

"ഇത് ഒരു നടയ്ക്ക് മേലാകുന്ന ലക്ഷണമില്ലച്ചോ".
പറയുമ്പോള്‍ തോമാച്ചന്‍റെ സ്വരം ഇടറിയിരുന്നു. എങ്ങനെ നോക്കി വളര്‍ത്തിയ ചെറുക്കനാണ്. ഇപ്പോള്‍ ആകെ നശിച്ചു വശായിരിക്കുന്നു.
എല്ലാം കേട്ട് ഫാദര്‍ പോള്‍സണ്‍ തേലക്കാട്ടിനും വ്യസനമായി. ടൗണില്‍ പള്ളിവക കോളേജില്‍ ജോമോനെ ബിരുദപഠനത്തിന് ചേര്‍ക്കാനായിരുന്നു തോമാച്ചനിഷ്ടം. അതാകുമ്പോള്‍ എന്നും കൊച്ചുജോമോനെ കാണുകയെങ്കിലും ചെയ്യാം. പിന്നെ അവന്‍റെ വേദപഠനക്ലാസ്സ് മുടങ്ങുകയുമില്ല. എന്നാല്‍ ജോമോന് എഞ്ചിനീയറിങ്ങിന് ചേരാനായിരുന്നു താല്പര്യം. ഫാദര്‍ പോള്‍സണ്‍ ജോമോന്‍റെ മനസ്സറിഞ്ഞ് ഏറെ നിര്‍ബന്ധിച്ചാണ് കുറെയകലെയുള്ള ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ത്തത്. അവിടെയുള്ള ഹോസ്റ്റലില്‍ അവന് താമസമുറപ്പിക്കുകയും ചെയ്തു.
"അന്യ ജില്ലയാ അച്ചോ. ജോമോനെ ഇത്ര അകലെ വിട്ട് പഠിപ്പിക്കണോ?"
തോമാച്ചന് ഒട്ടും താല്പര്യമില്ലായിരുന്നു. അത്രയ്ക്ക് സ്നേഹവും, വാത്സല്യവുമായിരുന്നു തോമാച്ചന് ജോമോനോട്. തോമാച്ചന്‍റെ ഒരേയൊരു മകനായ ജോസിന്‍റെ ആകപ്പാടെയുള്ള കൊച്ചാണ് ജോമോന്‍. ജോമോന് 6 വയസ്സുള്ളപ്പോള്‍ ജോമോന്‍റെ പപ്പ ജോസും, മമ്മ ജെസ്സിയും മരണപ്പെട്ടു.
വയസ്സാംകാലത്ത് താന്‍ ഒറ്റയ്ക്കാകാതിരിക്കാന്‍ തന്നെ നോക്കി പരിപാലിക്കാന്‍ കര്‍ത്താവ് ജോമോന്‍റെ പ്രാണനെ ഭൂമിയില്‍ ഇട്ടേച്ചു പോകുകയായിരുന്നു എന്നായിരുന്നു തോമാച്ചന്‍റെ വിശ്വാസം. അതുകൊണ്ട് ജോമോനെ ഒരു ദിവസംപോലും പിരിഞ്ഞിരിക്കുക തോമാച്ചന് മനഃപ്രയാസം ആയിരുന്നു. എന്നാല്‍ ജോമോന്‍റെ ഇഷ്ടം എഞ്ചിനീയറിങ്ങിന് പഠിക്കുക ആണെന്നറിഞ്ഞ് ഫാദര്‍ പോള്‍സണ്‍ തന്നെ തോമാച്ചനെ ഏറെ നിര്‍ബന്ധിച്ചാണ് അന്യജില്ലയിലെ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ത്തത്.
