ജോര്‍ജ് വലിയപാടത്ത്
Oct 4
ഇരുട്ടിനെ അകറ്റിനിര്‍ത്തുന്ന കവിതയാണ് ഒ. എന്‍. വി. കുറുപ്പിന്‍റേത്. ജീവിതത്തിന്‍റെ വഴിത്താരകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇരുട്ടിന്‍റെ പരാഗരേണുക്കളില്‍നിന്നു വെളിച്ചത്തിന്‍റെ തരംഗങ്ങള്‍ കടഞ്ഞെടുക്കുകയാണ് ഈ കവി. "ഏകാന്തതയുടെ അമാവാസിയില്‍ എനിക്കുലഭിച്ച ഒരുതുള്ളി വെളിച്ചമാണു കവിത" എന്നദ്ദേഹം കുറിക്കുന്നത് അതുകൊണ്ടാണ്. ദുഃഖത്തിന്‍റെ നിഴല്‍പരത്തിയ ജീവിതമേഖലകളാണു കവി കാണുന്നത്. മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട ഹതഭാഗ്യരുടെ വേദനകള്‍ ഒ. എന്‍. വിയെ എന്നും പിന്തുടരുന്നു. വിപ്ലവഗാനങ്ങളെഴുതിയ ആദ്യകാലത്തും, കവിതാരചനയില്‍ പക്വതയുടെ ആകാശങ്ങള്‍ കീഴടക്കിയ കാലത്തും മനുഷ്യസമത്വത്തിന്‍റെ ദര്‍ശനങ്ങള്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. ഒ. എന്‍. വി. നടന്നുതീര്‍ത്ത കവിതാവീഥികള്‍ ജീവിതത്തിന്‍റെ ആഴക്കാഴ്ചകളും ചുഴിക്കുത്തുകളും കാണിച്ചുതരുന്നവയാണ്.
"ഒരു ദുഃഖത്തിന്‍ വെയിലാറുമെന്‍മനസ്സി-
ലിന്നൊരു പൂവിരിയുന്നു പേരിടാനറിയില്ല"
എന്നു പാടുന്ന കവി ദുഃഖത്തിന്‍റെ വെയിലും പൂവിരിയുന്നതിന്‍റെ വെളിച്ചവും തിരിച്ചറിഞ്ഞവനാണ്. ജീവിതത്തിന്‍റെ രണ്ടുമുഖങ്ങളാണിത്. 'മറ്റുള്ളവര്‍ക്കായ് സ്വയംകത്തിയെരിയുന്ന സ്നേഹമൂര്‍ത്തിയായ സൂര്യ'നാണു കവിയുടെ മാതൃക. അന്യനെക്കുറിച്ചുള്ള വിചാരപ്പെടലാണു നമ്മെ നല്ല കര്‍മ്മങ്ങളിലേക്കു നയിക്കുന്നത്. സമൂഹത്തിലേക്ക് ഉന്മുഖമായ കാഴ്ചയാണ് ഒ.എന്‍.വിയുടേത്. കാല്പനികതയുടെ അതിലോല തന്ത്രികള്‍ മീട്ടുമ്പോഴും തീക്ഷ്ണസത്യങ്ങള്‍ പരുക്കനായി അവതരിപ്പിക്കുമ്പോഴും കവി സ്വപ്നംകാണുന്നതു സന്തുലിതമായ സമൂഹമാണ്. മനുഷ്യനും പ്രകൃതിയും സമ്മേളിക്കുന്ന, അന്യന്‍റെ സ്വരം സംഗീതംപോലെ ശ്രവിക്കാന്‍കഴിയുന്ന ഒരു കാലം ഭാവിയിലുണ്ടാകണമെന്ന ആഗ്രഹമാണു കര്‍മവീഥിയില്‍ നടന്നുനീങ്ങാന്‍ കവിയെ പ്രേരിപ്പിക്കുന്നത്. വേദനിക്കുന്ന കുട്ടികളും സ്ത്രീകളും പ്രകൃതിയും പുതിയ ചോദ്യങ്ങളിലേക്കു കവിയെ നടത്തുന്നു.
