top of page

അവൾ

Feb 1, 2013

2 min read

പത
A girl's caricature.

ലോകത്തോടൊരു ചോദ്യം

പച്ചപ്പാവാടയില്‍

മഞ്ഞ ജാക്കറ്റില്‍

ഇടവഴിയിലൂടെ

ഒരു പെണ്‍കുട്ടി നടന്നുപോകുന്നു.

ഇളം വെയിലുപോലെ ഒരു ചിരി

അവളുടെ അധരത്തില്‍ ഒരുങ്ങി നില്‍ക്കുന്നു.

മരിച്ച മരത്തിന്‍റെ മരിക്കാത്ത വേരുകള്‍,

മുള്‍പ്പടര്‍പ്പുകള്‍,

വീണ ചെമ്പകപ്പൂവുകള്‍,

കൂര്‍ത്ത ചക്കരക്കല്ലുകള്‍

എല്ലാം കടന്നവള്‍ പോകുന്നു.

ഇത്തിരി കഴിഞ്ഞ്,

ഒരു കിലോ അരിയും

അമ്മയ്ക്കുള്ള മരുന്നുമായ്

തിരിച്ചു വരുമോ?

അതേ നിറത്തില്‍

അതേ ചിരിയാല്‍

ഇതേ വഴിയിലൂടെ അവള്‍?

കണക്ക്

ജീവിതമെനിക്ക്

ഒരു കണക്കുപുസ്തകമാകുന്നു.

അസമവാക്യങ്ങളുടെ

ഗ്രാഫുകള്‍ മാത്രം

അടയാളപ്പെടുത്തുന്ന അച്ഛന്‍.

ഹരിച്ചും ഗുണിച്ചും

ശരീരവും മിഴിനീരും

ഒരുപോലെ വറ്റിപ്പോയ അമ്മ.

ചെറുതില്‍നിന്നും വലുത്

എപ്പോഴും കിഴിച്ചുകൊണ്ടിരിക്കുന്ന

അനിയന്‍.

സൂത്രവാക്യങ്ങളുടെ

സങ്കീര്‍ണ്ണതകളില്‍

എന്നേ തൂങ്ങിച്ചത്ത പെങ്ങള്‍

ഭിന്നസംഖ്യകളെ

ദശാംശങ്ങളാക്കിയും

ദശാംശങ്ങളെ ഭിന്നസംഖ്യകളാക്കിയും

ദുഃഖിക്കുന്ന ഇളയമ്മ.

പലിശയും

കൂട്ടുപലിശയും

കൂട്ടിക്കൂട്ടി ആയുസ്സ്

നീട്ടുന്ന മുത്തച്ഛന്‍.

'ഉ.സാ.ഘ'യും 'ല.സാ.ഗു' വും

ചൂണ്ടിക്കാണിച്ച്

വൃത്തങ്ങളെയും ത്രികോണങ്ങളെയും

കുറ്റം പറയുന്ന മുത്തശ്ശി.

ചരങ്ങളില്‍നിന്നും

നെഗറ്റീവ് സംഖ്യകളില്‍നിന്നും

ബുദ്ധി തിരിച്ചുകിട്ടാത്ത

ആത്മസുഹൃത്ത്.

പ്രണയത്തിന്‍റെ

നീളവും വീതിയും മനസ്സിലായിട്ടും

വിസ്തീര്‍ണ്ണം

തിരിച്ചറിയാത്ത കളിക്കൂട്ടുകാരി.

ജീവിതമെനിക്ക്

ഒരു കണക്കുപുസ്തകമാവുന്നു.

മതില്‍

നിന്‍റെ വീടിന്

ഞാന്‍ കല്ലെറിഞ്ഞിട്ടില്ല.

ഒരിക്കല്‍പ്പോലും

അവിടുത്തേക്ക്

എത്തിനോക്കിയിട്ടില്ല.

നിന്‍റെ തൊടിയിലോ മുറ്റത്തോ

വന്നെന്‍റെ കുട്ടികള്‍ ഒന്നും നശിപ്പിച്ചിട്ടില്ല.

ചൊരിഞ്ഞിട്ടില്ല

നിന്‍റെമേല്‍ ഞാനൊരപരാധവും.

ചോദ്യം ചെയ്തിട്ടില്ല

നിന്‍റെ വിശ്വാസത്തെ.

തിരക്കിയിട്ടില്ല

നിന്‍റെ കൊടിയുടെ നിറം.

ഉണ്ടായിട്ടില്ല

നിനക്കസൗകര്യമാകുംവിധം

ഒരു വഴക്കുപോലും.

അടുപ്പെരിയാത്ത ദിനങ്ങളില്‍

വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും

ചോദിച്ചിട്ടില്ല, നിന്നോട് കടം.

നിന്‍റെ ഉയര്‍ച്ചയിലും പ്രശസ്തിയിലും

എന്നുമെനിക്കഭിമാനമായിരുന്നു.

എന്നിട്ടും,

എന്‍റെ പ്രിയപ്പെട്ട അയല്‍ക്കാരാ,

നമ്മുടെ വീടുകള്‍ക്കിടയില്‍

പരസ്പരം കാണാനാവാത്തവിധം

എന്തിനാണ്

ഇങ്ങനെയൊരെണ്ണം

നീ കെട്ടിയുയര്‍ത്തിയത്...?

