top of page

കുടുംബശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ട്

Sep 1, 2009

2 min read

ഫാ. വിൽസൺ സുന്ദർ
Divided Couple

മാതാപിതാക്കളുടെ ആരോഗ്യകരമായ വിവാഹജീവിതം കുട്ടികളെ സംബന്ധിച്ച് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അമേരിക്കയില്‍ നടത്തിയ സമീപകാല ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രദേശങ്ങളിലേയും ദമ്പതികള്‍ക്കു ബാധകമായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പ്രസ്തുത പഠനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് ചേര്‍ത്തിരിക്കുകയാണ് ഈ ലേഖനഭാഗത്തില്‍.


1. സന്തുഷ്ട വിവാഹജീവിതം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

സന്തുഷ്ടവും ദൃഢവുമായ ഒരു വിവാഹബന്ധം ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരിക്കും. അസന്തുഷ്ടി നിറഞ്ഞ വിവാഹജീവിതം നയിക്കുന്നവരില്‍ അകാലചരമത്തിനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യകരമായ ദാമ്പത്യജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ആയുസ്സ് ശരാശരി ആയുസിനേക്കാള്‍ അഞ്ചു വര്‍ഷത്തോളം കൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അസന്തുഷ്ടരായ വിവാഹിതര്‍ക്ക് മറ്റുള്ളവരേക്കാള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിങ്ഹാം യംഗ് യൂണിവേഴ്സിറ്റിയുടെ ബിഹേവിയറല്‍ മെഡിസിന്‍ അനാലിസിസില്‍ പറയുന്നു. ഒറ്റയ്ക്കു കഴിയുന്നവരാണ് ഇക്കാര്യത്തില്‍ ഇവരേക്കാള്‍ ഭേദം. താങ്ങായി എത്ര സുഹൃത്തുക്കള്‍ ഉണ്ടായാലും സ്ഥിതി മെച്ചപ്പെടില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


2. മാതാപിതാക്കള്‍ ഇരുവരുമൊപ്പം താമസിക്കുന്ന കുട്ടികളില്‍ അല്ലാതെയുള്ള കുട്ടികളേക്കാള്‍ ശരാശരി ആരോഗ്യം വളരെ ഉയര്‍ന്ന തോതിലായിരിക്കും.

വിവാഹമോചിതരുടെയോ, അവിവാഹിത അമ്മമാരുടെയോ കുട്ടികള്‍ക്ക് ആരോഗ്യം താരതമ്യേന കുറവായിരിക്കും. കാരണം മാതാപിതാക്കളുടെ വിവാഹമോചനമോ, വേര്‍പിരിയലോ കുട്ടികളുടെ ആരോഗ്യസ്ഥിതിയേയും നേരിട്ടല്ലാത്തവിധം ബാധിക്കുന്നുണ്ട്.


3. വിവാഹമോചിതരുടെ കുട്ടികളില്‍ മാനസികമായ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും ഉണ്ടാകാനുള്ള സാധ്യതാ നിരക്ക് ഉയര്‍ന്നതായിരിക്കും

ഇത്തരം കുട്ടികള്‍ വളരുന്നതനുസരിച്ച് സാവധാനമായിരിക്കും മാനസിക അസ്വസ്ഥതകള്‍ പ്രകടമായി വരിക. ഭാവിയില്‍ ഇതുമൂലം പഠനത്തില്‍ പിന്നോക്കമാവുകയോ, വിവാഹത്തകര്‍ച്ചയോ, നല്ല രീതിയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ സാമ്പത്തിക പരാധീനതയോ ഒക്കെയുണ്ടായേക്കും. മാതാപിതാക്കളുടെ സംഘര്‍ഷഭരിതമായ ജീവിതത്തിന്‍റെ രൂക്ഷതയനുസരിച്ച് പ്രശ്നങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കാം എന്നു മാത്രം. സംഘര്‍ഷം വളരെ കടുത്തതും സ്ഥായിയായി തുടരുന്നതുമാണെങ്കില്‍ മാതാപിതാക്കളുടെ വിവാഹമോചനം തന്നെയാവാം കുട്ടികളെ സംബന്ധിച്ച് ഗുണകരമാവുക.


