top of page

മാധ്യമ പ്രവര്‍ത്തനത്തിലെ കര്‍മ്മയോഗി

May 1

4 min read

�ജസ്റ്റീസ് കുര്യന്‍ ജോസഫ്
Fr. Xavier Vadakekara

മാധ്യമ പ്രവര്‍ത്തനം ഒരു പ്രേഷിത വേലയാണ് എന്ന് തിരിച്ചറിഞ്ഞ് ആ പ്രേഷിത വേലയ്ക്ക് ആവശ്യമായിട്ടുള്ള തുറവി, പ്രവാചക ധീരത, സത്യത്തോടുള്ള കമ്മിറ്റുമെന്‍റ് ഒരിക്കലും ചായാതെ, ചെരിയാതെ, വളയാതെ, തിരിയാതെ, മറിയാതെ സത്യം സത്യമായി തന്നെ കാണാനും അവതരിപ്പിക്കാനും കാട്ടിയ ആ ധീരത, നീതിബോധം ഇതൊക്കെയായിരുന്നു സേവ്യര്‍ അച്ചന്‍റെ ജീവിതത്തിന്‍റെ പ്രധാന അംശങ്ങള്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം തന്‍റെ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത് തന്നെ അസ്സീസിയില്‍ നിന്നാണ്. അസ്സീസി മാസികയില്‍ നിന്നാണ് …


അസ്സീസി മാസികയില്‍ മാനേജിങ് എഡിറ്റര്‍ ആയിട്ട് 1981 ല്‍ ആണ് അദ്ദേഹം സേവനം ആരംഭിക്കുന്നത് . പിന്നീട് അതിന്‍റെ എഡിറ്റര്‍ ആയി മാസികയുടെ മുഖഛായ മാറ്റുന്ന കാര്യത്തില്‍ ഒരുപാട് പങ്കുവഹിക്കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. ഒരു ഭക്ത മാസിക എന്നുള്ള പ്രതിഛായ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്താണ് യഥാര്‍ത്ഥത്തിലുള്ള ഭക്തി എന്നും, ആ ഭക്തി യുക്തിഭദ്രമാണ് എന്നും ഒക്കെയുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകളും മറ്റും അച്ചന്‍റെ കാലത്ത് അസ്സീസി മാസികയില്‍ ആരംഭിക്കുകയുണ്ടായി. യുക്തിഭദ്രം അല്ലാത്ത ഒരു വിശ്വാസവും , സത്യത്തോടുള്ള തുറവിയും, നീതി ബോധം ഇല്ലാത്ത ജീവിതവും ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല എന്നും, വിശ്വാസിയുടെ ജീവിതത്തിന്‍റെ അര്‍ത്ഥം നിര്‍ണയിക്കുന്നത് സത്യത്തോടുള്ള തുറവിയും നീതിബോധവും ആണ് എന്നും അച്ചന്‍ തന്‍റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു. ഇതാണ് പ്രവാചക ധീരത എന്ന് പറയുന്നത്. പ്രവാചക ധീരതയുടെ ഏറ്റവും വലിയ ലക്ഷണങ്ങള്‍ ആണ് സത്യത്തോടുള്ള തുറവിയും, നീതി ബോധത്തോടെയുള്ള സമീപനവും, ധീരതയും.