ഇടവകയില്‍ ജോമോനെപോലെ ദൈവഭക്തിയുള്ള കുട്ടി വേറെ ഉണ്ടായിരുന്നില്ല. കര്‍ത്താവിന്‍റെ സ്തുതിഗീതങ്ങള്‍ ജോമോന്‍റെ നാവില്‍ നിന്ന് പാടികേട്ട് കണ്ണുനീരണിയാത്ത വിശ്വാസികളില്ല, ആ ഇടവകയില്‍! വേദപാഠക്ലാസ്സില്‍ യേശുകര്‍ത്താവിന്‍റെ കുരിശുബലിയുടെ ഭാഗം വരുമ്പോള്‍ കണ്ണീര്‍ വാര്‍ത്തിരുന്നവന്‍! മയക്കുമരുന്നിനും, മറ്റനാശാസ്യങ്ങള്‍ക്കും കുപ്രസിദ്ധമായ നഗരത്തില്‍ എഞ്ചിനീയറിങ്ങ് പഠനത്തിനയയ്ക്കാന്‍ തോമാച്ചന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ യേശുവിനും, മറിയത്തിനും മുന്‍പില്‍ ഏറെ നേരം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്തിയിരുന്ന; മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേട്ടാല്‍ പൊട്ടിക്കരഞ്ഞ് അവരുടെ സങ്കടങ്ങള്‍ മാറ്റി കൊടുക്കണേ ഈശോയേ എന്ന് പ്രാര്‍ത്ഥിച്ച് കുരിശ് വരച്ചിരുന്ന ജോമോന് എങ്ങനെയാണ് ഇങ്ങനെ അധഃപതിക്കാന്‍ സാധിച്ചത്?
ജോമോന്‍ പോലീസ് കസ്റ്റഡിയിലാണ്. 18 വയസ്സ് കഴിഞ്ഞതിനാല്‍ സൂപ്രണ്ടിന്‍റെ അനുമതിയില്ലാതെ വിട്ടയയ്ക്കുവാന്‍ പറ്റില്ല. ഫാദര്‍ പോള്‍സണ്‍ ഏറെ കെഞ്ചിയിട്ടാണ് ജോമോനെ കേസ്സില്‍ നിന്നൊഴിവാക്കിയത്. വലിയ പിതാവിന്‍റെ ശുപാര്‍ശ ഒന്നുകൊണ്ടു മാത്രമാണ് അത് സാധിച്ചത്. എന്നിട്ടുപോലും സൂപ്രണ്ടിന്‍റെ അനുമതിയില്ലാതെ ജോമോനെ വിട്ടയ്ക്കുകയില്ലെന്ന് ഇന്‍സ്പെക്ടര്‍ വാശിപിടിച്ചു.
മയക്ക്മരുന്ന് ഉപയോഗിച്ച് ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് നഗരത്തിലെ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിച്ചിരുന്ന നാലു വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടുന്നത്. അതില്‍ തന്നെ ഒന്ന് ഒരു പെണ്‍കുട്ടിയുമായിരുന്നു. കേസ് ആകുമെന്ന് വന്നപ്പോള്‍ പെണ്‍കുട്ടി തരം മാറി. മറ്റു മൂന്നുപേരും തന്നെ ബലമായി പിടിച്ചുകൊണ്ടു വന്നതാണെന്നും, ബലമായി മയക്കുമരുന്ന് തന്നില്‍ കുത്തി വെയ്ക്കുകയായിരുന്നുവെന്നും ആയിരുന്നു അവളുടെ മൊഴി. പ്രത്യക്ഷത്തില്‍ അത് കളവാണെന്നു തെളിഞ്ഞെങ്കിലും വിഷയം സ്ത്രീപീഢനമായതിനാല്‍ സൂപ്രണ്ട് വന്നിട്ട് തീരുമാനിക്കാം എന്നായിരുന്നു ഇന്‍സ്പെക്ടറുടെ തീരുമാനം.
പെണ്‍കുട്ടിയുടെ പിതാവ് കേസും, വയ്യാവേലിയും വേണ്ടായെന്ന് പറഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നത് മാത്രമായി മൂന്നാണ്‍കുട്ടികളുടെ കേസ് ചുരുങ്ങി.
കൈവശം കാര്യമായി ഡ്രഗ്സ് ഇല്ലാതിരുന്നതിനാല്‍ വലിയ പ്രശ്നങ്ങളൊന്നും കുട്ടികളുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യാ നും ഉണ്ടായിരുന്നില്ല. എന്നിട്ടും സൂപ്രണ്ട് വന്നിട്ടേ രണ്ടിലൊന്ന് തീരുമാനിക്കാവൂ എന്ന് ഇന്‍സ്പെക്ടര്‍ വാശിപിടിച്ചു. സൂപ്രണ്ട് അടുത്ത ദിവസം വരും. അപ്പോള്‍ തീരുമാനിക്കാം എന്നായിരുന്നു ഇന്‍സ്പെക്ടറുടെ ഭാഷ്യം.
