top of page

വിലാപങ്ങള്‍ക്കുമപ്പുറം

Jul 4, 2025

5 min read

ഡോളി ത��ോമസ്

വസന്തത്തിലും വിറങ്ങലിച്ചു നില്‍ക്കുന്ന തരുശാഖികള്‍ക്ക് കീഴിലൂടെ മറിയം അല്പം വേഗത്തില്‍ത്തന്നെ നടന്നു. മരങ്ങളില്‍ നിന്നും പാതയോരത്തു വീണുകിടക്കുന്ന പൂക്കളില്‍ അപ്പോളും വാടാത്തവയുണ്ടെന്ന് കാലടികളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന നേര്‍ത്ത ഈര്‍പ്പത്തില്‍ നിന്നും മനസ്സിലാക്കി. പ്രഭാതമാകാന്‍ ഇനിയും നാഴികകള്‍ കൂടി ബാക്കിയുണ്ട്. സൈത്തുമരങ്ങള്‍ ഇലകള്‍ കൊഴിച്ചു കറുത്ത അസ്ഥിപഞ്ജരങ്ങള്‍ പോലെ ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്നു.


രാക്കിളികളുടെ കൂജനവും കൂമന്‍റെ മൂളലും ഒട്ടും ഭയപ്പെടുത്തിയില്ല. പ്രതിബന്ധമറിയാത്ത സ്നേഹം അവളെ മുന്നോട്ട് നയിച്ചു.


കയ്യിലെ മുനിഞ്ഞു കത്തുന്ന കൊച്ചു റാന്തലില്‍ നിന്നുതിരുന്ന വെളിച്ചത്തില്‍ കാലുകള്‍ക്ക് വേഗത കൂടി. എത്രയും പെട്ടെന്ന് കല്ലറയിങ്കലെത്തണം. അതിരാവിലെ എണീറ്റു പോരുമ്പോള്‍ അമ്മ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇന്നലെ കല്ലറയ്ക്ക് കാവല്‍ നിന്ന റോമന്‍ പടയാളികളോട് തര്‍ക്കിച്ചും യാചിച്ചും പ്രാര്‍ത്ഥിക്കാന്‍ അനുവാദം വാങ്ങിയപ്പോളേക്കും സമയം വൈകി. തിരിയെ എത്തുമ്പോള്‍ അമ്മ ഉണര്‍ന്നിരുന്നു.


മാനസികവ്യഥയും ഉപവാസവും ഏറെ തളര്‍ത്തിയ അമ്മയുടെ ശുശ്രൂഷ മാത്രമാണ് ഇനി ജീവിതലക്ഷ്യം. കൊച്ചു യോഹന്നാനെയാണ് അമ്മയുടെ ഉത്തരവാദിത്തം ഏല്പിച്ചിട്ട് റബ്ബി ജീവന്‍ വെടിഞ്ഞതെങ്കിലും, താനും കൂടെയുണ്ടാവണമെന്ന് ആ മനസ്സ് ആഗ്രഹിച്ചിരുന്നത് അറിഞ്ഞു.


പുഴുക്കുത്തു വീണ ഈ ജീവിതത്തെ മനോഹരമായ ഒരു പൂവാടിയാക്കിയത് ആ കാരുണ്യവും സ്നേഹവുമായിരുന്നല്ലോ. കരുണവഴിയുന്ന കണ്ണുകളും ശാന്തവും സ്നേഹമസൃണമായ പെരുമാറ്റവും മറ്റേതു പുരുഷന്മാരെക്കാളും ഉന്നതനാണ് അവനെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു. ഒരു നോട്ടം മാത്രം മതിയാകും ഏതു കഠിനഹൃദയവും ഉഴുതുമറിക്കപ്പെടാന്‍.


റബ്ബിയെ കണ്ടുമുട്ടുന്നതിന് മുമ്പ് ജീവിതത്തില്‍ എത്രയോ പുരുഷന്മാരെ കണ്ടു. അവരോടൊപ്പം സഹവസിച്ചു. എന്നിട്ടും ആരോടും പ്രത്യേക മമതയോ സ്നേഹമോ ഒരിക്കലും തോന്നിയിട്ടുമില്ല. തന്‍റെ ശരീരം ഭക്ഷിച്ചു വിശപ്പടക്കാന്‍ ആര്‍ത്തി പൂണ്ടു വന്ന ആ ചെന്നായ്ക്കളുടെ കണ്ണുകളില്‍ എരിയുന്നത് കാമത്തിന്‍റെ കനല്‍ മാത്രമാണ്. അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്ന അബ്നോര്‍ പോലും ഒരു പരിധിയില്‍ കൂടുതല്‍ തന്‍റെയുള്ളില്‍ കയറിട്ടില്ല. അവന്‍ മാത്രമാണ് തന്നെ സ്നേഹിച്ചുകൊണ്ട് ശരീരത്തെ പ്രാപിച്ചത്. ആ ഒരു സന്മനസ്സ് കാട്ടിയതിനാലാണ് അവനോട് പ്രത്യേക മമത തോന്നിയത്.

*****

അന്ന് വരുമ്പോള്‍ അബ്നോര്‍ വിഷാദമൂകനായിരുന്നു. അതിന്‍റെ കാരണമന്വേഷിച്ചു.


'യേശു എന്നൊരു റബ്ബി വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെയടുക്കല്‍ നിന്നെ വിചാരണ ചെയ്യാന്‍ പ്രമാണിക്കൂട്ടങ്ങള്‍ ഒരുങ്ങുന്നുണ്ട്. കരുതിയിരിക്കുക.' പുച്ഛമാണ് തോന്നിയത്. അതിനു മുന്നേ ദലീല പറഞ്ഞും ഒരിക്കല്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു.


"ഓഹോ. അതേതാണ് ആ മഹാനായ റബ്ബി?" മനസ്സ് മറ്റെവിടെയോ ആയിരുന്ന അബ്നോറിന് ആ പരിഹാസം മനസ്സിലായില്ല.


"അബ്നോര്‍..നീയെന്താ ആലോചിക്കുന്നത്?"


അതിന് മറുപടിയായി അവന്‍ സ്വപ്നത്തിലെന്ന പോലെ പറഞ്ഞുകൊണ്ടിരുന്നു.


"അദ്ദേഹത്തിന്‍റെ അത്ഭുതവിദ്യകള്‍ ഹാ എത്ര മഹത്തരം!. രോഗികളെ സുഖപ്പെടുത്തുന്നു. പാപികളുടെ പാപം മോചിക്കുന്നു. ആ വാഗ്ധോരണി ഒന്ന് കേള്‍ക്കേണ്ടത് തന്നെ."


"ഓ..പിന്നെ. ?" അതിനെ അത്ര നിസ്സാരമായി അംഗീകരിച്ചു കൊടുക്കാന്‍ മനസ്സ് വന്നില്ല.


"പരിഹസിക്കേണ്ട മറിയം. സിനഗോഗിന് മുന്നില്‍ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന ജന്മനാ അന്ധനായ തിമായിയെ നീയറിയില്ലേ? അവനിപ്പോള്‍ കാഴ്ച്ചയുണ്ട്. ആ കാഴ്ച്ച നല്‍കിയത് യേശുവാണ്."


"ഇതൊക്കെ ഓരോ ചെപ്പടി വിദ്യകളല്ലേ. ഇങ്ങനെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു സമയം കളയാതെ." ആ പറച്ചില്‍ അവഗണിച്ചു അബ്നോറിനെ ആലിംഗനം ചെയ്തപ്പോള്‍ കൈ തട്ടിമാറ്റി അവന്‍ എണീറ്റു.


"മറിയം നമ്മളീ ചെയ്യുന്നത് പാപമാണ്. ഞാനിനി ഇങ്ങോട്ട് വരില്ല. നീയും ഈ തൊഴില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ നോക്ക്. ഇക്കാര്യം പറയാന്‍ മാത്രമാണ് ഞാനിങ്ങോട്ട് വന്നത്." അബ്നോര്‍ ഇറങ്ങിപ്പോകുന്നത് ദുഃഖത്തോടെ നോക്കി നിന്നു. അപ്പോള്‍ യേശുവിനോട് തോന്നിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.