സത്യം അറിഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. സത്യത്തോട് ഒരു കമ്മിറ്റുമെന്‍റ് ഉണ്ടായതു കൊണ്ടും കാര്യമില്ല. അതിന്‍റെ എല്ലാം ഒരു പ്രകടനം ഉണ്ടാവണം. ആ പ്രകടനത്തിന് ഒരു ധൈര്യം ഉണ്ടാവണം. ആ ധൈര്യം ആണ് പ്രവാചക ധീരത എന്ന് പറയുന്നത്. തനിക്ക് എന്ത് പറ്റുമെന്നോ തനിക്ക് എന്ത് കിട്ടുമെന്നോ നോക്കാതെ തന്‍റെ ബോധ്യങ്ങളുടെ ഉറച്ച അടിസ്ഥാനത്തില്‍ നിന്നുകൊണ്ടു തന്നെ ആ സത്യത്തോടുള്ള തുറവിയില്‍ ജീവിക്കാന്‍ ശ്രമിച്ച ഒരു നല്ല മനുഷ്യന്‍. ഒരു വിശുദ്ധനും ഒരു നല്ല മനുഷ്യന്‍ ആവാതിരിക്കാന്‍ കഴിയില്ല. നല്ല മനുഷ്യരെല്ലാം വിശുദ്ധര്‍ തന്നെ ആണെന്ന് സേവ്യര്‍ അച്ചന്‍ കാണിച്ചു തരികയും ചെയ്തു. അങ്ങനെ നല്ല മനുഷ്യരാകുന്ന വിശുദ്ധരുടെ ഗണത്തില്‍ അദ്ദേഹം കത്തോലിക്കാ സഭയിലെ അംഗങ്ങളെ മാത്രമല്ല കണ്ടത്. ഇപ്രകാരം സത്യത്തോടുള്ള തുറവിയും നീതി ബോധത്തോടെയുള്ള ജീവിതവും സത്യസന്ധതയും ആത്മാര്‍ത്ഥതയും ഒക്കെയുള്ള നല്ല മനുഷ്യര്‍ വിശുദ്ധര്‍ തന്നെയാണെന്ന് അദ്ദേഹം മനസ്സിലാക്കി. കാരണം യേശുക്രിസ്തു എല്ലാവരിലും ഉണ്ട്. യേശുക്രിസ്തു എല്ലാവരിലും ഉണ്ട് എന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്‍റെ ലക്ഷണങ്ങള്‍ അവനവന്‍റെ ജീവിതത്തില്‍ കാണിക്കുന്നവര്‍ എല്ലാവരും യേശുവിന്‍റെ അനുയായികളും ശിഷ്യരും ആണ്. അതുകൊണ്ടു തന്നെ അവര്‍ വിശുദ്ധരുമാണ്. ഇതാണ് സത്യത്തിന് സാക്ഷ്യം നല്‍കുക എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം തന്നെ. അങ്ങനെ യേശുക്രിസ്തു എന്ന സത്യത്തിന് തന്‍റെ ജീവിതത്തില്‍ വ്യാഖ്യാനം നല്‍കിക്കൊണ്ട് ആ വ്യാഖ്യാനത്തിലൂടെ അനേകരെ യേശുക്രിസ്തുവിനെപ്പോലെ സ്വന്തം ജീവിതത്തില്‍ വ്യാഖ്യാനിക്കാന്‍ സേവ്യര്‍ അച്ചന് സാധിച്ചു എന്നതാണ് സത്യം. രണ്ട് മൂന്ന് ദശാബ്ദ കാലഘട്ടം അദ്ദേഹം ഡല്‍ഹിയില്‍ ആയിരുന്നു. ഡല്‍ഹിയില്‍ ആയിരുന്ന സമയത്ത് ജാതിയും മതവും വര്‍ഗവും ഭാഷയും ദേശവും ലിംഗവും എല്ലാം മനുഷ്യനെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ആയിരുന്നിട്ടും അതിന്‍റെ എല്ലാം പരാധീനതകള്‍ അച്ചന് ഉണ്ടായിരുന്നിട്ടും അതിനെ എല്ലാം മറികടന്ന് അദ്ദേഹം എല്ലാവരുടെയും സുഹൃത്തായി മാറി. ആ സുഹൃത്തായി മാറാന്‍ അദ്ദേഹത്തെ ഏറെ സഹായിച്ചത് അദ്ദേഹത്തിന്‍റെ ജീവിത ലാളിത്യം, അദ്ദേഹത്തിന്‍റെ വിനയം സത്യസന്ധത ആത്മാര്‍ത്ഥത നീതിബോധം. അതുപോലെ, ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം. ഇത്രയും കാര്യങ്ങള്‍ ഒന്ന് കൂട്ടി വായിച്ചാല്‍ അത് സേവ്യര്‍ അച്ചന്‍ ആയിരുന്നു. സേവ്യര്‍ അച്ചന്‍ എന്നുള്ള വ്യക്തി ഈ ലോകത്തുനിന്ന് മരണം മൂലം വേര്‍പെട്ടുപോയി എന്നുണ്ടെങ്കിലും നമ്മുടെ മനസ്സുകളില്‍ ജീവിക്കാനുള്ള കാരണവും അത് തന്നെ ആയിരുന്നു. ജീവിതത്തില്‍ ലാളിത്യം ഇല്ലാതെ ഒരു വ്യക്തിക്കും വിശുദ്ധന്‍ ആകാന്‍ സാധിക്കില്ല. അസ്സീസിപ്പുണ്യാളനെ ആണല്ലോ അദ്ദേഹം ഒരു കപ്പൂച്ചിന്‍ അംഗം എന്ന നിലയ്ക്ക് തന്‍റെ ജീവിത മാതൃകയായി സ്വീകരിച്ചത്. ആ അസ്സീസിപ്പുണ്യാളനെ ഒരു വെല്ലുവിളിയായി സ്വീകരിച്ചതുകൊണ്ട് ജീവിതത്തില്‍ ഇത്രമാത്രം ലാളിത്യം പുലര്‍ത്തിയ ഒരു അച്ചനെ സാധാരണ ഗതിയില്‍ കാണാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കും. അത്രമാത്രം ലാളിത്യത്തിന്‍റെ ആള്‍രൂപം ആയിരുന്നു അച്ചന്‍. ഈ ലാളിത്യം അദ്ദേഹത്തിന് ഉണ്ടായത് അദ്ദേഹം സ്വീകരിച്ച വ്രതങ്ങളുടെ അന്തസ്സത്ത തിരിച്ചറിഞ്ഞതു കൊണ്ടാണ്. വ്രതങ്ങള്‍ അദ്ദേഹത്തിന് ഒരിക്കലും കെട്ടിയിട്ട ബന്ധനങ്ങള്‍ ആയിരുന്നില്ല. അഴിച്ചു വിട്ട സ്വാതന്ത്ര്യം ആയിരുന്നു. അത് ദാരിദ്ര്യം ആണെങ്കിലും കന്യാവൃതം ആണെങ്കിലും അനുസരണം ആണെങ്കിലും. ആ വ്രതങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം ജീവിച്ച് പ്രശോഭിപ്പിച്ച് ജീവിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.