നിയോഗം

പുലര്‍ച്ചയ്ക്ക്

ഇടവഴിയില്‍

പാല്‍ക്കാരിപ്പെണ്ണിനെ

അയാളെന്നും

കാണാറുണ്ടായിരുന്നു.

നല്ലൊരു കറവപ്പശുവിനെ

ആവശ്യമായി വന്നപ്പോള്‍

അയാള്‍ക്ക്

അവളെത്തന്നെ

വാങ്ങേണ്ടിവന്നു.

മടങ്ങിവന്നാല്‍

മരിച്ചവര്‍

തിരിച്ചുവരികയാണെങ്കില്‍

എന്താണ് സംഭവിക്കുക.

ജീവിതം മടുത്തു

പോയവരെല്ലാം

അതിനെ സ്നേഹിച്ചു തുടങ്ങുമോ?

പടനിലങ്ങളില്‍

പൊരുതി വീണവരെല്ലാം

അതേ പ്രസ്ഥാനങ്ങളില്‍

ഉറച്ചു നില്‍ക്കുമോ?

സര്‍ക്കാര്‍ ജോലിക്കാര്‍ക്കെല്ലാം

അവരുടെ തസ്തികകള്‍

തിരിച്ചു കിട്ടുമോ?

ഭ്രാന്തന്മാരെല്ലാം

മനുഷ്യന്മാരായ്

മതം മാറുമോ?

കൂട്ടുകാരുടെ മുറിഞ്ഞ

പ്രണയങ്ങളെല്ലാം

കൂടിച്ചേരുമോ?

ഗര്‍ഭിണികളായിരിക്കെ മറഞ്ഞ

സഹോദരിമാരെല്ലാം

പുരുഷന്മാരായ് തെളിയുമോ?

വൃദ്ധസദനങ്ങളില്‍

അസ്തമിച്ചവരെല്ലാം

വീണ്ടും അമ്പിളിമാമനെ

കാണിച്ച് താരാട്ട് പാടി ഉറക്കുമോ മക്കളെ?

ഓടയിലും തെരുവിലും

ഉറുമ്പരിച്ചു തീര്‍ത്ത

കുഞ്ഞുങ്ങളെല്ലാം

ഗര്‍ഭപാത്രങ്ങള്‍ക്ക്

തീ കൊടുക്കുമോ?

വേശ്യകളെല്ലാം

സന്ന്യാസിനികളായ്

പാകമാവുമോ?

മൗനത്തില്‍ കൊടുങ്കാറ്റിനെ

കെട്ടിയിട്ടവരെല്ലാം

പൊട്ടിത്തെറിച്ച്

ഉച്ചസ്ഥായിയില്‍

ഉണര്‍ത്തുമോ

വസന്തത്തെ?

നമ്മള്‍ക്ക് നമ്മുടെ

അരാജകത്വം നിറഞ്ഞ

പഠനവും യാത്രയും

എഴുത്തും തുടരാനാവുമോ?

പറയൂ പ്രിയപ്പെട്ടവരേ,

സത്യമായിട്ടും

മരിച്ചവരെല്ലാം

മടങ്ങി വരേണ്ടതുണ്ടോ?

ഇസ്തിരി

എത്ര ഭംഗിയില്‍

വടിവോടെ

തേച്ചു മിനുക്കിയാലും

തൃപ്തിവരില്ലയാള്‍ക്ക്.

നിശ്ശബ്ദം

അവളേറ്റുവാങ്ങി,

പഴിയും തെറിയും തൊഴിയും.

അന്നൊന്നും

അവളുടെ നനഞ്ഞ പ്രാര്‍ത്ഥനകള്‍

ദൈവം കേട്ടതുമില്ല.

കുറേക്കാലം കഴിഞ്ഞപ്പോഴാണ്

കുറ്റബോധം

അയാളെ വേട്ടയാടിയത്.

ആകെ

ചുക്കിച്ചുളിഞ്ഞ് മുഷിഞ്ഞുപോയ

അയാളെയിപ്പോള്‍

സാമീപ്യം കൊണ്ടും സംസാരം കൊണ്ടും

മാത്രമാണ്

അവള്‍,

തേച്ചുമിനുക്കി വടിപോലെ

നിറുത്തുന്നത്...!

നമ്മള്‍ തമ്മില്‍

എല്ലാം

തിരിച്ചുതന്നിട്ടുണ്ട്

തന്നതിനേക്കാളേറെ.

എല്ലാം

മറന്നിട്ടുണ്ട്

ഓര്‍മ്മിച്ചതിനേക്കാളേറെ.

എല്ലാം

കവിതയില്‍ പകര്‍ന്നിട്ടുണ്ട്

ഒരു കവിതയ്ക്കു താങ്ങാവുന്നതിലേറെ.

എന്നാലും

എന്നെങ്കിലും

എവിടെവെച്ചെങ്കിലും

കണ്ടു മുട്ടേണ്ടിവരും.

അപ്പോള്‍

മുമ്പൊരിക്കലും

കണ്ടുമുട്ടിയിട്ടില്ലാത്ത

രണ്ടുപേരായിരിക്കുമോ

നമ്മള്‍?

പത

0

0

Featured Posts