ഈ വിഷയത്തില്‍ ആയിരുന്നു തോമാച്ചനും, ഫാദര്‍ പോള്‍സണ്‍ സംഭാഷിച്ചത്. ഇനി ജോമോന്‍റെ കാര്യത്തില്‍ ഇടപെടാന്‍ താനില്ല എന്ന് തോമാച്ചന്‍ തീര്‍ത്തു പറഞ്ഞു.
എങ്കില്‍ ജോമോനെ താന്‍ ഏറ്റെടുത്തു നോക്കും എന്ന് ഫാദര്‍ പോള്‍സണ്‍ തറപ്പിച്ചു പറഞ്ഞു. ഫാദര്‍ പക്ഷേ തോമാച്ചനെ ശകാരിച്ചതേയില്ല. ആ വൃദ്ധന് അത്രയും മടുത്തുപോയിരുന്നു. കാണാന്‍ പാടില്ലാത്ത പല സാഹചര്യങ്ങളിലും തോമാച്ചന്‍ കൊച്ചുമകനെ കണ്ടു. അവന്‍റെ പരിരക്ഷയ്ക്കായി തോമാച്ചന്‍ എത്രയെത്രനാള്‍ ഉപവാ സം അനുഷ്ഠിച്ചു. മുട്ടുകുത്തി ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ മുഴുകി. തോമാച്ചന്‍റെ കാലുകള്‍ നീരുവന്നു വീര്‍ത്തു. ഫാദര്‍ പോള്‍സണ്‍ ശാസിച്ചെങ്കിലും കൊച്ചുജോമോന്‍റെ മനസ്സ് ശുദ്ധമായി കിട്ടുന്നതിന് ആത്മബലി ചെയ്യാന്‍ വരെ തോമാച്ചന്‍ തയ്യാറായി. ഫാദര്‍ പോള്‍സണ് വ്യസനമായി.
തോമാച്ചന്‍റെ ഇഷ്ടത്തിന് വിപരീതമായി അന്യ ജില്ലയിലെ എഞ്ചിനീയറിങ്ങ് കോളേജില്‍ ജോമോനെ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചത് താനാണ്. അവന്‍റെ ഇഷ്ടപ്രകാരം സമൂഹത്തിന് ഏറെ ഉപകരിക്കുന്ന ഒരു എഞ്ചിനീയറാക്കുക അവനെ എന്നേ ഫാദര്‍ വിചാരിച്ചിരുന്നുള്ളൂ. ഒരു ദുഷ്പേരും അന്നേവരെ കേള്‍പ്പിക്കാത്ത, ആണ്‍കുട്ടികളുടേതായ ഒരു വികൃതിയും കാണിക്കാത്ത ജോമോനെ ഒരു ദുഷ്ടശക്തിക്കും വഴിതെറ്റിക്കാന്‍ പറ്റില്ല എന്നായിരുന ്നു ഫാദറിന്‍റെ വിശ്വാസം.
എന്നാല്‍, ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും ജോമോന്‍ അടിമുടി മാറിയിരുന്നു. വീക്കെന്‍റില്‍ നാട്ടിലെത്തിയിട്ടും പള്ളിയില്‍ വരാന്‍ കൂട്ടാക്കാഞ്ഞതില്‍ തുടങ്ങിയിരുന്നു ആ ദുഷിച്ച പരിണാമം. ഫാദറിനെ കണ്ടാല്‍ കാണാത്തപോലെ അവന്‍ മുഖം തിരിച്ചു കടന്നുപോയി. തോമാച്ചനെ അവന്‍ ഒട്ടും ബഹുമാനിക്കാതായി. പല ദിവസവും ജോമോന്‍ രാത്രി ഏറെ വൈകി നാലുകാലിലാണ് വീട്ടില്‍ വന്നണഞ്ഞിരുന്നത് എന്നറിഞ്ഞപ്പോള്‍ ഫാദറിന്‍റെ മനസ്സ് പിടഞ്ഞു. ജോമോന്‍റെ കൂട്ടുകാര്‍ അതിസമ്പന്നരായിരുന്നതിനാല്‍ അവരുടെ കാറിലായിരുന്നു, ജോമോന്‍റെ വീട്ടിലേയ്ക്കുള്ള വരവ്. അവരുടെ സംസാരവും അറപ്പുളവാക്കുന്ന വസ്ത്രധാരണ രീതിയും തോമാച്ചന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ അനിഷ്ടം പ്രകടിപ്പിച്ച തോമാച്ചനോട് - "പോയി തന്‍റെ പാട് നോക്കെടോ, കിളവാ! എന്നെ ഉപദേശിച്ച് നേരെയാക്കാന്‍ താന്‍ എന്‍റെ തന്തയൊന്നുമല്ലല്ലോ" - എന്നുവരെ കൂട്ടുകാരുടെ മുമ്പില്‍ വെച്ച് ജോമോന്‍ ദേഷ്യപ്പെടുകയുണ്ടായി.
