top of page
ഒരു പുതിയ വര്‍ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുകയാണ്. ദൈവത്തോടൊത്ത്, അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു പുതിയ വര്‍ഷമായിരിക്കട്ടെ നമുക്കു ലഭിക്കുന്നത്. വിജയകരമായ ജീവിതത്തിന് പ്രാര്‍ത്ഥന അനിവാര്യമാണ്. വീഴ്ചകളുള്ള മനുഷ്യന് ബലത്തോടെ നിവര്‍ന്നു നില്‍ക്കുവാന്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്. അന്ധകാരത്തിലേക്കു ചാഞ്ഞുനില്ക്കുന്ന മനുഷ്യപ്രകൃതിയെ അതിജീവിച്ച് പ്രകാശത്തിലേക്കു തിരിയുവാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ദൈവത്തില്‍ ശ്രദ്ധയൂന്നി മുന്നേറുമ്പോള്‍ ഉന്നതത്തില്‍ നിന്നുള്ള ഈ ശക്തി നമ്മില്‍ നിറയും. നമ്മില്‍ ദൈവത്തിനു പ്രവര്‍ത്തിക്കുവാനുള്ള അന്തരീക്ഷം അതുവഴി സൃഷ്ടിക്കപ്പെടുന്നു.
ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയല്ലെങ്കില്‍ ദൈവവുമായുള്ള പങ്കാളിത്തം എനിക്കു നഷ്ടപ്പെടും. പ്രാര്‍ത്ഥനയില്ലെങ്കില്‍ ഞാന്‍ എന്‍റെ തന്നെ ശക്തിയിലാശ്രയിക്കുകയും പരിമിതികള്‍ക്കുള്ളിലേക്ക് ഒതുങ്ങുകയും ചെയ്യും. കുടുംബജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ പങ്കുവയ്ക്കലില്ലെങ്കില്‍ ദാമ്പത്യം തകരും. അതുപോലെ ദൈവവുമായുള്ള പങ്കുവെയ്ക്കല്‍ പ്രാര്‍ത്ഥനയിലൂടെ നടന്നില്ലെങ്കില്‍ നമ്മുടെ വ്യക്തിജീവിതം തകരും. സാത്താന്‍ വെറുക്കുന്നതു പ്രാര്‍ത്ഥനയെയാണ്. അതുകൊണ്ടാണ് പ്രാര്‍ത്ഥനാസമയത്ത് പ്രലോഭനത്തിന്‍റെ ചിന്തകള്‍ കടന്നുവരുന്നത്. എന്‍റെ ജീവിതത്തില്‍ ദൈവത്തിന് അതിരുകള്‍ നിശ്ചയിക്കരുത്. ഇഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള അവസരം ദൈവത്തിന് കൊടുക്കുക. പൂര്‍വ്വപിതാക്കന്മാരും അപ്പസ്തോലന്മാരുമൊക്കെ പ്രാര്‍ത്ഥന വഴി ജീവിതത്തില്‍ വിജയം കണ്ടെത്തിയവരാണ്. യേശുവിലര്‍പ്പിച്ച പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള ബന്ധത്തിന്‍റെ ഏഴു പടികള്‍ വിവരിക്കുന്നു. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന ആമുഖത്തില്‍ ദൈവവുമായുള്ള ഒരു മനുഷ്യന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്നു. 'നിന്‍റെ നാമം പരിശുദ്ധമാകണ'മെന്നതില്‍ സ്തുതിപ്പ് അടങ്ങിയിരിക്കുന്നു. 'നിന്‍റെ രാജ്യം വരണം' എന്നതില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണ് കാണുന്നത്. 'അന്നന്നു വേണ്ടുന്ന അപ്പം തരണേ' എന്നതില്‍ യാചന കടന്നുവരുന്നു. 'പാപങ്ങള്‍ ക്ഷമിക്കണമേ' എന്നതില്‍ പശ്ചാത്താപം നിറഞ്ഞുനില്‍ക്കുന്നു. 'തിന്മയില്‍ നിന്ന് രക്ഷിക്കണമേ' എന്ന ഭാഗത്ത് വിടുതല്‍ കാണുന്നു. 'രാജ്യവും ശക്തിയും മഹത്വവും' എന്നതില്‍ ആരാധനയും നന്ദിപ്രകടനവും കാണുന്നു.
പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഭാഗമാണ് 'ചോദിക്കുക' എന്നത്. എങ്ങനെ ദൈവത്തോട് ചോദിക്കണമെന്ന് കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശ്വാസത്തോടെ ചോദിക്കുന്നത് ലഭിക്കുമെന്ന് മത്തായി 21/22ല്‍ കാണുന്നു. കര്‍ത്താവില്‍ പൂര്‍ണമായി ആശ്രയിച്ചുകൊണ്ട് ചോദിക്കണമെന്ന് യോഹന്നാന്‍ 15/7ല്‍ പഠിപ്പിക്കുന്നു. 66/18ല്‍ ഉള്ളില്‍ കളങ്കമില്ലാതെ പ്രാര്‍ത്ഥിക്കണമെന്നും ഉപദേശിക്കുന്നുണ്ട്. ദൈവഹിതപ്രകാരം നമ്മള്‍ ചോദിക്കണമെന്ന് 1യോഹന്നാന്‍ 5/14-19ല്‍ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേക ഫലമുണ്ടെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു.
അന്വേഷണം എന്നത് പ്രാര്‍ത്ഥനയുടെ മറ്റൊരു മേഖലയാണ്. ആന്തരികമായ വിശപ്പോടെയുള്ള പ്രാര്‍ത്ഥനയാണിത്. സമയമോ സ്ഥലകാല പരിമിതിയോ ഒന്നും കടന്നുവരാത്ത ഒരവസ്ഥയാണിത്. പ്രാര്‍ത്ഥനയിലെ ഒരു വലിയ വളര്‍ച്ച നാം അനുഭവിക്കുന്നു. ദൈവം മനുഷ്യനില്‍ ചൊരിയുന്ന ഒരു കൃപയാണിത്. കണ്ണുനീരോടും നെടുവീര്‍പ്പോടും കൂടിയുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് പറയുന്നത് ഈ അന്വേഷണ മനോഭാവത്തെ സൂചിപ്പിക്കുന്നു. വസ്തുക്കള്‍ക്കുവേണ്ടി അന്വേഷിക്കാനല്ല പ്രത്യുത ദൈവത്തെ അന്വേഷിക്കുവാനാണ് ബൈബിള്‍ നമ്മെ ആഹ്വാനം ചെയ്യുന്നത്. പ്രാര്‍ത്ഥനയുടെ ഒരു ഉയര്‍ന്ന തലമാണിത്.
'മുട്ടുക' എന്നത് പ്രാര്‍ത്ഥനയിലെ വളര്‍ച്ചയുടെ മേഖലയാണ്. പിതാവായ ദൈവവുമായുള്ള ഹൃദയബന്ധത്തിന്‍റെ ഉന്നതതലത്തെയാണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്. ദൈവവുമായി ഒന്നായിത്തീരുന്ന അവസ്ഥയാണിത്. എന്‍റെ ചിന്തകള്‍ ദൈവത്തിന്‍റെ ചിന്തകളായി ഇവിടെ മാറുന്നു. എന്‍റെ ഹൃദയത്തില്‍ ദൈവസാന്നിദ്ധ്യം വന്നു നിറയുന്നു. എന്‍റെ അധരങ്ങളിലൂടെ ദൈവം സംസാരിച്ചു തുടങ്ങുന്നു. ദൈവത്തിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ കണ്ണിലൂടെ ഒഴുകിയിറങ്ങുന്നു. മനുഷ്യന്‍റെ ആവശ്യങ്ങളിലും വേദനകളില്‍ നിന്നും ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥയിലേക്കു ഒരു വ്യക്തി എത്തുന്ന അവസ്ഥയാണിത്.
പ്രാര്‍ത്ഥനാജീവിതത്തിലെ ചില തടസ്സങ്ങളെക്കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ട്. സ്വയം നീതിമാനായി ഭാവിച്ചാല്‍ അതു പ്രാര്‍ത്ഥനയ്ക്ക് തടസ്സമാകും. ആദ്യ സ്നേഹത്തില്‍ നിന്നകന്നു പോകുന്നത് മറ്റൊരു തടസ്സമാണ്. ദൈവഭയമില്ലാതെ ജീവിക്കുന്നത് വേറൊരു തടസ്സം തന്നെ. ദൈവത്തില്‍ കണ്ണും നട്ട് നിരന്തരം ദൈവത്തോടൊപ്പം യാത്ര ചെയ്യുവാന്‍ കഴിയുന്നതാണ് പ്രാര്‍ത്ഥനാജീവിതം. അപ്രകാരം ജീവിക്കുവാന്‍ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ.