top of page

സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലം മാത്രം

Mar 1, 2014

5 min read

കെ.ബി. പ്രസന്നകുമാര്‍
Mahatma Gandhi

പതിനഞ്ചടി നീളം, പത്തടി വീതി, ഇരുവശത്തും രണ്ട് വലിയ ജനാലകള്‍, രണ്ട് വാതിലുകള്‍. തീ ജ്വലിപ്പിക്കുവാന്‍ ഇഷ്ടികയില്‍ നിര്‍മ്മിച്ച അടുപ്പ്. ഒരു ക്ലോസറ്റ് ഉള്‍പ്പെടെ ചില്ലറ അനുബന്ധങ്ങള്‍. മസാച്ചുസെറ്റ്സിലെ ആരണ്യത്തില്‍ വാല്‍ഡന്‍ പൊയ്കയുടെ തീരത്ത് 1845-ല്‍ ഒരു കൊച്ചുവീട് നിര്‍മ്മിച്ചു, മൊത്തം ചെലവ് 28.12 ഡോളര്‍. ആ കുടിലില്‍ രണ്ടരവര്‍ഷക്കാലം ഏകാന്തവാസം അനുഷ്ഠിച്ചതിനുശേഷമാണ് തോറാ 'വാല്‍ഡന്‍' എഴുതിയത്. രണ്ടരവര്‍ഷക്കാലത്തെ ഏകാന്തവാസത്തിന്‍റെ വൈവിധ്യമാര്‍ന്ന നേരറിവുകളും നേരനുഭവങ്ങളും. Reading, Sounds, Solitude, The bean feild, The village, The ponds എന്നിങ്ങനെയൊക്കെ തിരിച്ചിട്ടുള്ള വാല്‍ഡന്‍ തുടങ്ങുന്നത് Economy എന്ന ഖണ്ഡത്തോടെയാണ്. എത്രയും സരളമായ, സുതാര്യമായ ഒരു സമ്പദ്ഘടനയില്‍ അത്രയും കാലം കഴിഞ്ഞ്, തോറാ വാല്‍ഡന്‍ പ്രകൃതിയുടെ നാനാഭാവങ്ങളില്‍ സ്വയം തേടി. സ്വയം അറിഞ്ഞു. ലോകത്തിനാകെ സ്വതന്ത്ര സരളമായ ജീവിതത്തിന്‍റെ സന്ദേശങ്ങള്‍ നല്‍കി. ധനത്തിന്‍റെ ആഗമനവിനിമയങ്ങള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ വസിച്ച് തോറാ ജിവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ലളിതമായ സമ്പദ്ഘടനയില്‍ ജീവിച്ചുകൊണ്ട് ജീവിതത്തിന്‍റെ വലിയ തുറസ്സുകള്‍ തേടി. രണ്ടരവര്‍ഷം കഴിഞ്ഞ് ജനപദജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന് വാല്‍ഡന്‍ അനുഭവവും ദര്‍ശനവും ലോകത്തിന് നല്‍കി. ധനത്തിന്‍റെയും സാമ്പ്രദായികമായ ജീവിതഘടനകളുടെയും നിഷേധമായിരുന്നു തോറായുടെ വാല്‍ഡന്‍ ജീവിതം.


തോറായുടെ 'സിവില്‍ നിസ്സഹകരണ' ത്തില്‍ വലിയ ധര്‍മ്മസമരങ്ങള്‍ ദര്‍ശിച്ച ഗാന്ധി ഏകാന്തമായ ആശ്രമങ്ങള്‍ പണിതില്ല. വലിയ ശ്രമങ്ങളുടെ മണ്ഡലമായിരുന്നു ഗാന്ധിയുടെ ആശ്രമങ്ങള്‍. മനുഷ്യന്‍റെ സമൂഹജീവിതത്തിന്‍റെയും വ്യക്തിജീവിതത്തിന്‍റെയും നേരായ ചേര്‍ച്ചകള്‍ ഗാന്ധി അവിടെ അന്വേഷിക്കുകയും പരീക്ഷിക്കുകയും ചെയ്തു. സബര്‍മതിയിലായാലും വാര്‍ധയിലായാലും ആശ്രമനിര്‍മ്മിതി സരളമായിരുന്നു. സാരള്യം നിറഞ്ഞ ആശ്രമവാസ്തുഘടനയിലും ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ സരളവ്യവസ്ഥകളിലും ഗാന്ധി എത്രയോ പേരെ ഉള്‍ക്കൊണ്ടു. സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലവുമായി നടന്നുവരുന്ന ഗാന്ധിയോട് "എന്തേ ഇത്ര കുറച്ച്........" എന്നാരായവേ, "ഇത്രയേ എനിക്കാവശ്യമുള്ളൂ. ഒഴുകുന്നത് എത്രയോ ചരാചരങ്ങള്‍ക്കുവേണ്ടി" എന്ന് ഗാന്ധി പറഞ്ഞു.