ഫാദര്‍ പോള്‍സണ്‍ ഇതെല്ലാം കേട്ട് ഏറെ തകര്‍ന്നുപോയി. ഒരു ടി.വി. പരിപാടിയില്‍ നിന്നും കേട്ടറിഞ്ഞ ഒരു കഥയാണ് ഫാദറിന് ഓര്‍മ്മ വന്നത്. ക്രിസ്തീയമായ ഒരു പ്രോഗ്രാം ചിത്രീകരിക്കുന്നതിന് ഒരു പിഞ്ചുകുഞ്ഞിനെ ഉണ്ണിയേശുവായി തിരഞ്ഞെടുക്കുകയുണ്ടായി. കുറെ കാലങ്ങള്‍ക്കുശേഷം മറ്റൊരു ക്രിസ്തീയചിത്രത്തിനുവേണ്ടി യൂദാസിനെ തിരഞ്ഞ് അവര്‍ കണ്ടെത്തിയ യുവാവ് മുന്‍പ് ഉണ്ണിയേശുവായി തിരഞ്ഞെടുക്കപ്പെട്ട ആ പിഞ്ചുബാലനായിരുന്നുവത്രെ! സാത്താന് ഒരു നിഷ്ക്കളങ്ക കുരുന്നിനെ എത്രയെളുപ്പം പതിതനായ ഒരു യുവാവാക്കി തീര്‍ക്കാനാകുന്നുവെന്ന് ഫാദര്‍ അന്ന് ആശ്ചര്യപ്പെട്ടു. ഇന്നിതാ, ഇടവകയിലെ ഏറ്റവും ഉത്തമനായിരുന്ന ആണ്‍കുട്ടി തന്നെ സാത്താന്‍റെ ഇരയായിത്തീര്‍ന്നിരിക്കുന്നു.
"കര്‍ത്താവേ, ഈ പാപപരീക്ഷണത്തില്‍ നിന്ന് ജോമോനെന്ന കുഞ്ഞുപ്രാണനെ നീ രക്ഷിക്കേണമേ"!
ഫാദര്‍ പോള്‍സണ്‍ ദീര്‍ഘകാലം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് ആരോ ആമേന്‍ എന്ന് പറഞ്ഞപോലെ ഫാദറിന് തോന്നി. കണ്‍തുറന്നു നോക്കിയതേ ഉണ്ണിയേശുവിന്‍റെ ചിത്രത്തിലായിരുന്നു. ചിത്രത്തില്‍ ഉണ്ണിയേശുവിന്‍റെ തിരുമുഖം തിളങ്ങുന്നു. ആ കണ്ണുകളില്‍ നിന്ന് ധാരധാരയായി രക്തം ഒഴുകുന്നു. ആ രക്തത്തില്‍ തന്‍റെ കൈത്തലങ്ങള്‍ കുതിരുന്നതായി ഫാദറിന് തോന്നി.
അന്യജില്ലയിലെ കായലോര പ്രദേശത്ത് ചുംബനസമരത്തില്‍ ഏര്‍പ്പെട്ടു എന്നതിന് റെ പേരില്‍ തുടങ്ങുന്നു; ജോമോന്‍റെ പേരിലുള്ള കളങ്കം. അന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട ജോമോനും, കൂട്ടാളികളും രക്ഷിതാക്കളുടെ മാപ്പപേക്ഷയുടെ പേരില്‍ ഒരു താക്കീതില്‍ അവരുടെ ശിക്ഷ ഒതുങ്ങുകയായിരുന്നു. എന്നാല്‍ കോളേജിന് നിത്യതലവേദനയായിത്തീര്‍ന്നു, ഈ കുട്ടികള്‍. ജോമോന്‍റെ പേരില്‍ ഏറെ നാണംകെട്ട തോമാച്ചനെന്ന വൃദ്ധന്‍ അന്നേ ജോമോനെ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു.
