top of page

ആദവും ഹൗവ്വായും ഭൗമിക പുറുദീസായും

Jul 15, 1989

5 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ

People walk towards a glowing light in a vibrant forest filled with diverse animals and birds. The scene is serene and magical, bathed in golden hues.

"ആദവും ഹൗവ്വായ്യും ഉത്ഭവപാപവും" എന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം അസ്സീസിയിൽ എഴുതിയിരുന്ന ലേഖനത്തിന് ശ്രീ വി. ജെ ജോസഫ്, നിർമലഗിരി, ജൂൺ ലക്കം അസ്സീസിയിൽ എഴുതിയ പ്രതികരണം വായിച്ചു. പ്രതികരണത്തിനു നന്ദിപറയുന്നു. സങ്കീർണങ്ങളായ പല പ്രശ്നങ്ങളും അതിൽ ഉന്നയിച്ചിരിക്കുന്നതു കൊണ്ട് ഇപ്രാവശ്യത്തെ സ്ഥിരം പംക്തിയിൽത്തന്നെ അതിന് ഉത്തരമെഴുതുകയാണ്. വെറും ഒന്നുരണ്ടു ലേഖനങ്ങളുടെ പരിധിക്കുള്ളിൽ ഇങ്ങനെയുള്ള സംശയങ്ങൾക്കെല്ലാം നിവാരണം വരുത്തുക എളുപ്പമല്ല. എങ്കിലും മുഖ്യമായ സംശയങ്ങൾക്കു ചുരുങ്ങിയ വാക്കുകളിൽ ഉത്തരമെഴുതുകയാണ്.


1a) . ശ്രീ വി. ജെ ജോസഫിൻ്റെ ഒന്നാമത്തെ സംശയം, ''യേശു ഒരു ചരിത്രവസ്തുതയെന്നവണ്ണം ഏദൻ കഥ ഉദ്ധരിച്ചത് എന്തുകൊണ്ട്" എന്നാണല്ലോ. ഒരു ചരിത്രവസ്തുതയെന്നവണ്ണം യേശു ഉദ്ധരിച്ചുവെന്നതിന് ഉപോൽബലകമായി ശ്രീ ജോസഫ് എടുത്തുകാട്ടുന്നത് "ആദിമുതലേ സ്രഷ്ടാവ് മനുഷ്യരെ പുരുഷനും സ്ത്രീയുമായി സ്യഷ്ടിച്ചുവെന്നും, അക്കാരണത്താൽ,.."നിങ്ങൾ വായിച്ചിട്ടില്ലേ?'' (മത്താ 15, 3- 9) എന്ന സുവിശേഷ ഭാഗമാണ്. ശ്രദ്ധിച്ചുവായിച്ചാൽ ഈ ഭാഗത്ത് ഏദൻകഥ ചരിത്രവസ്തുതയാണെന്ന ഒരു സൂചനയും യേശു നൽകുന്നില്ലെന്നു കാണാം. ആദിമുതലേ സ്രഷ്ടാവ് ആദമെന്നും ഹൗവ്വായെന്നും പേരുള്ള രണ്ടുപേരെ സൃഷ്ടിച്ചുവെന്നല്ല, മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നാണല്ലോ നാമിവിടെ വായിക്കുക. "ആദം'' എന്നാൽ ''മനുഷ്യൻ'' എന്ന അർത്ഥമേയുള്ളുവെന്നു നേരത്തെ പറഞ്ഞിരുന്നു. ആദിമുതലേ സ്രഷ്ടാവ് മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നു പറയുന്നത് ചരിത്രസത്യം തന്നെയാണ്. മനുഷ്യകുലത്തിൻ്റെ ആരംഭം മുതൽ പുരുഷനും സ്ത്രീയുമുണ്ടായിരുന്നു. പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചത്, അഥവാ അവരുടെ ആദികാരണം ദൈവമാണ് എന്ന വിശ്വാസമത്രേ വി. ഗ്രന്ഥ‌കാരനും യേശുനാഥനും ഇവിടെ എടുത്തുപറയുക. "ആദിമുതലേ'' എന്നു പറയുമ്പോൾ "മനുഷ്യകുലത്തിൻ്റെ ആദിമുതലേ" എന്നത്രേ അത്ഥമാക്കേണ്ടത്", "സൃഷ്ടിയുടെ ആദിമുതലേ" എന്നല്ല. ആദി മനുഷ്യരെ ദൈവം നേരിട്ടു സൃഷ്ടിച്ചുവെന്ന് വി. ഗ്രന്ഥകാരനോ യേശുവോ നിശ്ചിതമായി ഇവിടെ പറയുന്നില്ല. സഹസ്രാബ്ദങ്ങളിലൂടെയുള്ള പരിണാമം വഴിയാണ് മനുഷ്യന് അന്തിമ രൂപം ലഭിച്ചതെന്ന് ശാസ്ത്രജ്ഞന്മാർ തെളിയിക്കയാണെങ്കിൽ, അത് ഉൽപത്തിയുടെ ഗ്രന്ഥകാരനോ യേശുവോ പറഞ്ഞതിന് എതിരായി നിൽക്കുകയില്ല. എന്നാൽ, ഈ പരിണാമത്തിൻ്റെ ആദി കാരണവും, തുടർന്ന് അതിനെ നയിക്കുന്ന ശക്തിയും ദൈവമാണെന്നു സമ്മതിച്ചേ തീരൂ.