സേവ്യറച്ചനെ സംബന്ധിച്ചിടത്തോളം കുമാരനാശാന്‍റെ 'വൈരാഗ്യമേറിയ വൈദികന്‍' എന്നുള്ള പ്രയോഗം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉള്ളത് പുരോഹിതന്‍റെ വിരക്തിയെക്കുറിച്ചാണ്. ലോകവും അതിന്‍റെ ആശകളും ധീരതയോടെ വെടിഞ്ഞ ഒരു വ്യക്തി അതാണ് വിരക്തിയെന്ന പുണ്യത്തിന്‍റെ അടിസ്ഥാനം. ധീരതയോടെയാണ് അച്ചന്‍ വെടിഞ്ഞത് അതുകൊണ്ടു തന്നെ താന്‍ പറിച്ചെടുത്തു ധീരതയോടെ വലിച്ചെറിഞ്ഞ ഒരു കാര്യങ്ങളും ഈ ലോകം ആകുന്ന ഒന്നും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. സ്പര്‍ശിക്കാന്‍ അവയ്ക്കൊന്നും കഴിയുമായിരുന്നില്ല. കാരണം അത്രയേറെ ആ ലോകത്തില്‍ നിന്നുള്ള അകലം അദ്ദേഹം പാലിച്ചിരുന്നു വിരക്തിയെന്ന പുണ്യത്തിലൂടെ. ആ വിരക്തിയെന്ന പുണ്യത്തിലൂടെ അകലം പാലിച്ചിരുന്നതുകൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ ഫ്രാന്‍സിസ്കന്‍ ആയിട്ട് ജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.