4. വിവാഹമോചനവും വേര്‍പിരിയലും ആത്മഹത്യാനിരക്കു കൂട്ടുന്നു

കുടുംബഛിദ്രങ്ങള്‍ മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ ആത്മഹത്യാനിരക്ക് ഉയര്‍ത്തുന്നു. വിവാഹമോചിതരായ സ്ത്രീ -പുരുഷന്മാരില്‍ ആത്മഹത്യാശ്രമങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


5. വിവാഹം കഴിക്കാത്ത അമ്മമാര്‍ക്ക് (ഇവര്‍ വിവാഹം കഴിക്കാതെ പുരുഷനോടൊപ്പം ജീവിക്കുന്നവരുമാകാം) വിവാഹിതരായ അമ്മമാരേക്കാള്‍ വിഷാദരോഗ സാധ്യത ഏറിയിരിക്കുന്നു

വിവാഹത്തിന്‍റെ സാധുത അമ്മമാരില്‍ വിഷാദരോഗത്തിനുള്ള സാധ്യതയെ വ്യത്യാസപ്പെടുത്തുന്നു. ചെറുപ്പക്കാരായ ആളുകളില്‍ വിവാഹിതര്‍, വിവാഹമോചിതര്‍, തനിയെ കഴിയുന്നവര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളനുസരിച്ച് വിവാഹം എന്നത് മാനസികവും വൈകാരികവുമായ ഒരു സുസ്ഥിതി സ്ത്രീപുരുഷന്മാര്‍ക്ക് നല്‍കുന്നതായി വ്യക്തമാക്കുന്നു. അവിവാഹിതരായ അമ്മമാരുടെ കാര്യത്തില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കും കൂടി വിഷാദരോഗ സാധ്യത കൂടുതലായി ഉണ്ടായിരിക്കും. പിതാവിന്‍റെ സാമീപ്യവും സംലഭ്യതയും കുട്ടിയ്ക്കു നഷ്ടമാവുന്നതാണ് ഇതിനു കാരണം.


6. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ വളരാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ വിവാഹമോചനത്തിനും അവിവാഹിത മാതാപിതാക്കളാകാനും ഉള്ള സാധ്യത കൂടുതലാണ്.

മാതാപിതാക്കളുടെ വിവാഹമോചനം അവരുടെ കുട്ടികളേയും മുതിര്‍ന്നുവരുമ്പോള്‍ ആ അവസ്ഥയിലേക്കുതന്നെ കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യത താരതമ്യേന ഇരട്ടിയിലേറെയാണ്.


7. കുട്ടികളുടെ വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍വച്ചു തന്നെ പരാജയമാകാനുള്ള സാധ്യത മാതാപിതാക്കളുടെ വിവാഹമോചനം മൂലമുണ്ടാകാം

മാതാപിതാക്കളുടെ വിവാഹമോചനവും അനുബന്ധ പ്രശ്നങ്ങളും വളരെയധികം ദീര്‍ഘവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലുണ്ടാക്കിയേക്കാം. ഇവര്‍ താഴ്ന്ന പഠനനിലവാരം പുലര്‍ത്താനും വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളില്‍ പിന്നിലാവാനും സാധ്യതയുണ്ട്. എന്തിനേറെ, ചില കുട്ടികള്‍ ഹൈസ്കൂള്‍ പഠനംപോലും ഉപേക്ഷിക്കാനും ഇടയായേക്കാം. സ്വന്തം പിതാവു മരിച്ചു പോവുകയും മാതാവ് ഒറ്റയ്ക്ക് വളര്‍ത്തുകയും ചെയ്യുന്ന കുട്ടികളേക്കാളേറെ അവിവാഹിതരായ അമ്മമാരോ, വിവാഹമോചിതയായ സ്ത്രീയോ വളര്‍ത്തുന്ന കുട്ടികള്‍ക്കാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏറ്റവും ബാധകമാകുന്നത് അമ്മ പുനര്‍വിവാഹിതയായാല്‍ പോലും ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല.


8. അവിവാഹിത, വിവാഹമോചിത അമ്മമാര്‍ തനിയെ വളര്‍ത്തുന്ന ആണ്‍കുട്ടികള്‍ തെറ്റുകളിലും കുറ്റകൃത്യങ്ങളിലും നിപതിക്കുവാനുള്ള സാധ്യത കൂടുതലായിരിക്കും

പാരമ്പര്യമോ, അമ്മയുടെ വിദ്യാഭ്യാസ നിലവാരമോ, സാമൂഹിക സമ്പര്‍ക്കങ്ങളോ അറിവോ ഒന്നും തന്നെ ഈ അവസ്ഥയിലുള്ള ആണ്‍കുട്ടികളെ നല്ലനിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ സഹായിക്കില്ല. മുപ്പതുകളിലെത്തുമ്പോഴേയ്ക്കും ഏതെങ്കിലും കുറ്റകൃത്യങ്ങളാല്‍ ജയിലിലാകാനുള്ള സാധ്യതയും രണ്ട് ഇരട്ടിയോളമായിരിക്കും ഇവര്‍ക്ക്. (പുനര്‍ വിവാഹിതരുടെ മക്കളിലോ ഇത് മൂന്നിരട്ടിയും).


