബിൾ രക്ഷാകര സന്ദേശമാണ്, സന്നാതനമാണ്. ശാസ്ത്രമാകട്ടെ പ്രകൃതിയേയും പ്രകൃതി നിയമങ്ങളെയും പറ്റിയുള്ള പഠനവും. പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും കൂടെയുള്ള സത്യാന്വേഷണം തന്നെയാണ് ശാസ്ത്രം. പുതിയ കണ്ടുപിടുത്തങ്ങളിലൂടെ പഴയ നിഗമനങ്ങൾ പലതും മാറുന്നുവെന്നതും ശരിതന്നെ. എന്നു വെച്ച് ശാസ്ത്രം അപ്പാടെ തെറ്റാണെന്നും. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമെല്ലാം എതിരായി ബൈബിളിനെ അക്ഷരാർത്ഥത്തിൽ മനസിലാക്കണമെന്നും പറയുന്നതു മനുഷ്യബുദ്ധിക്കു നിരക്കുന്നതല്ല.
ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ഇന്നത്തെ ശാസ്ത്ര പുരോഗതിയുടെ വെളിച്ചത്തിൽ അക്ഷരാർത്ഥത്തിൽത്തന്നെ മനസ്സിലാക്കാനാവും, നാളെ അതുപോലെ വേറെ പല കാര്യങ്ങളും മനസ്സിലാക്കാനാവും എന്നു പറഞ്ഞ് ഭാവിയിൽ കണ്ണും നട്ട് ഇന്നത്തെ ശാസ്ത്രത്തിന്റെ വീക്ഷണങ്ങളെ തള്ളിപ്പറയുന്നതും ശരിയായിരിക്കയില്ല. ഇവിടെയാണ് യഥാർത്ഥത്തിൽ ബൈബിളിനെ ശാസ്ത്രത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താനുള്ള ശ്രമം നടക്കുന്നത്.
സത്യമെല്ലാം ദൈവത്തിൽനിന്നായതുകൊ ണ്ട് സത്യാന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രവും സത്യം തന്നെയായ ദൈവവചനവും തമ്മിൽ പരസ്പര വൈരുധ്യമുണ്ടാകാൻ സാധ്യമല്ലെന്നു മാത്രമേ ബൈബിൾ വ്യാഖ്യാതാക്കൾ ശഠിക്കുന്നുള്ളു. 1980-ൽ പശ്ചിമ ജർമനിയിലെ കൊളോണിൽവെച്ച് ശാസ്ത്രജ്ഞന്മാരോടും അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും സംസാരിച്ചുകൊണ്ട് ജോൺ പോൾ രണ്ടാമൻ മാർപാപ്പാ തന്നെ പറയുകയുണ്ടായി, ബുദ്ധിയും യുക്തിയുമുപയോഗിച്ചു മുന്നേറുന്ന ശാസ്ത്രവും വിശ്വാസസത്യവും തമ്മിൽ വൈരുധ്യമുണ്ടാകാൻ വഴിയില്ലെന്ന് (quoted by Hoimar v. Ditfurth, Wir sind nicht nur von dieser Welt, Munich 1981, 304, note 8).
ദൈവവചനം സനാതനമാണന്നു പറയുമ്പോൾ, ബൈബിളിൽ പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കണമെന്നല്ല അർത്ഥം, പ്രത്യുത അതു നൽകുന്ന രക്ഷാകരസന്ദേശം സനാതനമാണ്. അത് പണ്ടെന്നതുപോലെ ഇന്നും രക്ഷയുടെ മാർഗം നമുക്കു കാണിച്ചുതരുന്നു എന്നാണ്. പ്രസ്താവനകൾ, കല്പനകൾ, കാവ്യങ്ങൾ, ഉപദേശങ്ങൾ, ഉപമകൾ, അന്യാപദേശ കഥകൾ, സങ്കല്പകഥകൾ തുടങ്ങി അനവധി ഭാഷാസങ്കേതങ്ങൾ രക്ഷാകരസന്ദേശം നല്ലന്നതിനായി ബൈബിൾ ഉപയോഗിക്കുന്നുണ്ട്. അവയെല്ലാം ഒരുപോലെ അക്ഷരാർത്ഥത്തിലല്ല നാം മനസ്‌സിലാക്കേണ്ടത്. അവ ഉന്നംവെയ്ക്കുന്ന സത്യം അഥവാ സന്ദേശം ഉൾക്കൊള്ളുകയും അതു ജീവിക്കയുമാണ് ചെയ്യേണ്ടത്.
ബൈബിൾ വിജ്‌ഞാനീയം
ബൈബിൾ വിജ്‌ഞാനീയം ഇന്നു വളരെയേറെ പുരോഗമിച്ചിരിക്കുന്ന ഒരു ദൈവശാസ്ത്രശാഖയാണ്. ബൈബിൾ ദൈവവചനമാണെന്നും മനുഷ്യകുലത്തിനു ലഭിച്ചിരിക്കുന്ന അമൂല്യസമ്പത്താണെന്നും ബോധ്യമായിട്ടുള്ള ആയിരക്കണക്കിനു വിദഗ്ദ്ധന്മാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ദൈവ വചനം മനസ്സിലാക്കുന്നതിനും മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനും അതു ജീവിക്കുന്നതിനുമുള്ള താല്പര്യത്തോടെ ബൈബിൾ പഠനമെന്ന തപസ്യയിലേർപ്പെട്ടിരിക്കുന്നത്. ബൈബിളിന്റെ വള്ളിയും പുള്ളിയും പോലും അവരുടെ സൂക്ഷ്മവും സുദീർഘവുമായ പഠനത്തിനു വിധേയമാകുന്നുണ്ട്. ഭൗതീക ശാസ്ത്രങ്ങളുമായി സംവാദത്തിലേർപ്പെട്ടുകൊണ്ടാണ് ബൈബിൾ പഠനം ഇന്നു മുന്നേറുന്നത്. ശാസ്ത്രങ്ങളുടെ പുരോഗതിയെപ്പറ്റിയൊന്നും ഒരു ചുക്കും അറിഞ്ഞുകൂടാത്ത കൂപമണ്ഡൂകങ്ങളല്ല ഇന്നത്തെ ബൈബിൾ പണ്ഡിതന്മാർ.
ദൈവവചനം വ്യാഖ്യാനിക്കാൻ 'വിധിക്കപ്പെട്ടവരാണ്' തങ്ങളെന്ന fatalstic ചിന്തയല്ല അവരെ നയിക്കുന്നത്. പിന്നെയോ ദൈവവചനം ശ്രവിക്കുന്നതിനും മനസ്സിലാക്കുന്നതിനും മറ്റുള്ളവർക്കു മനസ്സിലാക്കികൊടുക്കുന്നതിനും സർവ്വോപരി അതു ജീവിക്കുന്നതിനും വിളിക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമാണ് തങ്ങളെന്ന ബോധവും കൃതജ്ഞതയുമാണ് അവരെ ഈ തപസ്യയ്ക്കു പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള പേരെടുത്ത ബൈബിൾ പണ്ഡിതൻമാരെ ആശ്രയിച്ചുകൊണ്ട് , ദൈവശാസ്ത്രത്തിൽ പലരും ഉന്നയിക്കുന്ന സംശയങ്ങൾക്ക് ഉത്തരം പറയാനും ക്രൈസ്തവ ജീവിതത്തിന് അവരെ സഹായിക്കുവാനും യത്നിക്കുന്ന ഒരു എളിയ ദൈവശാസ്ത്ര വിദ്യാർത്ഥി മാത്രമാണ് ഈ ലേഖകൻ. ബൈബിൾ വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമായി വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ, അവരിൽ സത്യസന്ധതയില്ലായ്മയും കാപട്യവുമൊക്കെ ആരോപിച്ചു കാണുന്നതു വേദനാജനകമാണ്.
മറിയം പുതിയ ഹവ്വായാണെങ്കിൽ...