അത്യധികം നിരാശയോടെ കട്ടിലില്‍ കമിഴ്ന്നു കിടന്നു. അബ്നോര്‍ വരുമ്പോള്‍ മാത്രം ധരിക്കുന്ന നിറയെ ഞൊറികളുള്ള നേര്‍ത്ത ലിനന്‍ ഉടുപ്പ് അലസമായി കട്ടിലിന്‍റെ താഴേയ്ക്ക് വിടര്‍ന്നു കിടന്നു. ആ കാഴ്ച്ച ആരെയും വശീകരിക്കാന്‍ തക്കതായിരുന്നു. ലെബനോനിലെ ദേവതാരുവില്‍ നിന്നും വാറ്റിയെടുത്ത വിലകൂടിയ പരിമള ദ്രവ്യത്തിന്‍റെ നറുഗന്ധം മുറിയിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നു. ഒക്കെ വെറുതെയായ സങ്കടം കൊണ്ട് വിതുമ്പിപ്പോയി.


അബ്നോര്‍ ഉപേക്ഷിച്ചു പോയതിന് ശേഷം ഒരാഴ്ച്ച തികഞ്ഞില്ല. ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ചു മയങ്ങാന്‍ തുടങ്ങുകയായിരുന്നു. പുറത്ത് ഒരാരവം കേട്ട് കിളിവാതിലിലൂടെ നോക്കി. അതാ ഒരു പുരുഷാരം വീടിന് നേരെ വരുന്നു. അവര്‍ ആക്രോശിക്കുകയും തന്‍റെ പേര് വിളിക്കുകയും ചെയ്യുന്നു. 'ഏറ്റവും മുന്നില്‍ തന്‍റെ ജീവിതം ഇങ്ങനെയാക്കിയ പേക്കഹ്യാവ് ആണ്. മുന്നിലുള്ളവരില്‍ പലരും ഒരിക്കലെങ്കിലും തന്നോടൊപ്പം ശയിച്ചിട്ടുമുണ്ട്. ഇവരെല്ലാം കൂടി ഇങ്ങോട്ട് വരുന്നതില്‍ എന്തോ കുഴപ്പമുണ്ടല്ലോ.' അപകടം മനസ്സിലാക്കി മറിയം കിളിവാതില്‍ അടച്ചു.


താമസിയാതെ വീടിന് മുന്നിലെ വേലി പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് ആരവത്തോടെ വാതിലില്‍ ശക്തിയായി മുട്ടുന്നു. മറിയം ശ്വാസം അടക്കിപ്പിടിച്ചിരുന്നു.


"വാതില്‍ തുറക്കെടീ.....'


പിന്നെ സഭ്യമല്ലാത്ത പദങ്ങളാല്‍ ഒരഭിഷേകമായിരുന്നു. കാത് പൊത്തിപ്പോയി. കുറേ നേരത്തെ മുട്ടിനും ചീത്തവിളികള്‍ക്കും ശേഷം വാതില്‍ അകത്തേയ്ക്ക് പൊളിഞ്ഞു വീണു. അതിന് മുകളിലൂടെ മെതിയടി ശബ്ദങ്ങള്‍ സമീപത്തേയ്ക്ക് വരുന്നത് അറിഞ്ഞു കണ്ണുകള്‍ ഇറുക്കിയടച്ചു. പൊടുന്നനെ നാലു ജോഡി കൈകള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ദേഹത്തു മുറുകി. വായുവിലേയ്ക്കുയര്‍ന്നതും നിമിഷം കൊണ്ട് മുറ്റത്തേയ്ക്ക് അലച്ചുവീണു. കൈകാലുകളും തലയും മുതുകുമൊക്കെ നിലത്തടിച്ചു വേദനിച്ചു. ഞരമ്പുകള്‍ പറിഞ്ഞുപോകുമ്പോലെ. നിലവിളി വകവയ്ക്കാതെ ഓമനിച്ചു വളര്‍ത്തിയ ശോശന്നച്ചെടികള്‍ക്ക് മുകളിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. നീണ്ടു സമൃദ്ധമായ മുടിയിഴകള്‍ പലരുടെയും കൈക്കുള്ളിലായി. തലയോട് പൊളിഞ്ഞു പോകുന്ന വേദന. എങ്കിലും കരഞ്ഞില്ല. ഈ നന്ദി കെട്ടവന്മാരുടെ മുന്നില്‍ ഒരുതുള്ളി കണ്ണീര്‍ വീണാല്‍ അതായിരിക്കും ഏറ്റവും വലിയ അപമാനമെന്ന് മനസ്സിലായി.