ഈ അസ്സീസ്സി പുണ്യവാളന്‍റെ ഏറ്റവും വലിയ പ്രത്യേകത ലോകത്തോട് ധീരതയോടെ വിട പറഞ്ഞു എന്നതിലാണ്. ലോകത്തോടുള്ള ഒരു മൈത്രി. ആ മൈത്രി എന്നുദ്ദേശിക്കുന്നത് ലോകത്തില്‍ ജീവിക്കുക എന്നുള്ളതാണ്. ലോകത്തില്‍ ജീവിക്കാതിരിക്കുക എന്ന അര്‍ഥത്തില്‍ അല്ല. ലോകത്തു ജീവിക്കാന്‍ വേണ്ടി അവനവന്‍റെ ആത്മീയതയും അവനവന്‍റെ  തത്വങ്ങളെയും കോംപ്രമൈസ് ചെയ്യുന്ന ഒരു മൈത്രി ഉണ്ടല്ലോ. ആ മൈത്രി ആണ് കര്‍ത്താവ് ഉദ്ദേശിച്ച ലോകത്തോടുള്ള മൈത്രി. ഈ ലോകത്ത് ജീവിക്കാന്‍ വേണ്ടി അവനവന്‍റെ വിശ്വാസത്തെയും ആത്മീയതയെയും അവനവന്‍റെ അന്തസ്സിനെയും കോംപ്രമൈസ് ചെയ്യുന്ന ഒരു കപട ആത്മീയതയെക്കുറിച്ചാണ് അവിടെ അത്രമാത്രം ശക്തമായിട്ട് പറയുന്നത്. എന്താണ് ലോകത്തോടുള്ള ആ ഒരു മൈത്രി അല്ലെങ്കില്‍ ദൈവത്തോടുള്ള മൈത്രിയും ലോകത്തോടുള്ള ശത്രുതയും മാറുന്നത് എന്നുള്ളതിന്‍റെ ഒരു നേരേ എതിര്‍ വായന നടത്തിയ വ്യക്തിയാണ് സേവ്യര്‍ അച്ചന്‍. ഈ ലോകത്തു ആണ് അദ്ദേഹം ജീവിച്ചത്. ഈ ലോകത്ത് തന്നെ അദ്ദേഹം ശുശ്രൂഷ ചെയ്തതും. പക്ഷേ, ഈ ലോകത്തിന്‍റേതായ ഒന്നും അദ്ദേഹത്തെ തൊട്ടില്ല തീണ്ടിയുമില്ല.


അങ്ങനെ തൊടാതെയും തീണ്ടാതെയും ഇരിക്കാനുള്ള കാരണം അദ്ദേഹത്തിന്‍റെ വ്രതങ്ങള്‍ ആയിരുന്നു. ആ വ്രതങ്ങളോട് നൂറു ശതമാനം വിശ്വസ്തത അതിന്‍റെ അന്തസ്സത്തയില്‍ പുലര്‍ത്തിയെന്നുള്ളതാണ് സേവ്യര്‍ അച്ചന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഒരു ലളിത ജീവിതം നയിക്കുന്നതിന് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.വിനയാന്വിതനായിരുന്നു. അതേപോലെ തന്നെ ഈ ലോകത്തിന്‍റെ സുഖഭോഗങ്ങളോട് ഒരു ആസക്തിയും ഉണ്ടായിരുന്നില്ല. ഒന്നും അദ്ദേഹത്തെ വശീകരിച്ചില്ല. ഒന്നും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. കാരണം, അതിനോടെല്ലാം 'നോ' പറഞ്ഞ വ്യക്തി ആണെന്നുള്ള ബോധ്യം അദ്ദേഹം എപ്പോഴും ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. അപ്പോള്‍ അസ്സീസി പുണ്യവാളന്‍ ലോകത്തെ നോക്കി പുച്ഛിച്ചതുപോലെ തന്നെ ഒരു ആന്തരിക പുച്ഛത്തോടെ ലോകത്തെ കണ്ടതുകൊണ്ടുതന്നെ ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിന് ജീവിക്കാന്‍ ഉണ്ടായില്ല. അത് ദൈവത്തോടുള്ള മൈത്രി ആണെന്നുള്ള തിരിച്ചറിവുകൊണ്ടാണ്. അപ്പോള്‍ അപ്രകാരം ഈ ലോകത്തെ നിരാകരിച്ച, ലോകത്തെ തന്‍റെ ഉള്ളില്‍ നിന്നു പറിച്ചെടുത്ത് വലിച്ചെറിഞ്ഞ് ലോകത്തോട് ആ ഒരു ദൂരം പാലിച്ചുകൊണ്ട് ലോകം എന്നുള്ളത് അതിന്‍റ വ്യംഗ്യാര്‍ത്ഥത്തില്‍ ഉള്ള പ്രയോഗം ആണ്. അതിനോടുള്ള ദൂരം പാലിച്ചുകൊണ്ടുതന്നെ ഈ ലോകത്ത് ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയ ആളാണ്. അപ്പോള്‍ ഈ ലോകത്തില്‍ നിന്നു മാറി നില്‍ക്കണ്ട ആവശ്യമില്ല ദൈവത്തോടുള്ള മൈത്രി ഉണ്ടാവാനെന്നും, ദൈവത്തോടുള്ള മൈത്രി എന്നു പറയുന്നത് ഈ ലോകത്തെ ദൈവഹിതാനുസാരം മാറ്റിയെടുക്കാന്‍ ആയിട്ട് തന്നെക്കൊണ്ട് ആവുന്നത് ചെയ്യുക എന്നുള്ളത് ആണെന്നുള്ള ഒരു പ്രേഷിത വേല. അത് മാധ്യമരംഗം ആയിരുന്നു. ആ മാധ്യമരംഗത്ത് ദൈവത്തെ മഹത്വപ്പെടുത്താന്‍ പാകത്തിന് സത്യത്തിന്‍റെ സാക്ഷി ആവാന്‍ ധീരത കാണിച്ച, തുറവി കാണിച്ച, ജീവിച്ചു കാണിച്ച ഒരു സേവ്യര്‍ അച്ചന്‍. ആ സേവ്യര്‍ അച്ചന്‍റെ ഓര്‍മ്മകള്‍ എത്രമാത്രം നമുക്ക് അനുസ്മരിച്ചാലും മതിയാവില്ല. ആ സേവ്യര്‍ അച്ചന്‍ എന്നുള്ളത് ഒരു മരിക്കാത്ത ഓര്‍മ്മ തന്നെയാണ്.