"എന്നാല്‍, വൈദികനായ തനിക്ക് അതിന് വയ്യ!'. ഫാദര്‍ പോള്‍സണ്‍ വിചാരിച്ചു. നാളെ തന്നെ സൂപ്രണ്ടിനെ ചെന്നു കാണണം. വലിയ പിതാവിന്‍റെ ശുപാര്‍ശയുള്ളതുകൊണ്ട് ജോമോനെ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുക പ്രയാസമില്ല. മയക്കുമരുന്നുപയോഗത്തില്‍ നിന്നും എന്തെങ്കിലും പാര്‍ശ്വഫലം ഉണ്ടായിട്ടുണ്ടെങ്കില്‍ സഭയുടെ ഏതെങ്കിലും ഡീ അഡിക്ഷന്‍ സെന്‍ററില്‍ ജോമോനെ ചികിത്സിക്കണം. ഫാദര്‍ വിചാരിച്ചു. ഏറെ പ്രാര്‍ത്ഥനക്കുശേഷം ഫാദര്‍ ഉറങ്ങാന്‍ കിടന്നു.
സുഖകരമായ ഉറക്കത്തില്‍ ഫാദര്‍ ഒരു സ്വപ്നം കണ്ടു. രണ്ടു കുട്ടികള്‍ കളിച്ചു ചിരിച്ച് ഓടി വരുന്നു. ഫാദറിന്‍റെ മുന്നിലൂടെയാണ് അവര്‍ ഓടുന്നത്. ആ രണ്ടു ആണ്‍കുട്ടികളും കൈകോര്‍ത്ത് പിടിച്ചിരിക്കുന്നു. വളരെ പ്രാചീനമായ വെളുത്ത വസ്ത്രം ആണ് അതില്‍ ഒരാണ്‍കുട്ടി ധരിച്ചിരിക്കുന്നത്. മറ്റേ ആണ്‍കുട്ടിയുടെതാകട്ടെ ഇപ്പോഴത്തെ ആണ്‍കുട്ടികളുടെ അതേ വേഷം.
പ്രാചീന വെണ്‍വസ്ത്രം ധരിച്ച ആണ്‍കുട്ടി മറ്റേ ആണ്‍കുട്ടിയുടെ കരം ഗ്രഹിച്ച് മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. അവരുടെ ചുറ് റും പല വര്‍ണ്ണപൂമ്പാറ്റകള്‍ പാറികളിച്ചുകൊണ്ടിരുന്നു. വെയില്‍ പോലും ഇളംചൂടുള്ള നിശ്വാസം കൈകൊണ്ടിരുന്നു.
ആ സമയം വിചിത്രരൂപത്തിലുള്ള ഒരു ജീവി അവര്‍ക്കരികിലൂടെ ഇഴഞ്ഞുപോയി. പഴയകാല വസ്ത്രം ധരിച്ചിരുന്ന കുട്ടിയുടെ കൈവിട്ട് മറ്റെ ആണ്‍കുട്ടി ആ വിചിത്ര ജന്തുവിന് പിറകെ ഓടിപ്പോയി. ഫാദറിന് ആ ആണ്‍കുട്ടിയെ തടയണം എന്ന് തോന്നി. എന്തെന്നാല്‍, ആ ആണ്‍കുട്ടിക്ക് ജോമോന്‍റെ മുഖമായിരുന്നു. തിരിഞ്ഞുനോക്കി നിന്ന പ്രാചീന വെണ്‍വസ്ത്രധാരിയായ കുട്ടിയുടെ കണ്‍നിറഞ്ഞിരുന്നു. ജോമോന് പിറകെ ഓടണോ അതോ കണ്‍നിറഞ്ഞു നില്‍ക്കുന്ന ആണ്‍കുട്ടിയെ സമാശ്വസിപ്പിക്കണോ എന്ന് നിശ്ചയിക്കാനാകാതെ സ്വപ്നലോകത്ത് ഫാദര്‍ കുഴങ്ങിനിന്നു. പിന്നെ ഏറെ ആലോചനകള്‍ക്കുശേഷം ആ കണ്‍നിറഞ്ഞ കുട്ടിയുടെ അടുത്തേക്ക് ഫാദര്‍ നടന്നുചെന്നു. ആ കണ്ണുകള്‍ അരുമയോടെ തുടച്ചുകൊടുത്തു. അപ്പോള്‍ ആ കുട്ടിയുടെ മുഖം തെളിഞ്ഞു. ആ മുഖം അത് ഉണ്ണിയേശുവിന്‍റേതാണല്ലോ എന്ന് ഫാദര്‍ പോള്‍സണ്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. ആ തേജസ്വിയായ ബാലന്‍ ഫാദര്‍ പോള്‍സന്‍റെ ചെവിയില്‍ മൊഴിഞ്ഞു.-
"പേടിക്കേണ്ട, ഫാദര്‍! ജോമോന്‍; അവന്‍ എനിയ്ക്കുള്ളവന്‍! അവന്‍ എന്നിലേക്ക് തന്നെ മടങ്ങി വരും. എനിക്കുവേണ്ടി അങ്ങവനെ വേണ്ടവിധം പരിപാലിക്കുക.!"
സ്വപ്നം മുറിഞ്ഞു. ഫാദര്‍ ഉറക്കം വിട്ടുണര്‍ന്നു. പുലരിമുഖം തുടുത്തിരുന്നു. സമയം
ഒഴുകുന്ന പോലെ തോന്നി. ഫാദര്‍ പോള്‍സണ്‍ ആരോ കൈപിടിച്ച് എല്ലാം ചെയ്യിക്കുന്ന പോലെ. വിചാരിച്ച തടസ്സങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഒരു അഡ്വക്കേറ്റിനെ ഏര്‍പ്പാട് ചെയ്തിരുന്നെങ്കിലും ജോമോനെ വിട്ടു തരുന്നതില്‍ ഒരു നിയമതടസ്സവും ഇല്ലെന്ന് സൂപ്രണ്ട് തീര്‍ത്തു പറഞ്ഞു. ഇത്രയെളുപ്പം ജോമോനെ വിട്ട് കിട്ടുമെന്ന് ഫാദര്‍ സ്വപ്നനേപി കരുതിയിരുന്നില്ല. എങ്കിലും, ഇന്‍സ്പെക്ടറുടെ 'ധര്‍മ്മശൗര്യത്തിന്‍റെ" ക്ഷതങ്ങള്‍ ജോമോന്‍റെ കുഞ്ഞുശരീരത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.
കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടിയ ജോമോനെ ആദ്യം തന്നെ പ്രഗത്ഭനായൊരു ഫിസിഷ്യനെ കാണിക്കയായിരുന്നു ഫാദര്‍ ചെയ്തത്. വിശദമായ ചെക്കപ്പിന് ശേഷം ഡോക്ടര്‍ ആശ്ചര്യഭാവത്തോടെ പറഞ്ഞു.-
"വാട്ട് എ മിറാക്കിള്‍, ഫാദര്‍! വലിയ മര്‍ദ്ദനം ഏറ്റിട്ടുണ്ട്, ജോമോന്. എന്നാല്‍ ആന്തരിക ക്ഷതമൊന്നും തന്നെ കാണാനില്ല. എനിക്കിനിയും ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല. ഇത്രയധികം ശാരീരിക ക്ഷതത്തിന്‍റെ അടയാളങ്ങള്‍ പേറുന്ന ഇവന്‍റെ ഈ കുഞ്ഞുശരീരം, ഒട്ടും ഉള്‍ക്ഷതമേല്‍ക്കാതെ...! വണ്ടര്‍ഫുള്‍. ഗോഡ് ഷുഡ് ബ്ലെസ്സ് യുവര്‍ ചൈല്‍ഡ്."