മനുഷ്യപാപത്തിൻ്റെ ഉത്ഭവം ആദി മാതാപിതാക്കളുടെ പാപത്തിൽ നിന്നാണെന്ന് ഒരു സൂചനയും യേശു ഇവിടെ നൽകുന്നില്ല. അതിനാൽ അവിടുത്തേക്ക് ഇവിടെ തെറ്റുപറ്റിയോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലല്ലോ.


b) ആദത്തേയും ഹൗവ്വായേയും ചരിത്രവ്യക്തികളായും എദൻ കഥയെ ചരിത്ര സംഭവമായുമാണ് പൗലോസ് ശ്ലീഹാ കരുതുന്നത് എന്നുവേണം അനുമാനിക്കാൻ. അതുകൊണ്ട് പൗലോസ് ശ്ലീഹായ്ക്കു തെറ്റുപറ്റിയോ? ഇവിടെ ഒരു വിവേചനം ആവശ്യമാണ്. പൗലോസ് ശ്ലീഹായുടെ ലക്ഷ്യം യേശുവിലൂടെയുള്ള രക്ഷയുടെ സന്ദേശം നമുക്കു നൽകുക എന്നതായിരുന്നു; നമ്മെ ചരിത്രം പഠിപ്പിക്കുക എന്നതായിരുന്നില്ല. രക്ഷാകരസന്ദേശം നമുക്കു നൽകുന്ന കാര്യത്തിൽ പൗലോസിനു പരിശുദ്ധാരൂപിയുടെ പ്രചോദനമുണ്ടായിരുന്നു. അവിടെ അദ്ദേഹത്തിനു തെറ്റുവരുക സാദ്ധ്യമായിരുന്നില്ല. എന്നാൽ, രക്ഷാകരസന്ദേശം നൽകുന്നതിനിടയിൽ ആനുഷംഗികമായി പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങൾ പ്രകൃതിയേയും ചരിത്രത്തേയും പറ്റിയുള്ള അന്നത്തെ മനുഷ്യരുടെ പരിമിതമായ അറിവുവെച്ചുകൊണ്ടാണ് അദ്ദേഹം എഴുതിയത്. അതിൽ മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിനു തെറ്റുവരാം. അതിൽനിന്നും വേദപുസ്‌തകം അബദ്ധമാണെന്നോ അസത്യമാണെന്നോ വരുന്നില്ല. കാരണം വേദപുസ്‌തകം രചിക്കപ്പെട്ടത് രക്ഷാകരസന്ദേശം നൽകുന്നതിനാണ്: ചരിത്രമോ ശാസ്ത്രമോ പഠിപ്പിക്കുന്നതിനല്ല. രക്ഷാകരസന്ദേശം നൽകുന്നതിൽ ബൈബിളിന് ഒരിക്കലും അബദ്ധം സംഭവിക്കയില്ല.