അന്ന് ദലീലയോടൊപ്പം ദേമാസിന്‍റെ വയലില്‍ കാലാ പെറുക്കുകയായിരുന്നു. കൂടുതല്‍ ഗോതമ്പ് കിട്ടുമല്ലോ എന്നോര്‍ത്ത് സമയം വൈകിയും വീണുകിടന്ന ഗോതമ്പ് കതിരുകള്‍ തിടുക്കത്തില്‍ പെറുക്കിക്കൂട്ടി കറ്റ കെട്ടി വയ്ക്കുമ്പോളാണ് നാട്ടിലെ സിനഗോഗ് അധികാരിയുടെ മകനായ പേക്കഹ്യാവും കൂട്ടാളികളും ആ വഴി വന്നത്. മദ്യപിച്ചു മദോന്മത്തരായ അവരെക്കണ്ടപ്പോള്‍ കിട്ടിയ ഗോതമ്പുമായി വേഗം പോകാനൊരുങ്ങി. പക്ഷേ രക്ഷപ്പെടാന്‍ പഴുത് കിട്ടും മുന്നേ അവര്‍ കീഴടക്കിക്കളഞ്ഞു. അതോടെ രണ്ടുപേരും ഗോത്രത്തിന് പുറത്തായി. പിന്നീട് ജീവിക്കാന്‍ മറ്റു വഴികളൊന്നും ഇല്ലായിരുന്നതിനാല്‍ ഇതില്‍ തുടര്‍ന്നു. ഇഷ്ടം പോലെ ദനാറ കയ്യില്‍വന്നു. പിന്നെ തിരിഞ്ഞു നോക്കിയില്ല. നാട്ടിലെ ഏറ്റവും വില കൂടിയ ഗണികകളില്‍ ഒരാളായി മറിയം മാറുകയായിരുന്നു...

ബഹളം നിലച്ചിരിക്കുന്നു.


എത്ര ദൂരം വലിച്ചിഴച്ചു എന്നറിയില്ല. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു. മുടിയിഴകളില്‍ പാതിയും പിഴുതുപോയി. ദേഹം നിറയെ മുറിവും ചോരയും. ജനക്കൂട്ടം ആരുടെയോ ഉത്തരവിന് കാതോര്‍ത്ത് നിശ്ശബ്ദരായി നില്‍ക്കുകയാണെന്നു മനസ്സിലായി. ഭൂമിയില്‍ ശിരസ്സമര്‍ത്തി അനിവാര്യമായ വിധിയും കാത്തിരുന്നു. കുറച്ചു സമയം അങ്ങനെ കടന്നുപോയി. ഒടുവില്‍... അതാ ആ ശബ്ദം മനസ്സിലും കാതിലും തേന്മഴയായി പെയ്യുന്നു.


"നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ."

A hand in a beige robe draws on sandy ground, creating a thoughtful and serene mood.

ആദ്യത്തെ കല്ല് നെറുകയില്‍ വീഴുന്നതും കാത്ത് കണ്ണുകള്‍ ഇറുക്കിയടച്ചു. വീണ്ടും നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. ഇല്ല ആരും തന്നെ എറിഞ്ഞിട്ടില്ല. ഒന്നും സംഭവിക്കുന്നില്ല എന്നു കണ്ടു മെല്ലെ കണ്ണുതുറന്നു. ചുറ്റും കൂമ്പാരമായി കല്ലുകള്‍. വിധിയാളന്‍റെ മുഖത്ത് ഒരു നിമിഷം മിഴികള്‍ തറഞ്ഞു. ആ പുഞ്ചിരി. കണ്ണുകളില്‍ വഴിയുന്ന കരുണ സ്നേഹം. ശരീരത്തിലൂടെ അഗ്നി പ്രവഹിക്കുന്നത് പോലെ. ആ പാദങ്ങളില്‍ വീണു പൊട്ടിക്കരഞ്ഞു. മനസ്സിലെയും ശരീരത്തിലേയും മാലിന്യങ്ങളെല്ലാം മിഴിനീരില്‍ ഒഴുകിപ്പോയി. തോളില്‍ അതിമൃദുവായ ഒരു കരസ്പര്‍ശം.