ഫാദറിന്‍റെ മനോമുകുരത്തില്‍ അന്നേരം ഒരു കുഞ്ഞുമുഖം തെളിഞ്ഞുവന്നു. ആ മുഖത്ത് രക്തകണ്ണീര്‍ ഒലിച്ചിറങ്ങിയതിന്‍റെ പാടുണ്ടായിരുന്നു. ആ ചുണ്ടുകളില്‍ തെളിഞ്ഞുവന്നിരുന്ന പുഞ്ചിരിയില്‍ വേദനയുടെ ലാഞ്ചന പക്ഷേ, ഒട്ടും ഉണ്ടായിരുന്നില്ല. ഫാദര്‍ ജോമോനെയുംകൊണ്ട് പള്ളിമേടയിലേക്ക് മടങ്ങുമ്പോള്‍ അവിടെ അവരുടെ വരവും കാത്ത് തോമാച്ചന്‍ നില്‍പ്പുണ്ടായിരുന്നു. കാറില്‍ നിന്നറങ്ങിയപാടെ ജോമോന്‍ തോമാച്ചന്‍റെ അടുക്കലേക്കോടി. മുട്ടിക്കുത്തി ആ വൃദ്ധന്‍റെ കാല്‍ കെട്ടിപ്പിടിച്ച് തേങ്ങിതേങ്ങിക്കരഞ്ഞു. കൊച്ചു മകനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്ന് പുണര്‍ന്നതിനുശേഷം അവനെ മാറ്റി നിര്‍ത്തി തോമാച്ചന്‍ പറഞ്ഞു. -
"ഫാദര്‍, ഇന്നലെ രാത്രി ഏറെ വൈകിയാണ് ഞാനുറങ്ങിയത്. ഉറക്കത്തില്‍ അപൂര്‍വ്വശോഭയുള്ള ഒരാണ്‍കുട്ടി എന്‍റെ മുന്നില്‍ വന്നു. ആ കുട്ടി തെളിഞ്ഞ ഭാഷയില്‍ എന്നോട് പറഞ്ഞു -
"നിന്‍റെ കൊച്ചുമകന്‍ അവന്‍ ഏറെ വഴിതെറ്റി സഞ്ചരിച്ചു. പക്ഷേ, ഇപ്പോഴവന്‍ ഏറെ പശ്ചാത്തപിക്കുന്നു. നീ അവനെ സ്വീകരിക്കണം. അവന്‍റെ കുറ്റബോധം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. സംശയമുണ്ടെങ്കില്‍ എന്‍റെ മുഖത്തേക്ക് ഒന്നു നോക്കൂ..!
ഞാന്‍ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി. ആ കവിളിലൂടെ ധാരധാരയായി രക്തം ഒഴുകുന്നു. തുടയ്ക്കാനാഞ്ഞ എന്‍റെ കൈകളില്‍ ആ രക്തത്തുള്ളികള്‍ ഇറ്റിറ്റു വീണ ു. ഞാനറിയാതെ ഞാനതു മണത്തു. ആ രക്തത്തിന് എന്‍റെ ജോമോന്‍റെ മണമായിരുന്നു. പിന്നെ, കാലത്ത് എണീറ്റയുടനെ ആരോ കൈപിടിച്ചെന്നെ ഇവിടേക്ക് എത്തിക്കുകയായിരുന്നു" എന്ന് പറഞ്ഞ് തോമാച്ചന്‍ കണ്ണുനീരൊപ്പി.
ഇത് തന്നെ ആയിരുന്നല്ലോ തന്‍റേയും അനുഭവമെന്ന് ഫാദര്‍ അപ്പോള്‍ ആശ്ചര്യപ്പെട്ടു. ഇനി തന്‍റെ കുഞ്ഞിനെ ആ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിപ്പിക്കില്ലായെന്ന് തന്നെ തോമാച്ചന്‍ തീരുമാനിച്ചു. എന്നാല്‍, എല്ലാം ജോമോന്‍റെ തീരുമാനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു ഫാദറിന്‍റെ തീരുമാനം.