ആദത്തിൻറ പാപം ലോകത്തിലേക്ക് പാപത്തിന് ആദ്യമായി പ്രവേശനം നൽകിയെന്നല്ലാതെ, ആദിമാതാപിതാക്കളുടെ പാപവിവരണത്തിലാണ് പൗലോസ് ശ്ലീഹാ ജന്മപാപത്തിൻറെ രഹസ്യം അടിയുറപ്പിച്ചിരിക്കുന്നത് എന്നു പറയുന്നതു ശരിയല്ലെന്നു മെയ് ലക്കത്തിൽ നിന്നു വ്യക്തതമായിരിക്കുമല്ലോ.


c) പാപം എങ്ങനെ ലോകത്തിൽ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉൽപത്തി പുസ്‌തകത്തിൻ്റെ കർത്താവിനേയും അലട്ടിയിരുന്നു. ഈ ചോദ്യത്തിന് വിശ്വാസത്തിൽ അദ്ദേഹം നൽകുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൗമീകപറുദീസായിൽ വെച്ചുണ്ടായ പാമ്പിന്റെ പ്രലോഭനവും ആദി മാതാപിതാക്കളുടെ പതനവും. ഇന്നു പാപം ചെയ്യുന്ന മനുഷ്യൻ എന്താണ് ചെയ്യുക? തൻ്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ട ദൈവത്തിന്റെ കല്‌പനയെ അവൻ ലംഘിക്കുന്നു. ഗ്രന്ഥകാരന്റെ വീക്ഷണത്തിൽ, ആദിയിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇന്ന് പാപം ചെയ്യാനുള്ള പ്രലോഭനം മനുഷ്യന് അനുഭവപ്പെടുന്നുണ്ട്. ആദിയിലും ഇതുപോലെതന്നെ അനുഭവപ്പെട്ടിരിക്കണം. ഉൽപത്തിയുടെ പുസ്തകം രചിക്കപ്പെടുന്ന കാലത്ത് പാമ്പുമായി ബന്ധപ്പെട്ട ആരാധനാനുഷ്ഠാനങ്ങൾ (fertility cults) കാനാൻ ദേശക്കാരുടെയിടയിൽ പതിവായിരുന്നു. പല പൗരാണിക ജനതകളും ലൈംഗിക പ്രക്രിയയും പുനർജീവനുമായി ബന്ധപ്പെട്ട ഒരു ദേവനായിട്ടാണു പാമ്പിനെ കരുതിയിരുന്നത്. ഉൽപത്തിയുടെ കർത്താവിൻ്റെ വീക്ഷണത്തിൽ, അത് ഒരു ദേവനല്ല. വെറുമൊരു ജീവിയാണ് - കാനാൻകാരുടെ fertility cult ലേക്കു പ്രലോഭിപ്പിക്കുന്ന ഒരു നീച ജീവി. അതാണ് പാമ്പിനെ പ്രലോഭകനായി ചിത്രീകരിക്കാൻ കാരണം. ഈ ഇതിഹാസത്തിലൂ‍ടെ പല സത്യങ്ങൾ വി. ഗ്രന്ഥകാരൻ നമുക്കു നൽകുന്നുണ്ട്: പാമ്പ് ഒരു ദേവനല്ല ഒരു സൃഷ്ടി മാത്രമാണ്; പാപം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗമാണ്, ഈ ദുർവിനിയോഗത്തിനു പ്രലോഭനങ്ങൾ പ്രേരകമായിത്തീരുന്നു. എന്നിത്യാദി നിത്യസത്യങ്ങൾ.


ഉത്ഭവപാപം ഒരു മിഥ്യയല്ല, സത്യം തന്നെയാണെന്ന് ജൂൺ ലക്കത്തിൽ നിന്നു വ്യക്തമായിരിക്കുമല്ലോ? അതു മനസ്സിലാക്കുന്ന രീതിക്കു തീർച്ചയായും മാററം വരേണ്ടിയിരിക്കുന്നു.


2. ഒരു പിടി ചോദ്യങ്ങൾ ആണെല്ലോ ശ്രീ. ജോസഫ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്. ഓരാരോന്നിനും ഇവിടെ വിശദമായ ഉത്തരം പറയുവാൻ സ്ഥലപരിമിതി അനുവദിക്കയില്ല. ഉൽപത്തിയെപ്പറ്റി ആധുനിക ബൈബിൾ പണ്ഡിതന്മാർ എഴുതിയ ഏതെങ്കിലും ഒരു പുസ്ത‌കം വായിച്ചുനോക്കുന്നത് ഉപകാരപ്രദമായിരിക്കും. ഉദാഹരണമായി, ഏഷ്യയിലെ അദ്വിതീയ ബൈബിൾ പണ്‌ഡിതനായ ഫാ. ലൂക്ക് OFM Cap. എഴുതിയിട്ടുള്ള ഉല്‌പത്തി 1 -3: ഒരു വ്യാഖ്യാനം, (ജീവൻ ബുക്‌സ്, ഭരണങ്ങാനം).


