

ഒന്നോർത്താൽ ആർക്കാണ് മനുഷ്യനാവാൻ ആഗ്രഹമില്ലാത്തത്? ആരാണ് മനുഷ്യനാവാൻ ശ്രമിക്കാത്തത്? മനുഷ്യനാവാനാണ്, മനുഷ്യനായി അംഗീകരിക്കപ്പെടാനാണ്, എല്ലാവരുടെയും പരിശ്രമമത്രയും. അക്കാര്യത്തിൽ അപവാദങ്ങളില്ല.
മനുഷ്യ വ്യക്തിയായി അംഗീകരിക്കപ്പെടാത്തതാണ് ദുഃഖങ്ങളിൽ വലിയ ദുഃഖം; രോഷങ്ങളിൽ വലിയ രോഷം. മനുഷ്യ വ്യക്തിക്ക് നല്കേണ്ട മാഹാത്മ്യവും ബഹുമാനവും ലഭിക്കാതെ പോകുമ്പോഴാണ് മനുഷ്യർ നിരാശരാകുന്നത്; കോപാകുലരാകുന്നത്; അക്രമകാരികളാകുന്നത്; പിൻവലിയുന്നത്; ഒറ്റകളാകുന്നത്; മദ്യപരാകുന്നത്; നിഷേധികളാകുന്നത്; പാതകികളാകുന്നത്.
അങ്ങനെയൊന്നും ആവണമെന്ന് നിർബന്ധമില്ലായിരിക്കാം.
എന്നാൽ, ആളുകൾ അങ്ങനെ ആയിപ്പോവുകയാണ്.
ഒരിക്കൽ വഴിമാറിച്ചവിട്ടിയാൽ തെറ്റ് തിരിച്ചറിഞ്ഞ് തിരികെ വന്നുകൂടേ എന്ന് ചോദിക്കാൻ എളുപ്പമാണ്. എല്ലാവർക്കും അതിന് കഴിയില്ല. തെറ്റിൽ നിന്ന് പിന്തിരിയാത്തതു പോലും, അങ്ങനെ ചെയ്യുന്നത് മനുഷ്യനാവുക എന്ന അയാളുടെ സങ്കല്പത്തിന് നിരക്കാത്തതിനാലാണ്.
സ്നേഹം നല്കുക; കാരുണ്യം കാട്ടുക; സഹാനുഭൂതി കാട്ടുക; അംഗീകാരം നല്കുക; ആദരവ് നല്കുക എന്നെല്ലാം പറയുന്നത് ഒരേ കാര്യം തന്നെയാണ്. ഇപ്പറഞ്ഞതെല്ലാം 'റെഡീം' ചെയ്യലിൻ്റെ വഴികളാണ്.
അതുക ൊണ്ടാവണം മതങ്ങളെല്ലാം 'രക്ഷ'യെക്കുറിച്ചും രക്ഷയുടെ ഇപ്പറഞ്ഞ മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുന്നത്.
'നമ്മളും' 'അവരും' എന്ന തരത്തിൽ ഏതെങ്കിലും ഒരു കൂട്ടരെ ഭയക്കുന്നവർ, ദ്വേഷിക്കുന്നവർ ഒക്കെ ആത്മീയതയിൽനിന്നും രക്ഷയിൽനിന്നും അകലെയായിപ്പോകുന്നത്!





