9. ഉപദ്രവങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യത വിവാഹിതരില്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു

വിവാഹമോചിതയോ ഒറ്റയ്ക്ക് കഴിയുന്നതോ ആയ സ്ത്രീ ഉപദ്രവങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യത നാലുമുതല്‍ അഞ്ച് ഇരട്ടിവരെയാണ്. ബലാത്സംഗങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത മൂന്നിരട്ടിയോളവുമുണ്ട്. അതുപോലെ തന്നെ ഒറ്റയ്ക്കു താമസിക്കുന്നതോ, വിവാഹ മോചനം നേടിയവരോ ആയ പുരുഷന്മാര്‍ക്കും ഇത്തരം സാധ്യതകള്‍ നാലിരട്ടിയോളം വരും. കുറ്റവാളികളായിരുന്ന യുവാക്കളില്‍ നടത്തിയ പഠനമനുസരിച്ച് വിവാഹം കഴിച്ച് ഭാര്യയോടൊപ്പം ജീവിക്കുന്നവരില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത മൂന്നില്‍ രണ്ടായി താഴുന്നു. വിവാഹം കഴിക്കാത്തവരുമായി തട്ടിച്ചു നോക്കുമ്പോള്‍ വിവാഹിതരായ പുരുഷന്മാര്‍ വളരെ സമയം ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിക്കേണ്ടി വരുന്നതുമൂലം അക്രമവാസനകള്‍ നിരുത്സാഹിപ്പിക്കപ്പെടുകയും അത് പ്രോത്സാഹിപ്പിക്കുന്ന സുഹൃത്സംഘങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കുറയുകയും ചെയ്യുന്നു.


10. വിവാഹിതരായ മാതാപിതാക്കള്‍ക്കൊരുമിച്ച് താമസിക്കാത്ത കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉയര്‍ന്ന തോതിലാണ്

മാതാവിനൊപ്പമോ, വളര്‍ത്തച്ഛനൊപ്പമോ ജീവിക്കുന്ന കുട്ടികള്‍ക്ക് ദുരുപയോഗപ്പെടുത്തലിനുള്ള സാധ്യതകള്‍ ഏറിയിരിക്കുന്നു. അമ്മ മാത്രം ഒപ്പമുള്ള കുഞ്ഞുങ്ങള്‍ കരുതിക്കൂട്ടിയുള്ള ഒരു ശ്രമത്തിലൂടെ വധിക്കാപ്പെടാന്‍ പോലും ഇടയായേക്കാം. വളര്‍ത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുട്ടിക്ക് യഥാര്‍ത്ഥ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുട്ടിയേക്കാള്‍ ലൈംഗിക ദുരുപയോഗപ്പെടുത്തലിന് ഇരയാകേണ്ടിവരുന്നുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വിവാഹമെന്നാല്‍ വ്യക്തിപരമായ ഒരു വൈകാരികബന്ധത്തിനും അപ്പുറമുള്ളതാണ്. ഇത് ഒരു സാമൂഹിക നന്മ കൂടിയാണ്. നല്ല വിവാഹബന്ധങ്ങള്‍ നിലനില്ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ ഇവരെ സംബന്ധിച്ച് അതിന്‍റെ സദ്ഫലങ്ങള്‍ വളരെയാണ്. വിവാഹബന്ധത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയും അതിന്‍റെ ഊര്‍ജ്ജദായകത്വത്തെപ്പറ്റിയുമുള്ള ശാസ്ത്രീയപഠനങ്ങള്‍ അനാവശ്യ വിവാഹമോചനങ്ങള്‍ ഒഴിവാക്കാനും വിവാഹബന്ധങ്ങളെ ദൃഢപ്പെടുത്താനുമുള്ള നയങ്ങളും പരിപാടികളും ആവിഷ്ക്കരിക്കാന്‍ വളരെയധികം ഉപകാരപ്രദമാണ്.

(പരിഭാഷ: ഷീന സാലസ് )

Featured Posts