ചുരുക്കിപ്പറഞ്ഞാൽ, നിത്യസത്യങ്ങൾ നമുക്കു പറഞ്ഞു തരുന്നതിനുള്ള ഉപാധിയായി ദൈവനിവേശിതരായ വി. ഗ്രന്ഥകാരന്മാർ രണ്ട് ഇതിഹാസങ്ങൾ അഥവാ സങ്കല്പകഥകളാണ് ഉൽപത്തിയുടെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ നാം കാണുക. രൂപക കഥയുടെയും (allegory) അന്യാപദേശ കഥയുടേയും (parable) ചില അംശങ്ങൾ (പ്രതീകങ്ങൾ) ഈ സങ്കല്പ കഥകളിൽ കാണുവാൻ കഴിയും. എന്നാൽ, രൂപക കഥയായോ അന്യാപദേശ കഥയായോ ഈ സങ്കല്പ കഥകളെ വിശേഷിപ്പിക്കാൻ കഴിയില്ല. അവയിലൂടെ രക്ഷാകരങ്ങളായ ചിലനിത്യ സത്യങ്ങൾ വി. ഗ്രന്ഥകാരൻ നമുക്കു നൽകുന്നു. അവയ്ക്കാണ് ഇവിടെ പ്രാധാന്യം. അല്ലാതെ ഈ സങ്കല്‌പകഥകളിൽ എത്രമാത്രം ചരിത്രസത്യം അടങ്ങിയിരിക്കുന്നുവെന്ന പ്രശ്നത്തിനല്ല.


ഉൽപത്തിയിൽ പറയുന്ന ശിക്ഷ മനുഷ്യന് ഇന്നു സാധാരണമായി അനുഭവപ്പെടുന്ന വ്യഥകളും ദുരിതങ്ങളുമാണ്. അവ പാപത്തിനുള്ള ശിക്ഷയായിരിക്കണമെന്ന വി. ഗ്രന്ഥകാരൻ്റെ വിശ്വാസത്തിലുള്ള ബോധ്യമാണ് ആദത്തിനും ഹൗവ്വായ്ക്കും ലഭിച്ച ശിക്ഷയായി അവയെ കണക്കാക്കുവാൻ ഇതിഹാസ കർത്താവിനെ പ്രേരിപ്പിച്ചത്. പാമ്പിനു ലഭിച്ച ശിക്ഷയാകട്ടെ പാമ്പു പൊടി തിന്നുന്ന ഒരു ജീവിയാണെന്ന് അന്നും ഇന്നും ചില മനുഷ്യർക്കുള്ള തെറ്റായ സങ്കല്പത്തിൽനിന്ന് ഉരുത്തിരിഞ്ഞതത്രേ.


സൃഷ്ടിജാലങ്ങൾ ബൈബിൾ ഗ്രന്ഥകർത്താവിന്റെ ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് എന്റെ ലേഖനത്തിൽ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലല്ലോ.

അങ്ങനെയുള്ള ഒരു നിഗമനത്തിന് അവിടെ എന്തെങ്കിലും പഴുതുണ്ടെന്നും തോന്നുന്നില്ല.സൃഷ്ടിജാലങ്ങളെല്ലാം യഥാർത്ഥമാണ്, അവയെയെല്ലാം സൃഷ്ടിച്ചതു ദൈവമാണെന്നു പഠിപ്പിക്കയാണല്ലോ വി. ഗ്രന്ഥകാരന്റെ മുഖ്യ ലക്ഷ്യം.ഇവയെ സൃഷ്ടിച്ച വിധം വിവരിക്കുമ്പോൾ, അന്നത്തെ മനുഷ്യർക്കു മനസ്സിലാകുന്ന സങ്കല്പകഥയുടെ സങ്കേതികത്വം വി. ഗ്രന്ഥകാരൻ ഉപയോഗിക്കുന്നുവെന്നുമാത്രം.