ശ്രീ പി. സി. ദേവസ്യായുടെ പ്രതികരണത്തിലെ ഒന്നാമത്തെ പ്രശ്നമായ പോളിജെനിസത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞു. രണ്ടാമത്തെ പ്രശ്നം, മാതാവിനെ പുതിയ ഹൗവ്വാ എന്ന് സഭാപിതാക്കന്മാരും സഭാ പാരമ്പര്യവും വിശേഷിപ്പിക്കുന്നതാണ്. മാതാവിനെ പുതിയ ഹൗവ്വാ എന്നു വിശേഷിപ്പിക്കുന്നെങ്കിൽ, പഴയ ഹൗവ്വാ ഒരു ചരിത്ര വ്യക്‌തിയായിരിക്കണം എന്നാണ് ശ്രീ ദേവസ്യായുടെ അനുമാനം. മാതാവിനെ പുതിയ ഹൗവ്വാ എന്നു വിശേഷിപ്പിക്കുന്നതുപോലെതന്നെ, യേശുവിനെ പുതിയ ആദം, രണ്ടാമത്തെ ആദം എന്നൊക്കെ സഭാപിതാക്കന്മാരും സഭാ പാരമ്പര്യവും വിശേഷിപ്പിക്കാറുണ്ട്.
എന്നാൽ, ഇതിൽനിന്ന് ആദവും ഹൗവ്വയും ചരിത്രപുരുഷന്മാരായിരുന്നുവെന്നും അവരുടെ പതനം ചരിത്രസംഭവമാണെന്നും സിദ്ധിക്കുന്നില്ല. യേശു നാഥൻ അരുളിച്ചെയ്‌തിട്ടുള്ള ചില ഉപമകളെ ആധാരമാക്കി അവിടത്തെ ചിലപ്പോൾ നല്ല സമറിയാക്കാരൻ, നല്ല ആട്ടിടയൻ എന്നൊക്കെ സഭ വിശേഷിപ്പിക്കാറുണ്ട്. അതിൽനിന്ന് അവിടന്ന് അരുളിച്ചെയ്തിട്ടുള്ള ഉപമകൾ ചരിത്രസംഭവങ്ങളാണെന്നു സിദ്ധിക്കുന്നില്ലല്ലോ. അല്ലെങ്കിൽ, ഹൈന്ദവ പുരാണങ്ങളെ ആസ്പദമാക്കി ഇന്നും നാം ചിലരെ കുംഭകർണൻ, നാരദൻ എന്നൊക്കെ വിളിക്കാറുണ്ടല്ലോ. അതുകൊണ്ട് ഈ പുരാണകഥാപാത്രങ്ങൾ ചരിത്ര വ്യക്തികളാണെന്നു വരുന്നില്ലല്ലോ.
രക്ഷാകരസന്‌ദേശവും ഭാഷാ സങ്കേതങ്ങളും
ഇന്ന് ലോകത്തിൽ പാപവും തിന്മയുമെല്ലാം അനുഭവപ്പെടുന്നു. അവയുടെ നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷ നേടുവാൻ മനുഷ്യനു സ്വയമേവ സാധിക്കുന്നില്ല. നാനാതരത്തിലുള്ള കഷ്ടാരിഷ്ടതകൾ മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കയാണിന്ന്. എന്താണിതിനെല്ലാം കാരണം? എവിടെനിന്നാണ് ഈ തിന്മയെല്ലാം ഉത്ഭവിച്ചത്? എന്നെല്ലാം വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ധ്യാനിക്കുന്ന വി. ഗ്രന്ഥകാരന് ലഭിച്ച ഉത്തരം നമ്മളുമായി പങ്കുവെക്കുവാൻ അദ്ദേഹം ഉപയോഗിക്കുന്ന സങ്കല്പകഥകളാണ് (myths) ആദത്തിൻ്റെയും ഹൗവ്വായുടെയും അവരുടെ പതനത്തിൻ്റെയും വിവരണം എന്നു നേരത്തെ പറഞ്ഞുകഴിഞ്ഞു.
ഈ സങ്കല്പ കഥകളിൽ രണ്ടംശങ്ങളുണ്ട്: ഒന്ന്, വിശ്വാസത്തിൽ നാം സ്വീകരിക്കേണ്ട രക്ഷാകരസന്ദേശം. രണ്ട്. ഈ സന്ദേശം നൽകുന്നതിന് ഉപയോഗിച്ചിരിക്കുന്ന ഭാഷാസങ്കേതം. ഇവയെ കൂട്ടിക്കുഴച്ച് മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുത്. പാപവും തിന്മയും ദൈവത്തിൽ നിന്നല്ല. ദൈവം മനുഷ്യനു നൽകിയിരിക്കുന്ന അതിവിശിഷ്‌ടദാനമായ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ടുള്ള ദൈവപ്രമാണ ലംഘനമാണ് പാപം. പാപത്തിനുള്ള ശിക്ഷയാണ് കഷ്ടപ്പാടുകളും മരണവും മറ്റു ശിക്ഷകളുമെല്ലാം- ഇതാണ് വി. ഗ്രന്ഥകാരൻ നൽകുന്ന രക്ഷാകരസന്ദേശം. ഈ സന്ദേശം സ്വീകരിക്കയാണ് രക്ഷയ്ക്ക് ആവശ്യം.