"ജോമോന്‍ പറയൂ..!" ഫാദര്‍ ജോമോന് നേര്‍ക്ക് തിരിഞ്ഞു. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ജോമോന്‍ പറഞ്ഞു. -
"ഫാദര്‍, മൂത്തവരുടെ വാക്ക് മുതുനെല്ലിക്കയെന്ന് മുമ്പൊരിക്കല്‍ ഫാദര്‍ പറഞ്ഞുതന്നിരുന്നത് ഞാനിപ്പോഴോര്‍ക്കുന്നു. ഇപ്പോള്‍ ഞാനതിന്‍റെ മധുരം അനുഭവിക്കുന്നു." ജോമോന്‍ ഒന്നു നിര്‍ത്തി. ഫാദര്‍ പോള്‍സണ്‍ ജോമോനെ ഉറ്റുനോക്കി. തോമാച്ചനും കൊച്ചുമകനെ നോക്കിനില്‍ക്കുകയായിരുന്നു. ജോമോന്‍ തുടര്‍ന്നു.
"ഫാദര്‍ എനിക്ക് ഞാന്‍ പഠിച്ച കോളേജില്‍ തന്നെ തുടര്‍ന്നു പഠിക്കണം. അവിടെ വെച്ചുതന്നെ എന്‍റെ കോഴ്സ് പൂര്‍ത്തീകരിക്കണം. പിന്നെ തെറ്റായ വഴിക്ക് പോകുന്ന എന്‍റെ ബ്രദേഴ്സിനേയും, സിസ്റ്റേഴ്സിനേയും നന്മയിലേക്ക് കൊണ്ടുവരണം. ഫാദര്‍ അവിടെ നമുക്ക് ഒരു സന്മാര്‍ഗ്ഗപ്രസ്ഥാനം രൂപീകരിക്കണം. ഇപ്പോള്‍ അവിടെയുള്ളത് അക്രമത്തിലൂന്നി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ സംഘടനകള്‍ മാത്രമാണ്. മദ്യത്തിലും, മയക്കുമരുന്നിലും, മറ്റനാശാസ്യബന്ധങ്ങളിലും കുരുങ്ങിപ്പോകുന്ന കുട്ടികളെ എങ്ങനെയും നമുക്ക് രക്ഷിക്കണം. പറയൂ ഫാദര്‍. എന്‍റെ കൂടെ അങ്ങ് നില്‍ക്കുകയില്ലേ!"
ജോമോന്‍റെ കണ്ണീരരുവികള്‍ ഒലിച്ചിറങ്ങുന്ന മുഖത്തേക്ക് ഫാദര്‍ കാരുണ്യത്തോടെ നോക്കിനിന്നു. അന്നേരം ഉണ്ണിയേശുവിന്‍റെ ചിത്രം തിളങ്ങുന്നത് തോമാച്ചന്‍ കണ്ടു.
"ഫാദര്‍...!" ഒരു നിലവിളിയോടെ തോമാച്ചന്‍ തൊട്ടുവിളിച്ചു. ഫാദര്‍ ഞെട്ടിത്തിരിഞ്ഞ് നോ ക്കുമ്പോള് അത്ഭുതം! തിരുരൂപത്തില്‍ നിന്ന് രണ്ട് കരങ്ങള്‍ നീണ്ടു വരുന്നു. ഏറെ കാരുണ്യത്തോടെ, സ്നേഹത്തോടെ ആ കൈകള്‍ ജോമോന്‍റെ കണ്ണീര്‍ തുടയ്ക്കുന്നു. ജോമോന്‍റെ ചുണ്ടുകള്‍ക്കിടയില്‍ മന്ദസ്മിതത്തിന്‍റെ ഒരു സൂര്യന്‍ ഉദിക്കുന്നു. ദൈവരാജ്യം മണ്ണില്‍ സമാഗതമാകുന്നത് ഇങ്ങനെയാണല്ലോ എന്ന് കൃതാര്‍ത്ഥതയോടെ ഫാദര്‍ പോള്‍സണ്‍ ഓര്‍ത്തു.
അന്നേരം തിരുരൂപത്തിന് മുമ്പില്‍ എരിഞ്ഞ് നിന്നിരുന്ന മെഴുകുതിരിക്ക് ചുറ്റും പരന്ന് കിടന്നിരുന്ന ഇരുള്‍നിഴല്‍ അപ്പോള്‍ പൂര്‍ണമായും വറ്റിത്തീര്‍ന്നിരുന്നു.
ശുഭം.
ഒരു ശുഭപരിണാമക്കഥ
ബിനോയ്.എം.ബി.
അസ്സീസി മാസിക സെപ്റ്റംബർ 2025





















