ജോര്‍ജ് വലിയപാടത്ത്
Oct 4
ക്രിസ്തുമസ് സ്വപ്നങ്ങളുടെ ഉത്സവമാണ്. യൗസേപ്പുപിതാവിനുണ്ടായ സ്വപ്നങ്ങള്‍ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. ഓരോ സ്വപ്നത്തിനും പ്രത്യുത്തരം കൊടുത്ത യൗസേപ്പിന് ദൈവപുത്രനെ കരങ്ങളിലെടുക്കുവാന്‍ ഭാഗ്യമുണ്ടായി. നമുക്കും ജീവിതത്തില്‍ സ്വപ്നങ്ങള്‍ വേണം. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ സ്വപ്നത്തിന്‍റെ പ്രതിഫലനമായിരുന്നു ടാജ്മഹല്‍ എന്ന ലോകാത്ഭുതം. രണ്ടാമത്തെ ഫറവോന്‍റെ സ്വപ്നം പൂര്‍വ്വീകനുള്ള പിരമിഡായി ഈജിപ്തില്‍ സ്ഥാനം പിടിച്ചു. പൂര്‍വ്വയൗസേപ്പിന്‍റെ സ്വപ്നം അവിടുത്തെ പ്രധാനമന്ത്രിപദത്തിലെത്തിച്ചു. യൗസേപ്പുപിതാവിന്‍റെ സ്വപ്നം അവിടുത്തെ, ദൈവപുത്രന്‍റെ വളര്‍ത്തുപിതാവാക്കി. കുടുംബത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും നാം സ്വപ്നങ്ങള്‍ സൂക്ഷിക്കണം. അതൊരു പുതിയ ലോകക്രമത്തിനു വഴിയൊരുക്കും. ഇടറുന്ന പാദങ്ങളുമായി ചരിത്രത്തില്‍ ചുവടുവയ്ക്കുന്ന മനുഷ്യന്‍റെ കണ്ണുകളില്‍ വെളിച്ചം പകരുവാന്‍ ആകാശച്ചെരുവില്‍ ഉദിച്ചുയര്‍ന്ന പ്രകാശതാരകം വീണ്ടും ജ്വലിക്കുന്നു. അധികാരം അരുളിയ ആലസ്യത്തില്‍ അമര്‍ന്നവരുടെ മുമ്പില്‍ അഗ്നിയായി ജ്വലിച്ചിറങ്ങിയ താരകം. ഏത് അന്ധകാരത്തിലും ഒരു താരകം ഉദിക്കുമ്പോള്‍ ഇരുട്ട് മായുന്നു. മരവിച്ച മനസ്സുകള്‍ക്ക് പുതുജീവന്‍ നല്കുവാന്‍ ദിവ്യഉണ്ണിയുടെ പിറവി കാരണമായിത്തീരുന്നു. അവനോടൊത്തു നമുക്കു സ്വപ്നങ്ങള്‍ മെനയാം.
ദൈവത്തില്‍ നിന്നും അകലുന്ന മനുഷ്യന്‍റെ ബന്ധങ്ങളുടെ തകര്‍ച്ചയാണ് ബൈബിളില്‍ നാം കാണുന്നത്. കായേനും ആബേലും ജലപ്രളയവുമെല്ലാം സൃഷ്ടിയില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ. "തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്ന് യോഹന്നാന്‍ 3/16ല്‍ നാം ധ്യാനിക്കുന്നു. തന്‍റെ സൃഷ്ടിയെ സ്നേഹിക്കുന്ന ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിക്കുന്ന ദിവസമാണ് ക്രിസ്തുമസ്സ്. ജീവിതം എത്രമാത്രം ക്ലേശകരമായിരുന്നാലും നമുക്കായി കരുതുന്ന ഒരു ദൈവമുണ്ട് എന്ന് പിറവിത്തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്‍റെ കൃപയെ എല്ലാസമയത്തും ഓര്‍ക്കേണ്ടതുണ്ട് എങ്കില്‍ ക്രിസ്തുമസ് ഒരു ദിവസത്തെ ആഘോഷമല്ല പ്രത്യുത ഓരോ ദിവസത്തെയും അനുഭവമായി മാറും. ദൈവത്തിന്‍റെ കൂടാരത്തില്‍ നമുക്കും ഇടം കണ്ടെത്തേണ്ടതുണ്ട് എന്ന ബോധ്യവും അതിലേയ്ക്കുള്ള പ്രയാണവും ക്രിസ്തുമസ് ചിന്തയുടെ കേന്ദ്രമായിത്തീരണം. പ്രസ്തുത പ്രയാണം നല്‍കുന്ന ധന്യതയാണ് മാലാഖമാര്‍ പാടിയ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം" എന്നതിന്‍റെ അടിസ്ഥാനം.