"എഴുന്നേല്‍ക്കുക. ഇനി മേലില്‍ പാപം ചെയ്യരുത്." അത് താക്കീതായിരുന്നില്ല. സ്നേഹമസൃണമായ നിര്‍ദ്ദേശമായിരുന്നു. വിധിയാളന്‍റെ ആനുകൂല്യം. ആ പാദത്തിങ്കല്‍ നിന്നും എണീറ്റ് നടക്കുമ്പോള്‍ ചെതുമ്പലുകള്‍ പോലെ എന്തൊക്കെയോ ഉള്ളില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് അറിഞ്ഞു. പാപത്തിന്‍റെ പഴുത്തു ചീഞ്ഞളിഞ്ഞ വൃണങ്ങള്‍ ഒരു നിമിഷം കൊണ്ട് സുഖപ്പെട്ടു. ശാന്തമായ മനസ്സ്. ഹൃദയത്തിനുള്ളിലേയ്ക്ക് കടക്കുന്ന ആ കണ്ണുകളും പുഞ്ചിരിയുമായിരുന്നു മനസ്സിലപ്പോഴും.


വീട്ടിലെത്തി ഒരു മൂലയില്‍ ചുരുണ്ടുകൂടി. അടയ്ക്കാനായി വീടിന് വാതിലുകള്‍ ഉണ്ടായിരുന്നില്ല. ആരും തിരിഞ്ഞുനോക്കിയില്ല. ജലപാനം പോലുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. ഇരിപ്പുറയ്ക്കാതെ മൂന്നാം ദിവസം പ്രഭാതത്തില്‍ എണീറ്റു യേശുവിന്‍റെ സമക്ഷത്തേയ്ക്ക് നടന്നു. ഒരു പാറപ്പുറത്തിരുന്നു പഠിപ്പിക്കുകയാണ് അദ്ദേഹം. ആ കണ്ണില്‍പ്പെടാതെ ജനക്കൂട്ടത്തിന്‍റെ ഏറ്റവും പിന്നില്‍ മറഞ്ഞിരുന്നു. ഇടയ്ക്കെപ്പോഴോ ആ കണ്ണുകള്‍ തന്‍റെ നേരെ നീളുന്നത് കണ്ടു. അവയെ നേരിടാനാകാതെ പൂഴിയില്‍ പതിഞ്ഞുകിടന്നു. ഇങ്ങനെ ദിവസങ്ങളോളം ഒലിവ് മരത്തിനും അത്തിമരത്തിനും ജനസഞ്ചയത്തിനും പിന്നില്‍ മറഞ്ഞിരുന്ന് ആ മധുര്യമൂറുന്ന പ്രഭാഷണം കേട്ടു. പക്ഷേ എപ്പോളൊക്കെ കൂടുതല്‍ മറഞ്ഞിരിക്കാന്‍ ആഗ്രഹിച്ചുവോ അപ്പോളൊക്കെയും കണ്ടുപിടിക്കപ്പെട്ടു. ആ കണ്ണുകളില്‍ നിന്നും എവിടെയും ഒളിക്കാനാകില്ല എന്ന് തിരിച്ചറിയുകയായിരുന്നു. ജ്ഞാനം തുളുമ്പുന്ന ആ വാക്കുകള്‍ പശ്ചാത്താപത്തിന്‍റെ തീക്കനല്‍ ഹൃദയത്തില്‍ നിറച്ചു. കുന്തിരിക്കം പോലെ പുകഞ്ഞു. ഉള്ളം സുഗന്ധപൂരിതമായി.


ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. ആരോടൊക്കെയോ ചോദിച്ചറിഞ്ഞു ഗലീലിയായിലേയ്ക്ക് പുറപ്പെട്ടു. വഴിയില്‍ ആരും തിരിച്ചറിയാതിരിക്കാനായി പാദങ്ങളും കൈകളും വരെ മൂടുന്ന നീളന്‍ കുപ്പായവും കട്ടിയുള്ള മൂടുപടവും ശിരോവസ്ത്രവും ധരിച്ചിരുന്നു. കാലുകള്‍ക്ക് വേഗം കൂടിയപ്പോള്‍ എവിടെയൊക്കെയോ തട്ടിമുറിഞ്ഞു. അതൊന്നും വകവയ്ക്കാതെ ഝടുതിയില്‍ നടന്നു. മധ്യാഹ്നമായപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തി. ഒലിവ് മരങ്ങള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു കൊച്ചു കുടിലിന്‍റെ വാതിലില്‍ മുട്ടി. വാതില്‍ തുറക്കപ്പെട്ടതും അനുവാദം പോലും ചോദിക്കാതെ അകത്തേയ്ക്ക് കടന്നു അമ്മയുടെ കാലുകള്‍ കെട്ടിപ്പിടിച്ചു യാചിച്ചു.


"അമ്മേ എന്നെ ഇവിടെ സ്വീകരിക്കണം. അമ്മയ്ക്കും റബ്ബിക്കും ശുശ്രൂഷ ചെയ്തുകൊണ്ട് ഞാനിവിടെ കഴിഞ്ഞോളാം. എന്നെ പറഞ്ഞു വിടരുതേ."

"എണീക്കൂ..എന്താണീ കാട്ടുന്നത്?"


മകനേക്കാള്‍ ശാന്തമായ ശബ്ദം. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.


"വരൂ." ഇടത്തുകൈയില്‍ പിടിച്ചുകൊണ്ട് അമ്മ വിളിച്ചു.


ഒട്ടും ശങ്കിക്കാതെ ഒപ്പം നടന്നു. ഏതാണ്ട് ഒന്നര നാഴിക പിന്നിട്ടു കാണും. രണ്ടു വളവും തിരിഞ്ഞു പാതയ്ക്ക് മുകളിലുള്ള ഒരു കൊച്ചു വീടിന്‍റെ മുന്നിലെത്തി നിന്നു. അമ്മ ആ വാതിലില്‍ തട്ടിയപ്പോള്‍ ഒരു വൃദ്ധ പുറത്തേയ്ക്ക് വന്നു ആഗതരെക്കണ്ട് അമ്പരന്നു.


"ആര് മറിയമോ! വരൂ. ആരാണ് കൂടെയുള്ളത്?"


"ഇളയമ്മ പറഞ്ഞില്ലേ ഒരു പെണ്‍കുട്ടിയെ സഹായത്തിന് വേണമെന്ന്. ഇതാ ഇവളെ ഇവിടെ നിര്‍ത്തിക്കോളൂ." മുന്നിലേക്ക് നീക്കിനിര്‍ത്തി അമ്മ പറഞ്ഞു. വൃദ്ധ വന്ന് കൈ പിടിച്ചു. "എന്‍റെ മറിയം കൊണ്ടുവന്നതല്ലേ. ആരാ എന്താന്നൊന്നും ചോദിക്കുന്നില്ല. നിന്നെ ഞാന്‍ വിശ്വസിക്കുന്നു. വരൂ." സ്നേഹത്തോടെ അകത്തേയ്ക്ക് ആനയിച്ചു.


തിരിച്ചു പോകും മുന്നേ അമ്മ രഹസ്യമായി നിര്‍ദ്ദേശം തന്നു. 'നീയാരെന്ന് ചോദിക്കുന്നവരോട് എന്‍റെ ചാര്‍ച്ചക്കാരിയാണെന്നു മാത്രം പറഞ്ഞാല്‍ മതി." മകന് പേരുദോഷം ഉണ്ടാകാതിരിക്കാന്‍ അമ്മയുടെ മുന്‍കരുതലാണ് അതെന്ന് മനസ്സിലായി. ആ മനസ്സിനെ ആദരപൂര്‍വ്വം നമിച്ചു. റബ്ബിയെയും അമ്മയെയും ശുശ്രൂഷിക്കാനും മറ്റുമായി ഇടയ്ക്കിടെ അങ്ങോട്ടും പോകുമായിരുന്നു.