3. a+c) ഉൽപത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ മൂന്നദ്ധ്യായങ്ങൾ രക്ഷാകരസന്ദേശം നൽകുന്നതിന് ഉപയോഗിച്ചിരിക്കുന്ന സങ്കല്പ കഥകളാണെന്നും, അവ ചരിത്ര വസ്തുതകളല്ലെന്നും ബൈബിളിൽ ഒരിടത്തും പറയുന്നില്ല എന്നതു ശരിതന്നെ. എന്നാൽ ബൈബിൾ വ്യാഖ്യാന നിയമങ്ങൾ ബൈബിളിൽ നിന്നുതന്നെ എടുക്കണമെന്നു ശഠിക്കുന്നതു ശരിയല്ല. വിശേഷബുദ്ധിയുള്ള മനുഷ്യനോടാണ് ദൈവം ബൈബിളിലൂടെ സംസാരിക്കുന്നത്. മനസ്സിലാക്കുവാൻ അവിടുന്നു തന്നെ മനുഷ്യനു നൽകിയിരിക്കുന്ന ഈ വിശേഷബുദ്ധി അവൻ ഉപയോഗിക്കുന്നത് ദൈവഹിതത്തിന് എതിരല്ല. (ഇതു യുക്‌തിവാദമായി (rationalism) തെറ്റിദ്ധരിക്കയില്ല. ദൈവത്തെ ഒഴിച്ചുനിർത്തിക്കൊണ്ട് എല്ലാ യാഥാർത്ഥ്യങ്ങളേയും വിശേഷബുദ്ധികൊണ്ട് പ്രകൃതി നിയമങ്ങളിലൂടെ വ്യാഖ്യാനിക്കാമെന്ന വ്യാമോഹമാണ് യുക്തിവാദം).


b) ക്രിസ്തുനാഥൻ്റെയും പൗലോസ് ശ്ലീഹായുടേയും കാര്യം മുകളിൽ പറഞ്ഞു കഴിഞ്ഞു. വിശുദ്ധരായ മറ്റ് എഴുത്തുകാരുടെ കാര്യത്തിലും പൗലോസ് ശ്ലീഹായെപ്പറ്റി പറഞ്ഞതു തന്നെ പ്രസക്തമാണ്.


d) വി. ഗ്രന്ഥകാരൻ തൻ്റെ സങ്കല്‌പകഥയിലെ ഏദൻ തോട്ടത്തെ വർണിച്ചപ്പോൾ, മെസൊപ്പൊട്ടേമിയായിലെ ഫലഭൂയിഷ്ഠമായിരുന്ന സമതലപ്രദേശമായിരുന്നിരിക്കണം അദ്ദേഹത്തിൻ്റെ ഭാവനയുടെ പശ്ചാത്തലമായി നിലകൊണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിൻ്റെ പൗരാണിക ഭൂമികയും ഇതുതന്നെയായിരുന്നു. നമ്മുടെ നോവലെഴുത്തുകാരും ഇതു പോലെയുള്ള വർണനകളിൽ തങ്ങൾക്കു പരിചിതമായ ഒരു പ്രദേശത്തെ പശ്ചാത്തലമായി സ്വീകരിക്കാറുണ്ടല്ലോ. അതുകൊണ്ട് അവരുടെ നോവലുകൾ ചരിത്ര പുസ്തകങ്ങളായിത്തീരുന്നില്ല. ഇതുതന്നെ ഉൽപത്തി വിവരണത്തെപ്പറ്റിയും പറയേണ്ടിയിരിക്കുന്നു.