"എല്ലാനിറങ്ങളും ചേര്‍ന്നു ശുദ്ധ വെള്ളയാവും പോലെ, ഏതുരാജ്യത്തെ മണ്ണും മനുഷ്യനും ആകാശവും പ്രകൃതിയും എന്നിവലശേഷിപ്പിച്ചിട്ടുള്ളത്, മനുഷ്യന്‍ ആത്യന്തികമായി എവിടെയും ഒന്നുപോലെയാണെന്ന സത്യമാണ്. ഒരേയാകാശം, ഒരേ സൂര്യന്‍, ഒരേ ഭൂമി. ഈ ഭൂമിയില്‍ അധിവസിക്കുന്ന മനുഷ്യര്‍ക്കൊരേ രക്തം, നെഞ്ചിടിപ്പിനൊരേ താളം, എന്തിന്? ഒരേ കാമനകള്‍ - സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരേ ദാഹവും... "എവിടെയുമെനിക്കൊരു വീടുണ്ടെന്നതു വെറുംതോന്നലല്ല, എന്‍റെ സഞ്ചിതസംസ്കാരത്തില്‍നിന്നും, എന്‍റെ അനുഭവബോദ്ധ്യങ്ങളില്‍നിന്നും ഉരുത്തിരിയുന്ന സത്യം മാത്രം. ഒരിക്കല്‍മാത്രം വന്ന് അനിശ്ചിതകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടകവീട്ടില്‍നിന്നൊരുനാള്‍ ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്‍റെ ആത്മാവിന്‍റെ ഒരംശം നിക്ഷേപിച്ചു പോകുന്നു. അതാണെന്‍റെ കവിത. അതു മറ്റൊരാത്മാവിനു സന്തോഷമോ, സാന്ത്വനമോ പകരുമെങ്കില്‍ അതെന്‍റെ സുകൃതമെന്നുമാത്രം പറയട്ടെ." ഈ വാക്കുകളില്‍ ഒ. എന്‍. വി. യുടെ ദര്‍ശനം വെളിപ്പെടുന്നു. ആത്മാവില്‍ നിന്നൂറിവരുന്ന വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ പ്രഭാവലയം ഉണ്ടാകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കവിതകള്‍ നമുക്കു സാന്ത്വനവും പ്രചോദനവും നല്കുന്നത്.
ജ്ഞാനപീഠപുരസ്കാരം നേടിയതിനുശേഷം ഒ.എന്‍.വി എഴുതിയ കവിതയാണ് 'എന്‍റെ പാട്ടില്‍...'. തന്‍റെ കവിതയില്‍ എന്തെല്ലാമാണു നിറഞ്ഞുനില്ക്കുന്നതെന്നു കവി ഇതില്‍ കാണിച്ചുതരുന്നു. "എന്‍റെ പാട്ടില്‍ കടലുപ്പുണ്ട്. അതു ഭൂമിയുടെ കണ്ണുനീരിന്‍റെ ഉപ്പാണെന്നു ഞാനറിയുന്നു. എന്‍റെ പാട്ടില്‍ തൊണ്ടഴുകുന്ന കായലിന്‍റെ ഗന്ധമാണോ, അതോ ചീയുന്ന മനുഷ്യജന്മത്തിന്‍റെ ഗന്ധമോ? എന്‍റെ പാട്ടില്‍ ചൂടുകാറ്റായി പടരുന്നത് എന്‍റെ പെങ്ങന്മാരുടെ നെഞ്ചുരുക്കങ്ങളാണ്. ജന്മാന്തരങ്ങളായി പീഡനമേല്‍ക്കുന്ന പെണ്‍മയുടെ തീക്കനല്‍ ചിതറുന്ന ശാപങ്ങളുമുണ്ട്. എന്‍റെ പാട്ടില്‍ വെട്ടിയിട്ട മരത്തിന്‍റെ കുറ്റിയില്‍ ഇറ്റിറ്റുനില്ക്കുന്ന രക്തമുണ്ട്. എന്‍റെ പാട്ടില്‍ വിഷക്കായ്കനികള്‍തിന്നു മിണ്ടാന്‍പോലും കഴിയാത്ത ഊമക്കുയിലുകളുണ്ട്. ചത്തപുഴയുടെ ജഡം തുണ്ടുതുണ്ടാക്കി സംസ്കരിക്കുന്ന പെറ്റമണ്ണിന്‍റെ സങ്കടമുണ്ട്. അമ്മത്തിരുമൊഴിയും അമ്മിഞ്ഞയുടെ സ്വാദുമുണ്ട്. ആഹാരത്തില്‍ ഉപ്പായലിയാത്ത തന്‍റെ മക്കള്‍ അന്യരെപ്പോലെവന്നു മുന്നില്‍നില്‍ക്കുമ്പോള്‍ അമ്മയുടെ നെഞ്ചിലെരിയുന്ന നൊമ്പരമുണ്ട്. എന്‍റെ പാട്ടില്‍ മരിക്കാറായ ഭൂമിയെ കണ്ടുകൊതിതീരാത്ത കുഞ്ഞിന്‍റെ തേങ്ങലുണ്ട്. എല്ലാംനഷ്ടപ്പെട്ടു പായുന്ന മനുഷ്യരുടെ പൊട്ടിത്തെറിക്കാന്‍ പുകയുന്ന രോഷമുണ്ട്." ഒ. എന്‍. വി കവിതകളിലെ എല്ലാ കാഴ്ചപ്പാടുകളും സംഗമിക്കുന്ന കവിതയാണിത്. പീഡിതരായ സ്ത്രീകളും കുട്ടികളും ഭൂമിയും പ്രകൃതിയും എല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകളിലൂടെ ഒരു സമാന്തരസംസ്കൃതിക്കായുള്ള അന്വേഷണമുണ്ട്. ഭൂമിക്കൊരു ചരമഗീതം, ഒരു തൈ നടുമ്പോള്‍, ഗോതമ്പുമണികള്‍, കറുത്തപക്ഷിയുടെ പാട്ട്, അന്യന്‍, സ്മൃതിതാളങ്ങള്‍, ചോറൂണ്, ഉപ്പ്, അപരാഹ്നം, സ്വയംവരം, ഉജ്ജയനി, സ്നേഹിച്ചുതീരാത്തവള്‍, ദിനാന്തം എന്നിങ്ങനെ ജീവിതത്തിന്‍റെ, ദേശത്തിന്‍റെ, കാലത്തിന്‍റെ വൈചിത്ര്യഭാസുരചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന നിരവധി കവിതകള്‍ നമ്മുടെ മുന്നിലുണ്ട്. പെണ്മയും പരിസ്ഥിതിയും മാനവികതയും പുത്തന്‍ലോകത്തിന്‍റെ കിനാവുകളും നദിയും കാടുമെല്ലാംചേര്‍ന്ന സമഗ്രാനുഭവമാണ് ഒ. എന്‍. വി. കവിതകള്‍ നമുക്കു നല്കുന്നത്. ദേശത്തെ എഴുതുന്ന ഈ കവിത കാലത്തെയും സംസ്കാരത്തെയും ജീവിതത്തെയും എഴുതുന്നു. പാരമ്പര്യത്തിന്‍റെ ഊര്‍ജ്ജം ആവാഹിച്ചുകൊണ്ടു കവി പുതിയ ചക്രവാളത്തിലേക്ക് ഉറ്റുനോക്കുന്നു. നിത്യനൂതനത്വത്തിന്‍റെ ആന്തര ചൈതന്യം പ്രസരിപ്പിക്കാന്‍ ഒ. എന്‍. വി.ക്കവിതകള്‍ ബലംനേടുന്നതങ്ങനെയാണ്. ഇവിടെ കവിത പുതിയൊരു ദര്‍ശനത്തിന്‍റെ അഗാധഭൂമികയാണു സൃഷ്ടിക്കുന്നത്.