അന്ന് വീടു വിട്ടിറങ്ങുമ്പോള്‍ ആ വിലകൂടിയ പരിമളതൈലം കൂടി കയ്യില്‍ കരുതിയിരുന്നു. തന്‍റെ സമര്‍പ്പണം പൂര്‍ണ്ണമാകണമെങ്കില്‍ അതുകൂടി ആ പാദത്തില്‍ അര്‍പ്പിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍ വെച്ചാണ് അതിന് അവസരം ഒത്തുവന്നത്. വീണ്ടും ആ പാദത്തിങ്കല്‍ ഒരിക്കല്‍ക്കൂടി സാഷ്ടാംഗം പ്രണമിച്ചു. കൂടെയുണ്ടായിരുന്നവര്‍ പിറുപിറുക്കുന്നത് കേട്ടെങ്കിലും അതൊന്നും വകവെച്ചില്ല.


റബ്ബിയെ പരീശന്മാരും റോമന്‍ പടയാളികളും കൂടി പിടിച്ചുകൊണ്ടുപോയി എന്ന വാര്‍ത്ത തിരിച്ചു പോകുന്ന വഴിക്ക് അറിഞ്ഞു അമ്മയുടെ സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. തകര്‍ന്ന മനസ്സുമായി ഇരിക്കുന്ന അമ്മയുടെ കൈകളെടുത്തു ചുംബിച്ചപ്പോള്‍ ഒന്നു ചേര്‍ത്തു പിടിച്ചു. പിന്നീട് ആ സമീപത്തു നിന്നും മാറിയില്ല. അമ്മയുടെ ദുഃഖം കൂടി പകുത്തെടുത്തു. ഒടുവില്‍ ഗാഗുല്‍ത്താ യാത്രയില്‍ ഒരു തുള്ളി കണ്ണീര്‍ പോലുമൊഴുക്കാതെ അദ്ദേഹത്തോടൊപ്പം അനുയാത്ര ചെയ്തു. ആകെ കീറിപ്പറിഞ്ഞ റബ്ബിയുടെ ശരീരം കണ്ടു ഹൃദയം നുറുങ്ങി. അമ്മയേയും ചേര്‍ത്തുപിടിച്ചു യാത്ര തുടര്‍ന്നു. മുള്‍മുടിയുടെ കൂര്‍ത്ത മുനകുത്തി ചോര ചാലിട്ടൊഴുകുന്നു. ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം ആ മുഖം ചതഞ്ഞു വീര്‍ത്തിരുന്നു.


ഇടയ്ക്ക് എപ്പോളൊക്കെയോ അതിദയനീയമായ നോട്ടം തന്‍റെ മിഴികളുമായി കൊരുത്തപ്പോള്‍ മനസ്സ് പിടഞ്ഞു. മറ്റു സ്ത്രീകള്‍ അലമുറയിട്ടു കരയുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നു കണ്ടു. അമ്മ വേദന ഉള്ളിലൊതുക്കി നീങ്ങുകയാണ്. ആ ഹൃദയം നുറുങ്ങിപ്പിടയുന്നത് വിരലുകള്‍ കൈകളില്‍ മുറുകി വേദനിക്കുമ്പോളൊക്കെ അറിഞ്ഞു.


പ്രാണന്‍ പിരിഞ്ഞ ആ ദേഹം ജോസഫിനോടൊപ്പം മറവ് ചെയ്ത് ഏറെ വൈകിയാണ് അമ്മയെയും കൂട്ടി കൊച്ചുയോഹന്നാനൊപ്പം മടങ്ങിയത്. അമ്മ ആകെ പരിക്ഷീണയായിരുന്നു. വേര്‍പാടിന്‍റെ വേദന താങ്ങാനാകാതെ ആ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്ങനെയും പുലരും മുന്നേ കല്ലറയിങ്കല്‍ എത്താനായിരുന്നു തിടുക്കം.


