

ലൂക്കായുടെ പേരിലുള്ള സുവിശേഷത്തിൽ ജറൂസലേം ദേവാലയത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ദേവാലയം തകർക്കപ്പെടും എന്ന് യേശു പറയുന്നുണ്ട്. 70-ൽ ആണ് യഹൂദ സമൂഹത്തിന് റോമൻ ഭരണകൂടത്തിൽ നിന്ന് വലിയ പീഡനം ഉണ്ടാകുന്നതും അവർ ദേവാലയം പൂർണ്ണമായി തകർക്കുന്നതും. 80-കളിലാണ് ഈ സുവിശേഷം എഴുതപ്പെട്ടിട്ടുള്ളത് എന്നാണ് പരക്കേ ഇന്ന് കരുതപ്പെടുന്നത്. ദേവാലയത്തെക്കുറിച്ചും അന്ത്യകാലത്തെക്കുറിച്ചും അതിനു മുമ്പ് സംഭവിക്കേണ്ട പീഡനങ്ങളെക്കുറിച്ചുമൊക്കെ യേശു പലതും സംസാരിച്ചിട്ടുണ്ടാവാമെങ്കിലും ദേവാലയം നശിപ്പിക്കപ്പെട്ടതും റോമൻ അധീന മേഖലകളിൽ ക്രൈസ്തവ സമൂഹം കടന്നുപോകുന്ന പീഡനങ്ങളും ഒക്കെ ലൂക്കായുടെ ഈ രചനക്ക് നിമിത്തമായിട്ടുണ്ട് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. അത് ശരിയായിരിക്കണം.
എന്നാൽ, യേശുവിൻ്റെ പ്രവചനം സംഭവിച്ചു കഴിഞ്ഞ ദേവാലയ നാശം മാത്രമായിരുന്നിരിക്കുമോ? 'നോക്കൂ, ഈയ്യിടെ സംഭവിച്ച ദേവാലയ നാശം യേശു മുൻകൂട്ടി പറഞ്ഞിരുന്നു' എന്ന് സ്ഥാപിക്കൽ മാത്രമായിരുന്നോ സുവിശേഷ കർത്താവിൻ്റെ ഉദ്ദേശ്യം? ആകാൻ സാധ്യത കുറവാണ് എന്നാണ് തോന്നുന്നത്.
ഭൗതിക പ്രധാനമായ ദേവാലയം - ജറൂസലേം ദേവാലയം ഒരു ബിംബം മാത്രം - കഴിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടും എന്നാണ് അവിടത്തെ സൂചന എന്ന് പറയുന്നവരുണ്ട്. പകരം ആത്മീയ പ്രധാനമായ ഒരു ദേവാലയം നിർമ്മിതമാകും. സഭ ആരാധനക്കായി സമ്മേളിക്കുന്ന ദേവാലയങ്ങളെക്കുറിച്ചല്ല പറയുന്നത്. സഭാസമൂഹം സമ്മേളിക്കുന്ന ദേവാലയങ്ങൾ കൂട്ടായ്മക്കും ആത്മീയ ബോധനത്തിനും ആത്മീയ ഉൽക്കർഷത്തിനും കൗദാശികമായ ആരാധനക്കും ഉള്ള ഇടമാണ്. നമുക്ക് പാർക്കാൻ ഭവനങ്ങൾ ആവശ്യമുള്ളതുപോലെ, നമുക്ക് മറ്റ് പല സംവിധാനങ്ങളും ആവശ്യമുള്ളതുപോലെ നിർമ്മിതികളായ ദേവാലയങ്ങളും ആവശ്യമാണ്.
എന്നാൽ, ഭൗതിക പ്രധാനമായ ദേവാലയത്തെ ആത്മീയ പ്രധാനമായ ദേവാലയം റീപ്ലേസ് ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.






