അതേ സമയം, ''തിന്മ എങ്ങനെ ലോകത്തിൽ ഉത്ഭവിച്ചു? ആരു മുഖാന്തിര ം ഉത്ഭവിച്ചു?" എന്നീ ചോദ്യങ്ങളുടെ ഉത്തരവും ഈ സന്ദേശത്തിൽ അടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗിച്ചു പാപം ചെയുന്ന നമ്മൾതന്നെയാണ് ലോകത്തിലുള്ള തിന്മയ്ക്കു കാരണഭൂതർ എന്ന ഉത്തരമാണ് വി. ഗ്രന്ഥകാരൻ നൽകുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ലോകാരംഭം മുതൽ പാപം ചെയ്തിട്ടുള്ള എല്ലാ മനുഷ്യരും. ഈ ഉത്തരവാദിത്വം സമ്മതിക്കയും ഏറെറടുക്കയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുന്നതിനു പകരമല്ലേ, സങ്കല്പകഥയിൽ ആദം ഹൗവ്വായയും ഹൗവ്വാ പാമ്പിനേയും പഴിചാരിയതുപോലെ, നാമും ആദിമാതാപിതാക്കളേയും പാമ്പിൻ്റെ പിന്നിൽ സങ്കല്പിക്കുന്ന പിശാചിനേയും പഴിചാരി നമ്മുടെ ഉത്തരവാദിത്വത്തിൽനിന്ന് അകലാൻ ശ്രമിക്കുക? "ആദവും ഹൗവ്വായുംകൂടി ചെയ്ത പാപവും(... ), അതു നിമിത്തമുണ്ടായ മനുഷ്യകുലത്തിൻ്റെ അധഃപതനവും അധ:പതനത്തിൽനിന്നുള്ള രക്ഷ''യുമല്ല ക്രിസ്തുനാഥനിലൂടെ ദൈവം നമുക്കു നൽകിയത്. പിന്നെയോ നാമോരോരുത്തരും ഉൾപ്പെടുന്ന മനുഷ്യകുലം ചെയ്ത പാപത്തിൽനിന്നും അതു നിമിത്തമുണ്ടായ മനുഷ്യകുലത്തിൻ്റെ അധഃപതനത്തിൽനിന്നുമുള്ള രക്ഷയാണ്.
"ആദ്യപാപം ആരു ചെയ്‌തു?'', "പാപം ചെയ്യാത്ത ഒരു സെറ്റു മാതാപിതാക്കന്മാർ ഉണ്ടായിരുന്നോ?'' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നമ്മുടെ ജിജ്ഞാസയിൽനിന്ന് ഉടലെടുക്കുന്നവയാണ്. രക്ഷാകരസന്ദേശവുമായി അവയ്ക്കു ബന്ധമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങൾക്കു ബൈബിൾ ഉത്തരം നൽകുന്നില്ല. ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാമെല്ലാവരും പാപത്തിൻ്റെയും അതിൻ്റെ പരിണതഫലമായ തിന്മകളുടേയും ദൂഷിതവലയത്തിൽപ്പെട്ട് ദുരിതമനുഭവിക്കയും രക്ഷ തേടുകയും ചെയ്യുന്നവരാണ്. ഈ രക്ഷയെപ്പറ്റിയുള്ള സന്ദേശമാണ് ബൈബിൾ നമുക്കു നൽകുന്നത്. അതു നമുക്കു മതിയാകുമല്ലോ. മററുകാര്യങ്ങളെപ്പറ്റി നാമെന്തിന് ആകുലപ്പെടുന്നു.
[അവസാനിച്ചു.]
ഉൽപ്പത്തിയേപ്പറ്റി പിന്നെയും സംശയങ്ങൾ
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ഓഗസ്റ്റ് 1989