വെളിച്ചത്തെ ആദര്‍ശവല്‍ക്കരിക്കുന്ന കവിതകളിലൂടെ ഒ. എന്‍. വി. വലിയൊരുലോകം വരച്ചിട്ടു. "കവിത ഒരിക്കലും ഇരുട്ട് അനുവദിക്കുകയില്ല. കവിത വെളിച്ചംതന്നെയാണ്" എന്നു കെ. ജി. ശങ്കരപ്പിള്ള പറയുന്നതിവിടെ അന്വര്‍ഥമാകുന്നു. ഒ. എന്‍. വി. ക്കുശേഷം കടന്നുവന്ന കവിയായ കെ. ജി. എസ്. തുടര്‍ന്നുപറയുന്നു: "എനിക്കു ഭാഷയിലെ വെളിച്ചമാണു കവിത. ഭാഷയ്ക്കുള്ളിലെ വെളിച്ചവുമാണ്. ചില ദിവസങ്ങളില്‍ കാണുന്ന വെയിലുപോലെയാണത്. ചില രാത്രികളിലെ നിലാവുപോലെയും നിലവിളിപോലെയുമാണത്. നിലവിളക്കിന്‍റെ നാളമോ പാതിരാത്രിയിലെ നക്ഷത്രശോഭയോ ആണത്. ജീവിതത്തെ അറിയുന്നതു കവിതകൊണ്ടാണെന്ന വലിയ തോന്നലുണ്ട്. ഒരു മായികത ഉണ്ടാകുകയാണ്. കടല്‍ തിരമാലയിലെ തിളക്കംപോലെ, മഴയുടെ തിളക്കംപോലെ എന്തോ ഒന്ന് ഉണ്ടാകുന്നു. വെളിച്ചത്തിന്‍റെ അനന്തകോടി ഭിന്നതകളിലൊന്നായി കവിത വരികയാണ്. ഭാഷയ്ക്കുള്ളിലെ വെളിച്ചത്തിന്‍റെ ഭേദങ്ങളുമാണത്." ഈ കാഴ്ചപ്പാട് ഒ. എന്‍. വി.ക്കവിതകള്‍ക്കും ഇണങ്ങും. നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന ഈ കവിതകള്‍ ഇന്നിന്‍റെ ഇരുള്‍നിലങ്ങളില്‍ പ്രചോദനവും ആശ്വാസവുമാകുന്നു.
"എവിടെയുമെനിക്കൊരു വീടുണ്ട്. ഞാനുമു-
ണ്ടെഴുതി മുഴുമിക്കാത്ത കവിതയും, കാണുവാ-
നുഴറുന്ന നല്ല മനുഷ്യരും, അവരൊത്തു
നുകരാന്‍ കൊതിക്കുന്ന വാഴ്വിന്‍റെ ലഹരിയും
പകയറ്റ നോട്ടവും, പതിരറ്റ മൊഴികളും
പരുഷതയെ സുസ്നിഗ്ദ്ധമാക്കിടും സ്പര്‍ശവും
അപരന്‍റെ ദാഹത്തിന്‍റെതിനേക്കാളു-
മധികമാം കരുതലും കരുണയും കുടിപാര്‍ക്കു-
മൊരു വീടെനിക്കുണ്ടതിന്‍ കൊച്ചുതിണ്ണമേല്‍
വെറുതെയിരുന്നു ഞാന്‍ പാടുന്നു- വിഹ്വല-
നിമിഷങ്ങളേ, നിങ്ങളീ വീടൊഴിയുക!
നിറവാര്‍ന്ന കേവലാഹ്ലാദമേ, പോരിക!"
വിഹ്വലതകളില്ലാത്ത, ആഹ്ലാദത്തിന്‍റെ നിറനിലാവുപൊഴിയുന്ന കാലവും ലോകവും മുന്നില്‍ക്കാണുന്ന കവിയോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം. വെളിച്ചത്തിന്‍റെ സങ്കീര്‍ത്തനങ്ങളായി നമുക്കുള്ളിലേക്കുനീളുന്ന ഒ. എന്‍. വി. ക്കവിതകള്‍ പ്രതിസംസ്കൃതിക്കായുള്ള ആഗ്രഹം നിറച്ചുകൊണ്ടു മുഴങ്ങിനില്‍ക്കട്ടെ...