e) ഒരേ മാതാപിതാക്കളിൽ നിന്നാണോ (manogenism) പല മാതാപിതാക്കളിൽ നിന്നാണോ (polygenism) നരവംശം ഉത്ഭവിച്ചതെന്നതിനെപ്പറ്റി ലേഖനത്തിൽ പറഞ്ഞു കഴിഞ്ഞു. സഭ ഇതേപ്പറ്റി നിശ്ചിതമായ ഒരു നിലപാട് എടുത്തിട്ടില്ല. കാരണം, ഇത് വിശ്വാസത്തിന്റെ ഒരു പ്രശ്നമല്ല. ശാസ്ത്രത്തിൻ്റെ ഒരു പ്രശ്നമാണ്. ആദ്യം ഈ പ്രശ്നം പൊന്തിവന്നപ്പോൾ 12-ാം പീയൂസ് മാർപാപ്പാ മോണോജനിസത്തെ അനുകൂലിച്ചുവെന്നതു വാസ്തവമാണ് എന്നാൽ, പിന്നീട് സഭ ഈ നിലപാടിനു മാററം വരുത്തുകയും ശാസ്ത്രജ്ഞന്മാരുടെ സ്വതന്ത്രമായ ഗവേഷണത്തിന് അതിനെ വിട്ടുകൊടുക്കയമുണ്ടായി (cfr. സി. ഇല്ലിക്കമുറി, സംശയിക്കുന്ന തോമ്മാ, ജീവൻ ബുക്സ്, ഭരണങ്ങാനം, 1987, 16-17). ഇന്നു നരവംശ ശാസ്ത്രജ്‌ഞന്മാർ മാത്രമല്ല. പേരെടുത്ത പല ബൈബിൾ പണ്ഡിതന്മാരും പോളിജനിസത്തെയാണ് അനുകൂലിക്കുക.


"ബൈബിളും പരിണാമവാദവും'' എന്ന ശീർഷകത്തിൽ മുമ്പ് ഈ പംക്തിയിൽ തന്നെ എഴുതിയിരുന്നു (cfr. op. cit. 9-17). അവിടെ പറഞ്ഞിരുന്ന രണ്ടു വാക്യങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ: "ചുരുക്കത്തിൽ, ഭൗതികമാത്രമായ പരിണാമവാദത്തെ മാത്രമേ ബൈബിളും സഭയും എതിർക്കുന്നുള്ളു. ദൈവത്തിൽ നിന്ന് ആദ്യത്തെ തുടക്കം ലഭിച്ച് ദൈവിക ശക്തിയിലൂടെ മുമ്പോട്ടു കുതിക്കുന്ന പരിണാമത്തെ അംഗീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല' (op. cit. 17). ഈ അർത്ഥത്തിൽ പരിണാമവാദത്തെ മനസ്സിലാക്കുമ്പോൾ, ഉൽപത്തിയിൽ പറഞ്ഞിരിക്കുന്ന വിശ്വാസ സംബന്ധമായ കാര്യങ്ങളുമായി അതിനു യാതൊരു പൊരുത്തക്കേടുമില്ല.


മനുഷ്യർ ഇന്നനുഭവിക്കുന്ന വേദനകളും കഷ്ടപ്പാടുകളും കാണുകയും, അവയുടെ കാരണത്തെപ്പറ്റി വിശ്വാസത്തിന്റെ വെളിച്ചത്തിൽ ധ്യാനിക്കു കയും ചെയ്യുന്ന വി. ഗ്രന്‌ഥകാരനാണ് ആ വേദനകൾക്കും കഷ്‌ടപ്പാടുകൾക്കുമുള്ള കാരണം മനുഷ്യരുടെ പാപമാണെന്ന ബോധ്യത്തിലെത്തുകയും, ആ ബോധ്യത്തെ ഈ സങ്കല്പ‌കഥയിലൂടെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത് എന്നു സൂചിപ്പിച്ചു കഴിഞ്ഞു. അതിനാൽ, ആ വേദനകൾക്കും കഷ്ടപ്പാടുകൾക്കും കാരണം ഉൽപത്തിയിൽ പറഞ്ഞിരിക്കുന്ന ശാപോക്‌തികളല്ല. പ്രത്യുത ഈ ശാപോക്‌തികൾ വേദനകളുടെയും കഷ്‌പ്പാടുകളുടെയും അനുഭവത്തിൽ നിന്ന് വി. ഗ്രന്ഥകാരന്റെ മനസ്സിൽ രൂപം കൊണ്ട സങ്കല്പകഥാ വാക്യങ്ങളാണ്.