നിങ്ങള്‍ ഒരു ക്രിസ്തുമസ് ട്രീ ആകുക എന്നതാണ് ക്രിസ്തുമസിന്‍റെ മറ്റൊരു സന്ദേശം. അതിന്‍റെ നില്പ് ആകാശത്തേക്കു നോക്കിയാണ്. അതിന്‍റെ ശിഖരങ്ങള്‍ ചുറ്റുപാടിലേക്കും പടര്‍ന്നു പന്തലിക്കുന്നു. മഞ്ഞുവീഴുന്ന തണുപ്പുകാലത്തും മറ്റു മരങ്ങളെല്ലാം ഇലപൊഴിച്ചു നില്‍ക്കുമ്പോള്‍ ആ മരം നിറയെ സമ്മാനങ്ങളാണ്. ഈ ക്രിസ്തുമസ് ട്രീയിലെ സമ്മാനങ്ങളും വര്‍ണവെളിച്ചങ്ങളും അതിനുവേണ്ടിയല്ല. മറ്റുള്ളവര്‍ക്കു വേണ്ടിയാകട്ടെ. നമ്മുടെ സമീപത്തെത്തുന്നവര്‍ക്ക് ആ സമ്മാനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കുവെയ്ക്കാം. ദൈവത്തിലേക്കു പൊക്കംവച്ചും സഹോദരങ്ങളിലേക്കു വണ്ണം വച്ചും ജീവിതത്തെ ഒരു ക്രിസ്തുമസ് ട്രീയാക്കാം. പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ദൈവത്തിലേക്കു വളരാം. ജീവകാരുണ്യപ്രവൃത്തികള്‍ വഴി മറ്റുള്ളവര്‍ക്കു നന്മചെയ്യാം. താഴേക്ക് ഇറങ്ങിവരുന്ന വിണ്ണിന്‍റെ കാരുണ്യത്തെ ഹൃദയത്തിലേറ്റുവാങ്ങി സൂക്ഷിക്കാം. കേക്കിന്‍റെ സ്വാദും പള്ളിമണികളുടെ മുഴക്കവും നന്മപ്രവൃത്തികളിലേയ്ക്ക് നയിക്കട്ടെ. അന്നവും വസ്ത്രവും അപ്പവും വീഞ്ഞുമായി വരുന്ന രക്ഷകനെ സ്വജീവിതത്തില്‍ നമുക്ക് പ്രകാശിപ്പിക്കാം.
ഒരു പിടി ഓര്‍മ്മകള്‍ ഉണരുന്ന സമയമാണ് ക്രിസ്തുമസ്സ്. തണുപ്പുള്ള രാത്രിയില്‍ പാതിരാക്കുര്‍ബാനയ്ക്ക് പോയതിന്‍റെ ഓര്‍മ്മകള്‍. നക്ഷത്രവിളക്കുകള്‍ തൂക്കി ആനന്ദിച്ചതിന്‍റെ ഓര്‍മ്മകള്‍. ക്രിസ്തുമസ് പാപ്പാ സമ്മാനങ്ങളുമായി വരുന്നതിന്‍റെ ഓര്‍മ്മകള്‍. കരോള്‍ ഗാനങ്ങള്‍ ഉയരുന്നതിന്‍റെ ഓര്‍മ്മകള്‍. ഈ ഓര്‍മ്മകളെല്ലാം ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിക്കുന്ന സമയം. ഇന്ന് പുതിയ തലമുറക്ക് നഷ്ടപ്പെടുന്നത് ഈ ഓര്‍മ്മകളാണ്. മനുഷ്യമനസ്സിനെ മറവി ബാധിക്കുന്ന ഇന്നത്തെ ലോകത്തില്‍ ക്രിസ്തുമസിന്‍റെ നന്മനിറഞ്ഞ ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയണം.
ചുറ്റുവട്ടത്തിലേക്ക് നമുക്കൊന്നു നോക്കാം. കരോള്‍ സംഘങ്ങള്‍ സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ അങ്ങകലെ എവിടെയോ നൊമ്പരങ്ങളുടെ രോദനം കേള്‍ക്കുന്നില്ലേ? മക്കളെ ചൊല്ലി കരയുന്ന റാഹേലിന്‍റെ ശബ്ദം കേള്‍ക്കുന്നില്ലേ? സമ്പന്നതയ്ക്കു വേദിയൊരുക്കാന്‍ ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുമ്പോള്‍ മനുഷ്യപുത്രന്‍ തലചായ്ക്കാന്‍ ഇടം തേടുന്നത് കാണുന്നില്ലേ? എല്ലാ കടകളിലെയും എല്ലാ വിളക്കുകളും അണയുന്നത് കാത്ത് ചുരുണ്ടുകൂടുവാന്‍ ഇടം തേടുന്ന മനുഷ്യപുത്രരെ കാണുന്നില്ലേ? സ്നേഹത്തിന്‍റെ നക്ഷത്രവിളക്കുകള്‍ അണയുമ്പോള്‍ ബേത്ലഹേം ഏത്ര ദൂരെയാണെന്ന് നാം തിരിച്ചറിയുകയല്ലേ? ദൈവം മനുഷ്യനായി പിറന്നത് നമ്മെ കുറെക്കൂടി മനുഷ്യത്വമുള്ളവരാക്കി തീര്‍ക്കാനാണ്. പുതിയൊരു യുഗത്തെ നമുക്ക് സ്വപ്നം കാണാം. ഏത് അന്ധകാരത്തിലും ഒരു നക്ഷത്രത്തെ കാണുമ്പോള്‍ പ്രകാശമണിയുന്നതല്ലേ നമ്മുടെ മനസ്സ്? ആ നക്ഷത്രമായി നമുക്കു മാറാം. തിരുപ്പിറവിയുടെ ആനന്ദത്തില്‍ പുതിയൊരു യുഗപ്പിറവിക്കായി നമുക്കു പരിശ്രമിക്കാം.