സുഗന്ധക്കൂട്ടുകളും ശോശന്നപ്പുഷ്പങ്ങളും അടങ്ങിയ താലം നെഞ്ചോട് അടക്കിപ്പിടിച്ചു. കാലുകള്‍ക്ക് വേഗം കൂടി. ഒരിളങ്കാറ്റ് ആശ്വസിപ്പിക്കാനെന്നോണം തഴുകി കടന്നുപോയി. ഗാഗുല്‍ത്താ ദൂരെ കരിമ്പടം പുതച്ച രാക്ഷസനെപ്പോലെ ഉയര്‍ന്നു നില്‍ക്കുന്നു. ശപിക്കപ്പെട്ട ആ മലയെ നോക്കാന്‍ തന്നെ ഭയം തോന്നുന്നു. റബ്ബിയുടെ ഒടുവിലത്തെത്തുള്ളി രക്തവും വീണു കുതിര്‍ന്ന ആ മല തന്‍റെ പാപങ്ങള്‍ കൂമ്പാരമായതാണെന്നു തോന്നി.


കല്ലറയ്ക്കലെത്തിയപ്പോള്‍ നടുങ്ങിപ്പോയി. കവാടത്തിലെ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു. കാവല്‍ക്കാരെ അവിടെയെങ്ങും കാണാനില്ല. ആ ദ്രോഹികള്‍ തന്‍റെ റബ്ബിയുടെ ദേഹവും ഇവിടുന്ന് എടുത്തു കൊണ്ടുപോയോ! മറിയം സങ്കടം കൊണ്ട് വിതുമ്പി. റാന്തലുയര്‍ത്തി അകത്തേയ്ക്ക് കുനിഞ്ഞു നോക്കിയപ്പോള്‍ അപരിചിതരായ രണ്ടുപേര്‍ അവിടെയിരിക്കുന്നത് കണ്ടു.


"നിങ്ങള്‍ എന്‍റെ റബ്ബിയെ എവിടെയാണ് കൊണ്ടുപോയത്? എന്നോട് പറയ്. ഞാന്‍ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം."


"അവനിവിടെയില്ല. ഉയിര്‍ത്തെഴുന്നേറ്റു." അവരിലൊരാള്‍ പറഞ്ഞതെന്തെന്ന് മനസ്സിലായില്ല. ദുഃഖഭാരത്താല്‍ ഇന്ദ്രിയങ്ങളുടെ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നു.


"നിങ്ങള്‍ നുണ പറയുകയാണ്." അവരോട് തര്‍ക്കിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പിന്നില്‍ ഒരു സ്വരം കേട്ടു.


"മറിയം.." ഇരുട്ടില്‍ അതാരാണെന്നു കണ്ടില്ല. ഘനീഭവിച്ച ഹൃദയത്തിന് ശബ്ദം തിരിച്ചറിയാനും കഴിഞ്ഞില്ല.


"അങ്ങെങ്കിലും ഒന്ന് പറയുമോ അദ്ദേഹത്തെ എവിടെയാണ് കൊണ്ടുപോയതെന്ന്?" ആ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി.


"മറിയം... നീയെന്നെ തടഞ്ഞു നിര്‍ത്താതിരിക്കുക. ഞാനിതുവരെയും എന്‍റെ പിതാവിന്‍റെ പക്കലേക്ക് കയറിയിട്ടില്ല."


ആ വാക്കുകള്‍ കേട്ട് അത്ഭുതത്തോടെയും ആനന്ദത്തോടെയും മിഴിച്ചു നിന്നുപോയി. മനസ്സില്‍ നിന്നും ഒരു കറുത്ത തിരശീല ഊര്‍ന്നു വീണു. ഹൃദയം പ്രകാശിച്ചു. റാന്തലും താലവും താഴെയിട്ട് ആ കാലുകളില്‍ കെട്ടിപ്പിടിച്ചു വിതുമ്പി.


"റബ്ബോനീ...."


ആ പാദത്തിങ്കല്‍ നമസ്ക്കരിച്ചിട്ട് എണീറ്റ് ഓടിപ്പോകുംവഴി അവള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.


"എന്‍റെ റബ്ബി..ഉയിര്‍ത്തെഴുന്നേറ്റു...എന്‍റെ റബ്ബി..."


അപ്പോള്‍ മറിയത്തിന്‍റെയുള്ളിലും ഒരു പറുദീസ പൂത്തിറങ്ങുകയായിരുന്നു.


കഥ,വിലാപങ്ങള്‍ക്കുമപ്പുറം

ഡോളി തോമസ്,

അസ്സീസി മാസിക, ജൂലൈ 2025

Jul 4, 2025

10

219

Recent Posts

bottom of page