കൊല്‍ക്കൊത്തയില്‍ മദര്‍ വസിച്ച മഠത്തിലെ ചെറിയ മുറിക്കു മുന്നില്‍ വിസ്മയത്തോടെ നിന്നിട്ടുണ്ട്. വീതികുറഞ്ഞ ഒരു കട്ടില്‍, ഒരു ചെറിയ ഡസ്ക്, ബഞ്ച് അത്രയുമേയുള്ളൂ. മദര്‍ അവസാനകാലത്ത് എഴുതിയിരുന്ന പേന, ഏതാണ്ട് മുപ്പത്തിയഞ്ച് വര്‍ഷമായി മദര്‍ എഴുതിക്കൊണ്ടിരുന്ന പേനതന്നെ. അതില്‍ മഷി നിറച്ച് വീണ്ടും. ആ ചെറിയ പ്രവൃത്തിതന്നെ എത്രയോ വലിയ സന്ദേശമാണ്. (നാം ദിനംപ്രതി എത്രയോ ലക്ഷം ഒഴിഞ്ഞ പേനകള്‍ ഭൂമിയിലേയ്ക്ക് വലിച്ചെറിയുന്നു!) ഭൗതികമായ സമ്പത്തിനെ ത്യജിക്കുന്നതുകൊണ്ടാവാം കാരുണ്യത്തിന്‍റെ മഹാസമ്പന്നതയില്‍, മദര്‍ പ്രാര്‍ത്ഥനാ നിരതമായത്.


* * * *


വലിയ ഭൗതിക പരിണാമങ്ങളിലൂടെ ലോകം മുന്നോട്ടുപോകുകയാണ്. മഹാവേഗമാര്‍ന്ന ജീവിതം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന തിരക്കുകള്‍. ഇവിടെ ഓരോ വസ്തുവും അതിന്‍റെ അടിസ്ഥാനലക്ഷ്യം വിട്ട് മറ്റെന്തൊക്കെയോ ആയി പരിണമിക്കുന്നു. വീട് പാര്‍ക്കുവാനുള്ള ഇടമാണ്. എന്നാല്‍ ഇന്ന് വീട് പാര്‍ക്കുവാന്‍ മാത്രമുള്ള ഇടമല്ല, വീട് നമ്മെ പ്രതിനിധാനം ചെയ്യുന്നു എന്ന് നാം വിചാരിക്കുന്നു. കൂറ്റന്‍ മതിലുകളും എടുപ്പുകളും ആര്‍ഭാടങ്ങളും നിറഞ്ഞ വീട് ഒരുവനെ സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷവല്‍ക്കരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. വാഹനമെന്നത് ഇന്ന് നമ്മെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്ന ഒരു യന്ത്രസംവിധാനം മാത്രമല്ല. ഒരു കാര്‍ നിങ്ങളെ അല്ലെങ്കില്‍ എന്നെ സമൂഹമദ്ധ്യത്തില്‍ നിര്‍ണ്ണയം ചെയ്യുന്നുവെന്ന് നാം വിചാരിക്കുന്നു. ഇങ്ങനെ ഓരോ വസ്തുക്കളും അതിന്‍റെ അടിസ്ഥാന ഉപയോഗത്തില്‍ നിന്നുമാറി വ്യക്തികളുടെ പ്രതിഷ്ഠാപനങ്ങളായി മാറുന്നു. അതല്ലെങ്കില്‍ ആ വസ്തുക്കളെ സൃഷ്ടിക്കുന്ന ധനത്തിന്‍റെ പ്രത്യക്ഷമായി നാം നമ്മെ അടയാളപ്പെടുത്തുന്നു. ചുറ്റിനുമുള്ള കമ്പോളവും ജീവിതശൈലികളും അതങ്ങിനെതന്നെ എന്ന് നിങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അമിതമായ ധനം കൊണ്ട് സ്വയം അടയാളപ്പെടുത്തുവാന്‍ കഴിയും എന്ന വിചാരം പ്രധാനമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആ അടയാളപ്പെടുത്തലിനെ വീണ്ടും വീണ്ടും പ്രൗഢമാക്കുവാനും അലങ്കാരപ്പെടുത്തുവാനും നിരന്തരമായി നാം ശ്രമം തുടരുന്നു. അങ്ങനെ ധനത്തിന്‍റെ പൂര്‍ണ്ണവിധേയത്വത്തിലേയ്ക്ക് നാം നമ്മുടെ ജീവിതത്തെ ഉപേക്ഷിക്കുന്നു. അതിനായുള്ള അശാന്തപലായനങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ നാം നമ്മുടെ മനസ്സില്‍ നിന്നുതന്നെ അകറ്റപ്പെടുന്നു.