അച്ചന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നുള്ളത് നമ്മള്‍ മാനുഷികമായി പറയുന്ന ഒന്നാണ്. കാരണം അങ്ങനെ ജീവിച്ച ഒരു വ്യക്തി ഈ ലോകത്ത് ദൈവരാജ്യം സ്ഥാപിച്ചവനാണ്. ഈ ലോകത്ത് സ്ഥാപിച്ച ദൈവരാജ്യത്തിന്‍റെ തുടര്‍ച്ചയാണ് നിത്യതയിലുള്ള ജീവിതം എന്നു പറയുന്നത്. അപ്പോള്‍ ഈ ലോകത്ത് ദൈവരാജ്യം സ്ഥാപിച്ച ഒരു സേവ്യര്‍ അച്ചന്‍ നമ്മുടെ എല്ലാം ദൃഷ്ടിയില്‍ ആ ദൈവരാജ്യത്തിന്‍റെ തുടര്‍ച്ചയാകുന്ന നിത്യതയില്‍ വിശ്രമിക്കുന്നുണ്ടാവും എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നാമെല്ലാവരും അപൂര്‍ണ്ണരായ മനുഷ്യരാണ് എന്നുള്ളതുകൊണ്ടും അതിന്‍റെ പൂര്‍ണ്ണത ദൈവം നല്‍കുന്നത് ആണ് എന്നുള്ള തിരിച്ചറിവ് ഉള്ളതുകൊണ്ടും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരാന്‍ വേണ്ടി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം എന്നുള്ളത് നമുടെ ഒരു കടമയാണ്. അത് നമുക്ക് സേവ്യര്‍ അച്ചനുവേണ്ടി കാഴ്ചവെക്കാം. അതിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ നമ്മുടെ മാധ്യമ പ്രേഷിത രംഗത്തെ സത്യസന്ധതയും നീതിബോധവും പ്രവാചകധീരതയും യുക്തിഭദ്രമായ വിശ്വാസത്തിലേക്ക് മനുഷ്യരെ നയിക്കുന്ന ഒരു ശുശ്രൂഷയുമായിട്ട് കത്തോലിക്കാ അല്ലെങ്കില്‍ ക്രിസ്തീയ മാധ്യമരംഗം മാറട്ടെ എന്നും, ജീവിത അന്തസ്സിലേക്ക് വിളിക്കപ്പെട്ടിട്ടുള്ള എല്ലാവരും അവരുടെ വിളിക്ക് യോഗ്യമായ രീതിയില്‍ അവര്‍ എടുത്തിട്ടുള്ള വ്രതങ്ങളുടെ വിശുദ്ധിയില്‍ വ്രത വിശുദ്ധിയോടെ അതിന്‍റെ അന്തസ്സത്ത പാലിച്ചുകൊണ്ട് വ്രതങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ ജീവിച്ചു കാണിച്ചു കൊടുക്കാന്‍ തക്കവണ്ണം ഉള്ള ആ ഉയരത്തിലേക്ക് വളരട്ടെയെന്നും, നമുക്ക് സേവ്യര്‍ അച്ചനോട് മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാം.



May 1

0

1

Recent Posts

bottom of page