ഭൗമികപറുദീസായിൽ വെച്ച് ഹൗവ്വായെ പരീക്ഷിച്ച സർപ്പം സാത്താനാണെന്ന സങ്കല്പം ശരിയല്ല. പഴയ നിയമകാലത്തെ വിശ്വാസികൾ (ഇസ്രായേൽക്കാർ) ഇതിനെ വെറും സർപ്പമായിട്ടു മാത്രമാണു കണക്കാക്കിയിരുന്നത്. പഴയനിയമ കാലത്തിന്റെ അന്ത്യത്തിനും പുതിയനിയമ കാലത്തിന്റെ ആരംഭത്തിനുമിടയ്ക്കു " (inter-testamentary period) ജീവിച്ചിരുന്ന യഹൂദർക്കിടയിലാണ് ഭൗമികപറുദീസായിലെ സർപ്പം പിശാചാണെന്ന ചിന്താഗതി ആദ്യമായി ഉയർന്നുവന്നത്. ഈ ചിന്താഗതി ചില ക്രൈസ്തവ വൃത്തങ്ങളിലും വ്യാപിച്ചതിന്റെ പ്രതിധ്വനിയാണ് വെളിപാട് 12, 9-ൽ നാം കേൾക്കുന്നത്. എന്നാൽ, ഇതു പൊതുവായ ഒരു പ്രബോധനമല്ല. വെളിപാടിന്റെ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന സർപ്പം തിന്മയുടെ ശക്തിയുടെ ഒരു പ്രതികമത്രേ. അക്ഷരാർത്ഥത്തിലല്ലല്ലോ വെളിപാടിന്റെ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നാം മനസ്സിലാക്കുക. ഭൗമികപറുദീസായിലെ സർപ്പവും അതിൻറെ സംസാരവും ബാലാമിന്റെ കഴുതയുമെല്ലാം രക്ഷാകര സന്ദേശം നൽകുന്ന സങ്കല്‌പകഥകളിലെ കഥാംശങ്ങൾ മാത്രമായിട്ടാണ് പേരെടുത്ത മിക്ക ബൈബിൾ പണ്ഡിതന്മാരും ഇന്നു പരിഗണിക്കുക.


ബൈബിൾ വ്യാഖ്യാനിക്കുന്ന, ക്രൈസ്‌തവരുടെയിടയിലുമുണ്ട് മൗലികവാദികളും (biblical fundamentalists) യാഥാസ്ഥിതികരും. അതിനാൽ എല്ലാ ബൈബിൾ വ്യാഖ്യാതാക്കളും ഒരേ തരത്തിലായിരിക്കയില്ല സംസാരിക്കുന്നത്. ബൈബിൾ പറയുന്നതെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കണമെന്നു ശഠിക്കുന്ന മൗലികവാദികളാണ് പ്രത്യേകിച്ച് പ്രോട്ടസ്റ്റൻറുകാരുടെയിടയിലെ ഒരു വിഭാഗം. കത്തോലിക്കരുടെയിടയിലും കാണാം ഇങ്ങനെയുള്ള ചുരുക്കം ചില മൗലികവാദിക ഭൂമി ഉരുണ്ടതല്ല പരന്നതാണെന്നും സൂര്യനും നക്ഷത്രങ്ങളും ഭൂമിക്കു ചുററും കറങ്ങുന്നുവെന്നും, ആദ്യം ദൈവം പ്രകാശത്തെ സുഷ്‌ടിച്ചിട്ട് പിന്നീടാണ് സൂര്യനേയും നക്ഷത്രങ്ങളേയും സൃഷ്ടിച്ചതെന്നുമൊക്കെയാണ് അവർ ഇന്നും വിശ്വസിക്കുന്നത്. ഇങ്ങനെയുള്ള ബൈബിൾ മൗലികവാദികളിൽ ഒരാളാണെന്നു തോന്നുന്നു Dr. W. H. Griffith Thomas.


പ്രാമാണികരായ മിക്ക ബൈബിൾ പണ്ഡിതന്മാരുടേയും വ്യാഖ്യാനത്തെ ആശ്രയിച്ചുള്ളതാണ് ആദത്തെയും ഹൗവ്വായേയും ഭൗമികപറുദീസായേയും പറ്റി എൻെറ ലേഖനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ. അതിനു വിരുദ്ധമായ വ്യാഖ്യാനം നല്‌കുന്ന ചിലരും അങ്ങിങ്ങ് ഉണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.


വീണ്ടും ആദവും ഹൗവ്വായും ഭൗമിക പുറുദീസായും

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ,

അസ്സീസി മാസിക, ജൂലൈ 1989


Jul 15, 1989

0

55

Recent Posts

bottom of page