* * * *


ധനത്തിന്‍റെ സമാഹരണമെന്നത് ജീവിതത്തിന്‍റെ മുഖ്യലക്ഷ്യമായിത്തീരുമ്പോള്‍ മറഞ്ഞുപോകുന്നത് ജീവിതത്തിന്‍റെ അനന്തമായ വൈചിത്ര്യഭംഗികളാണ്. ഇതിനായി മാത്രം ജീവിതത്തിന്‍റെ ഏറെ സമയവും വിനിയോഗിക്കപ്പെടുമ്പോള്‍, നഷ്ടമായിത്തീരുന്നത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളുടെയും പാരസ്പര്യത്തിന്‍റെയും സ്നേഹസമയങ്ങളാണ്. ക്രമേണ എന്തും ധനാഗമമായി മാത്രം ബന്ധപ്പെട്ടുകൊണ്ടുള്ള ചിന്തയും പ്രവൃത്തിയുമായി മാറുന്നു. ഓഹരിക്കമ്പോളത്തിലെ അശാന്തജന്മങ്ങളായി അലഞ്ഞുമറഞ്ഞവര്‍ എത്രയോ പേരുണ്ട്. ലാളിത്യത്തില്‍ ഒരു ലാഘവഭാവമുണ്ട്. അനായാസതയുണ്ട്. അതില്‍ സ്വാതന്ത്ര്യത്തിന്‍റെ സമയസഞ്ചാരങ്ങളുണ്ട്. ധനത്തിന്‍റെ അമിതമായ കേന്ദ്രീകരണം ജീവിതത്തിന്‍റെ ലളിതയുക്തികളെയും ഘടനകളെയും തകര്‍ക്കുന്നു. സഹാനുഭൂതി (Compassion) എന്ന മനോഭാവം പുലരാതെ പരിസരങ്ങളിലെ ജീവിതത്തെ നമുക്കു കാണുവാന്‍ കഴിയില്ല. വര്‍ദ്ധിതധനമണ്ഡലം ഈ സഹാനുഭൂതിയെ ഇല്ലായ്മ ചെയ്യുന്നു. ക്രമേണ മനുഷ്യത്വത്തെയും.


* * * *


"ഒരിക്കല്‍ ഒരു ദൈവാന്വേഷി ഉണ്ടായിരുന്നു" - കസന്‍ദ് സാക്കിസിന്‍റെ സെന്‍റ് ഫ്രാന്‍സിസ് പറയുന്നു. "വര്‍ഷങ്ങളായി അയാള്‍ ദൈവത്തെ കാണാന്‍ കഴിയാതെ ഉഴലുകയാണ്. ഏതോ ഒരു പ്രതിബന്ധം എപ്പോഴും അയാളെ ചൂഴ്ന്നു. ആ നിര്‍ഭാഗ്യവാന്‍ വിതുമ്പി, നിലവിളിച്ചു, എല്ലാം വെറുതെ. ദൈവദര്‍ശനത്തില്‍നിന്നു തന്നെ തടയുന്നതെന്തെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ഒരു പ്രഭാതത്തില്‍ അതിസന്തോഷത്തോടെ അയാള്‍ കിടക്കയില്‍നിന്ന് എഴുന്നേറ്റു. അയാളത് കണ്ടെത്തിയിരിക്കുന്നു. ഭംഗിയായി അലങ്കാരപ്പണികള്‍ ചെയ്ത ചെറിയ ഒരു കുടം. അയാള്‍ കൈവശം സൂക്ഷിച്ചിരുന്ന ഏകധനം. അത്രമേല്‍ സ്നേഹം അതിനോടയാള്‍ക്ക് ഉണ്ടായിരുന്നു. അയാള്‍ അതെടുത്ത് ആയിരം കഷണങ്ങളായി ഉടച്ചുകളഞ്ഞു. പിന്നെ കണ്ണുകള്‍ ഉയര്‍ത്തി, ആദ്യമായി ദൈവത്തെ കണ്ടു....."